രു അറിയിപ്പിൽ തുടങ്ങി മറ്റൊരു അറിയിപ്പിലേക്കുള്ള യാത്രയെന്ന് കുഞ്ചാക്കോ ബോബന്റെ 'അറിയിപ്പ്' സിനിമയെ ലളിതമായി വ്യാഖ്യാനിക്കാം. ചലച്ചിത്രമേളകളിൽ പേരെടുത്ത ചിത്രം ഒ.ടി.ടി. പ്ലാറ്റ് ഫോമിലൂടെ പ്രദർശനത്തിനെത്തി. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിർമിതിയുമാണ് ഈ സിനിമയുടെ നട്ടെല്ല്. നോയിഡയിലെ ഒരു ഗ്ലൗസ് നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് സന്ധിയില്ലാത്ത രശ്മിയെയും അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യറാകുന്ന ഹരീഷിനെയും ദിവ്യപ്രഭയും കുഞ്ചാക്കോ ബോബനും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

To advertise here,

സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല ചിത്രം പ്രചരിച്ച സാഹചര്യത്തിൽ അത് തന്റേതല്ലെന്ന് തെളിയിക്കാൻ ഒരു യുവതി നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ മുൻപ് കേട്ടിട്ടുള്ളതാണ്. പ്രതികൂല സാഹചര്യങ്ങളോട് സമരസപ്പെടാതെ ഒരു സ്ത്രീ നടത്തുന്ന പോരാട്ടത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.കേവലമൊരു സംഭവം മാത്രമല്ല കഥയ്ക്ക് പ്രചോദനമായതെന്നും ഇത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോയ ഒരുപാട് മനുഷ്യരെകുറിച്ച് വായിച്ചതും കേട്ടുമുള്ള അറിവുകളാണ് അറിയിപ്പ് സിനിമയിലേക്ക് എത്തിച്ചതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. 

അരക്ഷിതമായ തൊഴിലിടങ്ങളിൽ സംഭവിച്ച അപമാനത്തിൽ നിശബ്ദയാകാനാണ് സമൂഹം രശ്മിയോട് ആവശ്യപ്പെടുന്നത്. എന്നാൽ വ്യക്തിത്വം പണയം വയ്ക്കാൻ രശ്മി ഒരുക്കമായിരുന്നില്ല. അഭിമാനം സംരക്ഷിക്കാനുള്ള അവരുടെ പോരാട്ടമാണ് അറിയിപ്പ്. ബുസാൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഏഷ്യൻ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ബിഐഎഫ്എഫിൽ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. നേരത്തെ ലൊക്കാർണോ ഇന്റർനാഷണൽ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം ഇന്ത്യൻ പനോരമയിലും പ്രദർശത്തിനെത്തി. തിരുവനന്തപുരത്തുനടന്ന മേളയിൽ മത്സരവിഭാഗത്തിലെ മലയാള സിനിമയായ അറിയിപ്പിന്റെ പ്രദർശനം കാണാൻ നടൻ കുഞ്ചാക്കോബോബനും എത്തിയിരുന്നു. സിനിമയുമായി മത്സരവിഭാഗത്തിൽ എത്താൻ വേണ്ടിയല്ല, നല്ല സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹത്തിലായിരുന്നു ഈ സിനിമ ചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ചിത്രത്തിന്റെ സഹനിർമാതാവുകൂടിയാണ് ചാക്കോച്ചൻ. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് അറിയിപ്പ് നിർമ്മിച്ചിരിക്കുന്നത്.