ചെമ്മീൻ വെള്ളിത്തിരയിൽ വന്നിട്ട് അറുപത്തിയൊന്ന് വർഷമായി. ആറ് പതിറ്റാണ്ട് മിന്നിമാഞ്ഞിട്ടും സിനിമയുടെ ദൃശ്യഭാഷയും പ്രേക്ഷകരുടെ ആസ്വാദനക്ഷമതയുമൊക്കെ അടിമുടി മാറിയിട്ടും മലയാളിക്ക് ഇന്നും പ്രണയനഷ്ടത്തിന്റെ നിത്യഹരിത പ്രതീകങ്ങളാണ് ചെമ്മീനും പരീക്കുട്ടിയും കറുത്തമ്മയുമൊക്കെ. വാസ്തവത്തിൽ പരീക്കുട്ടി വെറുമൊരു പ്രണയനായകനല്ല, നഷ്ടപ്രണയത്തിന്റെ പ്രതീകമാണ്. കറുത്തമ്മയോടുള്ള അടങ്ങാത്ത സ്‌നേഹവും എന്നാൽ വിധിക്ക് മുന്നിൽ തോറ്റുകൊടുക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയും അഭിനയിച്ചു ഫലിപ്പിക്കാൻ തനിക്ക് മാനസികമായി ഏറെ ഏകാഗ്രത ആവശ്യമായിരുന്നുവെന്ന്‌ മധു സാർ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്‌. മധു സാറിന്റെ സ്‌കൂളിൽ ജോലി നോക്കുന്ന സമയത്ത് ഞാൻ ചില ദിവസങ്ങളിൽ സാറിന്റെയൊപ്പമാണ് കാറിൽ സ്‌കൂളിൽ പോയിരുന്നത്. അച്ഛൻ ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായരും മധു സാറും നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് പിതൃതുല്യനായിരുന്നു അദ്ദേഹം.

To advertise here,

ഷൂട്ടിങ് കാര്യങ്ങളും സാർ അഭിനയിച്ച സിനിമകളെ കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടാണ് സ്‌കൂളിലേയ്ക്കുള്ള യാത്ര. അന്ന് തിരുവന്തപുരം കിഴക്കേക്കോട്ടക്കടുത്ത് ഞാൻ ബസ്സ് കാത്തുനിൽക്കുന്നത് കാണുമ്പോൾ കാർ അടുത്തുനിർത്തി സാർ ഡ്രൈവറോട് പറയും: അവളെയും കൂടി കയറ്റൂ. മധു സാർ ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഒക്കെ അസംബ്ലിക്ക് മുമ്പ് സാറിന്റെ സ്‌കൂളിൽ വരുമായിരുന്നു. ആ ദിവസങ്ങളിലാണ് എന്നെയും കൊണ്ട് പോകുന്നത്. ആ വലിയ. ശരീരത്തിനുള്ളിൽ നിറഞ്ഞ സ്‌നേഹം സൂക്ഷിക്കുന്ന ഒരു മനുഷ്യനായിരുന്നു മധു സാർ. ചെമ്മീന്റെ പിന്നാമ്പുറക്കഥകൾ പലതും ഞാനറിഞ്ഞത് മധുസാറിൽ നിന്നാണ്. ചെമ്മീൻ എന്ന സിനിമയുടെ കാര്യങ്ങൾ മാത്രമല്ല, ഏത് കാര്യങ്ങൾക്കും മധുസാർ എന്റെ സംശയങ്ങൾ തീർത്തുതരുമായിരുന്നു. ചരിത്രമായാലും സിനിമാസംബന്ധമായാലും. സാർ സംസാരിക്കുമ്പോൾ ക്ലാസിൽ ഒരു കുട്ടി ഇരുന്നു കേൾക്കുന്ന പ്രതീതിയായിരുന്നു എനിക്ക്. സ്‌കൂളിലെത്തിയാൽ അവിടെ ഞാൻ സാറിന്റെ ശമ്പളംപറ്റുന്ന അധ്യാപികയായി.

തകഴി ശിവശങ്കരപ്പിള്ളയും രാമു കാര്യാട്ടും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് ചെമ്മീനിന് പുസ്തകത്താളിൽനിന്നു വെള്ളിത്തിരയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. നോവൽ വായിച്ച കാര്യാട്ട് ഇതിന്റെ ദൃശ്യസാധ്യതകൾ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. നോവൽ സിനിമയാക്കിയാൽ മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സിനിമയുടെ തിരക്കഥ ഒരുക്കുന്ന വേളയിലും ചിത്രീകരണം നടക്കുന്ന സമയത്തും തകഴിയും രാമു കാര്യാട്ടും തമ്മിൽ നിരന്തരമായ ചർച്ചകൾ നടന്നിരുന്നു. നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും ശൈലിയും യഥാർഥ കടലോര ജീവിതത്തോട് നീതി പുലർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തകഴി നേരിട്ട് ഇടപെട്ടു. രാമു കാര്യാട്ട് ഓരോ ഘട്ടത്തിലും തകഴിയുടെ അഭിപ്രായങ്ങൾക്ക് വില നൽകിയിരുന്നു.

അതുവരെ മലയാള സിനിമകളിൽ അധികം കടന്നുവരാത്ത തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും, കടലമ്മയെക്കുറിച്ചുള്ള വിശ്വാസങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു സാധാരണ പ്രണയകഥയ്ക്കപ്പുറം മനുഷ്യന്റെ വികാരങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയ ഈ പ്രമേയം അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ദൃശ്യഭംഗിയാണ്. ഹോളിവുഡ് നിലവാരമുള്ള ക്യാമറ വർക്കായിരുന്നു അതിന്റേത്. പ്രശസ്ത ഛായാഗ്രാഹകൻ മാർക്കസ് ബാർട്ലിയായിരുന്നു ക്യാമറമാൻ. അന്നത്തെ കാലത്ത് അത്രയും വ്യക്തതയോടെ കളർ സിനിമ ഷൂട്ട് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. കളർ ചിത്രങ്ങൾ അപൂർവമായിരുന്ന കാലമായിരുന്നതിൽ ചിത്രത്തിന്റെ പ്രിന്റിംഗും കളർ കറക്ഷനുമൊക്കെ മദ്രാസിലും ബോംബെയിലും മാത്രവുമല്ല, വിദേശത്തെ ലാബുകളിൽ അയച്ചാണ് ചെയ്തത്. സാങ്കേതികമായി സിനിമ മികച്ചതാക്കാൻ രാമു കാര്യാട്ട് ഏറെ ശ്രദ്ധപുലർത്തി.

ഒരു മുക്കുവന്റെ പരുക്കൻ ഭാവങ്ങളും ഉള്ളിൽ കടലിനെപ്പോലെ ആഴമേറിയ സ്‌നേഹവുമുള്ള പളനിയെ അവതരിപ്പിക്കാൻ സത്യൻ തന്റെ ശരീരഭാഷയിൽ വലിയ മാറ്റങ്ങൾ വരുത്തി. കടലിന്റെ ഉപ്പുകാറ്റേറ്റു വെയിലിൽ കറുത്ത ഒരു മുക്കുവന്റെ രൂപഭാവങ്ങൾ സത്യൻ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. പളനി എന്ന കഥാപാത്രത്തിന് കടലുമായി അവിഭാജ്യബന്ധമുണ്ട്. വള്ളം തുഴയുന്നതും വലയെറിയുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ വളരെ സ്വാഭാവികമാക്കാൻ അദ്ദേഹം യഥാർത്ഥ മത്സ്യത്തൊഴിലാളികളുടെ ജീവിതരീതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു.

ആധുനിക സൗകര്യങ്ങളോ ടാങ്ക് സെറ്റുകളോ ഇല്ലാതിരുന്ന ആ കാലത്ത് യഥാർത്ഥ കടലിൽ തിരമാലകൾക്കിടയിലാണ് അദ്ദേഹം പല രംഗങ്ങളും ചിത്രീകരിച്ചത്. സംവിധായകൻ രാമു കാര്യാട്ടിന്റെ നിർദ്ദേശങ്ങൾക്കപ്പുറം പളനി എന്ന കഥാപാത്രത്തിന്റെ ഉള്ളിലെ സംഘർഷങ്ങൾ പകർന്നുനൽകാൻ സത്യൻ ശ്രമിച്ചു. പ്രത്യേകിച്ച്, തന്റെ ഭാര്യയായ കറുത്തമ്മയ്ക്ക് പരീക്കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയവും അതേസമയം, അവളോടുള്ള അതിരുകവിഞ്ഞ പ്രണയവും തമ്മിലുള്ള സംഘർഷം സത്യൻ തന്റെ കണ്ണുകളിലൂടെ മനോഹരമായി ചിത്രീകരിച്ചു.

ആദ്യം സിനിമയുടെ ഷൂട്ടിംഗ് തകഴിയുടെ നാടായ പുറക്കാട് കടപ്പുറത്ത് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് അവിടെ വലിയ തോതിൽ കടൽക്ഷോഭവും കാറ്റും ഉണ്ടായത് അണിയറ പ്രവർത്തകർക്ക് വലിയ പ്രയാസമുണ്ടാക്കി. ക്യാമറയും മറ്റ് വിലകൂടിയ ഉപകരണങ്ങളും കടൽവെള്ളം നനയാതെ സൂക്ഷിക്കാൻ വലിയ പാട് പെടേണ്ടി വന്നു. ഒടുവിലാണ് ചിത്രീകരണം തൃശൂരിലെ നാട്ടികയിലേക്ക് മാറ്റിയത്.

കടലിന്റെ ഉപ്പുവെള്ളവും കാറ്റും കൊണ്ടുനടന്നുള്ള ഷൂട്ടിംഗ് വലിയ രീതിയിൽ ശാരീരിക വെല്ലുവിളിയായി. മേക്കപ്പ് ഒക്കെ പെട്ടെന്ന് തന്നെ ഉരുകിപ്പോകുന്ന അവസ്ഥ. എങ്കിലും യാതൊരു പരാതിയും ഇല്ലാതെയാണ് മധു സാറും സത്യൻ മാഷും ഷീലാമ്മയും മറ്റു താരങ്ങളും, അണിയറ പ്രവർത്തകരും ആ ദിവസങ്ങളിൽ ജോലി ചെയ്തത്.

ചെറുപ്രായത്തിലാണ് ഷീല ഈ അതിതീവ്രമായ വേഷം അവതരിപ്പിച്ചത്. കടപ്പുറത്തെ കടുത്ത ചൂടും വെയിലും വകവെക്കാതെ കറുത്തമ്മയായി ഷീല നടത്തിയ പ്രകടനം മലയാളികൾ എക്കാലവും ഓർക്കുന്ന ഒന്നാണ്. നാട്ടികയിലെ മത്സ്യത്തൊഴിലാളി സ്ത്രീകൾ ഷീലയെ സ്വന്തം കുടുംബത്തിലെ കുട്ടിയെപ്പോലെയാണ് കണ്ടിരുന്നത്. ഷൂട്ടിംഗ് സമയത്ത് അവർ നൽകിയ സ്‌നേഹവും പിന്തുണയും തനിക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് ഷീല പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.

ചിത്രത്തിലെ നായകന്മാരെപ്പോലെ തന്നെ കൊട്ടാരക്കര ശ്രീധരൻ നായരും നാട്ടിക ബീച്ചിലെ കടുത്ത ചൂടിലും പൊള്ളുന്ന മണലിലും കഷ്ടപ്പെട്ടാണ് ഷൂട്ട് ചെയ്യേണ്ടി വന്നത്. ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രം മീൻപിടിത്തക്കാരനും എപ്പോഴും അധ്വാനിക്കുന്ന ആളുമായതുകൊണ്ട്, ആ വേഷത്തിന്റെ പൂർണതയ്ക്കായി അദ്ദേഹം ശാരീരികമായി വലിയ ഒരുക്കങ്ങൾ നടത്തി.

ചിത്രത്തിലെ മറ്റ് താരങ്ങളെപ്പോലെ കൊട്ടാരക്കര ശ്രീധരൻ സാറും നാട്ടികയിലെ മത്സ്യത്തൊഴിലാളികളുടെ കൂടെയാണ് സമയം ചെലവഴിച്ചത്. അവരുടെ കൂടെയിരുന്ന് സംസാരിച്ചും അവരുടെ ജീവിതരീതികൾ കണ്ടറിഞ്ഞുമാണ് അദ്ദേഹം ചെമ്പൻകുഞ്ഞ് എന്ന അനശ്വര കഥാപാത്രത്തിന് ജീവൻ നൽകിയത്. ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രമായി ജീവിക്കാൻ അദ്ദേഹം നൽകിയ ആത്മാർത്ഥമായ സമർപ്പണമാണ് ആ കഥാപാത്രത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലൻ/സ്വഭാവ നടൻ വേഷങ്ങളിൽ ഒന്നാക്കി മാറ്റിയത്.

പ്രശസ്ത പിന്നണി ഗായികയായ ശാന്താ പി. നായരുടെ മകൾ ലത ചേച്ചി എന്ന് ഞാൻ വിളിക്കുന്ന ലത രാജു ഈ സിനിമയിൽ നായികയായ ഷീലയുടെ (കറുത്തമ്മ) അനുജത്തി 'പഞ്ചമി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ ഏറെ വൈകാരികമായ മുഹൂർത്തങ്ങളുള്ള ഒരു കഥാപാത്രമാണിത്. അച്ഛന്റെ ക്രൂരമായ തീരുമാനങ്ങളെ ചെറുത്തുനിൽക്കുന്ന, ഒപ്പം പ്രതിസന്ധിഘട്ടങ്ങളിൽ തന്റെ ചേച്ചിയായ കറുത്തമ്മയുടെ അടുത്തേക്ക് അഭയം തേടിയെത്തുന്ന ഒരു പാവം പെൺകുട്ടിയായിട്ടാണ് പഞ്ചമിയെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ബാലതാരമെന്ന നിലയിൽ ലതച്ചേച്ചി ഈ വേഷം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ചേച്ചിയുടെ രണ്ടാമത്തെ സിനിമയായിരുന്നു ചെമ്മീൻ. അങ്ങനെ അറിഞ്ഞോ അറിയാതെയോ ചെമ്മീൻ എന്റെയും കൂടി ജീവിതത്തയും സ്പർശിച്ചാണ് കടന്നുപോകുന്നത്.