
എ ടി ഉമ്മറിന്റെ ജന്മവാർഷികം ഇന്ന് (മാർച്ച് 10)
ചെന്നൈ ജെമിനി പാർസൺ കോംപ്ലക്സിലുള്ള എ ടി ഉമ്മറിന്റെ ഫ്ലാറ്റിലേക്ക് ആദ്യം കൂട്ടിക്കൊണ്ടുപോയത് ജയചന്ദ്രനാണ്-- 1990 കളുടെ മദ്ധ്യത്തിൽ. അന്ന് സിനിമയിൽ വലിയ തിരക്കില്ല ഉമ്മുക്കയ്ക്കും ജയേട്ടനും. ഉമ്മറിന്റെ വീടിന്റെ സ്വീകരണമുറിയിലെ സോഫയിൽ വിശാലമായി ചാരിക്കിടന്ന് മുഹമ്മദ് റഫിയുടെയും തലത്ത് മഹമൂദിന്റെയും ആർദ്ര പ്രണയഗീതങ്ങൾ ഹൃദയംതുറന്നു പാടി ജയചന്ദ്രൻ. ഇടതുകൈവിരലുകളാൽ ഹാർമോണിയത്തിന്റെ കട്ടകളെ താലോലിച്ച് ഉമ്മർ ആ ഗാനങ്ങളെ അനുഗമിച്ചു. പാട്ടും പാട്ടോർമ്മകളും തമാശകളും ചില്ലറ പരദൂഷണങ്ങളും നിറഞ്ഞ രണ്ടു മണിക്കൂർ. ``ജയന്റെ ശബ്ദത്തിലെ റൊമാൻസിന് എന്നും പതിനേഴു വയസ്സാണ്. പ്രണയഗാനങ്ങൾ പാടാൻ വേണ്ടി ജനിച്ചതാണ് ജയൻ എന്ന് തോന്നുന്നു.'' ഇടയ്ക്കെപ്പോഴോ ഉമ്മർ വികാരാധീനനായി പറഞ്ഞു.
ഉള്ളിലെ സംശയാലുവായ പത്രലേഖകന്റെ നാവിൻതുമ്പിൽ വന്നത് ഒരു `ഉടക്ക്' ചോദ്യമാണ്: ``ഇത്രയും സ്നേഹമാണെങ്കിൽ ജയചന്ദ്രന് കുറേക്കൂടി നല്ല പാട്ടുകൾ കൊടുക്കാമായിരുന്നില്ലേ? ശരാശരിപ്പാട്ടുകളല്ലേ അദ്ദേഹത്തെ കൊണ്ട് ഉമ്മുക്ക അധികവും പാടിച്ചിട്ടുള്ളൂ?'' സ്വന്തം പാട്ടുകൾ യേശുദാസ് പാടിയാലേ നന്നാകൂ എന്ന് കുറച്ചുകാലം മുൻപൊരു അഭിമുഖത്തിൽ ഉമ്മർ പറഞ്ഞുകേട്ടത് മനസ്സിൽ വെച്ചുകൊണ്ടു കൂടിയായിരുന്നു ആ ചോദ്യം. പക്ഷേ ചോദിച്ചുകഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി. ഉമ്മറിന്റെ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരി മാഞ്ഞുപോയിരുന്നു അപ്പോഴേക്കും. അപ്രതീക്ഷിതമായ ഒരു ഭാവപ്പകർച്ച. രംഗം കൂടുതൽ വഷളാകും മുൻപ് ജയചന്ദ്രൻ ഇടപെടുന്നു:
``അതെന്തൊരു ചോദ്യം. ഓരോ സംഗീത സംവിധായകനും അവരവരുടെ സൃഷ്ടി ആരു പാടണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാകും. എനിക്ക് അധികം പാട്ടുകൾ തന്നില്ല എന്നതിന്റെ പേരിൽ ഒരു പരിഭവവുമില്ല ഉമ്മുക്കയോട്. ഇനി വിഷമം ഉണ്ടെങ്കിൽ തന്നെ ഉമ്മുക്ക തന്ന ഒരൊറ്റ പാട്ടിന്റെ പേരിൽ അതെല്ലാം മറക്കാൻ ഞാൻ തയ്യാർ..'' സ്വതസിദ്ധമായ ശൈലിയിൽ കണ്ണിറുക്കി ചിരിച്ച് തനിക്കേറ്റവും പ്രിയപ്പെട്ട ആ യുഗ്മഗാനത്തിന്റെ പല്ലവി മൂളുന്നു ജയചന്ദ്രൻ: ``പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ, ഇന്നെന്താണിന്നെന്താണുറക്കമില്ലേ...'' ആൽമരം (1969) എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി എ ടി ഉമ്മറിന്റെ ഈണത്തിൽ ജയചന്ദ്രനും എസ് ജാനകിയും ചേർന്ന് പാടിയ സുന്ദര പ്രണയഗീതം. മാഞ്ഞുപോയ ആ മന്ദഹാസം ഉമ്മറിന്റെ മുഖത്തു വീണ്ടും വിരിയുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി; ആശ്വാസവും. അന്തരീക്ഷം വീണ്ടും സംഗീതസാന്ദ്രമാകുന്നു. ഉമ്മർ സംസാരിക്കുകയാണ്: ``ജാനകിയെ അടുത്തൊരു നാൾ കണ്ടപ്പോൾ അവരും ഇതുതന്നെ പറഞ്ഞു, മാത്രമല്ല പാട്ട് മുഴുവൻ എന്നെ പാടിക്കേൾപ്പിക്കുകയും ചെയ്തു, പ്രേംനസീറിനും വിൻസന്റ് മാഷിനുമൊക്കെ വളരെ ഇഷ്ടമായിരുന്നു ആ പാട്ട്. ട്യൂൺ ചെയ്യുന്ന സമയത്ത് അത് ഇത്രയൊക്കെ സ്വീകരിക്കപ്പെടും എന്ന് പ്രതീക്ഷിച്ചതല്ല.'' വീണ്ടുമൊരിക്കൽ കൂടി ആൽമരത്തിലെ പാട്ടിന്റെ വരികളിലൂടെ ജയചന്ദ്രന്റെ കാൽപ്പനിക നാദം ഒഴുകിപ്പോകുന്നത് കേട്ടിരിക്കേ, മനസ്സ് കൊണ്ട് ഉമ്മറിനെ നമിച്ചുപോയി എന്ന് വാസ്തവം. എത്ര പ്രണയസുരഭിലമായ ഈണവും ആലാപനവും. ആദ്യരാത്രിയിലെ കൊച്ചു കൊച്ചു പരിഭവങ്ങളും വികാരപാരവശ്യവും ലജ്ജാവിവശതയുമെല്ലാം ഇത്ര ലളിതമായി വരികളിലും സംഗീതത്തിലും ആലാപനത്തിലും വന്നു നിറയുന്ന ഗാനങ്ങൾ മലയാളത്തിൽ വേറെയുണ്ടോ എന്ന് സംശയം.
അനുകരണത്തിന്റെയും ഈണമോഷണത്തിന്റെയും പേരിൽ വിമർശകർ പതിവായി പ്രതിക്കൂട്ടിൽ നിർത്താറുള്ള ഉമ്മറിന്റെ ഏറ്റവും മൗലികമായ സൃഷ്ടികളിൽ ഒന്നാവണം ഇത്. ``സത്യം പറഞ്ഞാൽ യേശുദാസിനെ കൊണ്ട് പാടിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.''-- ഉമ്മറിന്റെ വാക്കുകൾ. ``ഒന്നോ രണ്ടോ സിനിമ ചെയ്ത പരിചയമേ ഉള്ളൂ എനിക്കന്ന്. സ്വന്തം പാട്ട് യേശുദാസ് പാടണം എന്ന് ഓരോ പുതിയ സംഗീത സംവിധായകനും ആഗ്രഹിച്ചിരുന്ന കാലം. പക്ഷേ ഒടുവിൽ ജയചന്ദ്രനാണ് നറുക്ക് വീണത്. സംവിധായകൻ വിൻസന്റ് മാഷാണോ ഭാസ്കരനാണോ ജയന്റെ പേര് നിർദേശിച്ചത് എന്നോർമ്മയില്ല. എന്തായാലും, പല്ലവിയിലെ ``പിണങ്ങിയല്ലോ' എന്ന ഒരൊറ്റ വാക്കിനു നൽകിയ ഭാവസ്പർശം കൊണ്ട് ജയൻ എന്റെ എല്ലാ സംശയവും അകറ്റി. പ്രണയപരിഭവം ഇതിലും ഭംഗിയായി എങ്ങനെ ഒരു വാക്കിൽ നിറച്ചു വെക്കാൻ പറ്റും?'' അന്നത്തെ തന്റെ ചെറു പ്രായവും നിഷ്കളങ്കമായ ശബ്ദവും അതിനു സഹായകമായിരിക്കാം എന്ന് വിനയത്തോടെ ജയചന്ദ്രന്റെ മറുപടി. ``മാനസമുരളിതൻ സ്വരരാഗ സംഗീതം ഞാനിന്നടക്കിയാൽ അടങ്ങുകില്ലാ'' എന്ന വരിയിലൂടെ നമ്മെ വന്നു തൊട്ടത് അന്നത്തെ ആ സ്വപ്നാടകന്റെ യൗവന തീക്ഷ്ണമായ മനസ്സു തന്നെയല്ലേ?പി സുശീലയ്ക്കൊപ്പമുള്ള ജയചന്ദ്രന്റെ ഏറ്റവും മികച്ച പ്രണയായുഗ്മഗാനങ്ങളിൽ ഒന്ന് ചിട്ടപ്പെടുത്തിയതും ഉമ്മർ തന്നെ -- അനുഭൂതികളുടെ നിമിഷം എന്ന ചിത്രത്തിലെ ``മന്ദഹാസ മധുരദളം മലരമ്പായി.'' (രചന: ശ്രീകുമാരൻ തമ്പി). ഉമ്മറിന്റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ വേറെയും മനോഹരഗാനങ്ങളുണ്ട് -- പലതും പ്രതീക്ഷിച്ച ജനപ്രീതി നേടിയില്ലെങ്കിലും. കിഴക്ക് പൊന്മലയിൽ (പ്രീതി), നീലമേഘങ്ങൾ (തെക്കൻ കാറ്റ്), ഇന്ദ്രനീലാംബരം (പാൽക്കടൽ), മാനത്തു നിന്നും (അഗ്നിവ്യൂഹം), മണിത്തൂവൽ ചിറകുള്ള (സൈമൺ പീറ്റർ നിനക്കുവേണ്ടി)....
Content Highlights : AT Ummer Birthday Jayachandran Ravi menon Paattuvazhiyorathu
Published: 10 Mar 2021, 12:17 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented