രുപാട്പേരുടെ ഒരുമാസത്തിലധികം നീണ്ടുനിന്ന പ്രയത്നം, പ്രാർഥനകൾ. ആമസോൺ കാടിനുള്ളിൽ വിമാനം തകർന്നുവീണപ്പോൾ പിഞ്ചുകുഞ്ഞ് അടക്കമുള്ളവർക്കായി ലോകം ഹൃദയമിടിപ്പോടെയാണ് കാത്തിരുന്നത്. നാല്പത് ദിവസത്തിന് ശേഷം വിമാനത്തിലുണ്ടായിരുന്ന നാല് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയപ്പോൾ ഈറനണിഞ്ഞ കണ്ണുകളോടെ, നെടുവീർപ്പിട്ടുകൊണ്ട് ലോകം അവരെ വരവേറ്റു.

To advertise here,
placeholder
ജങ്കിൾ-ലോസ്റ്റ് പോസ്റ്റർ, കുട്ടികളുമായി രക്ഷാപ്രവർത്തകർ | PHOTO: IMDB, TWITTER

ആമസോൺ കാടിലെ ഈ സംഭവങ്ങൾ അറിയുമ്പോൾ, കേട്ട് നെടുവീർപ്പിടുമ്പോൾ ഇതേ പ്രമേയത്തിലൊരുങ്ങിയ  സീരീസിനെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒരു സിനിമാപ്രേമി ഓർത്തില്ലെങ്കിലേ അത്ഭുതമുള്ളു. വിജനമായ കാടിന് നടുവിൽ ഒറ്റപ്പെട്ടുപോകുന്ന സംഘവും അവർ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളും പ്രമേയമായി ഒരുപാട് ചലച്ചിത്രാവിഷ്കാരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരുപാട് പേരുടെ പ്രിയപ്പെട്ടതായി മാറിയ ഒരു സീരീസുണ്ട്, ഇന്നും അണ്ടർറേറ്റഡ് എന്ന വിശേഷണം ചാർത്തി നടക്കുന്ന 'ലോസ്റ്റ്'. 2004-ൽ പുറത്തിറങ്ങിയ മാസ്റ്റർ പീസ്. സിനിമാപ്രേമികളുടെ ഓർമയിലേയ്ക്ക് ഒരു സിനിമ കൂടിയെത്താറുണ്ട്, ഡാനിയൽ റാഡ്ക്ലിഫ് നായകനായെത്തിയ 2017-ൽ പുറത്തിറങ്ങിയ ‘ജങ്കിൾ’.

നി​ഗൂഢതയുടെ ആഴങ്ങളിലൂടെ കുതിച്ച രഹസ്യങ്ങളുടെ കലവറ

 ലോങ് സീരിസ് ഇഷ്ടമില്ലാത്തവർ അല്പം മടിയോടെ കണ്ടുതുടങ്ങാൻ സാധ്യതയുള്ള ഒരു സീരിസാണ് ലോസ്റ്റ്. ഏഴ് സീസണിലായി 121 എപ്പിസോഡുകൾ ! കേൾക്കുമ്പോൾ തന്നെ പലരും മടിയോടെ പിന്തിരിയുന്നത് സ്വാഭാവികം. പക്ഷേ, ഒരു എപ്പിസോഡ് കണ്ടുകഴിയുന്നവർ ഇത് കൊള്ളാമല്ലോ എന്ന തോന്നലിൽ 'ലോസ്റ്റി'ലേക്ക് തെന്നിവീഴുന്ന കാഴ്ച പതിവാണ്. പിന്നീട് ഒരു പാച്ചിലായിരിക്കും, ഒരു ദിവസം തന്നെ മൂന്നും നാലും എപ്പിസോഡുകൾ. ഓരോന്നും എപ്പിസോഡും സർപ്രെെസുകളും ട്വിസ്റ്റുകളും കൊണ്ട് ടെൻഷനടിപ്പു മുന്നോട്ട് പോകും. ഈ വേ​ഗം കണ്ട് സീരിസ് നിർദ്ദേശിച്ചയാൾ ചിലപ്പോൾ ഊറിച്ചിരിക്കും, കാരണം അയാൾക്കറിയാം തീർന്നുപോകുമല്ലോ എന്ന ആശങ്കയിൽ അവസാന സീസൺ ഒക്കെ ആകുമ്പോൾ 'ലോസ്റ്റി'ന്റെ വേ​ഗം കുറയുമെന്ന്... മനസ്സിനെ നോവിക്കുമെന്ന്...

placeholder
ലോസ്റ്റിൽ നിന്നുള്ള രംഗം | Photo Courtesy: IMDB

2004 മുതല്‍ 2010 വരെയുള്ള കാലയളവിലാണ് എ.ബി.സിയില്‍ ലോസ്റ്റ് പ്രക്ഷേപണം ചെയ്തത്. ആദ്യം മുതൽ പതിയെ കാലത്തിനൊപ്പം ലോസ്റ്റ്  കാണാൻ സാധിച്ചവർ ഭാ​ഗ്യവാന്മാർ. ഒരൊറ്റ ജോണറിൽ തളച്ചിടാനാവില്ല എന്നതാണ് ലോസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രില്ലറും മിസ്റ്ററിയും അഡ്വഞ്ചറും ഫാന്റസിയും ഫിക്ഷനും അല്പസ്വല്പം ഹൊററും റൊമാൻസും  ഒക്കെച്ചേർന്നതാണ് ജെ.ജെ അബ്രഹാംസ്, ജെഫ്രി ലീബെർ, ഡാമൻ ലിന്റെലോഫ് എന്നിവർ ചേർന്നൊരുക്കിയ 'ലോസ്റ്റ്'. 

ലോസ്റ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നവർ നേരിടുന്ന ഒരു സ്ഥിരമായ പരിഹാസമുണ്ട്, എന്തൊരു തള്ളാണെന്ന ആളുകളുടെ ഭാവം. പക്ഷേ 'ലോസ്റ്റി'ൽ അകപ്പെട്ടവർക്ക് മാത്രമറിയാം, എന്നും കൂടെ കൂട്ടാനാകുന്ന എന്തോ ഒരു മാന്ത്രികത ആ സീരിസിനുണ്ടെന്ന്. ​ഗെയിം ഓഫ് ത്രോൺസ്, ബ്രേക്കിങ് ബാഡ് എന്നീ ലോകോത്തര സീരുസുകളെയൊക്കെ അപേക്ഷിച്ച് ലോസ്റ്റിന് ആരാധകർ കുറവാകാം. പക്ഷേ ആ​ഗോളതലത്തിൽ 'ലോസ്റ്റ്' പ്രേമികൾ ഒട്ടനവധിയാണ്. ജാക്കിനേയും സോയറിനേയും കേറ്റിനേയും ബെന്നിനേയും ഒക്കെ പ്രിയപ്പെട്ടവരാക്കിയ 'ലോസ്റ്റി'ലേയ്ക്ക്. 

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ -https://mbi.page.link/mbplus

ഒരു പ്ലെയിൻ ക്രാഷിലൂടെ തുടക്കം

ജാക്ക് എന്ന ഡോക്ടറുടെ കണ്ണുകളിലൂടെയാണ് 'ലോസ്റ്റ്' തുടങ്ങുന്നത്. ഒരു വിമാനം രണ്ട് ഭാ​ഗങ്ങളായി ദ്വീപിലേയ്ക്ക് തകർന്ന് വീഴുന്നു, നിലവിളികളും രക്ഷാപ്രവർത്തനവും. സിഡ്‌നിയില്‍ നിന്നും ലോസ് ആഞ്ചലീസിലേക്ക് പോകുന്ന ഓഷ്യാനിക് 815 എന്ന വിമാനമാണ് തകര്‍ന്ന് വീഴുന്നത്. യാത്രക്കാരിൽ പകുതിയിലേറെ ആളുകൾ മരിക്കുന്നു, കുറെയാളുകളെ കാണാതാകുന്നു. കുറച്ചാളുകൾ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത്. കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തിൽ നിന്ന് സഹയാത്രികരെ രക്ഷിക്കുകയായിരുന്നു ജീവനോടെയുള്ളവരുടെ ആദ്യ ലക്ഷ്യം. കൂട്ടത്തിലെ ഡോക്ടറായ ജാക്ക് ഷെഫേർഡ് മുന്നിട്ടിറങ്ങുന്നു. 

പരസ്പരം പരിചയമില്ലാത്തവരായതിനാൽ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ സ്വാഭാവികം. കൂടെയുള്ളയാൾ കൊള്ളക്കാരനാണോ കള്ളനാണോ പോലീസാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. സമയമെടുക്കാതെ തന്നെ ഓരോരുത്തരുടെ ഉള്ളിലേയും വില്ലന്മാർ പുറത്ത് വരികയാണ്. പരസ്പരമുള്ള പ്രശ്നങ്ങൾ തലവേദന സൃഷ്ടിച്ച് തുടങ്ങുമ്പോൾ അവരറിയുന്നില്ല, യഥാർഥ പ്രശ്നങ്ങൾ തുടങ്ങാൻ ഇരിക്കുന്നതേയുള്ളുവെന്ന്. പതിയെ ആളുകൾ ആ ദ്വീപിനെക്കുറിച്ച് അറിയുകയാണ്. അവർക്കായി കാത്തുവെച്ചിരിക്കുന്ന നി​ഗൂഢ രഹസ്യങ്ങളിലേയ്ക്ക് നടന്നടുക്കുകയാണ്. 

placeholder
ലോസ്റ്റിൽ നിന്നും | PHOTO: IMDB

കാടിനും കടലിനും ഇടയിലുള്ള തീരത്ത് താത്കാലിക അഭയം പ്രാപിച്ചവർ രക്ഷാപ്രവർത്തകരെ കാത്തിരുന്നു, പക്ഷേ ഫലമുണ്ടായില്ല. ഭക്ഷണവും അഭയവും തേടി കാടിനുള്ളിലേയ്ക്കുള്ള യാത്രകൾ. പയ്യെപ്പയ്യെ ദ്വീപിലുള്ളവരുടേയും പ്രേക്ഷകന്റെയും ചങ്കിടിപ്പ് കൂടുകയാണ്. അസാധാരണമായ കാഴ്ചകൾ, കാട്ടിൽ നിന്നും ഉയരുന്ന പുക, വിചിത്ര ശബ്ദങ്ങൾ. വെെകാതെ ആ സത്യം അവർ മനസിലാക്കുന്നു, ദ്വീപിൽ തങ്ങൾ ഒറ്റയ്ക്കല്ല. പിന്നീട് നടക്കുന്നതൊക്കെ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ. ഓരോ കഥാപാത്രത്തിന്റെയും ഭൂതകാലത്തെക്കുറിച്ചുള്ള ഓർമകളുടെ കടന്നുവരവ്, പുതിയ അതിഥികളുടെ വരവ്. അതെ, ലോസ്റ്റ് കൂടുതൽ നി​ഗൂഢമാവുകയായിരുന്നു. 

ഹീറോ വില്ലനാകും വില്ലൻ ഹീറോയും

ഒന്നിലേറെ നായകനും വില്ലനും ഉള്ള സീരിസ്. നായകനാണോ വില്ലനാണോ എന്ന് പ്രേക്ഷകന് മനസ്സിലാകാത്ത കഥാപാത്രങ്ങളും ലോസ്റ്റിന് സ്വന്തം. ലോസ്റ്റിലെ ആദ്യത്തെ നായകൻ, അല്ലെങ്കിൽ ലോസ്റ്റിന്റെ നായകൻ എന്ന് ജാക്കിനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാൽ ഒരു നായകനും നായികയും വില്ലനും എന്ന പതിവ് ക്ലീഷേ ലോസ്റ്റിന് ചേരില്ലെന്നതാണ് യാഥാർഥ്യം. ഇക്കാരണം കൊണ്ടുതന്നെ ലോസ്റ്റ് കാണുന്ന പലർക്കും ഇഷ്ടം പല കഥാപാത്രങ്ങളെയായിരിക്കും. 

placeholder
ലോസ്റ്റിൽ നിന്നും | PHOTO: IMDB

ജാക്ക് ഷെഫേര്‍ഡ്, കേറ്റ് ഓസ്റ്റിന്‍, ഹ്യൂഗോ ഹാര്‍ളി റൈസ്, ബെൻ ലെെനസ്, ഡെസ്മണ്ട്, ജെയിംസ് സോയര്‍, ജോണ്‍ ലോക്ക്, ജിന്‍, സണ്‍, സായിദ്, അന ലൂസിയ, മിസ്റ്റര്‍ എക്കോ തുടങ്ങി നിരവധി കഥാപാത്രങ്ങൾ സീരിസിന്റെ ഭാ​ഗമാണ്. എല്ലാവർക്കും തങ്ങളുടേതായ കഥയും പ്രത്യേകതകളും സ്ക്രീൻ സ്പേസും നൽകിയിട്ടുണ്ട്. ജാക്ക്, സോയർ, ബെൻ ആരാധകരാണ് കൂടുതലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ജോണ്‍ ലോക്ക് എന്ന ആർക്കും പിടിതരാത്ത മനുഷ്യനും ശക്തമായിത്തന്നെ മത്സരരം​ഗത്തുണ്ട്. 

ലോസ്റ്റിന്റെ ക്യാരക്ടർ ഡെവലെപ്മെന്റിന് പ്രത്യേക കെെയടി നൽകണം. വില്ലനെ ഒറ്റസംഭവം കൊണ്ട് ഹീറോയാക്കുന്ന പതിവോ നായകനെ ഒറ്റ രാത്രി കൊണ്ട് വില്ലനാക്കുന്ന ക്ലീഷേയോ ലോസ്റ്റിൽ പ്രതീക്ഷിക്കണ്ട. ആദ്യം മുതൽ വെറുത്ത് തുടങ്ങുന്ന കഥാപാത്രത്തെ എപ്പോൾ മുതലാണ് നമ്മൾ ഇഷ്ടപ്പെട്ടതെന്ന് ആലോചിച്ച് ചിലപ്പോൾ അമ്പരപ്പെട്ടേക്കാം. 

placeholder
ലോസ്റ്റിലെ ജാക്കും കേറ്റും | PHOTO: IMDB

ലോസ്റ്റിൽ അസാധ്യ പ്രകടനം നടത്തിയവർ ഏറെയാണ്. അക്കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ ബെന്‍ ലൈനസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കൽ എമേഴ്സണ്‍ ഉണ്ടാകും. ലോസ്റ്റിന് തീവ്രത പകർന്നവരിൽ പ്രധാനി. ലോസ്റ്റിലെ കഥാപാത്രങ്ങളെല്ലാം തന്നെ പല ലെയറുകളുള്ളവരാണ്. അതിൽ ബെന്‍ ലൈനസ് എന്ന കഥാപാത്രത്തെ പൂർണമായും മനസിലാക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 

ദ്വീപിലെ നി​ഗൂഢതയോളം തീവ്രത ബെന്നിന്റെ സ്വഭാവത്തിലുണ്ട്. പുറമെ ശാന്തനായ ഈ കുശാ​ഗ്രബുദ്ധിക്കാരനാണ് ലോസ്റ്റിലെ മജീഷ്യൻ, പ്രകടനം കൊണ്ട് മായാജാലം കാട്ടിയവൻ. പ്രവചനാതീതമാണ് ബെന്നിന്റെ ഏറ്റവും വലിയ പ്രത്യേകത. ദ്വീപിലെ രഹസ്യങ്ങളുടെ കാവൽക്കാരനും ബെൻ തന്നെ. ബെന്നിനെ മറ്റൊരാൾക്കും ചെയ്യാനാകാത്ത തരത്തിൽ അവതരിപ്പിച്ച മെെക്കൽ എമേഴ്സൺ ആണ് പിന്നീട് 'പേഴ്സൺ ഓഫ് ഇന്ററസ്റ്റ്' എന്ന ജനപ്രിയ സീരിസിലെ അസാധാരണ ബുദ്ധിവെെദ​ഗ്ധ്യമുള്ള ഹാരോൾഡ് ഫിഞ്ച് ആയി തകർന്നാടിയത്. ചിലരെങ്കിലും 'പേഴ്സൺ ഓഫ് ഇന്ററസ്റ്റ്' തേടിയെത്തിയതിന് പിന്നിൽ ബെന്നിന്റെ കെെയൊപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. 

placeholder
ലോസ്റ്റിലെ ബെൻ, മെെക്കലും വാൾട്ടും | PHOTO: IMDB

സിനിമകളിൽ നോൺ ലീനിയർ കഥപറച്ചിൽ സ്വാഭാവികമായിരുന്നുവെങ്കിലും 2000-ത്തിന്റെ തുടക്കത്തിൽ സീരിസുകളിൽ ഈ ഫോർമുല അത്രകണ്ട് ജനപ്രിയമായിരുന്നില്ല. പല തരം ജോണറുകൾ വരുന്ന സീരിസുകളും ചുരുക്കം. ഇതിനെല്ലാം മാറ്റം കൊണ്ടുവരാൻ ലോസ്റ്റിനായി എന്നത് അണിയറപ്രവർത്തകരുടെ പ്രയത്നത്തിന്റെ വിജയമായി കണക്കാക്കാം. ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള സീരിസ് കൂടിയാണിത്. ശബ്​ദം കൊണ്ട് അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നുണ്ട് ലോസ്റ്റ്. 

ഒരു ബി​ഗ് ബജറ്റ് ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി ലോസ്റ്റിന്റെ പെെലറ്റ് എപ്പിസോഡ് നൽകുന്നുണ്ട്. ഈ ഒരൊറ്റ എപ്പിസോഡിനായി ചെലവ് വന്നത് ഒരു ​ഹോളിവുഡ‍് ചിത്രമെടുക്കുന്നതിലും അധികമായിരുന്നു. 14 മില്യണ്‍ ഡോളർ ഈ പെെലറ്റ് എപ്പിസോഡിനായി ചെലവായി എന്നാണ് കണക്കുകൾ. ലോസ്റ്റിലേയ്ക്ക് പ്രേക്ഷകനെ ആകർഷിക്കുന്നതിൽ ഈ എപ്പിസോഡ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 

placeholder
ലോസ്റ്റ് | PHOTO: DISNEY

ഓരോ മുഖംമൂടികൾ അഴിഞ്ഞ് വീഴുമ്പോഴും കഥാ​ഗതിയിലുണ്ടാകുന്ന മാറ്റം അതിശയകരമാണ്. സർവെെവൽ ത്രില്ലറിൽ നിന്ന് ഫിക്ഷനിലേയ്ക്കും മിസ്റ്ററിയിലേയ്ക്കും പിന്നെ റൊമാൻസിലേയ്ക്കും തിരിച്ചും ഒക്കെ കഥ മാറി മറിയും. ലോസ്റ്റിലെ ഓരോ കഥാപാത്രങ്ങൾക്കും പറയാൻ ഏറെയുണ്ട്. ഇവർക്കൊക്കെ സ്പിൻ ഓഫ് പോലും സാധ്യമായിരുന്നു. അത്രയ്ക്ക് തീവ്രമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ആ ദ്വീപിലെ ഓരോ രഹസ്യങ്ങളും ചുരുളഴിയാൻ പ്രേക്ഷകൻ കാത്തിരിക്കും. പല രഹസ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. പലപ്പോഴും പല കഥാപാത്രങ്ങളാണ് സീരിസിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചില സമയങ്ങളിൽ ആരും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളാകും ഒരു എപ്പിസോഡ് നയിക്കുന്നത്. പക്ഷേ ഒരു തരിപോലും മടുപ്പ് അനുഭവപ്പെടുന്നില്ല എന്നത് ലോസ്റ്റിന്റെ സവിശേഷത. 

തങ്ങൾ അകപ്പെട്ടത് സാധാരണ ദ്വീപിൽ അല്ലെന്ന് തിരിച്ചറിയുന്നത് ലോക്ക് ആണ്, വീൽച്ചെയറിൽ വന്ന് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ജോൺ ലോക്ക്. മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകിയും പലപ്പോഴും രക്ഷിച്ചും ദ്വീപിനെക്കുറിച്ച് അയാൾ കൂടുതൽ അറിയാൻ ശ്രമിച്ചു, കീഴടക്കാൻ തുനിഞ്ഞു.

placeholder
ലോസ്റ്റിലെ ജോൺ ലോക്ക്| PHOTO: IMDB

ദ്വീപിന് തങ്ങളിൽ നിന്ന് പലതും ആവശ്യമാണെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട് മാത്രമല്ലെന്നും വിശ്വസിക്കാനായിരുന്നു ലോക്കിന് ഇഷ്ടം. ലോക്കായി എത്തിയ ടെറി ക്വിന്നിന്റെ പ്രകടനവും പ്രശംസനീയമായിരുന്നു. 

ആരെയും കൂസലില്ലാത്ത ഒരാൾ അക്കൂട്ടത്തിലുണ്ടായിരുന്നു, സോയർ. അയാളുടെ പ്രവൃത്തി ആളുകളുടെ വെറുപ്പ് സമ്പാദിച്ചു. ആർക്കും പിടികൊടുക്കാത്ത മനസ്സിന്റെ ഉടമ കൂടിയായിരുന്നു അയാൾ. ധെെര്യശാലിയാണോ അതോ അഭിനയമാണോ എന്ന് കൂടെയുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുന്ന സോയറിനെ ശരിക്ക് മനസിലാക്കാൻ സമയം ഏറെയെടുക്കും. സോയറായി എത്തിയ ജോഷ് ഹാലോവേയ് ലോസ്റ്റിലൂടെ നേടിയത് വലിയ ആരാധകവൃന്ദത്തെയാണ്. 

placeholder
ലോസ്റ്റിലെ സോയർ | PHOTO: IMDB

പ്രണയവും പകയും മനുഷ്യന്റെയുള്ളിലെ അത്യാർത്തിയും അധികാരക്കൊതിയും ഒക്കെ ലോസ്റ്റിലെ കഥാപാത്രങ്ങളെപ്പോലെയാണ്. സീരിസിൽ സുപ്രധാന നീക്കം നടത്തുന്നത് ഈ മനുഷ്യ വികാരങ്ങൾ തന്നെയാണ്. 

കേറ്റിനെക്കുറിച്ചും ഹ്യൂ​ഗോയെക്കുറിച്ചും ഡെസ്മണ്ടിനെക്കുറിച്ചും ചാർളിയെക്കുറിച്ചും സായീദിനെക്കുറിച്ചും ജിൻ-സൺ എന്ന കൊറിയൻ ദമ്പതികളെക്കുറിച്ചും സംസാരിക്കാതെ ലോസ്റ്റ് പൂർണമാകില്ല. ആർക്കും പെട്ടെന്ന് പിടിതരാത്ത സ്വഭാവമാണ് കേറ്റിനെങ്കിൽ മനുഷ്യത്തത്തിന്റെയും ചേർത്ത് നിർത്തലിന്റെയും പര്യായമാണ് ഹ്യൂ​ഗോ.

placeholder
ലോസ്റ്റിലെ സയീദ്, ചാർളി | PHOTO: IMDB

ചാർളിയാവട്ടെ സീരിസിലെ ഏറ്റവും വെെകാരിക മുഹൂർത്തങ്ങൾ സമ്മാനിച്ചവരിൽ പ്രധാനിയാണ്. സായീദ് ആവട്ടെ തികഞ്ഞൊരു പോരാളിയാണ്, സംരക്ഷകൻ. കൊറിയൻ ദമ്പതികള്‍ക്ക് കഥയിൽ സുപ്രധാന സ്ഥാനമാണുള്ളത്. പലപ്പോഴും കഥയിൽ പ്രധാന വഴിത്തിരിവുണ്ടാക്കുന്നതും ഇവർ തന്നെ. 

placeholder
ലോസ്റ്റിലെ ഹ്യൂ​ഗോ, ഡെസ്മണ്ട് | PHOTO: IMDB

ജാക്കിനും സോയറിനും ലോക്കിനുമാണ് ആരാധകർ ഏറെയെങ്കിലും ലോസ്റ്റിലെ സ്റ്റെെലിഷ് ക്യാരക്ടർ ആരാണെന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. ഡെസ്മണ്ട് എന്ന സ്റ്റെെലിഷ് കഥാപാത്രത്തെ ഒഴിച്ചുനിർത്തിയാൽ പിന്നെ ലോസ്റ്റ് ഇല്ല. ഡെസ്മണ്ടായി വേഷമിട്ട ഹെൻറി തന്റെ കഥാപാത്രത്തെ ഭം​ഗിയായി അവതരിപ്പിച്ചു. മറ്റ് കഥാപാത്രങ്ങളിൽ നിന്ന് ഡെസ്മണ്ടിനെ വേറിട്ട് നിർത്തുന്നത് സംഭാഷണങ്ങളാണ്. രഹസ്യങ്ങൾ നിറഞ്ഞ, ഭം​ഗിയുള്ള സംഭാഷണങ്ങളാണ് ഈ കഥാപാത്രത്തിനായി ഒരുക്കി വെച്ചത്. 'സീ യൂ ഇൻ അനദർ ലെെഫ് ബ്രദർ' എന്ന ഡെസ്മണ്ടിന്റെ ഡയലോ​ഗ് ഇന്നും ആരാധകർ മറന്നിട്ടുണ്ടാവില്ല. 

ലോസ്റ്റിലെ 'വിൽ‍സൺ'

ആമസോൺ കാട്ടിനുള്ളിൽ കുട്ടികളെ തേടിയെത്തിയ വിൽസണിനെപ്പോലെ ലോസ്റ്റിലും ഒരാൾ ഉണ്ടായിരുന്നു, വിൻസന്റ് എന്ന നായ. മെെക്കൽ ഡോവ്സന്റെയും മകൻ വാൾട്ട് ലോയ്ഡിന്റെയും പ്രിയപ്പെട്ട വിൽസൺ ലോസ്റ്റിലെ പ്രധാന കഥാപാത്രത്തിൽ ഒന്നാണ്. വിൽസണിനെ കാണാതാകുന്നതുപോലെ വാൾട്ടിന് വിൻസന്റിനെയും ഒരു ഘട്ടത്തിൽ നഷ്ടമാകുന്നുണ്ട്.

placeholder
ലോസ്റ്റിലെ വാൾട്ട് വിൻസെന്റിനൊപ്പം | PHOTO : ABC

വിൻസന്റും വാൾട്ടും തമ്മിലുള്ള അദ്യശ്യമായ സ്നേഹബന്ധത്തിന്റെ കൂടി കഥ ലോസ്റ്റ് പറയുന്നുണ്ട്. കൂടെക്കാണുമെന്ന് കരുതുന്ന മനുഷ്യനെക്കാളും ചിലപ്പോൾ സ്നേഹം നൽകുന്നത് വളർത്തുമൃ​ഗങ്ങൾ ആയിരിക്കുമെന്ന് പ്രസ്തവന കൂടിയാണ് വിൻസന്റ്. 

ഇന്നും ഹൃദയങ്ങളിൽ ഇടം

പ്രൈം ടൈം എമ്മി അവാര്‍ഡ്, മികച്ച ടെലിവിഷന്‍ സീരീസിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം, ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങള്‍, സാറ്റലൈറ്റ് പുരസ്‌കാരം, റൈറ്റേഴ്‌സ് ഗില്‍ഡ്‌, ALMA അവാര്‍ഡ്‌സ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ലോസ്റ്റ് വാരിക്കൂട്ടിയത്. മൈക്കല്‍ എമേഴ്‌സൺ,  ടെറി ഒ ക്വിന്‍, നവീന്‍ ആന്‍ഡ്രൂസ് എന്നീ നടന്മാരെയും പുരസ്‌കാരങ്ങള്‍ തേടിയെത്തി. വർഷങ്ങൾക്ക് ശേഷവും  നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ജനപ്രിയ സീരിസുകളുടെ കൂട്ടത്തിൽ ലോസ്റ്റും ഉണ്ടായിരുന്നു എന്നത് മറ്റൊരു പ്രത്യേകത. 

പ്രേക്ഷകനെ ഏറ്റവും അമ്പരപ്പിക്കുന്നത് ലോസ്റ്റിന്റെ തിരക്കഥയാണ്. എങ്ങനെയാകും ഇവരിത് ആലോചിച്ചിട്ടുണ്ടാവുക, ഒരുക്കിയിട്ടുണ്ടാവുക. ടെക്നോളജി ഇത്രയ്ക്കും വിപുലമായിട്ടില്ലാത്ത കാലത്ത് കൂടിയാണ് ലോസ്റ്റ് പ്രേക്ഷകെ ഞെട്ടിച്ചതെന്നത് മറ്റൊരു പ്രത്യേകത. ഇന്നത്തെ പല സീരിസുകൾക്കും സിനിമകൾക്കും ലോസ്റ്റ് പ്രചോദനമായിട്ടുണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട. 

placeholder
ലോസ്റ്റ് | PHOTO: ABC

ഒരു സീസണിൽ തന്നെ ഇരുപതിലധികം എപ്പിസോഡുകൾ. ഓരോ എപ്പിസോഡിലും ത്രില്ലടിപ്പിക്കുന്ന, ഞെട്ടിക്കുന്ന എന്തെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. ചെറിയ സീരിയസുകൾ ഒറ്റയിരുപ്പിന് കണ്ടുതീർത്തവരുണ്ടാകും. ദെെർഘ്യമുള്ള എപ്പിസോഡുകൾ ആയിട്ട് പോലും ലോസ്റ്റ് കാണുമ്പോൾ ഒരിരുപ്പിന് ഒന്നിലധികം എപ്പിസോഡുകൾ കാണുന്നവരായിരിക്കും ഏറെയും. 

ആറ് സീസണുകളും 121 എപ്പിസോഡുകളും. 121-ാമത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചിലരുടെയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ടാകാം. മനസ്സിന്റെ ഒരു കോണിൽ വേദനയും സന്തോഷവും സങ്കടവും നിരാശയും ഒക്കെ ബാക്കി വെച്ചുകൊണ്ടാണ് ലോസ്റ്റ് അവസാനിക്കുന്നത്. പക്ഷേ, തീർന്നാലും മനസിൽ എന്നും കൊണ്ടുനടക്കാനാകുന്ന കുറച്ച് കഥാപാത്രങ്ങളും ഓർമ്മകളും ലോസ്റ്റ് സമ്മാനിച്ചിട്ടുണ്ടാകും.

ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം തരാതെയാണ് ലോസ്റ്റ് അവസാനിക്കുന്നത്. ഓരോ പ്രേക്ഷന്റെയും ഇഷ്ടത്തിനും യുക്തിയ്ക്കും വിടുകയാണ് അണിയറപ്രവർത്തകർ. ജനനം പോലെ കണ്ണ് തുറക്കുന്നതിലൂടെ ആരംഭിക്കുന്ന ലോസ്റ്റ് മരണം പോലെ കണ്ണടയ്ക്കുന്നതിലൂടെ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ കണ്ണ് നനഞ്ഞിരിക്കുമെന്ന് ഉറപ്പാണ്. 

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ -https://mbi.page.link/mbplus

ആമസോൺ കാടിന്റെ നി​ഗൂഢതയിലേക്കൊരു യാത്ര, യഥാർഥ സംഭവങ്ങളുമായി ജംഗിള്‍

വിമാനങ്ങൾ തകർന്ന് വീണ് കാട്ടിൽ അകപ്പെട്ട സംഭവങ്ങൾ ഒട്ടേറെയാണ്. നിരവധി സർവെെവൽ ത്രില്ലറുകൾ ഈയൊരു പ്രമേയത്തിൽ എത്തിയിട്ടുണ്ട്. കാട്ടിലേയ്ക്കും മലയിലേയ്ക്കും ദ്വീപിലേയ്ക്കും എല്ലാം സാഹസിക യാത്രയ്ക്ക് പോയി അപകടത്തിലാകുന്നവരുടെ കഥ പറയുന്ന ചിത്രങ്ങളും ഏറെയാണ്. ഈ പ്രമേയങ്ങളിൽ ധാരാളം ചിത്രം കാണാമെങ്കിലും യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രങ്ങൾ താരതമ്യേന കുറവാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിലൊന്നാണ് ഗ്രെ​ഗ് മക്ലീൻ സംവിധാനം ചെയ്ത 'ജംഗിള്‍'.

placeholder
ജങ്കിളിലെ യോസി | PHOTO: IMDB

ഇസ്രായേലി സാഹസികൻ യോസി ​ഗിൻസ്ബെർ​ഗിന്റെ 1981-ലെ ആമസോൺ കാടിലേക്കുള്ള സാഹസികയാത്രയെ അടിസ്ഥാനമാക്കിയാണ് ഈ സർവെെവൽ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. ഡാനിയൽ റാഡ്ക്ലിഫ്, അലക്സ് റസ്സൽ, തോമസ് ക്രെറ്റ്സ്ച്ച്മാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഹാരി പോർട്ടർ സീരിസിലൂടെ ശ്രദ്ധേയനായ ഡാനിയൽ റാഡ്ക്ലിഫ് ആണ് 2017-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ  യോസി ​ഗിൻസ്ബെർ​ഗായി വേഷമിട്ടിരിക്കുന്നത്. 

ആമസോൺ കാടിനുള്ളിൽ അകപ്പെട്ട കുട്ടികളെക്കുറിച്ച് ലോകം ചർച്ച ചെയ്യുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഈ നി​ഗൂഢ വനത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ യോസിയുടേയും സംഘത്തിന്റെയും കഥ പറഞ്ഞ 'ജംഗിളി'നും പ്രാധാന്യം ഏറെയാണ്. സാഹസികത നിറഞ്ഞ, 80 കളിൽ നടന്ന സംഭവങ്ങളുടെ കഥ പറഞ്ഞ് ജംഗിളിലേയ്ക്ക്...

കാടറിയുന്നവനൊപ്പം ഒരു സാഹസിക യാത്ര

യോസി ​ഗിൻസ്ബെർ​ഗിന്റെ യാത്രകളോടുള്ള പ്രിയവും സാഹസിക യാത്രയ്ക്കിടെ കിട്ടിയ മാർക്കസ്, കെവിൻ ​ഗെയ്ൽ എന്നീ സുഹൃത്തുക്കളുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഇവർക്കിടയിലേയ്ക്ക് കാൾ എന്ന അപരിചിതൻ നിരസിക്കാനാകാത്ത് ഒരു വാ​ഗ്ദാനവുമായി കടന്നുവരികയാണ്. 

അധികമാരും കണ്ടിട്ടില്ലാത്ത ഒരു ​ഗോത്ര സമൂഹത്തിനെ കാണിച്ചുതരാമെന്ന വാ​ഗ്ദാനം സാഹസിക പ്രിയനായ യോസിക്ക് നിരസിക്കാനാകുമായിരുന്നില്ല. പക്ഷേ സുഹൃത്തുക്കൾക്ക് ഒരു അപരിചിതനോടൊപ്പമുള്ള യാത്രയിൽ താത്പര്യമില്ലായിരുന്നു. എന്നാൽ ഫോട്ടോ​ഗ്രാഫർ കൂടിയായ കെവിന് തന്റെ ഭാവിക്ക് ഇതിലും മികച്ച ഒരു അവസരം കിട്ടാനുണ്ടായിരുന്നില്ല. ഒടുവിൽ മൂവരും കാടിനെ അടുത്തറിയാം എന്ന അവകാശ വാദവുമായി സമീപിച്ച കാളിനൊപ്പം സാഹസിക യാത്രയ്ക്ക് പുറപ്പെടുകയാണ്, നി​ഗൂഢതയിലേയ്ക്കുള്ള യാത്ര.

placeholder
ചിത്രത്തിൽ നിന്നും | PHOTO: IMDB

കാടിനുള്ളിലൂടെയുള്ള സഞ്ചാരവും ചങ്ങാടമുണ്ടാക്കി നദിയിലൂടെയുള്ള സാഹസിക യാത്രയുമൊക്കെ ചിത്രത്തിൽ കാണാം. കുരങ്ങിനെ ഭക്ഷണമായി സ്വീകരിക്കേണ്ട അവസ്ഥയിൽ വരെ സംഘം എത്തുന്നുണ്ട്. പെട്ടെന്ന് പിടിതരാത്ത, പരുക്കനായ കഥാപാത്രമാണ് കാൾ. അയാളുടെ നോട്ടത്തിലും ചിരിയിൽ പോലും നി​ഗൂഢത അനുഭവിക്കാനാകും. ശബ്ദത്തിനും വളരെയേറെ പ്രാധാന്യം ചിത്രം നൽകുന്നുണ്ട്. 

പ്രകൃതി ഓരോ തവണയും അവരെ വെല്ലുവിളിച്ചു. കഷ്ടപ്പാടുകൾക്കിടയിൽ പരസ്പരമുള്ള സ്നേ​ഹത്തിന് പോലും വിള്ളലുകളുണ്ടായി. ഒന്നായി മുന്നേറിയ സംഘം രണ്ടായി പിരിയുന്നതിൽ വരെ കാര്യങ്ങളെത്തി. രണ്ട് സംഘമായി പിരിഞ്ഞവർ രണ്ടുതരം മാർ​ഗങ്ങളാണ് സഞ്ചാരത്തിനായി തിരഞ്ഞെടുത്തത്. ഒരു കൂട്ടർ കാടിനെ വകഞ്ഞുമാറ്റി നടന്നുനീങ്ങാൻ തീരുമാനിച്ചപ്പോൾ ഒരു സംഘം നദിയോട് പൊരുതാൻ തീരുമാനിക്കുകയായിരുന്നു.

placeholder
ചിത്രത്തിൽ നിന്നും | photo: jungle movie

വിധിയുടെ തീരുമാനം പിന്നെയും അവരെ പിരിച്ചു. കഥാനായകൻ യോസിക്ക് ഒറ്റയ്ക്ക് കാടിനോട് പൊരുതേണ്ടി വന്നു. അവിടെയാണ് കഥ മറ്റൊരു തീവ്രമായ തലത്തിലേയ്ക്ക് ഉയരുന്നതെന്ന് പറയാം. പിന്നീട് കാണുന്നതെല്ലാം ജീവന് വേണ്ടി ഒരാൾ നടത്തുന്ന പോരാട്ടങ്ങളാണ്. ശരിക്കും ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം. 

തീവ്രമായ സൗഹൃദത്തിന്റെ മൂല്യം ജംഗിള്‍ എന്ന ചിത്രം കാണിച്ചുതരുന്നുണ്ട്. മനുഷ്യ ചിന്തകളുടെ മായാലോകത്ത് കൂടിയുള്ള സഞ്ചാരവും സംഘർഷവും ചിത്രം കാണിച്ചുതരുന്നുണ്ട്. യോസി എന്ന കഥാപാത്രത്തിനായി റാഡ്ക്ലിഫ് എടുത്ത പ്രയത്നങ്ങൾ പ്രശംസനീയമാണ്. ശരീരഭാരത്തിൽ വരുത്തിയ മാറ്റങ്ങളും ​ഗംഭീര പ്രകടനവും റാഡ്ക്ലിഫിന് കെെയടി നേടിക്കൊടുത്തിരുന്നു. 

placeholder
ചിത്രത്തിൽ നിന്നും | photo: jungle movie

അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ചിന്തകൾ പ്രേക്ഷകനെ അലോസരപ്പെടുത്തും. ദിവസങ്ങളോളം കാടിനുള്ളിൽ കഴിയുന്ന, ഒന്നുറക്കെ കരയാൻ പോലും സാധിക്കാത്ത കഥാപാത്രത്തെ നോവോടെ മാത്രമേ കണ്ടുതീർക്കാൻ സാധിക്കുകയുള്ളു. പലപ്പോഴും ഭയവും പ്രേക്ഷകനെ പിന്തുടരും.

സിനിമ ക്ലെെമാക്സിനോട് അടുക്കുമ്പോൾ ഒരാൾ നേരിട്ട് അനുഭവിച്ച് കാര്യങ്ങളാണല്ലോ നമ്മൾ കാണുന്നതെന്ന ചിന്ത അലോസരപ്പെടുത്തുമെന്ന് ഉറപ്പാണ്. ചിത്രമവസാനിക്കുമ്പോൾ ബാക്കിയാകുന്ന ചില രഹസ്യങ്ങൾ ചിലപ്പോൾ പ്രേക്ഷകനെ എന്നും വേട്ടയാടിയേക്കാം.