പൂമുഖത്തെ ചൂരൽക്കസേരമേൽ രാജ്ഞിയെപ്പോലെ പി. സുശീല. താഴെ പ്രജകളായി ഞങ്ങൾ. ഭാവഗായകനും ഞാനും. ഓർമ്മകളിൽ ഇന്നുമുണ്ട് ആ ചിത്രം; ജീവിതത്തിൽനിന്ന് ഒരിക്കലും അടർത്തിമാറ്റാനാവാത്ത ആ നിമിഷങ്ങളും. ചെന്നൈയിലെ സുശീലാമ്മയുടെ വീടിന്റെ ഉമ്മറത്തെ മിനുമിനുപ്പാർന്ന നിലത്ത് ചമ്രം പടഞ്ഞിരുന്ന് പാടുകയാണ് ജയചന്ദ്രൻ; തനിക്കേറ്റവും പ്രിയപ്പെട്ട സുശീലാ ഗാനങ്ങളിൽ ഒന്ന് : ‘പ്രേമകവിതകളേ, ഭാവതരംഗങ്ങൾ കുളിർ കോരിയിടും ദേവഗംഗകളേ....’

To advertise here,

ഇടക്കെപ്പോഴോ സുശീലാമ്മയും പങ്കുചേരുന്നു ആലാപനത്തിൽ. പാട്ടിന്റെ വരികൾ മറന്നുപോയിരുന്നു അവർ. പതിറ്റാണ്ടുകൾക്ക് മുൻപ് റെക്കോർഡ് ചെയ്തതല്ലേ. എങ്കിലും ഈണം മനസ്സിലുണ്ട്. വരികൾ ഓർത്തെടുക്കാൻ ജയചന്ദ്രന്റെ പിന്തുണ കൂടി ലഭിച്ചതോടെ മനോഹരമായ ഒരു യുഗ്മഗാനമായി മാറുന്നു അത്. ഭാവഗായകനും ഭാവഗായികയും ചേർന്നുള്ള ഒരപൂർവ ജുഗൽബന്ദി.

പാട്ടിന്റെ ചരണത്തിലാണ് സുശീലയുടെ മനോധർമ്മ പ്രകടനം പൂത്തുലഞ്ഞത്: കമലദളങ്ങൾ ഉറങ്ങും രാവിൽ നിമിഷ ഹംസങ്ങൾ നീന്തും കടവിൽ എന്ന വരിക്ക് ശേഷമുള്ള കടവിൽ നിങ്ങൾ തൻ കടവിൽ എന്ന ഭാഗത്തിലൂടെ സുശീലാമ്മ ഒഴുകിപ്പോകവേ ഒരു നിമിഷം പാട്ടു നിർത്തി വിസ്മയത്തോടെ കേൾവിക്കാരനായി മാറുന്നു ജയചന്ദ്രൻ. പുഷ്പമംഗല്യ നികുഞ്ജങ്ങൾ തേടും സ്വപ്നസഞ്ചാരിണിയായി പാട്ടിൽ അലിഞ്ഞൊഴുകിക്കൊണ്ടിരുന്ന പ്രിയ ഗായികയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു അദ്ദേഹം; പിന്നാലെ ഞാനും.

തീർന്നില്ല. അടുത്ത വരികളിലും തുടരുന്നു ആലാപനത്തിലെ ഭാവമാധുര്യത്തിന്റെ ഇന്ദ്രജാലം:

‘ഹൃദയസരസ്സിന് ദാഹിക്കുമ്പോൾ
മൃതസഞ്ജീവനി നൽകുന്നവരേ
നിറയ്ക്കൂ - ചഷകങ്ങൾ നിറയ്ക്കൂ
കാലിൽ ഇന്ദ്രധനുസ്സുകൾ ചാർത്തിയ
കാവ്യകുമാരികളേ വരൂ..’

പലതുകൊണ്ടും ജയചന്ദ്രന് ആത്മബന്ധമുള്ള പാട്ടാണതെന്ന് അറിഞ്ഞത് പിന്നീടാണ്. ‘എവിഎം- സി സ്റ്റുഡിയോയിൽ ഈ പാട്ടിന്റെ റെക്കോർഡിംഗ് നടക്കുമ്പോൾ ഞാൻ അവിടെയുണ്ട്.’- ജയചന്ദ്രൻ പറഞ്ഞു. ‘ആ സിനിമയിൽ എനിക്ക് പാട്ടൊന്നുമില്ല. എന്നാലും യേശുദാസും സുശീലയും ദേവരാജൻ മാഷിന് വേണ്ടി പാടുന്ന ദിവസങ്ങളിലെല്ലാം മുടങ്ങാതെ സ്റ്റുഡിയോയിൽ ഹാജരാകാറുണ്ടായിരുന്നു ഞാൻ.’

‘പ്രേമകവിതകളേ’ സുശീലാമ്മ പാടി റെക്കോർഡ് ചെയ്ത നിമിഷങ്ങൾ ജയചന്ദ്രൻ ഓർത്തെടുത്തതിങ്ങനെ: ‘വാക്കുകൾക്കും വരികൾക്കും അക്ഷരങ്ങൾക്ക് പോലും സുശീലാമ്മ പകർന്നുനൽകുന്ന ഭാവം ആസ്വദിച്ച് കൺസോളിൽ ഇരിക്കവേ ഒരു വേള എന്റെ കണ്ണ് നിറഞ്ഞു. ഏതു നിമിഷവും കരഞ്ഞുപോകുമായിരുന്നു. മാഷിന്റെ ഏകാഗ്രതക്ക് ഭംഗമുണ്ടാക്കേണ്ട എന്നുവെച്ച് ഇടക്ക് മുറിയിൽനിന്ന് ഇറങ്ങിപ്പോയത് ഓർമ്മയുണ്ട്. പിന്നീട് തിരിച്ചെത്തി ഫൈനൽ വേർഷൻ കേട്ടപ്പോൾ മാഷും ഞാനും മുഖാമുഖം നോക്കി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാനും. പക്ഷേ ആ നോട്ടത്തിലുണ്ടായിരുന്നു എല്ലാം....’

ദേവരാജൻ മാസ്റ്റർക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു ‘പ്രേമകവിതകളേ.’ ചെയ്ത പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടവ ഏതെന്ന ചോദ്യത്തിന് ഒരിക്കൽ മാസ്റ്റർ നല്കിയ മറുപടി ഇങ്ങനെ: ‘പ്രയാസമാണ് പറയാൻ. സ്വന്തം മക്കളിൽ ആരോടാണ് ഇഷ്ടക്കൂടുതൽ എന്ന് ചോദിച്ചാൽ എങ്ങനെ മറുപടി പറയും? അവരിൽ ചിലർക്കൊക്കെ എന്തെങ്കിലും പോരായ്മകളും വൈകല്യങ്ങളും കണ്ടേക്കാം. പക്ഷേ, അതൊന്നും അവരെ വെറുക്കാനോ മാറ്റിനിർത്താനോ ഉള്ള കാരണങ്ങളല്ല. എല്ലാ മക്കളും എനിക്ക് ഒരുപോലെ....’

‘മനസ്സിൽ ഉദ്ദേശിച്ച പൂർണ്ണത ഏതാണ്ടൊക്കെ കൈവരിച്ച പാട്ടുകളെ കുറിച്ചാണ് ചോദ്യമെങ്കിൽ പറയാം. രണ്ടെണ്ണമുണ്ട്- ഒരു സോളോയും ഒരു ഡ്യൂയറ്റും. അവൾ എന്ന സിനിമയിൽ സുശീല പാടിയ പ്രേമകവിതകളേ. പിന്നെ കൊട്ടാരം വിൽക്കാനുണ്ടിലെ തൊട്ടേനേ ഞാൻ മനസ്സു കൊണ്ട് കെട്ടിപ്പിടിച്ചേനേ. ജയചന്ദ്രനും മാധുരിയും ചേർന്ന് പാടിയത്.’

പ്രിന്റ് പോലും അവശേഷിപ്പിക്കാതെ കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞ ‘അവൾ’ (സംവിധാനം: അസീസ്) എന്ന സിനിമയിൽനിന്ന് ഇന്ന് ഓർമ്മയിൽ തങ്ങിനിൽക്കുന്നത് വയലാർ- ദേവരാജൻ ടീമിന്റെ പാട്ടുകൾ മാത്രം. യേശുദാസ് പാടിയ ‘മൃണാളിനി’ എന്ന പാട്ടായിരുന്നു പടത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. സുശീലയും ജാനകിയും ചേർന്ന് പാടിയ ‘ഇന്നല്ലോ കാമദേവന് പൊന്നും തിരുനാൾ’ എന്ന പാട്ടും മറക്കാനാവില്ല.

സുശീലയുടെ ആലാപനത്തിന്റെ റേഞ്ച് സമർത്ഥമായി പ്രയോജനപ്പെടുത്തിയ ഗാനമാണ് പ്രേമകവിതകളേ എന്ന് തോന്നിയിട്ടുണ്ട്. കവിതയുടെ ആത്മാവിലൂടെ അയത്നലളിതമായി ഒഴുകിപ്പോകുകയാണ് ഗായിക. പശ്ചാത്തലത്തിൽ ചുരുങ്ങിയ വാദ്യോപകരണങ്ങളേ മാസ്റ്റർ ഉപയോഗിച്ചിട്ടുള്ളൂ. പ്രിയപ്പെട്ട ഗായികാശബ്ദത്തിന്റെ സാദ്ധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തുകയാവണം ലക്ഷ്യം. കാവ്യഭംഗിയാർന്ന രചനകൾ ചിട്ടപ്പെടുത്തുമ്പോൾ പിന്തുടരാറുള്ള ലാളിത്യമാർന്ന പരിചരണമാണ് ഈ ഗാനത്തിലും മാസ്റ്റർ പിന്തുടരുന്നത്. ഹിമശൈല സൈകത ഭൂമിയിൽ (ശാലിനി എന്റെ കൂട്ടുകാരി), അനഘ സങ്കൽപ്പ ഗായികേ (അണിയറ), മോഹവീണ തൻ തന്ത്രിയിൽ (പാദസരം), ഡാലിയാപ്പൂക്കളെ (നിഴലാട്ടം), സ്വർഗ്ഗസങ്കൽപ്പത്തിൻ (വെള്ളം), ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു (നീയെത്ര ധന്യ).... ഉദാഹരണങ്ങൾ നിരവധി.

വെറുതെയല്ല സുശീലാമ്മയെ കുറിച്ച് ഒരിക്കൽ ദേവരാജൻ മാസ്റ്റർ പറഞ്ഞത്: ‘പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ചുണ്ടുകൾ കൊണ്ട് പാടി നോക്കും ആദ്യം. തൃപ്തി വന്നില്ലെങ്കിൽ ഹൃദയം കൊണ്ടും. അപ്പോൾ കേൾക്കുക പി. സുശീലയുടെ ശബ്ദം.’ ചുരുങ്ങിയ വാക്കുകളിൽ ഒരു ഗായികയുടെ വ്യക്തിത്വം ഇത്രയും ലളിതസുന്ദരമായി വരച്ചിടാൻ മറ്റാർക്ക് കഴിയും?