നീം കരോലിബാബയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമ 'ഹനുമാൻ അംശ്' ഇന്ത്യയിൽ തരംഗം സൃഷ്ടിക്കുന്നു. സിനിമ ഇറങ്ങിയതിന് ശേഷം വൻ തിരക്കാണ് ബാബയുടെ കാഞ്ചി ധാമിൽ അനുഭവപ്പെടുന്നത്. ഹനുമാൻ ക്ഷേത്രവും ആശ്രമവും ചേർന്ന കാഞ്ചി ധാം നീം കരോലി ബാബയുടെ ജീവിതവുമായി വളരെ ചേർന്നുനിൽക്കുന്ന സ്ഥലമാണ്. സിനിമ കണ്ടിറങ്ങിയ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തുന്നത് അമിതമായ തിരക്കിനിടയാക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വീഡിയോകളിൽ കാണാം.

To advertise here,

സിനിമയുടെ സ്വാധീനം കാരണം കൈഞ്ചി ധാമിൽ തിരക്കേറുന്നതിനാൽ നിലവിലെ അവസ്ഥ അറിഞ്ഞതിന് ശേഷം മാത്രം സന്ദർശനം നടത്തുന്നതാണ് നല്ലതെന്ന് ഹനുമാൻ അൻഷ് സംവിധായകൻ ഡോ. വിശാൽ ചതുർവേദി ഇൻസ്റ്റഗ്രാമിൽ ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കാഞ്ചി ധാം കാണാൻ കഴിഞ്ഞില്ലെങ്കിൽ സമീപപ്രദേശത്തുള്ള കരോലി ഗ്രാമവും വൃദ്ധാവനും ഭക്തർക്ക് സന്ദർശിക്കാവുന്നതാണെന്നും ഇവയും വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളാണെന്നും അദ്ദേഹം കൂട്ടിചേർത്തു. തിരക്കുണ്ടാകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഗതാഗതതടസ്സത്തിനിടയാക്കുമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, തിരക്കിന്റെ ഭാഗമാകാതിരിക്കാൻ ആരാധകരോട് വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്.
"കൈഞ്ചി ധാമിൽ അത്യധികം തിരക്കാണ്, 'ഹനുമാൻ അംശ്' സിനിമയുടെ സ്വാധീനം മൂലമാണ് ഇത് സംഭവിച്ചതെന്ന് ആളുകൾ പറയുന്നു. അതാണെങ്കിലും അല്ലെങ്കിലും, നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം ആളുകൾ അവിടെ സന്ദർശിക്കുക. വലിയ തിരക്കാണെങ്കിൽ ദയവായി മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ പരിഗണിക്കണമെന്നാണ് എന്റെ എളിയ അഭ്യർത്ഥന. സ്ത്രീകളും കുട്ടികളും ശ്വാസംമുട്ടൽ അനുഭവിക്കുന്നതോ ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോകുന്നതോ ആയ സാഹചര്യങ്ങളിൽപ്പെടരുത്. " വിശാൽ ചതുർവേദിയുടെ വാക്കുകൾ.

ഒക്ടോബർ 2-ലെ സർക്കാർ അവധിയും തുടർന്നു വന്ന വാരാന്ത്യവും കാരണമാണ് ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഇത്രയധികം തിരക്ക് അനുഭവപ്പെട്ടത്. ഡൽഹി-എൻ.സി.ആർ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ ദിവസങ്ങളിൽ റോഡിലിറങ്ങിയത്. ഹൽദ്വാനി-കൈഞ്ചി ധാം, നൈനിറ്റാൾ, അൽമോറ എന്നീ പ്രധാന പാതകളിൽ സാധാരണഗതിയിൽ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രം സമയമെടുക്കുന്ന യാത്രയ്ക്ക് 10 മുതൽ 12 മണിക്കൂർ വരെ സമയം വേണ്ടിവന്നതായി റിപ്പോർട്ടുകളുണ്ട്. സാധാരണ ദിവസങ്ങളിൽ 4,000 മുതൽ 5,000 വരെ ആളുകൾ എത്തിയിരുന്ന ഇവിടെ വാരാന്ത്യങ്ങളിൽ ഭക്തരുടെ എണ്ണം 15,000 മുതൽ 20,000-ത്തിലധികം ആയി ഉയർന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണമായത്.

1964-ൽ നീം കരോലി ബാബ സ്ഥാപിച്ച ഒരു ആത്മീയ ആശ്രമവും ഹനുമാൻ ക്ഷേത്രവുമാണ് കൈഞ്ചി ധാം. ഭക്തർ അദ്ദേഹത്തെ ശ്രീഹനുമാന്റെ അവതാരമായാണ് കണക്കാക്കുന്നത്. ഇന്ത്യയിലുടനീളത്തിൽ നിന്നും വിദേശത്തുനിന്നും കാലങ്ങളായി ഈ തീർത്ഥാടന കേന്ദ്രത്തിലേക്ക് സന്ദർശകർ എത്താറുണ്ട്. ഇതിനിടയിലാണ് 'ഹനുമാൻ അംശ്' സിനിമയ്ക്ക് തിയേറ്ററുകളിൽ അപ്രതീക്ഷിത സ്വീകാര്യത ലഭിച്ചത്. ഏകദേശം 2 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ചിത്രം, ആദ്യ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലിയ പ്രേക്ഷകരെയാണ് നേടിയത്.

ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക് (Sacnilk) പറയുന്നതനുസരിച്ച്, 58-ാം ദിവസമായപ്പോഴേക്കും ഈ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 321.73 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്, ഇതിന്റെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ ഏകദേശം 379 കോടി രൂപയാണ്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 419 കോടി രൂപയായി കണക്കാക്കപ്പെടുന്നു.