
``സ്വര്‍ഗം'' (1970) എന്ന പഴയ ചിത്രത്തിന് വേണ്ടി എംഎസ് വിശ്വനാഥന് ചിട്ടപ്പെടുത്തിയ ``പൊന്മകള് വന്താല്‍'' എന്ന പ്രശസ്ത ഗാനത്തിന്റെ റീമിക്സ് വെര്ഷന് ``അഴകിയ തമിഴ് മകന്'' (2007) എന്ന ചിത്രത്തിലൂടെ ഹിറ്റായി നില്ക്കുന്ന സമയം. ആലങ്കുടി സോമുവിന്റെ വരികളെയും ടിഎം സൗന്ദരരാജന്റെ അനുപമശബ്ദത്തെയും റാപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് സംഗീത സംവിധായകന്. എംഎസ് വിയുടെ ആരാധകര്‍ക്കിടയില്‍ പരക്കെ പ്രതിഷേധമുയര്‍ത്തിയ പരീക്ഷണം.
പ്രതികരണമറിയാന്‍ ഒരു ദിവസം നേരിട്ട് എംഎസ് വിയെ വിളിച്ചപ്പോള്‍ മെല്ലിശൈ മന്നന്റെ മറുപടി: ``ഞാനെന്തു പറയാന്‍? സോമു അതെഴുതി. ഞാന്‍ ചിട്ടപ്പെടുത്തി. സൗന്ദരരാജന് പാടി. ഞങ്ങളുടെ ചുമതല അതോടെ തീര്‍ന്നു. പുറത്തിറങ്ങിയ നിമിഷം മുതല്‍ അത് ജനങ്ങളുടെ സ്വത്താണ്. അവര്‍ സ്വീകരിച്ചില്ലെങ്കില്‍ അതാരും ഓര്‍ക്കുകപോലും ഇല്ലായിരുന്നല്ലോ. ജനങ്ങള്‍ എന്ത് നിശ്ചയിക്കുന്നോ അതാണതിന്റെ ശരി.. ജനങ്ങള്‍ക്ക് പരാതിയില്ലെങ്കില്‍ എനിക്കുമില്ല.'' തെല്ലൊരു അത്ഭുതം തോന്നി എന്നത് സത്യം. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്ന പ്രകൃതമായതുകൊണ്ടാവാം അങ്ങനെയൊരു മറുപടി. പക്ഷേ ഒരു കാര്യം വിനയത്തോടെ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല അദ്ദേഹം: ``കഴിയുന്നതും പുതിയ ഈണങ്ങള്‍ ഉണ്ടാക്കാനാണ് ചെറുപ്പക്കാര്‍ ശ്രമിക്കേണ്ടത്.''
പക്ഷേ എംഎസ് വിശ്വനാഥനല്ലല്ലോ എല്ലാ സിനിമാക്കാരും. ഹിന്ദിയിലെ ഏറ്റവും പുതിയ റീമിക്സ് വിവാദം തെളിയിക്കുന്നത് അതാണ്.

ഡല്‍ഹി - 6 (2009) എന്ന ചിത്രത്തില്‍ പ്രസൂണ്‍ ജോഷി എഴുതി എആര്‍ റഹ്മാന്റെ ഈണത്തില്‍ മോഹിത് ചൗഹാന് പാടിയ ``ഏ മസാക്കലി മസാക്കലി'' ആണ് വിവാദഗാനം. മസാക്കലി 2.0 എന്ന പേരില്‍ പാട്ട് റീക്രിയേറ്റ് ചെയ്തിരിക്കയാണ് തനിഷ് ബാഗ്ച്ചി. പുതിയ പതിപ്പിന് ശബ്ദം പകര്‍ന്നത് തുള്‍സി കുമാറും സചേത് ഠണ്ഡനും. സിദ്ധാര്‍ഥ് മല്‍ഹോത്രയും താര സുതരിയയും അഭിനയിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഇതിനകം യൂട്യൂബില്‍ കോടിക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
റീമിക്സ് പതിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ആദ്യം ട്വീറ്റ് ചെയ്തത് സ്രഷ്ടാവായ എആര്‍ റഹ്മാന് തന്നെ. സംവിധായകനും സംഗീത സംവിധായകനും ഗാനരചയിതാവും അഭിനേതാക്കളും നൃത്ത സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ഒക്കെ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ നീണ്ട നിരന്തര സര്‍ഗ്ഗപ്രക്രിയയിലൂടെ സൃഷ്ടിച്ച കാലാതിവര്‍ത്തിയായ ഒരു ഗാനത്തെ വികലമായി പുനഃസൃഷ്ടിക്കുന്നതിലുള്ള ദുഃഖവും ആത്മരോഷവും പ്രതിഫലിക്കുന്നു റഹ്മാന്റെ വിനയാന്വിതമായ സന്ദേശത്തില്‍. ഒപ്പം ``മസാക്കലി''യുടെ ഒറിജിനല്‍ വേര്‍ഷന്‍ ശ്രോതാക്കള്‍ക്ക് കേള്‍ക്കാന്‍ വേണ്ടി പങ്കുവെച്ചിട്ടുമുണ്ട് അദ്ദേഹം. റീമിക്സ് പരീക്ഷണങ്ങള്‍ക്കെതിരെ ആദ്യമായിട്ടാവണം വ്യംഗ്യമായിട്ടാണെങ്കിലും റഹ്മാന് ഇത്ര വേദനയോടെ പ്രതികരിക്കുന്നത്.
മസാക്കലിയോടുള്ള ക്രൂരതക്കെതിരെ ഗാനമെഴുതിയ പ്രസൂണ്‍ ജോഷിയുടെ രൂക്ഷമായ പ്രതികരണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ: (കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ): ``പല കാരണങ്ങളാലും എനിക്ക് അവിസ്മരണീയമാണ് മസാക്കലി. രചനാജീവിതത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന പാട്ട്. ഞാന്‍ സ്വയം രൂപം കൊടുത്ത വാക്കാണ് മസാക്കലി. പ്രത്യേകിച്ച് ഒരര്‍ത്ഥവും ഇല്ല അതിന്. ഏതെങ്കിലും ഭാഷയോട് കടപ്പാടുമില്ല. സംഗീതത്തിലൂടെ റഹ്മാന് കനിഞ്ഞുനല്കിയ ഇമേജറികളാണ് ആ വാക്കിനെ അര്‍ത്ഥപൂര്‍ണ്ണമാക്കിയത്. മോഹിതിന്റെ ആലാപനം അതിനെ മറ്റൊരു തലത്തിലെത്തിച്ചു. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനം, ബിനോദ് പ്രധാന്റെ ക്യാമറ...ഇതെല്ലാം കൂടിചേര്‍ന്നാണ് മനോഹരമായ ആ പാട്ടുണ്ടായത്. മൗലികമായ രചനയുടെയും സംഗീതത്തിന്റെയും പരിപാവനത്വം ആരാണ് സംരക്ഷിക്കേണ്ടത്? ഒരു പാട്ടിന്റെ ആത്മാവിനെ നശിപ്പിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ?''-ജോഷിയുടെ ചോദ്യം.
ഗായകനായ മോഹിത് ചൗഹാന്റെ വാക്കുകള്‍ കേള്‍ക്കുക: ``റഹ്മാന് സാബും പ്രസൂണ്‍ ഭായിയും അവരുടെ വേദന പങ്കുവെച്ചു കഴിഞ്ഞു. ഒറിജിനല്‍ കേള്‍ക്കൂ എന്ന് എആര്‍ റഹ്മാനെ പോലെ വിശ്വപ്രസിദ്ധനായ സംഗീതജ്ഞന് അഭ്യര്‍ഥിക്കുമ്പോള്‍, തന്റെ പാട്ട് കൊല ചെയ്യപ്പെട്ടതിലുള്ള ദുഃഖം വിനയപൂര്‍വം ജനങ്ങളെ അറിയിക്കുകയാണ് അദ്ദേഹം എന്ന് മനസിലാക്കുക.'' ഡല്‍ഹി-6 ന്റെ സംവിധായകന് മെഹ്റക്കും ഇല്ല മറിച്ചൊരു അഭിപ്രായം. ``മൗലികതയില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. പാട്ട് ഇത്തരത്തില്‍ പുനഃസൃഷ്ടിക്കുന്നതിനോട് യോജിപ്പേ ഇല്ല എനിക്ക്..''
കൊറോണക്കാലത്തും വൈറസ് പോലെ പടര്‍ന്നുപിടിക്കാനിടയുള്ള വിവാദമായിക്കഴിഞ്ഞു മസാക്കലി. ആരുടെ ഭാഗത്താണ് ശരി?
Content Highlights: Masakali 2.0: Song ARRahman Mohit Chauhan Prasoon Joshi Remix Ponmagal Vanthaal
https://www.youtube.com/watch?v=SS3lIQdKP-A
https://www.youtube.com/watch?v=hQ6E1TkfzKA
Published: 11 Apr 2020, 03:00 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented