
മനുഷ്യസ്‌നേഹിയായ ഉഷാറാണിയെ ഓര്‍ക്കുമ്പോള്‍
ബാലനടിയായാണ് തുടക്കം. പിന്നെ ഹാസ്യനടിയായി. പ്രശസ്ത സംവിധായകന്‍ എന്‍ ശങ്കരന്‍ നായരുടെ ഭാര്യയായി. സിനിമാനിര്‍മ്മാതാവായി. ഇതൊന്നുമല്ലാത്ത മറ്റൊരു ഉഷാറാണിയെയാണ് എനിക്ക് അടുത്തു പരിചയം. സഹപ്രവര്‍ത്തകരുടെ നൊമ്പരങ്ങളില്‍, ദുരിതങ്ങളില്‍ ആത്മാര്‍ഥമായി ദുഃഖിച്ച, അവര്‍ക്ക് നേരെ അനുകമ്പയുടെ ഒരു കൈ നീട്ടാന്‍ എന്നും മുന്നില്‍ നിന്ന മനുഷ്യസ്‌നേഹിയായ ഉഷാറാണി. ആ ഉഷാറാണിയുടെ വേര്‍പാട് എന്നെ ഏറെ വേദനിപ്പിക്കുന്നു.
സാധന എന്ന പഴയകാല നടിയുടെ ദുരവസ്ഥ ശ്രദ്ധയില്‍ പെടുത്താനാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉഷാറാണി ചേച്ചി ആദ്യം വിളിച്ചത്. ചെന്നൈ നഗരപ്രാന്തത്തിലുള്ള ഒരു ചേരിയിലെ ഒറ്റമുറി വീട്ടില്‍ മറവിരോഗവും തീരാദാരിദ്ര്യവുമായി മല്ലിട്ട് ജീവിച്ച സാധനയുടെ കഥ മാതൃഭൂമിയിലെ പാട്ടെഴുത്തില്‍ എഴുതിയപ്പോള്‍ നന്ദി പറയാന്‍ വേണ്ടി വീണ്ടും വിളിച്ചു അവര്‍. ലേഖനം വായിച്ച് പാലക്കാട്ടെ മുന്‍ എം പി കൃഷ്ണദാസ് ഉള്‍പ്പെടെ നിരവധി പേര്‍ സഹായഹസ്തവുമായി എത്തിയിട്ടും അനിവാര്യമായ ദുരന്തത്തില്‍ നിന്ന് സാധനയെ കരകയറ്റാനായില്ല ഉഷാറാണിക്ക്. ഒരു അജ്ഞാത മൃതദേഹമായി ചെന്നൈ നഗരത്തിന്റെ ഏതോ മൂലയില്‍ എരിഞ്ഞുതീര്‍ന്നു, നൂറു കണക്കിന് സിനിമകളില്‍ വേഷമിട്ട ആ നടിയുടെ ജീവിതം.
പിന്നേയും വിളിച്ചുകൊണ്ടിരുന്നു ഉഷാറാണി ചേച്ചി. അധികവും പഴയ സഹപ്രവര്‍ത്തകരുടെ ദുരിതജീവിതത്തെ കുറിച്ച് പറയാന്‍. സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ക്കു വേണ്ടി തനിക്ക് കഴിയുന്ന ധനസഹായം ചെയ്യാന്‍ ഒരിക്കലും മടിച്ചില്ല ഉഷാറാണി. ഒപ്പം സിനിമാരംഗത്തെയും പുറത്തേയും മനുഷ്യസ്‌നേഹികളുടെ സഹായം അഭ്യര്‍ത്ഥിച്ചു വീടുകള്‍ കയറിയിറങ്ങാനും. ``പലരും ചോദിച്ചിട്ടുണ്ട്, വളരെ മോശം ഇമേജുള്ള ഈ നടിക്ക് വേണ്ടി ഈ പ്രായത്തില്‍ നിങ്ങള്‍ ഇങ്ങനെ ഓടിനടക്കുന്നതെന്തിന് എന്ന്. ആ മോശം ഇമേജ് എങ്ങനെ ഉണ്ടായി എന്ന് ആരും ചിന്തിക്കില്ല. ഇഷ്ടപ്പെട്ടിട്ടല്ല ഇവരാരും മോശം വഴി തിരഞ്ഞെടുത്തിട്ടുണ്ടാകുക. ഗതികേടു കൊണ്ടാണ്. ജീവിക്കാന്‍ വേണ്ടി; ചിലപ്പോഴൊക്കെ വലിയൊരു കുടുംബത്തെ തീറ്റിപ്പോറ്റാന്‍ വേണ്ടി. അതൊന്നും ആര്‍ക്കും വിഷയമല്ല...'' ആത്മരോഷം ഉള്ളിലൊതുക്കാനാവാതെ ഒരിക്കല്‍ ഉഷാറാണി പൊട്ടിത്തെറിച്ചത് ഓര്‍ക്കുന്നു. ``എതിര്‍പ്പുകളെയും പരിഹാസശരങ്ങളേയും അവഗണിച്ച് ശങ്കരന്‍ നായരെ പോലൊരാളെ വിവാഹം ചെയ്ത് സുരക്ഷിതമായ ഒരു ജീവിതം തിരഞ്ഞെടുത്തിരുന്നില്ലെങ്കില്‍ എന്നെ കുറിച്ചും ഇതൊക്കെ തന്നെ പറഞ്ഞേനെ ആളുകള്‍.''
രോഗാതുരയായി അര്‍ദ്ധബോധാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ ഉഷാറാണിയെ കാണാന്‍ സിനിമാരംഗത്തു നിന്ന് അധികം പേരൊന്നും എത്തിയിരുന്നില്ല. വന്നത് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ചിലര്‍ മാത്രം. ദീര്‍ഘകാല സുഹൃത്തായ ജയഭാരതി ആയിരുന്നു ഉഷാറാണിയുടെ അന്ത്യനാളുകളില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന അപൂര്‍വം സിനിമക്കാരില്‍ ഒരാള്‍.
ജയില്‍ എന്ന സിനിമയില്‍ ബാലതാരമായാണ് ഉഷാറാണിയുടെ അരങ്ങേറ്റം. തമിഴിലും മലയാളത്തിലുമായി മുപ്പതോളം ചിത്രങ്ങളില്‍ ബാലതാരമായ ശേഷം പ്രേംനസീറിന്റെയും എം ജി ആറിന്റെയുമൊക്ക അനിയത്തിയായി. കെ ബാലചന്ദറിന്റെ ``അരങ്ങേറ്റ''ത്തില്‍ കമലഹാസനൊപ്പം അഭിനയിക്കുമ്പോള്‍ പ്രായം പതിനാറ്. മറക്കാനാവാത്ത ചില ഗാനരംഗങ്ങളിലും ഉണ്ട് ഉഷാറാണിയുടെ സാന്നിധ്യം. അഗ്‌നിപുത്രിയിലെ ``കിളികിളി പരുന്തിന്'' ഉദാഹരണം.
എന്‍ ശങ്കരന്‍ നായരുമായുള്ള വിവാഹമാണ് ഉഷാറാണിയുടെ ജീവിതം വഴിതിരിച്ചുവിട്ടത്. ആ കഥ ഒരിക്കല്‍ കൂടി പങ്കുവെക്കുന്നു ഇവിടെ (അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തില്‍ നിന്ന്)
--------------
``ചേട്ടന്റെ പ്രോത്സാഹനം നുകര്‍ന്ന് വളര്‍ന്നു വന്നവര്‍ പോലും അദ്ദേഹത്തെ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞോ എന്ന് സംശയം. '' ശങ്കരന്‍ നായരുടെ ഭാര്യയും അഭിനേത്രിയുമായ ഉഷാറാണി വേദനയോടെ പറയുന്നു. ``ഇന്നും അദ്ദേഹത്തിന്റെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ ഒരു ദിവസവും കടന്നുപോകാറില്ല എന്റെ ജീവിതത്തില്‍. മദനോത്സവം ഒക്കെ മറക്കാനാകുമോ മലയാളിക്ക്? ആ സിനിമയിലെ പാട്ടുകളിലൂടെയെങ്കിലും അദ്ദേഹം ഓര്‍ക്കപ്പെടും എന്നാണെന്റെ പ്രതീക്ഷ..''
`മദനോത്സവം' മറക്കാനാവാത്ത അനുഭവമാണ് ഉഷാറാണിക്കും. ആ സിനിമയുടെ ചിത്രീകരണത്തിരക്കിനിടെയാണ് ഉഷാറാണി ശങ്കരന്‍ നായരുടെ ജീവിതത്തിലേക്ക് കടന്നുചെന്നത് -- 1977 ല്‍. ``അന്നെനിക്ക് 19 വയസ്സ്; ശങ്കരേട്ടന് 51 ഉം. കുട്ടിക്കാലം മുതലേ അറിയാം അദ്ദേഹത്തെ. ഞങ്ങളുടെ കുടുംബവുമായി വലിയ അടുപ്പമായിരുന്നു. പിതൃ തുല്യമായ വാത്സല്യമായിരുന്നു എന്നും അദ്ദേഹത്തിന് എന്നോട്; ഞാന്‍ അദ്ദേഹത്തില്‍ കണ്ടത് സ്‌നേഹനിധിയായ ഒരു രക്ഷിതാവിനേയും. ജീവിതത്തിലെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചുപോയ സന്ദര്‍ഭത്തിലാണ് അദ്ദേഹവുമായി കൂടുതല്‍ അടുത്തത്. ഭാവി ഇരുളടഞ്ഞ പോലെ തോന്നിയ ആ ഘട്ടത്തില്‍ എല്ലാ വേദനകളും പങ്കുവെക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ഒരു രാത്രി വളരെ വൈകുവോളം അദ്ദേഹം ക്ഷമയോടെയിരുന്ന് എന്നെ ആശ്വസിപ്പിച്ചത് ഓര്‍മ്മയുണ്ട്. അന്നെനിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ അദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടില്‍ ചെന്ന് ഞാന്‍ പറഞ്ഞു: ശങ്കരന്‍ അങ്കിള്‍, ഐ വാണ്ട് ടു മാരി യു.''
ഞെട്ടിപ്പോയത് ശങ്കരന്‍ നായര്‍ മാത്രമല്ല. സഹവാസികളായ ശോഭന പരമേശ്വരന്‍ നായരും പ്രേംനവാസും കൂടിയാണ്. ``എനിക്ക് ഭ്രാന്താണെന്നാണ് എല്ലാവരും കരുതിയത്. അവരെ കുറ്റം പറഞ്ഞുകൂടാ.'' ഉഷാറാണി ചിരിക്കുന്നു. ``എന്തുകൊണ്ടാണ് അന്ന് ഞാനങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഓര്‍ത്തുനോക്കിയിട്ടുണ്ട്. പ്രണയം എന്ന് വിളിക്കാന്‍ വയ്യ ആ വികാരത്തെ. ഒരു തരം സുരക്ഷിതത്വ ബോധമായിരുന്നു ആ സമയത്ത് എനിക്ക് ആവശ്യം. സഹോദരിയെ വളര്‍ത്തിക്കൊണ്ടു വരണം. ഒറ്റയ്ക്ക് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിലും നല്ലത് എന്നെ ശരിക്കും അറിയാവുന്ന ഒരാള്‍ക്കൊപ്പം അത് പങ്കിടുകയാണ് എന്ന് തോന്നി. കൂടുതലൊന്നും ചിന്തിക്കാനുള്ള പ്രായമായിരുന്നില്ലല്ലോ.''
ഉഷയുടെ വാക്കുകള്‍ ആദ്യം തമാശയായേ കണ്ടുള്ളൂ ശങ്കരന്‍ നായര്‍. കല്യാണം കഴിക്കാനുള്ള പ്രായമല്ല തനിക്കെന്ന് വാദിച്ചുനോക്കി അദ്ദേഹം. പക്ഷേ സ്വന്തം തീരുമാനത്തില്‍ നിന്ന് അണു പോലും വ്യതിചലിക്കാന്‍ തയ്യാറായിരുന്നില്ല ഉഷ. 1977 ലായിരുന്നു രജിസ്റ്റര്‍ വിവാഹം. സാക്ഷികളായി ഒപ്പിട്ടത് പരമേശ്വന്‍ നായരും നവാസും. സിനിമാലോകത്തെ അത്തരം വിവാഹങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്നൊരു വിശ്വാസമുണ്ട്. മാതൃകാ ദമ്പതികളായി 28 വര്‍ഷം വര്‍ഷം ജീവിച്ച് (2005 - ലായിരുന്നു ശങ്കരന്‍ നായരുടെ നിര്യാണം) ആ `അന്ധവിശ്വാസം'' തിരുത്തി ശങ്കരന്‍ നായരും ഉഷയും. വിവാഹ ശേഷം ഉഷാറാണി ആദ്യം അഭിനയിച്ചത് മദനോത്സവത്തില്‍ തന്നെ. അടൂര്‍ ഭാസി, പട്ടം സദന്‍, കോട്ടയം ശാന്ത തുടങ്ങിയവര്‍ക്കൊപ്പമുള്ള കോമഡി സീനായിരുന്നു. മദനോത്സവം പൂര്‍ണ്ണമായി ചിത്രീകരിച്ച ശേഷം, വിതരണക്കാരുടെ നിര്‍ബന്ധപ്രകാരം ഒരു കോമഡി ട്രാക്ക് പ്രത്യേകമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു ശങ്കരന്‍ നായര്‍. ചെന്നൈയില്‍ വെച്ച് ഷൂട്ട് ചെയ്ത ആ രംഗങ്ങള്‍ എഴുതിയതും സംവിധാനം ചെയ്തതും അടൂര്‍ ഭാസിയാണെന്ന പ്രത്യേകതയുണ്ട്.
കുറച്ചുകാലം അസുഖബാധിതനായി കിടന്ന ശേഷം 2005 ഡിസംബര്‍ 18 ന് മരണത്തിനു കീഴടങ്ങിയ ശങ്കരന്‍ നായരെ അവസാനമായി ഒരു നോക്ക് കാണാന്‍ സിനിമയിലെ പഴയ സഹപ്രവര്‍ത്തകരുടെ പ്രവാഹമൊന്നും ഉണ്ടായില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത് അടുത്ത സുഹൃത്തുക്കള്‍ മാത്രം. സിനിമയില്‍ ഒരു പാടു പേര്‍ക്ക് തണലേകിയ മഹാവൃക്ഷമായിരുന്നു ശങ്കരന്‍ നായര്‍ എന്ന മനുഷ്യന്‍. ആ തണലില്‍ വളര്‍ന്നു വന്നവരില്‍ എത്ര പേര്‍ ഇന്ന് അദ്ദേഹത്തെ ഓര്‍ക്കുന്നു? ``ആദ്യമൊക്കെ ദുഃഖം തോന്നിയിരുന്നു. ഇപ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ പഠിച്ചു. മലയാള സിനിമക്ക് ജീവിതം തന്നെ സമര്‍പ്പിച്ച മഹാസംവിധായകര്‍ വേറെയുമില്ലേ -- എം കൃഷ്ണന്‍ നായരേയും കുഞ്ചാക്കോയെയും പി സുബ്രഹ്മണ്യത്തേയും പോലെ. അവരെ പോലും ഓര്‍ക്കാന്‍ സമയമില്ല ആര്‍ക്കും; പിന്നെയല്ലേ പാവം ശങ്കരന്‍ നായരെ.'' സിനിമാലോകം ഇങ്ങനെയൊക്കെയാണ് എന്ന് കരുതി സമാധാനിക്കുന്നു ഉഷാറാണി.
-----------------------
പറഞ്ഞത് ഭര്‍ത്താവിനെ കുറിച്ചെങ്കിലും ഭാര്യക്കും ബാധകമല്ലേ ആ വാക്കുകള്‍?
Content Highlights : ravi menon about usharani actress death
Published: 21 Jun 2020, 04:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented