
ജന്മദിനം ജൂലൈ 18 ആണെന്ന് പറയും ബപ്പി. അന്നായിരുന്നു മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയിൽ ബപ്പി ലാഹിരി എന്ന സംഗീത സംവിധായകന്റെ ``പിറവി''. ആ അനർഘ മുഹൂർത്തത്തിന്റെ ഓർമ്മ പുതുക്കാൻ എല്ലാ ജൂൺ 18 നും ജുഹുവിലെ ലാഹിരി ബംഗ്ലാവിൽ പിറന്നാൾ കേക്ക് മുറിക്കും ബപ്പിദാ. കൂട്ടിന്, ഏറ്റവുമടുത്ത സുഹൃത്തുക്കളും കിഷോർ കുമാറിന്റെ ഹൃദയഹാരിയായ പാട്ടുകളും മാത്രം. അറുപത്തേഴാം വയസ്സിലും ബപ്പിയെ തരളിതനാക്കുമായിരുന്നു 43 വർഷം പഴക്കമുള്ള ആ ഓർമ്മകൾ. താരതമ്യേന പുതുമുഖമായ സംഗീത സംവിധായകന് കീഴിൽ ``ചൽത്തേ ചൽത്തേ'' (1976) എന്ന പടത്തിനു വേണ്ടി ഒരു പ്രണയ ഗാനം പാടി റെക്കോർഡ് ചെയ്തു പുറത്തിറങ്ങിയതായിരുന്നു കിഷോർ കുമാർ. തിരിച്ചുപോകും വഴി, യുവ സംഗീത സംവിധായകന്റെ പുറത്തുതട്ടി കിഷോർ പറഞ്ഞു:
``അതിഗംഭീരമായിരിക്കുന്നു പാട്ട്. ഇനി അധികം കാത്തിരിക്കേണ്ടിവരില്ല നിന്റെ ഭാഗ്യം തെളിയാൻ ..'' സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് ബപ്പി. `` അതുവരെ വെറും അലോകേഷ് ലാഹിരി ആയിരുന്നു ഞാൻ. ബംഗാളിയിലെ പഴയ പാട്ടുകാരായ അപരേഷ് ലാഹിരിയുടെയും ബൻസാരിയുടെയും മകൻ. ആ ഒരൊറ്റ പാട്ട് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്നത്തെ ബപ്പി ലാഹിരിയിലേക്കുള്ള എന്റെ യാത്ര ആരംഭിച്ചത് ആ പാട്ടിൽ നിന്നാണ് ..''
ബപ്പിക്ക് ഭാഗ്യം കൊണ്ടുവന്ന ആ കിഷോർ കുമാർ ഗാനം ഏതെന്നു കൂടി അറിയുക: ``ചൽത്തേ ചൽത്തേ മേരെ യേ ഗീത് യാദ് രഖ്‌നാ കഭി അൽവിദ നാ കെഹനാ കഭി അൽവിദ നാ കെഹനാ ..'' യാത്രയാകുമ്പോൾ എന്റെ ഈ പാട്ട് ഓർമ്മയിൽ സൂക്ഷിക്കുക; ഒരിക്കലും യാത്രാമൊഴി പറയാതിരിക്കുക...അമിത് ഖന്ന എഴുതിയ ഹൃദയസ്പർശിയായ ഗാനം. വിശാൽ ആനന്ദ് (യഥാർത്ഥ പേര് ഭിഷം കോലി) എന്നൊരു അഭിനയമോഹി, തനിക്ക് നായകനാകാൻ വേണ്ടി മാത്രം പണം മുടക്കി നിർമ്മിച്ച ആ സിനിമ ബോക്‌സോഫീസിൽ എട്ടു നിലയിൽ പൊട്ടിയെങ്കിലെന്ത്? അതിലെ ഈ ഒരൊറ്റ ഗാനം തലമുറകൾക്കിപ്പുറവും ജീവിക്കുന്നു; ആസ്വാദക മനസ്സുകളിൽ ഗൃഹാതുരത്വത്തിന്റെ മധുരം നിറയ്ക്കുന്നു. 46 വയസ്സുണ്ട് ഈ പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ കിഷോറിന്. പക്ഷേ കൗമാരക്കാരനായ ആ പഴയ കാമുകന്റെ ശബ്ദമാണ് ``ചൽത്തേ ചൽത്തേ''യിൽ നാം കേൾക്കുക. കിഷോറിന് മാത്രം കഴിയുന്ന മാജിക്.
1987 ഒക്ടോബർ 13ന് കിഷോർ വിടവാങ്ങിയപ്പോൾ, ആ മഹാഗായകന്റെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട പാട്ടും ``ചൽത്തേ ചൽത്തേ'' തന്നെ; വഴിയോരത്തെ സ്പീക്കറുകളിൽ നിന്ന് മാത്രമല്ല, റേഡിയോയിൽ നിന്നും ടെലിവിഷനിൽ നിന്നുമെല്ലാം. ഭാവഗീതമായി രചിക്കപ്പെട്ട പാട്ട് ഒടുവിൽ വിലാപഗാനമായി മാറിയത് പാട്ടിന്റെ ആശയത്തിൽ അങ്ങനെയൊരു ധ്വനി ഉണ്ടായിരുന്നതുകൊണ്ടാവാം. ``എഴുതുമ്പോൾ ആ വഴിയ്ക്കൊന്നും ചിന്തിച്ചിട്ടില്ല. സിറ്റുവേഷൻ മനസ്സിൽ കണ്ട് എഴുതിയ പാട്ടുമല്ല. അർത്ഥമുള്ള ഒരു പാട്ട് എന്നേ ചിന്തിച്ചിട്ടുള്ളൂ. അത് ഇത്രകാലം കഴിഞ്ഞിട്ടും ആളുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു എന്നറിയുമ്പോൾ സന്തോഷം. ഗാനരചനയെ മുഖ്യ തൊഴിലായി ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെന്ന നിലയ്ക്ക് പ്രത്യേകിച്ചും.''-- അമിത് ഖന്ന പറയുന്നു.
സൂഫി സംഗീതത്തിന്റെ ആരാധകനാണ് അമിത് ഖന്ന. പാട്ടിന്റെ ചരണത്തിലെ ``ബീച് രഹ് മേ ദിൽബർ, ബിഛഡ് ജായേ കഹി ഹം അഗർ, ഔർ സൂനി സീ ലഗേ തുമേ, ജീവൻ കി യേ ഡഗർ'' എന്ന വരിയിൽ അൽപ്പം സൂഫി ചിന്തയും കലർത്തിയിട്ടുണ്ട് താനെന്ന് പറയും ഖന്ന. ജീവിതപ്പാതയിൽ എവിടെയോ വെച്ച് പരസ്പരം വേർപിരിഞ്ഞ് ഏകാന്തതയിൽ അഭയം പ്രാപിക്കേണ്ടി വരുന്ന കമിതാക്കളെ കുറിച്ചാണ് ആ ഭാഗം. എങ്കിലും പാട്ടിലെ കാമുകന്റെ പ്രതീക്ഷ നശിക്കുന്നില്ല. മനസ്സറിഞ്ഞു തിരികെ വിളിക്കുകയാണെങ്കിൽ ഞാൻ തിരിച്ചുവരും എന്ന സൂചന നൽകുന്നുണ്ട് അയാൾ. സിനിമയിൽ തികച്ചും സാധാരണമായ സന്ദർഭത്തിന് വേണ്ടി കുറിച്ച വരികൾ പലരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നും ഖന്നയ്ക്ക്. കിഷോറിനും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു ഇത്. ഗാനമേളകളിൽ അവസാനം പാടിയിരുന്ന പാട്ട്. കിഷോറിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എഴുതപ്പെട്ട ലേഖനങ്ങളിൽ പലതിന്റെയും തലക്കെട്ടും ഈ ഗാനത്തിലെ ഒരു വരിയായിരുന്നു: ``കഭി അൽവിദ നാ കെഹനാ .''
പാട്ടൊരുക്കുമ്പോൾ താരതമ്യേന തുടക്കക്കാരാണ് അമിത് ഖന്നയും ബപ്പിയും. ഖന്നയ്ക്ക് 21 ഉം ബപ്പിക്ക് 23 ഉം വയസ്സ്. സംവിധാനം പഠിക്കാൻ ദേവാനന്ദനിന്റെ നവ്കേതൻ സ്റ്റുഡിയോയിൽ സഹായിയായി ചേർന്നിട്ട് അധികകാലമായിട്ടില്ല അമിത്. ബപ്പിയാകട്ടെ ബംഗാളിലെ ജൽപൈഗുരിയിൽ നിന്ന് മുംബൈയിൽ കുടിയേറി, സിനിമയിൽ ഭാഗ്യപരീക്ഷണം തുടങ്ങിയിരുന്നതേ ഉള്ളൂ. സക്മീ ഉൾപ്പെടെ രണ്ടു മൂന്ന് ചിത്രങ്ങളിൽ പാട്ടൊരുക്കിയിരുന്നെങ്കിലും ബപ്പിയെ ജനം ശ്രദ്ധിച്ചുതുടങ്ങിയത് ചൽത്തേ ചൽത്തേയിലൂടെയാണ്. ``പഴയൊരു പാട്ടുകാരനായ അപരേഷ് ലാഹിരിയുടെ മകൻ എന്ന പേരിലാണ് കുറച്ചു പേരെങ്കിലും അന്നെന്നെ അറിയുക. ശങ്കർ ജയ്കിഷന് വേണ്ടി ഒരു സിനിമയിൽ പാടിയിട്ടുണ്ട് അച്ഛൻ. എന്നെപ്പോലൊരു ബംഗാളി പയ്യൻ ബോളിവുഡിൽ വന്ന് എന്തു ചെയ്യാൻ എന്നൊക്കെ പരിഹാസത്തോടെ ചോദിച്ചിട്ടുണ്ട് പലരും. അവർക്കു മുന്നിൽ കഴിവ് തെളിയിക്കുക എന്നതായിരുന്നു വെല്ലുവിളി.''
അവസരം തേടി ദേവാനന്ദിനെയും സഹോദരൻ വിജയ് ആനന്ദിനെയും നവ്കേതൻ സ്റ്റുഡിയോയിൽചെന്നു കണ്ട ബപ്പി അവിടെ വെച്ചാണ് അമിത് ഖന്നയെ പരിചയപ്പെട്ടത്. അന്നേ അത്യാവശ്യം കവിതയെഴുതും ഖന്ന. പാട്ടെഴുതാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഒരു ട്യൂൺ അവിടെയിരുന്നു കംപോസ് ചെയ്ത് യുവഗാനരചയിതാവിനെ കേൾപ്പിക്കുന്നു ബപ്പി. അര മണിക്കൂറിനകം ഈണത്തിനനുസരിച്ച് ഖന്നയുടെ പാട്ട് തയ്യാർ -- ``ചൽത്തേ ചൽത്തേ മേരെ യേ ഗീത് യാദ് രഖ്‌നാ..'' പുതിയ പാട്ട് ഹാർമോണിയം വായിച്ച് രസിച്ചു പാടിക്കൊണ്ടിരിക്കുമ്പോഴാണ് സ്റ്റുഡിയോയിലേക്ക് ഭിഷം കോലി എന്ന പുതുസംവിധായകന്റെ വരവ്. തന്നെത്തന്നെ നായകനാക്കി ഒരു കൊച്ചു പടം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ബപ്പി പാടിയ പാട്ട് ആദ്യ കേൾവിയിൽ തന്നെ കോലിയുടെ മനസ്സിനെ തൊട്ടു. തന്റെ പുതിയ സിനിമയിൽ ഈ പാട്ടുണ്ടാകുമെന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു .
പക്ഷേ ഒരു പ്രശ്നമുണ്ട് -- ലക്ഷ്മീകാന്ത് പ്യാരേലാലിനെ സ്വന്തം സിനിമയുടെ സംഗീത സംവിധാനച്ചുമതല ഏൽപ്പിച്ചിരിക്കുകയാണ് ഭിഷം കോലി. അന്നത്തെ ഏറ്റവും തിരക്കുപിടിച്ച സംഗീത സഖ്യം. ചെറു പ്രോജക്റ്റ് ആയതിനാൽ കോലിയുടെ പടത്തിന് പാട്ടൊരുക്കാൻ വലിയ താല്പര്യമൊന്നുമില്ല ലക്ഷ്മി -- പ്യാരേയ്ക്ക്. ഗാനസൃഷ്ടി നീണ്ടു പോകുകയാണെന്ന് കണ്ടപ്പോൾ കോലി രണ്ടും കൽപ്പിച്ച് ഒരു തീരുമാനമെടുത്തു -- താരതമ്യേന പുതുമുഖമായ ബപ്പിയെ പടത്തിന്റെ സംഗീത സംവിധായകനാക്കുക. ലക്ഷ്മീകാന്ത് പ്യാരേലാലിനും ഉണ്ടായിരുന്നില്ല അക്കാര്യത്തിൽ എതിർപ്പ്. ബന്ധു കൂടിയായ കിഷോർ കുമാറിന്റെ ശബ്ദത്തിൽ അടുത്ത ദിവസം തന്നെ ``ചൽത്തേ ചൽത്തേ'' എന്ന ഗാനം റെക്കോർഡ് ചെയ്യുന്നു ബപ്പി ലാഹിരി. ലതാ മങ്കേഷ്‌കർ, ശൈലേന്ദ്ര സിംഗ്, സുലക്ഷണ പണ്ഡിറ്റ് എന്നിവരായിരുന്നു സിനിമയിലെ മറ്റു പാട്ടുകാർ. നിർമ്മാതാവ് ഭിഷം കോലിയും (വിശാൽ ആനന്ദ് എന്ന പേരിൽ) സിമി ഗരേവാളും മുഖ്യ റോളുകളിൽ അഭിനയിച്ച പടം ദയനീയ പരാജയമായിരുന്നു. ഇന്ന് ആ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ എല്ലാം ചൽത്തേ ചൽത്തേ എന്ന ഗാനത്തെ ചുറ്റിപ്പറ്റി മാത്രം.
ഭിഷം കോലിയുടെ അഭിനയ ജീവിതത്തിന് തെല്ലും ഗുണം ചെയ്തില്ലെങ്കിലും ``ചൽത്തേ ചൽത്തേ'' അമിത് ഖന്നയ്ക്കും ബപ്പി ലാഹിരിക്കും സിനിമാജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറി. വേറെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ എഴുതി ഖന്ന. കാ കരൂം സജ്‌നി, പൽ ഭർ മേ യേ ക്യാ ഹോഗയാ (സ്വാമി), സുനിയേ കഹിയെ, ഉഡേ സബ്സെ കദം (ബാതോം ബാതോം മേ) എന്നിവ ഉദാഹരണം. ഗാനരചന ഖന്നയുടെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഒരു വശം മാത്രം. സിനിമക്ക് പുറമെ ടെലിവിഷൻ, റേഡിയോ, പത്രം, നാടകം, ഡിജിറ്റൽ മീഡിയ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ മികവ് തെളിയിച്ചു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ എന്റർടെയ്‌മെന്റ് കമ്പനിയായ പ്ലസ് ചാനൽ സ്ഥാപിച്ചതും നാസിയാ ഹസ്സനെ വെച്ച് ആദ്യത്തെ മ്യൂസിക് വീഡിയോ ഒരുക്കിയതും അമിത് ഖന്നയാണ്. പതിനഞ്ചു വർഷം റിലയൻസ് എന്റർടെയ്‌മെന്റിന്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം.
ബപ്പിയുടെ സിനിമാജീവിതത്തിലും വഴിത്തിരിവായി മാറി ``ചൽത്തേ ചൽത്തേ''. പതിനായിരം രൂപയാണ് ആ പാട്ടൊരുക്കിയതിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. പടം ദയനീയമായി പരാജയപ്പെട്ടെങ്കിലും ഭിഷം കോലിക്ക് അതൊരു നഷ്ടക്കച്ചവടമായില്ല എന്ന് ചൂണ്ടിക്കാട്ടുന്നു ബപ്പി. ```ചൽത്തേ ചൽത്തേ'' എന്ന ഒരൊറ്റ പാട്ടിലൂടെ പോളിഗ്രാമിൽ നിന്ന് റോയൽറ്റിയായി ലഭിച്ച വരുമാനം കൊണ്ടാണ് കോലി ബാന്ദ്രയിൽ ഒരു ഫ്‌ളാറ്റും പ്രീമിയർ പദ്മിനി കാറും വാങ്ങിയത്. പിന്നീടദ്ദേഹം സിനിമയിലേക്ക് തിരിച്ചുചെന്നതുമില്ല.'' പാട്ട് സൂപ്പർഹിറ്റായതോടെ ബപ്പിയെ തേടി ധാരാളം അവസരങ്ങൾ എത്തി. ഡിസ്കോ ഡാൻസർ എന്ന ചിത്രത്തോടെയാണ് അദ്ദേഹത്തിൻറെ രാശി തെളിഞ്ഞത്. ``പലരും എന്നെ പാശ്ചാത്യ മാതൃകയിലുള്ള ഡിസ്കോ - പോപ്പ് സംഗീത സംവിധായകനായി മുദ്രകുത്താറുണ്ട്. അപ്പോഴെല്ലാം ഞാൻ അവരെ ``ചൽത്തേ ചൽത്തേ'' പാടിക്കേൾപ്പിക്കും. ആ പാട്ട് ബപ്പി ലാഹിരി സൃഷ്ടിച്ചതാണെന്ന് പലർക്കും അറിയില്ല.''
സിനിമയിൽ തനിക്കൊരു പുതുജീവൻ നൽകിയ പാട്ടുകാരനെ ഒരിക്കലും മറന്നില്ല ബപ്പി. 1980 കളിലെ കിഷോറിന്റെ ഹിറ്റ് ഗാനങ്ങൾ പലതും ചിട്ടപ്പെടുത്തിയത് ബപ്പിയാണ്. ഇൻതഹാ ഹോഗയീ, മൻസിലേ അപ്നി ജഗഹ് ഹേ (ശരാബി), പഗ് ഗുംഗ്രൂ (നമക് ഹലാൽ) തുടങ്ങിയവ ഓർക്കുക. മരിക്കുന്നതിന്റെ തലേന്ന്, കിഷോർ അവസാനമായി റെക്കോർഡ് ചെയ്ത പാട്ടും ബപ്പിയുടേത് തന്നെ -- വഖ്ത് കി ആവാസിലെ ഗുരു ഗുരു ആ ജാവോ എന്ന ഗാനം. ``കിഷോറിന്റെ വേർപാട് താങ്ങാവുന്നതിലേറെ ആയിരുന്നു എനിക്ക്''-- ബപ്പി പറയുന്നു. ``ആ ഘട്ടത്തിൽ എന്നെന്നേക്കുമായി സിനിമയോട് വിടപറയാൻ വരെ ആലോചിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ആ തീരുമാനം മാറ്റുകയായിരുന്നു.''
ഓർമ്മയിൽ വീണ്ടും കിഷോർ കുമാറിന്റെ ശബ്ദം. പ്യാർ കർത്തേ കർത്തേ, ഹം തും കഹി ഖോ ജായേംഗേ, ഇൻഹി ബഹാരോം കേ ആഞ്ചൽ മേ ഥക് കേ സോ ജായേംഗേ... പ്രണയത്തിൽ സ്വയം നഷ്ടപ്പെടാം നമുക്ക്, പ്രണയിച്ചു തളരുമ്പോൾ ഈ പുഷ്പശയ്യയിൽ വീണു മയങ്ങാം..
Content Highlights: Bappi Lahiri passed away, chalthe chalthe, evergreen hits of Bappi Lahiri
Published: 16 Feb 2022, 09:38 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented