
മനയുടെ മാറ്റം അതിശയിപ്പിക്കുന്നതാണ്. ഭ്രമയുഗത്തിൽ കൂടുവിട്ട് കൂടുമാറിയത് ചാത്തൻമാത്രമല്ല, വരിക്കാശ്ശേരി മനയും കണ്ടാൽ തിരിച്ചറിയാത്തവിധം മാറിയിരുന്നു. മംഗലശ്ശേരി നീലകണ്ഠനും (ദേവാസുരം), ഇന്ദുചൂഡനും (നരസിംഹം), അറയ്ക്കൽ മാധവനുണ്ണിയുമെല്ലാം (വല്യേട്ടൻ) മീശപിരിച്ചിറങ്ങിവന്ന തറവാട് വന്യവും നിഗൂഢവുമായ മനയായാണ് ഭ്രമയുഗത്തിൽ അവതരിപ്പിക്കുന്നത്. കാടുകയറിയ മനയുടെ ദുരൂഹത മുൻനിർത്തി സിദ്ധാർഥ് ഭരതന്റെ കഥാപാത്രം പറയുന്നത് അത് മായന്നൂർ തച്ചൻ പണിതതാണെന്നും പലർക്കും പലതായി തോന്നുമെന്നും വഴികൾ വഴിതെറ്റിക്കുമെന്നുമെല്ലാമാണ്. കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്കൊപ്പംതന്നെ ഭ്രമയുഗത്തിലെ മനയും അകത്തളത്തെ കാഴ്ചകളും ചർച്ചയാകുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥപറഞ്ഞുപോകുന്ന സിനിമ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകർ ആ ലോകവും കാലവുമായി പൊരുത്തപ്പെട്ടുകഴിയും.കൊടുമൺ പോറ്റിയുടെ കൊലച്ചിരി കാഴ്ചക്കാരന്റെ നെഞ്ചിൽ തറയ്ക്കുന്നതിന് ഒരു കാരണം അയാൾ നിൽക്കുന്ന ഭൂമികയാണ്. കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ് അവർ നിൽക്കുന്ന തട്ടകം. കൊടുമൺ പോറ്റിയുടെ മന സൃഷ്ടിച്ച കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ വാക്കുകളിലേക്ക്...
‘‘സംവിധായകൻ രാഹുൽ സദാശിവൻ ആദ്യം വിളിക്കുന്നത് ഭൂതകാലം എന്ന സിനിമയ്ക്കുവേണ്ടിയാണ്. അതിനുവേണ്ടി പ്രവർത്തിക്കാൻ പറ്റിയില്ല. പിന്നീടാണ് ഭ്രമയുഗത്തിന്റെ കഥകേൾക്കുന്നത്, രാഹുൽ രണ്ടുമണിക്കൂർ എടുത്ത് വളരെ വിശദീകരിച്ച് കഥ അവതരിപ്പിച്ചു. കേട്ടു കഴിഞ്ഞ ഉടനെ നമ്മളിത് ചെയ്യുന്നു എന്ന് പറഞ്ഞ് കൈകൊടുത്തു. കാരണം, എന്റെ മേഖലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള സിനിമയാണിതെന്ന് ആദ്യകേൾവിയിൽത്തന്നെ തിരിച്ചറിഞ്ഞു. കഴിഞ്ഞവർഷം തുടക്കംമുതൽ ഞങ്ങൾ ഭ്രമയുഗത്തിനുവേണ്ടി പ്രവർത്തിച്ചുതുടങ്ങി ആറുമാസത്തെ മുന്നൊരുക്കങ്ങളും രണ്ടുമാസത്തെ ചിത്രീകരണവും സിനിമയ്ക്കുവേണ്ടി നടത്തി.
മലയാളസിനിമകളിൽ ഒരുപാട് തവണ പഴയകാലം പുനഃസൃഷ്ടിച്ചിട്ടുള്ളതിനാൽ, വേറിട്ട് എന്ത് ചെയ്യാനാകുമെന്ന ചിന്തയായിരുന്നു തുടക്കം മുതൽ മനസ്സിൽ. കഥയുടെ നെടുംതൂണായി നിൽക്കുന്ന മനയുടെ അവതരണമായിരുന്നു അതിൽ പ്രധാനം. കേരളത്തിൽ സിനിമാ ചിത്രീകരണത്തിനായി കിട്ടാവുന്ന മികച്ച മനകൾ വരിക്കാശ്ശേരിമനയും ഒളപ്പമണ്ണമനയുമാണ്. ഒരുപാട് സിനിമകളിൽ പലതവണ വന്നുപോയ ഈ രണ്ടുമനകളെയും മറ്റൊരു കാഴ്ചയിൽ അവതരിപ്പിക്കുക എന്നതായിരുന്നു ഭ്രമയുഗം മുന്നോട്ടുെവച്ച വലിയ വെല്ലുവിളി. പ്രേക്ഷകർ തിരിച്ചറിയാത്തവിധം ഒളപ്പമണ്ണമനയെയും വരിക്കാശ്ശേരിമനയെയും മാറ്റി അവതരിപ്പിക്കാനുള്ള ജോലികളായി പിന്നീട്. ഒരുപാട് ഗവേഷണങ്ങളിലൂടെ മിനിയേച്ചർ തയ്യാറാക്കി. സീനുകളിൽ വരേണ്ട എല്ലാകാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. അതുവെച്ച് ഒരു പുസ്തകം തയ്യാറാക്കി. പതിനേഴാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. കാടുകയറി ഇടിഞ്ഞുവീഴാറായ മന കഥയ്ക്കനുയോജ്യമായി സൃഷ്ടിക്കുകയായിരുന്നു. കാടുപിടിച്ചുനിൽക്കുന്ന പശ്ചാത്തലത്തിനായി ഗ്രോബാഗിൽ പുല്ലുകൾ കൊണ്ടുവന്ന് വളർത്തുകയായിരുന്നു. ചിലന്തിവലകളും ചിതൽപ്പുറ്റുകളുമെല്ലാം തിരക്കഥയിലുള്ളപോലെതന്നെ സൃഷ്ടിച്ചു. മനയ്ക്കകത്തെല്ലാം അസ്വസ്ഥതനിറയ്ക്കുന്ന പലതരം വസ്തുക്കൾ അടുക്കുംചിട്ടയുമില്ലാതെ കിടന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയും മുറ്റത്ത് കൂട്ടിയിട്ട മുളച്ച തേങ്ങാക്കൂട്ടവുമെല്ലാം മനയിലെ കാഴ്ചകളിൽ പ്രധാനമായിരുന്നു. ഞങ്ങൾ നൂറിലധികം പേരടങ്ങുന്ന സംഘം രണ്ടാഴ്ചകൊണ്ടാണ് കൊടുമൺമന രൂപപ്പെടുത്തിയത്.
മമ്മൂക്ക കസേരവലിച്ചിട്ടിരിക്കുന്ന പൂമുഖം ഒളപ്പമണ്ണമനയും നടുമുറ്റവും അടുക്കളയുമെല്ലാം ഉൾപ്പെടെയുള്ള അകത്തളങ്ങൾ വരിക്കാശ്ശേരി മനയുടേതുമാണ്. സിനിമയ്ക്കായി പലതവണ ഈ രണ്ടു മനകളിലും വന്നിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തവിധം മനയെ മാറ്റിക്കളഞ്ഞുവെന്നാണ് സെറ്റിലെത്തിയ മമ്മൂക്ക പറഞ്ഞത്. കളർ സിനിമയ്ക്ക് സെറ്റ് ഒരുക്കുന്നതിനെക്കാൾ പ്രയാസമാണ് ബ്ലാക് ആൻഡ് വൈറ്റിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ക്ഷയിച്ച് ചോർന്നൊലിക്കുന്ന മനയും നിലംപൊത്താറായ പടിപ്പുരയും ദുർമന്ത്രവാദ അന്തരീക്ഷവുമെല്ലാം സൂക്ഷ്മതയോടെ ചെയ്തുതീർത്തു. സംവിധായകനിൽനിന്ന് കൃത്യമായ നിർദേശങ്ങൾ ലഭിച്ചു.’’
താന്തോന്നി എന്ന സിനിമയിലൂടെ കലാസംവിധാനത്തിൽ അസിസ്റ്റന്റായി മലയാളസിനിമയിലേക്കെത്തിയ ജ്യോതിഷ് ശങ്കർ, ആദാമിന്റെ മകൻ അബുവിലൂടെ സ്വതന്ത്രകലാസംവിധായകനായി ഉയർന്നു. കുമ്പളങ്ങി നൈറ്റ്സ്, ആൻേഡ്രായ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് സിനിമകളിലെ കലാമികവിന് സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. ജി.ആർ. ഇന്ദുഗോപന്റെ തിരക്കഥയിൽ ബേസിൽ ജോസഫിനെ നായകനാക്കി സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യുകയാണ് ഇപ്പോൾ ജ്യോതിഷ് ശങ്കർ.
Content Highlights: art director jotish shankar about bramayugam movie
Published: 25 Feb 2024, 07:25 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented