കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ പരോക്ഷവിമർശനവുമായി ‘2018’ -ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് വേണു കുന്നപ്പിള്ളിയും.

To advertise here,

‘എന്തിലുമേതിലും വർഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ മോഹങ്ങൾ മോഹഭംഗങ്ങളായും സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ പകയേതുമില്ലാത്തവർ വരുന്ന ആ സുന്ദരപുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തുപറയാൻ (അല്ല പിന്നെ)’ -എന്നാണ് വേണു കുന്നപ്പിള്ളി സാമൂഹികമാധ്യമത്തിൽ കുറിച്ചത്.

ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ‘ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്ന് പൊട്ടിച്ചിരി സ്മൈലിയോടെ ജൂഡ് ആന്റണി ജോസഫ് കമന്റിട്ടു. ഇതോടെ ഓസ്‌കർനോമിനേഷൻവരെ നേടിയ ‘2018’-നെ തഴഞ്ഞതിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്.

സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ 2018 ഇടംപിടിച്ചിരുന്നില്ല. കേരളത്തിലെ പ്രളയം പ്രമേയമായ ചിത്രം ആ സമയത്തെ സർക്കാർ ഇടപെടലിനെക്കുറിച്ച് അധികമൊന്നും പറയുന്നില്ലെന്ന വിമർശനം നേരിട്ടിരുന്നു.

2024-ൽ റിലീസ് ചെയ്ത ‘ആടുജീവിത’ത്തിന് 2023-ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെതിരേ പ്രമുഖ നിർമാതാവ് ഷിബു ജി. സുശീലനും രംഗത്തെത്തി. ഇരുചിത്രങ്ങളുടെയും പോസ്റ്ററുകൾ പങ്കുവെച്ച് ഷിബു സാമൂഹികമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘2023-ലെ ജനപ്രിയചിത്രം ഇതിൽ ഏതായിരുന്നു. 2024-ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്.’

‘ആടുജീവിതം’ 2023 ഡിസംബർ 31-ന് സെൻസർ ചെയ്തതാണെങ്കിലും എങ്ങനെ ആ വർഷത്തെ ജനപ്രിയ ചിത്രമാകുമെന്നാണ് ഷിബു ചോദിക്കുന്നത്.