ഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും മലയാളികളുടെ മനസ്സില്‍നിന്ന് മായാതെ കിടക്കുന്ന ദുരന്തമാണ് 2018-ലെ പ്രളയം. ഒട്ടേറെ മനുഷ്യജീവന്‍ നഷ്ടമായി, പരിക്കേറ്റ് ആശുപത്രിയിലായവരും കാണാതായവരും ഉള്‍പ്പടെ ഒരു ജനത മുഴുവന്‍ ഇരകളായ ദുരന്തം. തുടര്‍ന്നുള്ള ഓരോ മഴക്കാലത്തും ആ ദുരന്തത്തിന്റെ ഓര്‍മകള്‍ തികട്ടിവരും. ഈ ദുരന്തത്തിന്റെ വൈകാരിക നിമിഷങ്ങള്‍ചോര്‍ന്നുപോകാതെ തീവ്രമായി അവതരിപ്പിച്ച സിനിമയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018'. പ്രളയം വിതച്ച ദുരിതത്തില്‍നിന്ന് കരകയറാന്‍  സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യര്‍ ഒരുമിച്ച് നിന്നത് ഒരു സിനിമയില്‍ ഒതുക്കാന്‍ സാധിക്കില്ലെങ്കിലും രണ്ടര മണിക്കൂറില്‍ അതിന്റെ അന്തഃസത്ത ചോര്‍ന്നുപോകാതെ അവതരിപ്പിക്കാന്‍ ജൂഡ് ആന്റണിയും സംഘവും നടത്തിയ ഒരു എളിയ പരിശ്രമമായിരുന്നു '2018, എവരി വണ്‍ ഈസ് എ സ്റ്റാര്‍'.  

To advertise here,

ജൂഡ് ആന്റണി ജോസഫും അഖില്‍ പി. ധര്‍മജനുമായിരുന്നു  തിരക്കഥ. വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, നരേന്‍, സുധീഷ്, ലാല്‍, തന്‍വി റാം, കലൈയരസന്‍, ശിവദ, നിലീല സാന്ദ്ര, സിദ്ദിഖ്, ഗൗതമി  നായര്‍, ഇന്ദ്രന്‍സ്, ജനാര്‍ദ്ദന്‍, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, വിനീത കോശി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരന്നു. അഖില്‍ പി. ജോര്‍ജ്ജായിരുന്നു ഛായാഗ്രഹണം. ചമന്‍ചോക്കോ എഡിറ്റിങ് നിര്‍വഹിച്ചു. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ അതൊരു മികച്ച വിജയമായി.

30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍നിന്ന് 200 കോടിയോളം വരുമാനമാണ് നേടിയത്. മലയാള സിനിമയെ സംബന്ധിച്ച് ഈ നേട്ടം ഒട്ടും ചെറുതല്ല. 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി '2018'-നെ തിരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍. രാജീവ് അഞ്ചലിന്റെ ഗുരു, സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തില്‍നിന്ന് ഇതിന് മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. 

placeholder
സന്ദീപ് സേനന്‍​​​​

എങ്ങനെയാണ് ഔദ്യോഗികമായി ഓസ്‌കര്‍ എന്‍ട്രി അയക്കുന്നത്? അതിന്റെ കീഴ്‌വഴക്കങ്ങള്‍ എന്തെല്ലാമാണ്? ആരൊക്കെ ചേര്‍ന്നാണ് സിനിമ തിരഞ്ഞെടുക്കുന്നത്? '2018' തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നു? ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് ജൂറി അംഗവും മലയാള സിനിമാ നിര്‍മാതാവുമായിരുന്ന സന്ദീപ് സേനന്‍. 

പതിനാറ് ജൂറി അംഗങ്ങള്‍, 22 സിനിമകള്‍

പതിനാറ് അംഗങ്ങളുള്ള ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. വിഖ്യാത സംവിധായകന്‍ ഗിരീഷ് കാസറവള്ളിയാണ് ചെയര്‍മാന്‍. മലയാളം, കന്നട, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഇരുപത്തിരണ്ടോളം ചിത്രങ്ങളാണ് ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയ്ക്കുള്ള മത്സരത്തിന് ഉണ്ടായിരുന്നത്. ഒട്ടുമിക്കവയും മികച്ച സിനിമകളായിരുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നില്ല. ഒരു ദിവസം മൂന്നോ നാലോ സിനിമകളാണ് കണ്ടത്. എല്ലാ സിനിമകളും കണ്ടു തീര്‍ക്കാന്‍ ഏതാണ്ട് ഒന്‍പത് ദിവസം എടുത്തു. ഞാന്‍ ആദ്യമായാണ് ഓസ്‌കര്‍ തിരഞ്ഞെടുപ്പ് ജൂറിയുടെ ഭാഗമാകുന്നത്. 

പ്രകൃതി ദുരന്തങ്ങള്‍ യൂണിവേഴ്‌സലാണ്; മനുഷ്യത്വത്തിന്റെ കഥയാണ് '2018' ഊട്ടിയുറപ്പിക്കുന്നത്

ഓസ്‌കറിന് അയക്കാനുള്ള മാനദണ്ഡം എന്താണെന്നു ചോദിക്കുമ്പോള്‍ ഒന്നിലേറെ ഘടകങ്ങളുണ്ട്. എന്താണ് നമ്മള്‍ ഇന്ത്യന്‍ സിനിമയായി ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്? കച്ചവട സിനിമയെന്നോ ആര്‍ട്ട് സിനിമയെന്നോ എന്ന വേര്‍തിരിവൊന്നും ഉണ്ടായിട്ടില്ല. ഇത്തവണ കണ്ട സിനിമയില്‍ '2018' വേറിട്ട് നിന്നത് പ്രകൃതി ദുരന്തത്തെ അവതരിപ്പിച്ചതുകൊണ്ടാണ്. ഉരുള്‍പൊട്ടല്‍, പ്രളയം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ആസ്പദമാക്കി ഹോളിവുഡിലും മറ്റു വിദേശ ഭാഷകളിലും ഒട്ടേറെ സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും നമ്മളെ വൈകാരികമായി സ്പര്‍ശിച്ചിട്ടുണ്ട്. അതിന് കാരണമെന്താണ്? ഈ വിഷയവുമായി ബന്ധപ്പെട്ട സിനിമകളെ ലോകത്തിലെ ഏത് ജനതയ്ക്കും റിലേറ്റ് ചെയ്യാന്‍ സാധിക്കും.

പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നത് ഭൂമിയോട് മനുഷ്യന്‍ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ പരിണിതഫലമാണ്. പ്രളയം അങ്ങനെ സംഭവിക്കുന്നതാണ്. വലിയ നിര്‍മിതികള്‍ക്കുവേണ്ടി വനങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്നതും പുഴകളുടെ ഒഴുക്കിന്റെ വഴിമാറ്റി വിടുന്നതുമെല്ലാം അതിന് ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ മഴ കൂടിയപ്പോള്‍ നമുക്ക് അതിനെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല. അത് വലിയ ദുരന്തത്തില്‍ കലാശിച്ചു. അതിനെ നമ്മള്‍ തരണം ചെയ്തത് മനുഷ്യത്വം കൊണ്ടാണ്.

മനുഷ്യത്വം എന്ന് പറയുന്നത് യൂണിവേഴ്‌സലാണ്. കാരണം എന്ത് ദുരന്തം സംഭവിച്ചാലും രക്ഷാപ്രവര്‍ത്തനത്തിനായി മനുഷ്യര്‍ കൈകോര്‍ക്കുന്നത് ആദ്യമായല്ല നമ്മള്‍ കാണുന്നത്. ജപ്പാനിലും ലിബിയയിലും അമേരിക്കയിലും തുര്‍ക്കിയിലും ഗുജറാത്തിലുമെല്ലാം സംഭവിച്ചതാണ്. അതും വിവിധ രൂപത്തില്‍. അതിനെയെല്ലാം മനുഷ്യര്‍ തരണം ചെയ്തത് ഒത്തൊരുമയിലാണ്. അത് കേരളത്തില്‍ സംഭവിച്ചപ്പോള്‍ നമ്മുടെ അനുഭവത്തിലെ ഒരു ഏടായി മാറി. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ സ്വാര്‍ഥതയും വ്യക്തിതാല്‍പര്യങ്ങളും വെടിഞ്ഞ് ജാതിക്കും മതത്തിനും അതീയമായി മനുഷ്യര്‍ ഒന്നായി. പാര്‍പ്പിടവും ഭക്ഷണവും ഉറക്കവും ത്യജിച്ച് നമ്മള്‍ സഹജീവികളെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ദുരന്തത്തിനിടയില്‍ നമ്മളെ ചേര്‍ത്തുനിര്‍ത്തിയ മനോഹരമായ ആ ഒന്നിനെയാണ് മനുഷ്യത്വം എന്ന് വിളിക്കുന്നത്.

കേരളത്തിന്റെ ഐക്യത്തെയും സാഹോദര്യത്തെയും മനോഹരമായി അവതരിപ്പിച്ച സിനിമയാണ് '2018'. നമ്മളെ വൈകാരികമായി സ്വാധീനിക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചു. ഞാന്‍ നേരത്തേ പറഞ്ഞത് പോലെ പ്രകൃതിദുരന്തങ്ങള്‍ എല്ലായിടത്തും സംഭവിക്കുന്നതിനാല്‍ ലോകത്ത് എവിടെയുള്ള ജനങ്ങളെയും അത് സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. പലപ്പോഴും അന്യഭാഷാ സിനിമകള്‍ കണ്ടു കയ്യടിക്കുന്ന നമ്മള്‍ നമ്മുടെ നാട്ടില്‍ എന്തിനാണ് ഇങ്ങനെ ഒരു സിനിമ എന്ന് ചിന്തിക്കാറുണ്ട്. ഭാഷ ഏത് തന്നെയാണെങ്കിലും ഭാഷയ്ക്ക് അതീതമായി സഞ്ചരിക്കുന്ന ഒരു മാധ്യമമാണ് സിനിമ. 

ഈ കൊച്ചുകേരളത്തില്‍നിന്ന് നല്ല കണ്ടന്റുള്ള സിനിമ ഓസ്‌കര്‍ വരെ എത്തുന്നതില്‍ അഭിമാനിക്കാം. ഇതിന് മുന്‍പ് മൂന്ന് സിനിമകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായത് വളരെ അഭിമാനകരമാണ്. '2018' നേട്ടത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

ഐക്യകണ്‌ഠേനയല്ല, അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചെടുത്ത തീരുമാനം

എല്ലാ സിനിമകളും കണ്ടതിന് ശേഷം സംവാദങ്ങളും ചര്‍ച്ചകള്‍ക്കും ശേഷമാണ് കൂട്ടത്തില്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. പതിനാറംഗ ജൂറിയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. രാജ്യത്തെ വിവിധ ഭാഷകളിലുള്ള സിനിമാ സംവിധായകര്‍, നിര്‍മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍, ഡോക്യുമെന്ററി സംവിധായകര്‍, സംഘട്ടന സംവിധായകര്‍ എന്നിങ്ങനെ സിനിമയുടെ വിവിധ തുറകളിലുള്ളവര്‍ ജൂറിയിലുണ്ട്. ഇന്ത്യന്‍ സിനിമയുടെ ഒരു പരിച്ഛേദം തന്നെയായിരുന്നു ജൂറി. ഐക്യകണ്‌ഠേന എടുത്ത തീരുമാനമെന്ന് പറയാനാകില്ല. എല്ലാവരുടെയും അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുത്ത് അതിനെ സമന്വയിപ്പിച്ച് ഒരു സിനിമ തിരഞ്ഞെടുക്കുകയായിരുന്നു. കളക്ടീവ് ഡിസിഷന്‍ എന്ന് വിളിയ്ക്കാം. 

ഇന്ത്യന്‍ സിനിമയിലെ മികച്ച ഇന്‍ഡസ്ട്രികളിലൊന്നാണ് മലയാള സിനിമ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. നമ്മള്‍ സിനിമയ്ക്ക് കൊടുക്കുന്ന സംഭാവനയാണ് തിരിച്ച് കിട്ടുന്നതും. '2018'ന് കടമ്പകള്‍ ഇനിയേറെ താണ്ടാനുണ്ട്. എളുപ്പമാകില്ല ഈ യാത്ര. സിനിമയുടെ നിര്‍മാതാക്കളും സംവിധായകനുമെല്ലാം ചേര്‍ന്ന് അമേരിക്കയില്‍ പ്രദര്‍ശനങ്ങള്‍ നടത്തണം. അത് അവിടുത്തെ ജൂറി അംഗങ്ങള്‍ കണ്ട് വിലയിരുത്തണം. അക്കാദമിയുടെ ശ്രദ്ധയിലേക്ക് '2018' കൊണ്ടുവരണം. അങ്ങനെ ഒരു പാട് ഘട്ടങ്ങളുണ്ട്.