
വർഷം 1978. നിത്യവസന്തം എന്ന സിനിമയിൽ രണ്ടുസീനിൽ മുഖം കാണിക്കാൻ കുണ്ടറക്കാരനായ ജോണി എന്ന ഇരുപത്തിമൂന്നുകാരൻ കൊല്ലത്തുനിന്ന് തീവണ്ടി കയറി. കേരള സർവകലാശാല ഫുട്ബോൾ ടീമംഗമായ, ബോക്സിങ്ങിലും വാൾപ്പയറ്റിലും കഴിവുതെളിയിച്ച ആ ചെറുപ്പക്കാരന്റെ ചെന്നൈയിലേക്കുള്ള ആദ്യ തീവണ്ടിയാത്രയായിരുന്നു അത്. തീവണ്ടി പുറപ്പെട്ടു. മദ്രാസ് മെയിലിൽ തൊട്ടടുത്ത കംപാർട്മെന്റിൽ നിന്നുയർന്ന പാട്ടും താളവും അയാളെ വിസ്മയിപ്പിച്ചു.
ചെന്നുനോക്കുമ്പോൾ ടേപ്റെക്കോഡറിൽ ഉറക്കെ പാട്ടുവെച്ച് വട്ടംകൂടിയിരിക്കുന്നുണ്ട് മൂന്നുനാലുപേർ. അതിലൊരാൾ ബിച്ചു തിരുമലയാണെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാൾ സിനിമയിൽ തന്നെപ്പോലൊരു പുതുമുഖം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാൻ പോകുന്ന തിരുവനന്തപുരംകാരൻ മോഹൻലാൽ. എന്തായാലും നിത്യവസന്തത്തിൽ മുഖംകാണിക്കാൻ പോയ കുണ്ടറക്കാരൻ മൂന്നു സിനിമകളിൽ അഭിനയിച്ചശേഷമാണ് പിന്നെ നാട്ടിലേക്കു മടങ്ങിയത്. അധികം വൈകാതെ അയാൾ സാക്ഷാൽ ഷീലയുടെ നായകനുമായി. മദ്രാസിലെ സിനിമാക്കാരുടെ പറുദീസയായ ആർ.കെ. ലോഡ്ജിലെ 44-ാം നമ്പർ മുറി അയാളുടെ താവളമായി. ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ അവിടെ അയാളുടെ അയൽവാസികളായി. വെറും മോഹത്തിന്റെ പുറത്താണ് കുണ്ടറ കുറ്റിപ്പുറം വീട്ടിലെ ജോണി സിനിമയിൽ തലകാണിച്ചത്. പക്ഷേ, സിനിമ ജോണിയെ വെറുതേവിട്ടില്ല. അങ്ങനെ ജോസഫ് കുറ്റിപ്പുറത്തിന്റെയും കാതറീന്റെയും പതിനൊന്നാമത്തെ മകൻ സിനിമാ ടൈറ്റിലുകളിൽ കുണ്ടറ ജോണിയായി. ജോസ് പ്രകാശും ബാലൻ കെ. നായരുമൊക്കെ അണിഞ്ഞ പ്രതിനായകവേഷത്തിന് ജോണി അവകാശിയായി. വർഷം 22 സിനിമകൾവരെയൊക്കെ ചെയ്ത കാലം. നീണ്ട നാല്പത്തിനാല് വർഷം. 517 സിനിമകൾ. ഐ.വി. ശശി സിനിമയിൽ ജോണിയുടെ ഗോഡ്ഫാദറായി. കിരീടത്തിന്റെ വൻവിജയത്തിനുശേഷം ജോണി അന്യഭാഷാ ചിത്രങ്ങളിലും പതിവുമുഖമായി.
Also Read
ആദ്യ സിനിമയുടെ ലൊക്കേഷനിലേക്ക് നിർമാതാവിന്റെ ബെൻസ്കാറിൽ കയറിച്ചെന്ന പുതുമുഖമായിരുന്നു ജോണി. അഗ്നിപർവതം, കഴുകൻ, പറങ്കിമല, കരിമ്പന, മീൻ... എന്നിങ്ങനെ തുടരെ സിനിമകൾ. വില്ലൻ വേഷങ്ങളണിഞ്ഞ് സിനിമയിൽ കസറിയകാലത്തെ പിന്നീട് അദ്ദേഹം ഓർത്തെടുത്തത് നേർത്ത കണ്ണീർനനവോടെയാണ്. എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപദ്രവിക്കുന്ന ആളുടെ റോളൊക്കെ ചെയ്തിട്ടുണ്ട്. വല്ലാത്ത വിഷമം തോന്നും. പക്ഷേ, കഥാപാത്രം അത് ആവശ്യപ്പെടുമ്പോൾ ചെയ്യാതിരിക്കാൻ പറ്റില്ല. ഒരിക്കൽ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആദ്യസിനിമയിൽ ഇരട്ടിപ്രായക്കാരന്റെ വേഷം
കൊല്ലം: ഇരട്ടി പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് കുണ്ടറ ജോണി സിനിമാരംഗത്തേക്ക് എത്തുന്നത്. ബിരുദം കഴിഞ്ഞ് പാരലൽ കോളജിൽ അധ്യാപകനായും സെയിൽസ് എക്സിക്യുട്ടീവായുമൊക്കെ ജോലിനോക്കുമ്പോഴാണ് കൂട്ടുകാരന്റെ അച്ഛൻ നിത്യവസന്തം എന്ന സിനിമ നിർമിച്ചത്.
ശശികുമാർ ആയിരുന്നു സംവിധാനം. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് അവരെ അറിയിച്ചപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായിരുന്നു. എങ്കിലും മദ്രാസിലെത്താൻ പറഞ്ഞു.
ജോലിക്കായി വരുന്ന നായകൻ വിൻസെന്റിനെ ഇന്റർവ്യൂ ചെയ്യുന്ന കമ്പനി മാനേജിങ് ഡയറക്ടറുടെ വേഷമാണ് ചെയ്തത്. 55-കാരനായി നരച്ച വിഗ്ഗും കണ്ണടയുമൊക്കെ വെച്ചാണ് അഭിനയിച്ചത്. അടുത്തദിവസംതന്നെ കഴുകൻ എന്ന സിനിമയിൽ ജയനുമായി ഏറ്റുമുട്ടുന്ന ഒരു സീൻ ചെയ്യാനും അവസരം കിട്ടി. പിന്നീട് ഐ.വി.ശശിയെ പരിചയപ്പെട്ടതോടെ കരിമ്പനയിൽ അഭിനയിക്കാൻ കഴിഞ്ഞു. കിരീടത്തിലെ പരമേശ്വരന്റെ വേഷം ചെയ്തശേഷം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അവസരം കിട്ടി.
Content Highlights: actor kundara johny passed away kundara johny cinema career
Published: 18 Oct 2023, 09:22 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented