ലേഡീസ് ബാ​ഗും മറ്റും ഹോൾസെയിലായി വാങ്ങിക്കൊണ്ടുവന്ന്‌ വിൽക്കാൻ നടന്നിട്ടുണ്ട് -ഇന്നസെന്റ്


എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് അദ്ദേഹം എത്തിയത്. ഈ മുഖാമുഖത്തിൽ ആ കഷ്ടകാലംകൂടി അദ്ദേഹം ഓർത്തെടുക്കുന്നു

INTERVIEW

ഇന്നസെന്റ് | ഫോട്ടോ: കാഞ്ചൻ മുള്ളൂർക്കര | മാതൃഭൂമി

നടനായും നിർമാതാവായും എഴുത്തുകാരനായും എം.പി.യായുമെല്ലാം നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഇന്നസെന്റ്‌ സിനിമയിലൂടെ മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് തികഞ്ഞു. എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് അദ്ദേഹം എത്തിയത്. ഈ മുഖാമുഖത്തിൽ ആ കഷ്ടകാലംകൂടി അദ്ദേഹം ഓർത്തെടുക്കുന്നു

സിനിമയിലെ ആദ്യകാലം ഓർക്കാമോ

1972-ൽ ഇരിങ്ങാലക്കുടക്കാരനായ കെ. മോഹൻ സംവിധാനംചെയ്ത നൃത്തശാല എന്ന ചിത്രത്തിലൂടെയായിരുന്നു എന്റെ തുടക്കം. നിങ്ങളെപ്പോലെ ഒരു പത്രക്കാരനായി വേഷമിട്ട് രംഗത്തുവന്ന ആളാണ് ഞാൻ. നസീർ, ഉമ്മർ, ജയഭാരതി, സീമ എന്നിവരാണ് അഭിനയിച്ചത്. ഒരു കാർണിവൽ നാട്ടിലേക്ക് വരുമ്പോ കെ.പി. ഉമ്മർ അഭിനയിച്ച കാർണിവൽ മാനേജർ പത്തുപതിനഞ്ചുപേരെ വിളിച്ചിരുത്തി ഒരു പാർട്ടികൊടുക്കും. ആ പാർട്ടിയിൽ ഞാനും പങ്കെടുത്ത് വെള്ളമടിച്ച് എന്തൊക്കെയോ പറയുന്നു. കാർണിവലിൽ കത്തിയേറ്, ഡാൻസ്, അതിനകത്ത് ചില സന്ദേശങ്ങളുണ്ട്. ശോഭനാ പരമേശ്വരൻനായരാണ് പ്രൊഡ്യൂസർ. ശരിക്കും ഒരു കലാകാരനായിരുന്നു അദ്ദേഹം.

മദ്രാസിൽപ്പോയി നൃത്തശാല, ജീസസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചശേഷം നാട്ടിൽവരുമ്പോ തിയേറ്ററിൽചെന്നിരുന്ന് ഞാൻ പടം കാണും. സിനിമയിൽ എന്നെ കാണുമ്പോ ഞാൻ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവർക്കെന്നെ മനസ്സിലായോ എന്ന്. അവർക്കെന്നെ മനസ്സിലാകുന്നൊന്നുമില്ലായിരുന്നു. പടംകഴിഞ്ഞ് പോകുമ്പോ ഞാൻ നടൻ സത്യനൊക്കെ നടക്കുന്നതുപോലെ നടക്കും. ഒരാവശ്യവും ഇല്ല. അപ്പോഴും നമ്മുടെയൊക്കെ വിചാരം ആരൊക്കെയോ നോക്കുന്നുണ്ടെന്നാണ്. നാട്ടിൽ വരുമ്പോൾ പരിചയക്കാർ അടുത്തപടം എന്നാണെന്ന് ചോദിക്കും സത്യത്തിൽ അപ്പോ ദേഷ്യംവരും. നല്ല ചീത്തവിളിക്കാൻ തോന്നും. കാരണം അടുത്തപടം ഇല്ല. എന്നാ പോണെ തിരിച്ച് എന്ന ചോദ്യംവരും. അപ്പോ ഞാൻ മാസത്തിന്റെ അവസാനത്തെ തീയതി പറയും. 29, അല്ലെങ്കിൽ 30. അതുകഴിയുമ്പോ വീണ്ടും അവര് ചോദിക്കും: എന്താ പോകാത്തേ?

അന്ന് ഇന്നത്തെപ്പോലെയല്ല. പ്രേംനസീർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, മധു, കെ.പി. ഉമ്മർ അങ്ങനെ ഒരുനിരയിലുള്ള ആളുകൾക്കേ റോളൊള്ളൂ. നമുക്കവിടെ ചുറ്റിപ്പറ്റി നടക്കാമെന്ന് മാത്രം. ഞാനിടയ്ക്ക് മദ്രാസ് റെയിൽവേ സ്റ്റേഷനിൽ ചെന്നുനിൽക്കും. കൗതുകമായ കാഴ്ചകൾ കാണാൻ എനിക്കെന്നും ഇഷ്ടാണ്. അങ്ങനെ അവിടെച്ചെന്ന് നിക്കുമ്പോ മുടിയൊക്കെ ചുരുട്ടി കിളിക്കൂടൊക്കെ വെച്ചിട്ട്‌ ചിലയാളുകൾ ട്രിവാൻഡ്രം മെയിലിൽ വന്നിറങ്ങും. ഇവരുടെ വിചാരം എന്താണെന്നുവെച്ചാ ഇപ്പോ സിനിമാനടനായി, നസീറായി പോകാമെന്നാണ്‌... എനിക്കിത് കാണുമ്പോ ചിരിവരും. കാരണം ഞാൻ രണ്ടുകൊല്ലമായി മുടിയൊക്കെ ചുരുട്ടി വന്ന് ഇങ്ങനെനിൽക്കുന്നത്.

ഇന്നസെന്റ്, ഒരു പഴയ ചിത്രം | ഫോട്ടോ: മാതൃഭൂമി

അന്ന് ഞാനും രവിമേനോനും ഒരുമിച്ചാണ് താമസിക്കുന്നത്. ഒരുദിവസം കാലത്തെഴുന്നേറ്റ് ഞാൻ ബക്കറ്റിൽ വെള്ളമെടുത്ത് കുളിക്കാൻനോക്കുമ്പോ രവിമേനോൻ എന്റെ അടുത്തുവന്ന് പറഞ്ഞു:

‘‘വല്യ കുളി വേണ്ട’’

അപ്പോ ഞാൻ ചോദിച്ചു:

‘‘അതെന്താ?’’

രവിമേനോൻ പറഞ്ഞു:

‘‘ ഇങ്ങനെ കാലത്തെഴുന്നേറ്റ് കുളിച്ചാൽ വിശപ്പുണ്ടാകും. അപ്പോ എന്തെങ്കിലും കഴിക്കണമെന്ന് തോന്നും. ഇവിടെയാണെങ്കി ഒന്നുമില്ല.’’

കുളിച്ചാൽ വിശപ്പ് കൂടും എന്നുള്ളത് എനിക്ക് പറഞ്ഞുതന്നത് രവിമേനോനാ. പിന്നെ നമ്മളെവിടെയെങ്കിലും ഷൂട്ടിങ്ങിന് വിളിച്ചാൽ കാലത്ത് ഒരു ഭക്ഷണം, ഉച്ചയ്ക്ക് ഒരു ഭക്ഷണം. അതാണ് നമുക്ക് ആകെ കിട്ടുന്ന സദ്യ. ഒരു ദിവസം 15 രൂപ. ഇങ്ങനെയൊക്കെയായിരുന്നു അഭിനയം. രണ്ടുവർഷം ഞാനവിടെ പരിശ്രമിച്ചു. ഒടുവിൽ എനിക്ക് മനസ്സിലായി മദ്രാസിൽനിന്നിട്ട് കാര്യല്യാന്ന്. തിരിച്ച്‌ നാട്ടിൽവന്ന് പല ബിസിനസുകളും ചെയ്തു. മനസ്സിനകത്ത് സിനിമയാണപ്പോഴും. ഡൽഹി, ആഗ്ര, കാൺപുർ എന്നി സ്ഥലങ്ങളിൽപ്പോയി ലേഡീസ് ബാഗ് പോലുള്ള സാധനങ്ങൾ ഹോൾസെയിലായി വാങ്ങികൊണ്ടുവന്ന്‌ വിൽക്കാൻ നടക്കും. ഒരു ദിവസം പള്ളാത്തിരുത്തിയിലൂടെ പോകുകയായിരുന്നു. അന്നവിടെ കടത്തുണ്ട്‌. അതിലൂടെ പോകുമ്പോ നടൻ സുകുമാരൻ ഒരു കാറിൽ ഉറങ്ങിപ്പോകുന്നു. ഞാൻ ആലോചിച്ചു. ‘ദൈവമേ ഇയാളും എന്നെപ്പോലെ ഒരു നടനല്ലേ. അയാൾ കാറിൽ ഉറങ്ങിപ്പോകുകയാണ്‌. ഞാനും അങ്ങനെപോണ്ടവനല്ലേ. ഞാൻ എന്റെ സ്കൂട്ടർ തിരിച്ചു. അന്നത്തോടെ അത് നിറുത്തി. പിന്നെ തിരിച്ചുപോയി ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് നിർമാണക്കമ്പനി തുടങ്ങി. അഞ്ച് പടങ്ങൾ നിർമിച്ചു. ഇളക്കങ്ങൾ, വിടപറയുംമുമ്പെ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരുകഥ ഒരു നുണക്കഥ. മിക്കതും വിജയിച്ചില്ല. മമ്മൂട്ടിയും പ്രേംനസീറുമൊക്കെ ഞങ്ങളുടെ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിടപറയും മുമ്പെ എന്ന സിനിമയിലാണ് പ്രേംനസീർ അഭിനയിച്ചത്‌. ആ ചിത്രം നൂറുദിവസം ഓടി. പക്ഷേ, അതില് വല്യ പൈസയൊന്നും കിട്ടിയില്ല. മുതൽമുടക്കാൻ കാശില്ലാത്തതുകൊണ്ട് കടംമേടിക്കലായിരുന്നു. അപ്പോ കിട്ടണ കാശ് അങ്ങോട്ടുകൊടുക്കേണ്ടിവന്നു. ആദ്യസിനിമകളിൽ വല്യ റോളൊന്നും കിട്ടിയില്ല. ഡയറക്ടർ മോഹനാണ് അതിൽ നന്നായി സഹായിച്ചത്.

മോഹന്റെ ഇളക്കങ്ങളിലെ കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് അല്ലേ

അതെ ഇളക്കങ്ങൾ എന്ന സിനിമയിലെ കറവക്കാരൻ കഥാപാത്രം. മോഹൻ എന്റെ അയൽവക്കക്കാരനാണ്. ഇരിങ്ങാലക്കുടക്കാരനാ. അയാൾ ചെയ്യുന്ന പടത്തിൽ മോഹന്റെയും സുഹൃത്തായ നാട്ടിലെതന്നെ ദേവസ്സിക്കുട്ടി എന്ന ഒരാളെയാണ് കഥാപാത്രമായി അവതരിപ്പിച്ചത്. ഞാൻ തന്നെയാണ് ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളൊക്കെ ഉണ്ടാക്കിയത്. നെടുമുടിയായിരുന്നു നായകൻ. ഞാനായിരുന്നു സെക്കൻഡ്‌ ഹീറോ. ആ സിനിമയിൽ ദേവസിക്കുട്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവം, നടത്തം ഈ കാര്യങ്ങളൊക്കെ മോഹനുമറിയാം. ഞാനവനോട് പറഞ്ഞു. നമുക്കവനെ ആക്കിയാലോ. അതുമതിയെന്ന് മോഹനും പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. ആ പടത്തിന്‌ മദ്രാസ് ഫിലിം ഫാൻസിന്റെ ഏറ്റവും നല്ല ഹാസ്യനടനുള്ള അവാർഡ് എനിക്ക് കിട്ടി. അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങൾ നിറഞ്ഞാടിയിരുന്ന സമയത്താണ് അത്. അതുകണ്ട് എല്ലാവരും ഞെട്ടി. ‘മലയാളത്തിലെ സീരിയസ് ഹാസ്യത്തിന്റെ ഉടമ ഇന്നസെന്റ്, ഇരിങ്ങാലക്കുടക്കാരൻ’ എന്നാണ് അന്ന് പത്രത്തിൽ വന്നിരുന്നത്. അതുകഴിഞ്ഞ് കുറേക്കാലം സിനിമയൊന്നും ഉണ്ടായില്ലെന്നത് വേറെകാര്യം.

ഇളക്കങ്ങളിലൂടെ പുതിയൊരു ഹാസ്യശൈലിക്കാണ് താങ്കൾ തുടക്കമിട്ടത്

ഇളക്കങ്ങൾ എന്ന സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോ ‘സബാഷ് ഇന്നസെന്റ് സബാഷ്’ എന്നാണ് അന്നത്തെ മാതൃഭൂമിയിൽ സിനിമയെക്കുറിച്ച് എഴുതിയത്. അത് വലിയ ആത്മവിശ്വാസം പകർന്ന ഒന്നായിരുന്നു. അതോടൊപ്പം തന്നെ മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷന്റെ ഒരു അവാർഡും എനിക്ക് കിട്ടി. പിന്നീട് ഒരു സിനിമയിലേക്കും ആരും വിളിച്ചില്ല. ഇതുകൊണ്ട് ജീവിക്കാൻ പറ്റുമെന്ന് എനിക്കുറപ്പുണ്ടായിരുന്നെങ്കിലും എന്റെ വീട്ടിലുള്ള പലർക്കും അതുണ്ടായില്ല. അതിന്റെകാരണം, അവരെല്ലാം വിദ്യാഭ്യാസത്തിൽ വിശ്വസിച്ചിരുന്ന ആൾക്കാരായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതിൽ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കാലങ്ങൾക്കുശേഷം അവിടത്തെപ്പോലെ ഇവിടെയും എന്ന സിനിമയിൽ അഭിനയിക്കാൻവേണ്ടി ക്ഷണിച്ചു. മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ആ സിനിമയിൽ രണ്ട് സീനേ എനിക്കൊള്ളൂ. കുന്നംകുളം കച്ചവടക്കാരനായി. ഒരു കച്ചവടക്കാരന്റെ മാനസികനില എനിക്ക് നന്നായറിയാം. കച്ചവടക്കാരൻ കച്ചവടത്തിനായി കടയിലിരിക്കുമ്പോൾ പ്രത്യേകിച്ച് പണിയില്ലെങ്കി റോഡീക്കൂടെ പോകുന്ന ആരെയെങ്കിലും വിളിക്കും. ഡോ ഇങ്ങോട്ട് വന്നെ... അപ്പോ അയാള് വരും. തന്റെ അമ്മയ്ക്ക് സുഖല്യാന്ന് കേട്ടു, എന്താ ഉണ്ടായേന്ന് ചോദിക്കും. ആ സാധു അയാളുടെ അമ്മയ്ക്ക് സുഖമില്ലാതെ ആദ്യം ഏത് ഡോക്ടറുടെ അടുത്തുകൊണ്ടുപോയി തുടങ്ങി നീണ്ടവാചകമാല എന്നൊക്കെ പറയില്ലേ. അതുപോലെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്ക്യാ. അയാളുടെ വിചാരം കടക്കാരൻ ഇതൊക്കെ കേൾക്കുന്നുണ്ടെന്നാ. അങ്ങനെ ഒരു റോൾ വന്നപ്പോൾ തിരക്കഥാകൃത്ത് ജോൺപോൾ സംവിധായകൻ കെ.എസ്‌. സേതുമാധവൻ സാറിനോട്‌ പറഞ്ഞു, ‘നമുക്ക് കച്ചവടക്കാരന്റെ റോൾചെയ്യാൻ ഇന്നസെന്റ് എന്നൊരു നടനുണ്ട്. പ്രൊഡ്യൂസറാണ്. അയാളെ ഒന്ന് ട്രൈചെയ്യാം.’ അപ്പോൾ സേതുമാധവൻ സാർ പറഞ്ഞു: എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ. അങ്ങനെ എന്നെ ആലുവയിലേക്ക് വിളിച്ചുകൊണ്ടുപോയി. അന്ന് കമലാണ് അസിസ്റ്റന്റ് ഡയറക്ടർ. അങ്ങനെ ആ സീൻ വായിച്ചുനോക്കി. സേതുമാധവൻ ചോദിച്ചു:

‘‘അതിൽ തമാശ ഉണ്ടോ’’ ഇല്ലാന്ന് പറഞ്ഞപ്പോ തമാശയാക്കാൻ പറ്റ്വോന്ന് ചോദിച്ചു. ഞാൻ അന്ന് വായുവിൽനിന്ന്‌ തമാശസൃഷ്ടിക്കും. കാരണം എന്റെ ജീവിതമാണത്. അത്രയും സിനിമയെ ഞാനാഗ്രഹിച്ചിരുന്നു. അങ്ങനെ ഞാൻ മാറിയിരുന്നു. ഇന്നസെന്റ് എന്താണ് പറയുന്നതെന്നുള്ളത് എഴുതിയെടുക്കാൻ സേതുമാധവൻ പറഞ്ഞു. എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഒരു ചൂരൽക്കസേരയിൽ ഞാനിരിക്കുന്നു. കമൽ താഴെയിരിക്കുന്നു. ഞാൻ പറയുന്നത് കമൽ എഴുതിയെടുത്തു. ക്യാമറയുടെ മുഖത്ത് മഞ്ഞ ടവ്വൽ ഇട്ട് മൂടിയിട്ടിരിക്കുകയാണ്. ഈ സീൻ ശരിയാകണല്ലോ. കുറച്ച് കഴിഞ്ഞപ്പോ സേതുമാധവൻ സാർ ചോദിച്ചു. എന്തായെന്ന്. ഞാൻ പറഞ്ഞു. ഫിനിഷിങ്ങായിട്ടില്ലാന്ന്. കൊണ്ടുവരാൻ പറഞ്ഞു. കമൽ ആ സീൻ വായിച്ചു. സാർ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ ആ സിനിമയിലെ ആ സീൻ എടുത്തു. ആ സീൻ കഴിഞ്ഞപ്പോ അദ്ദേഹത്തിന് എന്നോട് വലിയ ബഹുമാനം. രണ്ടുദിവസം കഴിഞ്ഞപ്പോ അടുത്തസീനുണ്ട്. ആ സീൻ വന്നപ്പോഴും എന്നോട് നോക്കാൻ പറഞ്ഞു. അങ്ങനെ ആ സീനും ഞാൻ എഴുതി. അങ്ങനെയാണ് ഞാൻ സിനിമാനടനായത്. ഞാൻ വിചാരിച്ച സ്ഥലത്തെത്തി.

വേഷം എന്ന ചിത്രത്തിൽ ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി

സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ മാറ്റങ്ങൾ വരുത്താറുണ്ടോ

മാറ്റങ്ങൾ വരുത്താറുണ്ട്. അതിങ്ങനെ മതി, അതങ്ങനെ മതി എന്നുപറയാറുണ്ട്. അത് നല്ലതാണെങ്കിൽ നല്ല സംവിധായകര്‌ എടുക്കും. ഇപ്പോഴത്തെ പല സിനിമകളും കാണുമ്പോ വാസ്തവത്തിൽ സങ്കടംതോന്നും. ഒരു ഹ്യൂമറും ശരിയല്ല. അതൊന്നും ആർട്ടിസ്റ്റിന്റെ കുഴപ്പാണെന്ന് ഞാൻ പറയില്ല. ഇതൊക്കെ ഉണ്ടാക്കണം. എന്നിട്ട് ചെയ്യിക്കണം. എന്റെ പല സിനിമകളിലും വളരെ പ്രധാനപ്പെട്ട ചില സീനുകൾ എന്നോടുംകൂടി സംവിധായകൻ ചർച്ച ചെയ്ത് ചെയ്ത് ഉണ്ടാക്കിയിട്ടുള്ളതാണ്. ‘റാംജി റാവ് സ്പീക്കിങ്’ എന്ന പടത്തിൽ ഞാൻ പറയുന്നുണ്ട് ‘‘ഒരു കറുത്ത തോക്ക് കിട്ടിയിട്ടുണ്ട്’’. അത് കേട്ടവഴിക്ക് സിദ്ധിഖും ലാലും പറഞ്ഞു. അതുവേണംന്ന്. അതുപോലെ ‘മിഥുനം’ എന്ന പടത്തിൽ ശങ്കരാടിച്ചേട്ടൻ പറയുന്നുണ്ട്, നീ നിന്റെ വേഷംകെട്ട് ഇവിടെ ഇടുത്താൽ നിന്റെ കാല് ഞാൻ തല്ലിയൊടിക്കുമെന്ന്. അപ്പോ ഞാൻ പറയും. എന്റെ കാല് തല്ലിയൊടിച്ചാ അമ്മാവന്റെ കാലും ഞാൻ തല്ലിയൊടിക്കുമെന്ന്. അതിനകത്ത് ഒരു സിൻസിയാരിറ്റിയുണ്ട്. അപ്പോ നമ്മൾ ഒരുപാട് കോൺട്രിബ്യൂഷൻ അതിലുപയോഗിക്കും. എന്റെ അപ്പൻ എന്റെ ചേട്ടന് പെണ്ണുകാണാൻ പോയി വീട്ടിവന്നതിനുശേഷം എന്ത് സ്ത്രീധനം കിട്ടുമെന്ന് പറയാനെടുക്കുന്ന സമയം. അതാണ് ‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന സിനിമയിൽ ജുബ്ബ ഊരുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം സംസാരിക്കുന്നത്. എന്റെ വീട്ടിൽ എന്റെ അപ്പൻ ചെയ്ത ഒരു കാര്യം ഞാൻ പറഞ്ഞപ്പോ സത്യൻ അന്തിക്കാട് പറഞ്ഞു. അതുമതി. അതിന്റെ അപ്പുറത്ത് വേറെ ഒരു ഹ്യൂമർ ഇല്ല.

പ്രിയദർശനും ഇന്നസെന്റും | ഫോട്ടോ: മാതൃഭൂമി

ചെയ്ത വേഷങ്ങളെക്കുറിച്ച്....

ഒരുപാട് വ്യത്യസ്തങ്ങളായ വേഷങ്ങൾ എനിക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. റാംജി റാവ് സ്പീക്കിങ്, ദേവാസുരം, വേഷം, മാന്നാർ മത്തായി സ്പീക്കിങ്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, തലയണമന്ത്രം, മഴവിൽക്കാവടി... അങ്ങനെ കുറെ നല്ലവേഷങ്ങൾ. തമാശനടനിൽനിന്ന്‌ ഒരു വില്ലൻ എന്നനിലയിൽ മാറ്റമുണ്ടാക്കി എന്നെ അതിലേക്ക് കാസ്റ്റ്ചെയ്തത് ഭരതനാണ്. ‘കേളി’ എന്ന ചിത്രത്തിലൂടെ. ‘വേഷം’ എന്ന പടത്തിൽ മമ്മൂട്ടിയുടെ അച്ഛനായി. ദേവാസുരത്തിലെ ‘വാര്യര്’ എന്ന കഥാപാത്രം ചെയ്യാൻ കാരണം മോഹൻലാലാണ്. വേറൊരുപടത്തിന്റെ സെറ്റിൽവെച്ച് സ്‌ക്രിപ്റ്റ് എന്റെ കൈയിൽ തന്നിട്ട് ലാൽ പറഞ്ഞു:

‘‘ഇതിലെ വാര്യര് താൻ ചെയ്യണം. സ്‌ക്രിപ്റ്റ് വായിച്ചുനോക്ക്’’

അന്ന് രാത്രി സ്‌ക്രിപ്റ്റ് വായിച്ച് പിറ്റേദിവസം ഞാൻ പറഞ്ഞു. വാര്യര് ഞാൻ ചെയ്യാം. അപ്പോ ലാലിന്റെ മുഖത്തുള്ള സംതൃപ്തി ഇപ്പോഴും ഞാൻ ഓർക്കുന്നു. അന്ന് ആ കാലഘട്ടത്തിൽ വാര്യര് എന്ന കഥാപാത്രം എന്നെക്കൊണ്ട്‌ ചെയ്യിക്കാൻ ആരും ചിന്തിക്കുമായിരുന്നില്ല. ദേവാസുരം എഴുതിയ രഞ്ജിത്തിനും സംവിധാനംചെയ്ത ഐ.വി. ശശിക്കും മോഹൻലാലിനുമൊക്കെ ഇതറിയൂ. പിന്നീട് അതിനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ വല്യ സന്തോഷം തോന്നും.

ദേവാസുരത്തിൽ മോഹൻലാലും ഇന്നസെന്റും | ഫോട്ടോ: മാതൃഭൂമി

സത്യൻ അന്തിക്കാട്, സിദ്ധിഖ് ലാൽ, പ്രിയദർശൻ എന്നിവരുടെ സിനിമകളിലൊക്കെ ഇന്നസെന്റിന്റെ വേഷങ്ങൾ എക്കാലവും ഓർക്കപ്പെടുന്നവയാണല്ലോ...

അവരൊക്കെ സിനിമയിലെ അഭിനയംകണ്ട് എന്നെ പിടിച്ചുകൊണ്ടുപോയതല്ല. ഞങ്ങൾ സ്വകാര്യമായി ഇരുന്ന് സംസാരിക്കുമ്പോഴാണ് അവർക്ക് മനസ്സിലായത് എന്റെ ഹ്യൂമർസെൻസ് എന്താണെന്ന്. സത്യൻ അന്തിക്കാടിനൊക്കെ എന്നെ അറിയാം. എന്റെ സ്വഭാവം അറിയാം. അപ്പോ ഒരു കാരക്റ്റർ ഉണ്ടാക്കുമ്പോ ഇന്നയാൾ വേണമെന്നുള്ളതുകൊണ്ടാണ് എന്നെ വിളിക്കുന്നത്. അല്ലാതെ വേറെയാരെയും കിട്ടാതെവരുമ്പോഴല്ല. മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, ഗാന്ധിനഗർ സെക്കൻഡ്‌ സ്ട്രീറ്റ്‌, തലയണമന്ത്രം, മനസ്സിനക്കരെ, ഭാഗ്യദേവത... അങ്ങനെ എത്രയോ സിനിമകൾ. സിദ്ധിഖ് ലാലുമായും പ്രിയദർശനുമായും എനിക്ക് ഈ മാനസികപ്പൊരുത്തമുണ്ട്. എനിക്കവരെയും അവർക്ക് എന്നെയും നന്നായി അറിയാം. അതുകൊണ്ടായിരിക്കാം അവരുടെ സിനിമയിലെ കഥാപാത്രങ്ങൾ കൂടുതൽ നന്നാവുന്നതും എല്ലാകാലവും ഓർക്കപ്പെടുന്നതും.

സത്യൻ അന്തിക്കാടും ഇന്നസെന്റും | ഫോട്ടോ: മാതൃഭൂമി

വരാനിരിക്കുന്ന സിനിമകൾ

ഒന്ന് സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സംവിധാനംചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം, മറ്റൊന്ന് മുകേഷിനോടൊപ്പം.

Content Highlights: actor innocent innocent, innocent about his film life, innocent movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented