ബാലന് മുമ്പുള്ള പതിറ്റാണ്ടിൽ ഏതാനും പടങ്ങൾ മാത്രമാണ് മലയാളത്തിൽ നിർമിക്കപ്പെട്ടിരുന്നതെങ്കിൽ ബാലനുശേഷം വലിയൊരു കുതിപ്പാണ് സംഭവിച്ചത്.

മലയാളത്തിലെ പ്രഥമ ശബ്ദചിത്രമായ ബാലന് ഈ ജനുവരിയിൽ 88 തികഞ്ഞു. 1938 ജനുവരി പതിനാലിനാണ് ബാലൻ പ്രദർശനത്തിനെത്തിയത്. മലയാള സിനിമാചരിത്രത്തിൽ സ്വർണ്ണലിപികളിൽ അടയാളപ്പെടുത്തിയ ദിവസം.
സിനിമ ജന്മംകൊണ്ട് (1928) ഒരു പതിറ്റാണ്ടിന് ശേഷമാണ് ആദ്യ ശബ്ദചിത്രം വെളിച്ചംകണ്ടത്. അതുവരെ നിശബ്ദചിത്രങ്ങൾ മാത്രം പരിചിതമായിരുന്ന കാണികൾക്ക് വിസ്മയം നൽകിക്കൊണ്ട് തിരശ്ശീലയിൽ കഥാപാത്രങ്ങൾ സംസാരിച്ചുതുടങ്ങി. ആലം ആരയിലൂടെയാണ് ഇന്ത്യൻസിനിമ മൗനം വെടിഞ്ഞത്.
മറ്റ് കലകളെ അപേക്ഷിച്ച് ശൈശവാവസ്ഥയിലായിരുന്ന സിനിമ ടെക്നോളജിയുടെ കലകൂടിയാണ്. സാങ്കേതികരംഗത്തെ വികാസപരിണാമങ്ങൾ സിനിമയിൽ കാലാകാലങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്. സിനിമാ നിർമാണം മലയാളത്തിൽ വിരളമായിരുന്ന കാലത്താണ് വിഗതകുമാരനിൽ (1928) തുടങ്ങി പത്തുവർഷത്തിനുശേഷം ബാലനിലൂടെ ചലച്ചിത്രത്തിന് ശബ്ദം ലഭിച്ചത്. അത് പ്രേക്ഷകർക്ക് നൽകിയ അനുഭവം അനുപമം തന്നെയായിരുന്നു.
ബാലൻ നിർമിച്ചത് ടി.ആർ. സുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള മോഡേൺ തിയറ്റേഴ്സ് ആണ്. അന്ന് പ്രസിദ്ധനായിരുന്ന നൊട്ടാണി സംവിധാനം നിർവഹിച്ചു. ചരിത്രത്തിലേയ്ക്കുള്ള കാൽവെപ്പാണ് ബാലൻ നടത്തിയത്. ബാലന് മുമ്പുള്ള പതിറ്റാണ്ടിൽ ഏതാനും പടങ്ങൾ മാത്രമാണ് മലയാളത്തിൽ നിർമിക്കപ്പെട്ടിരുന്നതെങ്കിൽ ബാലനുശേഷം വലിയൊരു കുതിപ്പാണ് സംഭവിച്ചത്.
അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു;''ചരിത്രനിയോഗം പോലെയാണ് നൊട്ടാണി ‘ബാലൻ’ സാക്ഷാത്ക്കരിച്ചത്. ആലം ആരയെപ്പോലെ ബാലനും ശ്രദ്ധനേടി.'' പ്രേക്ഷകർക്ക് കഥയും കഥാപാത്രങ്ങളുമായി അടുപ്പം കൈവരിക്കുവാൻ ശബ്ദസിനിമ ഏറെ സഹായകമായി. നിത്യജീവിതത്തിന്റെ നേർകാഴ്ചയായി സിനിമ മാറുകയായിരുന്നു. മാർത്താണ്ഡ വർമ്മയെപ്പോലെ മറ്റ് നോവലുകളും സിനിമയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുതുടങ്ങി.
ബാലനെന്ന സംസാരിക്കുന്ന ചിത്രം (യഥാർത്ഥ പേശും പടം) അത്ഭുതത്തോടെ കണ്ട കാര്യം ഒരിക്കൽ സംവിധായകൻ അരവിന്ദൻ പറയുകയുണ്ടായി ''അതൊരു അപൂർവാനുഭവം തന്നെയായിരുന്നു. കഥാപാത്രങ്ങൾക്കൊപ്പം നമ്മൾ സഞ്ചരിക്കുന്നു.''
ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡയിലെല്ലാം അതിനുമുമ്പുതന്നെ 'പേശും പടങ്ങൾ' ഇറങ്ങിയിരുന്നെങ്കിലും നമ്മുടെ സ്വന്തം ഭാഷ സംസാരിച്ചത് കാണികൾക്ക് ആവേശം പകർന്ന സംഭവം തന്നെയായി മാറി. കേട്ടവർ കേട്ടവർ കാഴ്ചയുടെ അനുഭവത്തിനായി, കേൾവിക്കായി തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത് ബാലന് വൻ വിജയം സമ്മാനിക്കുകയും ചെയ്തു.
ബാലൻ എന്ന ചരിത്രം കുറിച്ച പടത്തിൽ ആദ്യം ഉരിയാടിയത് അന്നത്തെ ശ്രദ്ധേയനായ നടൻ ആലപ്പി വിൻസെന്റ് ആയിരുന്നു. 'ഹലോ മിസ്റ്റർ' എന്നാണ് അദ്ദേഹം ആദ്യമായി പറഞ്ഞത്. അതോടെ സിനിമ ശബ്ദസിനിമയുടെ പന്ഥാവിലൂടെ ചലനം ആരംഭിച്ചു. ബാലന്റെ തിരക്കഥയും സംഭാഷണവും ഹാസ്യനടൻ കൂടിയായിരുന്ന മുതുകുളം രാഘവൻപിള്ളയാണ് രചിച്ചത്.
അക്കാലത്തിറക്കിയ കുറെ ചിത്രങ്ങൾക്ക് പിന്നീട് മുതുകുളം സംഭാഷണം എഴുതുകയുണ്ടായി. മലയാളസിനിമയിലെ ആദ്യ തിരക്കഥ രചയിതാക്കളിൽ അദ്വിതീയസ്ഥാനമുണ്ടായിരുന്ന മുതുകുളം രാഘവൻപിള്ള പിൽക്കാലത്ത് അവശകലാകാരന്മാർക്കുള്ള പെൻഷനും കാത്ത് മദ്രാസിൽ താമസിച്ചിരുന്ന കാലത്തെക്കുറിച്ച് സംവിധായകൻ കമൽ പറഞ്ഞിട്ടുണ്ട്.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകലുമ്പോൾ ആദ്യകാലത്തെ പല കലാകാരന്മാരും ദൈന്യതയുടെ വലയത്തിൽ അകപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് സാക്ഷാൽ ഫാൽക്കെ പോലും. എക്കാലത്തേയും വലിയ ഹിറ്റ് മേക്കർ മൻമോഹൻ ദേശായിയും അന്ത്യത്തിൽ ദുരിതം നേരിട്ടിരുന്നു.
എല്ലാം നൽകുകയും അതുപോലെത്തന്നെ തിരിച്ചെടുത്ത് നിസ്വനാക്കുകയും ചെയ്യുന്ന ദുർദേവതയെപ്പോലെയാണ് സിനിമ. അത് പോയകാല യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് സിനിമയിൽ അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സ്ഥിതിയെല്ലാം ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു. അവർക്ക് ന്യായമായ പ്രതിഫലം ലഭിക്കുന്നു. പിൽക്കാലത്ത് നല്ലജീവിതം നയിക്കുവാൻ അതവരെ പ്രാപ്തരാക്കുന്നു. ലക്ഷ്മിയും സരസ്വതിയും ഒരുമിച്ച് വാഴില്ല എന്ന ചൊല്ല് സിനിമയിലും സാഹിത്യത്തിലുമെല്ലാം തിരുത്തപ്പെട്ടിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലനിലെ നായകൻ കെ.കെ. അരൂരും നായിക എം.കെ.കെ. കോമളവുമായിരുന്നു ചരിത്രത്തോടൊപ്പം സഞ്ചരിച്ച നായികാനായകന്മാർ! ആലപ്പി വിൻസെന്റിനെ കൂടാതെ എം.കെ. കമലമ്മ, ലക്ഷ്മിക്കുട്ടി, പയസ്സ്, കെ.കെ. കോരുത് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. സുന്ദരവും നൊട്ടാണിയും അറിയപ്പെടുന്നത് ബാലൻ എന്ന ആദ്യ ശബ്ദചിത്രത്തിലൂടെയാണ്.
Content Highlights: Celebrate 88 years of Balan, Malayalam cinema`s pioneering sound film. Explore its impact on the industry, key figures, and its enduring legacy.
Published: 19 Jan 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented