ലതരക്കാരായ ആസ്വാദകർക്ക് മുന്നിൽ വിളമ്പുന്ന നല്ലൊരു സദ്യ പോലെയാണ് സിനിമ. അത് പാകപ്പെട്ടുവരുന്നത് എഡിറ്റിങ് ടേബിളിലാണെന്ന് പറയാറുണ്ട്. പക്ഷേ സിനിമ വിജയിച്ച് കയ്യടി നേടുമ്പോൾ എഡിറ്റർമാരെ അധികമാരും വാഴ്ത്താറില്ല. വർഷങ്ങളായി സിനിമയുടെ പിന്നിലുണ്ട് അഖിലേഷ് മോഹൻ. അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ച് ഒടുവിൽ സ്വതന്ത്രമായി ചിത്രസംയോജനത്തിലേക്കെത്തിയ യാത്ര. ഏറ്റവും ഒടുവിൽ ബ്രോഡാഡിയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഖിലേഷ്.

To advertise here,

കാത്തിരുന്ന വിളി....

പതിമൂന്ന് വർഷം സിനിമയിൽ അസോസിയേറ്റ് എഡിറ്ററായിരുന്നു. 23 ചിത്രങ്ങളിൽ അങ്ങനെ നിന്നു. അപ്പോഴൊക്കെയും സ്വപ്‌നം കണ്ടിരുന്നത് സ്വതന്ത്രമായി ഒരു സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതായിരുന്നു. ഒടുവിൽ ലൂസിഫറിന്റെ സ്‌പോട്ട് എഡിറ്റിങ്ങിനിടെയാണ് ആ വിളി വന്നത്. പൃഥ്വിരാജ് പറഞ്ഞു, നമുക്കൊരു പടം ചെയ്യാമെന്ന്. കൈപിടിച്ച് കൊണ്ടുവരുന്നതുപോലുളള ഒരു അനുഭവമായിരുന്നു അത്.കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ബ്രദേഴ്‌സ് ഡേയിലൂടെ സ്വപ്‌നം യാഥാർഥ്യമായി. പിന്നീട് കോവിഡ് ലോക്ഡൗണിന് ശേഷം കുരുതിയിലേക്ക് അവസരം കിട്ടി. വ്യത്യസ്തമായ ഒരു രീതിയിലായിരുന്നു കുരുതി. അതിലെ എഡിറ്റിങ്ങിനെ കുറിച്ച് പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അതിനുശേഷമാണ് പെട്ടന്ന് ബ്രോഡാഡിയിലേക്കുള്ള വിളി എത്തിയത്. മൂന്ന് ചിത്രവും പൃഥ്വിരാജിനൊപ്പമായിരുന്നു.

ബ്രോഡാഡി നൽകിയ സന്തോഷം

ബ്രോഡാഡിയിലെ അനുഭവവും വളരെ നല്ലതായിരുന്നു. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലൊക്കെ പോയി. തുടക്കം മുതൽ അവസാനം വരെ ഒന്നിച്ചു നിൽക്കുമ്പോൾ ഒരു ടീം സ്പിരിറ്റ് ഉണ്ടാകും.  അപ്പോൾ കുറച്ചുകൂടെ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കാം. അതിനനുസരിച്ച് ചെയ്യാം. ഒന്നിലേറെ സിനിമകളുടെ ജോലി ഒരേ സമയത്ത് ഉണ്ടെങ്കിൽ മാത്രമേ ലൊക്കേഷനിൽ പോകാതിരിക്കാറുള്ളൂ. പ്രധാനമായും ഹൈദരാബാദായിരുന്നു ബ്രോഡാഡി ലൊക്കേഷൻ. ഒ.ടി.ടി.ക്ക് വേണ്ടി തന്നെ പ്ലാൻ ചെയ്തതായിരുന്നു സിനിമ. ഇടയ്ക്ക് തീയേറ്ററിനെ കുറിച്ചും ആലോചിച്ചിരുന്നു. സിനിമയുടെ ദൈർഘ്യം കൂടിപ്പോയെന്ന് ചില അഭിപ്രായങ്ങൾ കേട്ടു. രണ്ടര മണിക്കൂർ ഉണ്ടാകുമെന്ന് ആദ്യം തന്നെ ഉറപ്പായിരുന്നു. പിന്നെ ഒ.ടി.ടി.യായതിനാലാണ് കുറച്ചുകൂടി നീണ്ടത്. ആവശ്യമുള്ള ഷോട്ടുകൾ മാത്രമാണ് എടുക്കുന്നത്. ഓരോ സീനും അതിനനുസരിച്ചാണ് ചെയ്യുന്നത്.

മോഹൻലാലും പൃഥ്വിരാജും പകരുന്ന പാഠം

പുലിമുരുകനിൽ സ്‌പോട്ട് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. പിന്നെ '1971: ബിയോണ്ട് ബോർഡേഴ്‌സ്', ലൂസിഫർ. അങ്ങനെ നേരത്തെ തന്നെ ലാലേട്ടനെ പരിചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്രോഡാഡിയിലെത്തിയപ്പോഴും ആ ഒരു പരിചയം ഒന്നുകൂടി വളർന്നു. നമ്മളെ കണ്ടാൽ തിരിച്ചറിയുന്നു, മിണ്ടുന്നു, നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നു എന്നെല്ലാം മനസിലാക്കുമ്പോൾ സന്തോഷമുണ്ട്.പൃഥ്വിരാജ് സിനിമയുടെ എല്ലാ മേഖലയിലും ശ്രദ്ധിക്കുന്നൊരാളാണ്. ഒപ്പമുള്ളപ്പോൾ നമുക്കും ജോലി എളുപ്പമാണ്. സ്‌കൂൾ ഓഫ് ഡയരക്ഷൻ എന്നൊക്കെ പറയാം. നമ്മൾ ഒരു അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കാൻ മനസ് കാണിക്കും. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ സുഖമാണ്.

എഡിറ്റിങ്ങാണ് വഴി

കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിലെ ബിരുദപഠനശേഷമാണ് എന്റെ വഴി തിരഞ്ഞെടുത്തത്. സിനിമയിഷ്ടമാണ്. ഒരുപാട് മലയാളം സിനിമ കാണാറുണ്ട്. എഡിറ്റിങ് എനിക്ക് പറ്റുമെന്ന് തിരിച്ചറിഞ്ഞപ്പോൾ അത് പഠിക്കാൻ പോയി.കൊച്ചിൻ മീഡിയ സ്‌കൂളിലായിരുന്നു പഠനം. അതുകഴിഞ്ഞ് കുറച്ചുകാലം പഠിപ്പിക്കുകയും ചെയ്തു. സിനിമയിലേക്കെത്തിയപ്പോഴും ഇന്ന ആളെപ്പോലെ ചെയ്യണം എന്നൊന്നും ചിന്തിച്ചിട്ടില്ല. എന്റേതായ രീതിയിൽ ചെയ്യുന്നു. അത്രമാത്രം. അമ്മ രമയും ചേട്ടനുമെല്ലാമുൾപ്പെട്ട കുടുംബത്തിന്റെ പിന്തുണയും വലുതാണ്. ഇത്രയും വർഷങ്ങളായി സിനിമയുടെ പിന്നാലെ നടക്കുമ്പോൾ അത് മനസിലാക്കാൻ പറ്റണമല്ലോ. ഭാര്യ പ്രബിജയും ഈ മേഖലയെ മനസിലാക്കുകയും അതിനനുസരിച്ച് ഒപ്പം നിൽക്കുകയും ചെയ്യുന്നു. കണ്ണൂർ മുണ്ടേരി കൊല്ലൻചിറയാണ് വീട്.

പുതിയ പ്രൊജക്ടുകൾ

കണ്ണൂരുകാരൻ ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് പുതിയ പ്രൊജക്ട്. അമിത് ചക്കാലക്കലും കലാഭവൻ ഷാജോണും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണത്. വേറെയും ചില സിനിമകൾ ഉണ്ട്.