
മോഡലിങ് രംഗത്താണ് കരിയർ തുടങ്ങിയതെങ്കിലും അമേയ മാത്യു പ്രേക്ഷകർക്കിടയിൽ സുപരിചിയാകുന്നത് കരിക്ക് എന്ന വെബ്സീരീസിലൂടെയാണ്. ഭാസ്കരൻ പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡ് കണ്ടവരാരും അമേയയയെ മറക്കാനിടയില്ല. ഭാസ്കരൻ പിള്ളയും അദ്ദേഹത്തിന്റെ ജോലിക്കാരും ഹിറ്റായതോടെ അമേയക്കും ആരാധകരേറെയായി. സാമൂഹിക മാധ്യമങ്ങളിലടക്കം ഒട്ടനവധി ആരാധകരാണ് അമേയക്കുള്ളത്.
പുതിയ ചിത്രങ്ങളും സ്വപ്ന പദ്ധതികളുമായി ജീവിതം സന്തോഷത്തൊടെ മുന്നോട്ട് പോകവെയാണ അമേയ ഒരുകാര്യം ശ്രദ്ധിക്കുന്നത്. ശരീരഭാരം ക്രമാതീതമായി വർധിച്ചിരിക്കുന്നു. ജിമ്മിൽ പോയി വർക്കൗട്ട് നടത്തി ഭാരം കുറയ്ക്കാൻ ശ്രമിച്ചുവെങ്കിലും ലോക്ഡൗണിൽ ജിമ്മിന് പൂട്ടുവീണതോടെ അമേയ വീട്ടിൽ ലോക്കായി. പിന്നീട് വീട്ടിൽ തന്നെ വർക്കൗട്ട് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
''വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ സിനിമയിൽ ഒരു കാലത്ത് അവസരങ്ങൾ നഷ്ടപ്പെട്ട ഒരാളായിരുന്നു ഞാൻ. ചിട്ടയായ വർക്ക്‌ഔട്ടും ഡയറ്റും പിന്തുടർന്നപ്പോൾ എട്ട് കിലോയോളം ഭാരം കൂടി. അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല. അങ്ങനെ ഭാരം ക്രമാതീതമായി വർധിച്ചു. പക്ഷേ ഈ ലോക്ഡൗണിൽ സമയം കിട്ടിയപ്പോൾ വണ്ണം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. അങ്ങനെ 62 കിലോയിൽനിന്നും 54 കിലോയിലെത്തി. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം ശദ്ധിക്കുന്നുവോ ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും''- പറഞ്ഞു തുടങ്ങുകയാണ് അമേയ.
വർക്കൗട്ടും ഡയറ്റും തന്നെയാണ് ഇതിന്റെ സീക്രട്ട്. എന്റെ ഭാരം 63 കിലോയിൽ എത്തിയപ്പോഴാണ് ഇനി ഇങ്ങനെ പോയാൽ ശരിയാവില്ല ഭാരം കുറയ്ക്കണമെന്ന് ഞാൻ തീരുമാനിക്കുന്നത്. അങ്ങനെ തോന്നാനൊരു കാരണവും ഉണ്ടായിരുന്നു. കുറച്ച് മാസങ്ങൾക്ക് പാല സെന്റ് തോമസ് കോളേജ് പരിപാടിയിൽ ഞാൻ അതിഥിയായി പോയിരുന്നു. പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ചടങ്ങിൽ പകർത്തിയ ചിത്രങ്ങൾ അവിടുത്തെ വിദ്യാർഥികൾ എനിക്ക് അയച്ചു തന്നിരുന്നു. ആ ചിത്രങ്ങൾ കണ്ടപ്പോൾ ഞാനാകെ ഞെട്ടിപ്പോയി. വല്ലാതെ തടിച്ചിരിക്കുന്നു. അന്നാണ് ഞാൻ എന്റെ രൂപം കണ്ണാടിയിൽ ശരിക്കുമൊന്നു നോക്കിയത്. ഞാൻ എന്നെ കാണാൻ ആഗ്രഹിക്കാത്ത രൂപം. മുഖത്തിനും കെെയ്യിനുമാണ് ഏറ്റവും വണ്ണം തോന്നിയത്. സ്ലീവ്ലെസ് ഡ്രസ്സാണ് ഇട്ടിരുന്നത്. അതുകൊണ്ടു തന്നെ കെെയെല്ലാം അതിഭീകരമായി ഇരിക്കുന്നു. അതുവരെ ശരീരഭാരത്തെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ഇനി ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് എനിക്ക് തന്നെ തോന്നി.
ദ പ്രീസ്റ്റിന്റെയും ഖജുരാഹോ ഡ്രീംസിന്റെയും ഷെഡ്യൂൾ ബ്രേക്കിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഉടനെ തന്നെ ഞാൻ ജിമ്മിൽ പോയി വർക്കൗട്ട് ആരംഭിച്ചു. അന്നാണ് ജീവിതത്തിൽ ആദ്യമായി ഭാരം കുറയ്ക്കാനുള്ള വർക്കൗട്ട് തുടങ്ങുന്നത്. വർക്കൗട്ട് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ കോവിഡും ലോക്ഡൗണും വന്നു. അതോടെ ജിം അടച്ചുപൂട്ടി. ഒന്നരമണിക്കൂർ കുറച്ച് ദിവസം തുടർച്ചയായി ജിമ്മിൽ അധ്വാനിച്ചിട്ടും ആകെ കുറഞ്ഞത് ഒരു കിലോ മാത്രമായിരുന്നു. അതോടെ എനിക്ക് നിരാശയായി. ഇനി വീട്ടിൽ വർക്കൗട്ട് ചെയ്താലും കുറയുമോ എന്ന കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ടായിരുന്നു.
ഒടുവില്‍ ഞാൻ ആ വലിയ തീരുമാനമെടുത്തു. ഇനി വിട്ടുകൊടുക്കാൻ ഒരുക്കമല്ല. വീടു തന്നെ ഒരു ജിമ്മാക്കി വർക്കൗട്ട് തുടങ്ങി. ദിവസവും ഒരു മണിക്കൂറാണ് ഞാൻ അതിനായി മാറ്റി വച്ചത്. 15 തവണയായി നാലു വട്ടം സ്‌ക്വാട്ട്‌സ് എക്‌സര്‍സൈസ് ചെയ്തു. പിന്നെ ആബ്സ് വർക്കൗട്ട്, പ്ലാങ്ക്, ലെഗ് റൈസ്, ക്രഞ്ചസ് എന്നിവയും ചെയ്തു. മുഖത്തെ വണ്ണം കുറയ്ക്കാൻ ഫിഷ് ഫേസ്, കിസിങ് ദ സ്‌കൈ, എന്നീ എക്‌സര്‍സൈസുകളാണ് ഞാൻ ചെയ്തത്.
വർക്കൗട്ട് മാത്രമല്ല, കര്‍ശനമായ ഡയറ്റും ഞാൻ പിന്തുടർന്നു. മെെദ, അരി, പഞ്ചസാര, ചീസ്, ബട്ടര്‍, തൈര് എന്നിവ പൂർണമായും ഒഴിവാക്കി. ചോറ് എന്റെ പ്രിയഭക്ഷണമാണ്. അതൊഴിവാക്കുന്നത് അത്ര എളുപ്പവുമായിരുന്നില്ല. എന്നിരുന്നാലും ഇതിനെല്ലാം പകരമായി ഞാൻ ഗോതമ്പ് ഭക്ഷണത്തെ ആശ്രയിച്ചു. ഗോതമ്പ് ബ്രഡ്, ഗോതമ്പ് പുട്ട്, ഗോതമ്പ് ദോശ, ഗോതമ്പ് ഉപ്പുമാവ് എന്നിവയാണ് പ്രധാനമായും കഴിച്ചത്. ഗോതമ്പ് ഭക്ഷണമായതു കൊണ്ട് വലിയ ചെലവും വന്നില്ല. അതോടൊപ്പം വെജിറ്റബിൾ സാലഡുകളും നന്നായി കഴിച്ചു. ധാരാളം വെള്ളവും കുടിച്ചു. കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും 62 കിലോയിൽ നിന്ന് 54 കിലോയിലെത്തി.
വെയിറ്റ് ലോസ് ജേണി ഞാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ ഒരുപാട് പേർ അഭിനന്ദനവുമായി രംഗത്തെത്തി. ചിലർ ചോദിച്ചു. ഇതു ഫോട്ടോഷോപ്പ് ആണോയെന്ന്. അവരോട്, സൂക്ഷിച്ചു നോക്കേണ്ട, നന്നായി അധ്വാനിച്ചിട്ട് തന്നെയാ കുറച്ചത്. ഞാൻ എന്നെ കാണാൻ ആഗ്രഹിച്ച രൂപത്തിൽ എത്തിയപ്പോൾ എനിക്ക് വല്ലാത്ത പോസിറ്റിവിറ്റി തോന്നി. ഇപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. ആഗ്രഹിച്ച ഫലം കിട്ടിയപ്പോൾ വർക്കൗട്ട് ചെയ്യാൻ ഒട്ടും മടിയില്ലാതെയായി. നമുക്ക് ഇഷ്ടമുള്ള പോലെയാണല്ലോ നമ്മൾ ജീവിക്കേണ്ടത്- അമേയ പറയുന്നു.
Content Highlights: Ameya Mathew actor Interview, weight loss journey
Published: 09 Aug 2020, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented