
ഇംപീരിയൽ ഹോട്ടലിലെ ഇന്ത്യൻ കോഫി ഹൗസിൽനിന്ന് ചായ കുടിച്ചിറങ്ങിയപ്പോൾ പുറത്തൊരു ആൾക്കൂട്ടം. ഇഷ്ടഗായകനെ തിരിച്ചറിഞ്ഞ ആരാധകരാണ്. കൈപിടിച്ച് കുലുക്കാനും ഒപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മത്സരിക്കുന്നു അവർ. ആകെ ബഹളം.
ആരേയും നിരാശരാക്കിയില്ല ഭാവഗായകൻ; ആരോടും തട്ടിക്കയറിയുമില്ല. യാതൊരു ഔചിത്യ ബോധവുമില്ലാതെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മവെച്ചവരോട് പോലും. അത്ഭുതമായിരുന്നു എനിക്ക്. അനുവാദം കൂടാതെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറിവരുന്നവരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യുന്നതാണല്ലോ ജയേട്ടന്റെ പതിവ്. മുഖത്തെ ഭാവപ്പകർച്ച കണ്ടാവണം ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'കോഴിക്കോട്ടുകാരല്ലേ? അവർക്കിത്തിരി സ്‌നേഹം കൂടും. പ്രകടിപ്പിക്കട്ടെ....'
തിരക്ക് ശമിച്ചപ്പോൾ, ഇംപീരിയലിന്റെ നടുമുറ്റത്ത് നിന്നുകൊണ്ട് കൗതുകത്തോടെ തലയുയർത്തി ചുറ്റും നോക്കി ജയചന്ദ്രൻ. 'വന്നത് നന്നായി. ഈ സ്ഥലം എനിക്ക് മറക്കാൻ പറ്റില്ല. കോഴിക്കോടിനെ കുറിച്ചുള്ള എന്റെ നല്ല ഓർമകളെല്ലാം തുടങ്ങുന്നത് ഇവിടെ നിന്നാണ്. വലിയ മാറ്റമൊന്നുമില്ല ആ പഴയ ഇംപീരിയലിന്.'
പതിറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിക്കുന്നു ജയചന്ദ്രന്റെ ഓർമകൾ. '1968-ലോ മറ്റോ ആവണം. സിനിമയിൽ പാടിത്തുടങ്ങി അധികകാലമായിട്ടില്ല. രണ്ടാമത്തെ ഗാനമേളക്ക് കോഴിക്കോട്ട് എത്തിയതായിരുന്നു ഞാൻ. താമസം ഇംപീരിയലിൽ. കോഴിക്കോട്ടെ പ്രധാനപ്പെട്ട ഹോട്ടലുകളിൽ ഒന്നാണ് അന്നിത്. ഒരു ദിവസം കാലത്ത് വെളുത്ത് തുടുത്ത് സമുഖനായ ഒരു കുട്ടി ബന്ധുവിന്റെ കൂടെ എന്നെ കാണാനെത്തുന്നു. ആരാധനാഭാവമായിരുന്നു അവന്റെ മുഖം നിറയെ. “ജയേട്ടാ, എന്തിനാ ഹോട്ടൽ മുറിയിൽ താമസിക്കുന്നത്? വരൂ നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാം..''-- യാതൊരു ഉപചാരവാക്കുകളും കൂടാതെ അവൻ പറഞ്ഞു. എന്റെ പെട്ടിയും ബാഗും അവൻ തന്നെയാണ് കാറിൽ എടുത്തുവെച്ചത്. എത്രയോ കാലമായി പരിചയമുള്ള ഒരാളെപ്പോലുള്ള സംസാരവും പെരുമാറ്റവും. എന്തോ ഒരു മുജ്ജന്മ ബന്ധം ഞങ്ങൾക്കിടയിൽ ഉള്ളപോലെ തോന്നി എനിക്ക്.- ജയചന്ദ്രൻ. പയ്യന്റെ പേര് രഘു. പൂതേരി രഘുകുമാർ. നന്നായി തബല വായിക്കും. സിനിമയായിരുന്നു അവന്റെ സ്വപ്നം നിറയെ; സംഗീതവും.
വീട് എന്ന് രഘു പറഞ്ഞപ്പോൾ മനസ്സിൽ വിരിഞ്ഞ സങ്കൽപ്പത്തെ അമ്പേ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഫറോക്കിൽ ജയചന്ദ്രനെ കാത്തിരുന്നത്. ഒരു കൊട്ടാരം! ശരിക്കും പൂതേരി പാലസ് തന്നെയായിരുന്നു അത്. വിശാലമായ മുറികൾ, ഇടനാഴികൾ, രാവും പകലും അവിടെ സംഗീതം നിറഞ്ഞുനിന്നു. “ചെന്നയുടൻ രഘു എന്നെ കൊണ്ടുപോയത് ഒരു ടേപ്പ് റെക്കോർഡറിന് മുന്നിലേക്കാണ്. വിദേശ നിർമിതമായ വലിയൊരു സ്പൂൾ സിസ്റ്റം. അത്രയും നല്ലൊരു ടേപ്പ് റെക്കോർഡർ ആദ്യം കാണുകയായിരുന്നു ഞാൻ. എന്നെ കൊണ്ട് അതിൽ പാടിച്ചു റെക്കോർഡ് ചെയ്തു കേൾപ്പിച്ചു അവൻ. പിന്നെ എന്നെ അമ്പരപ്പിച്ചു കൊണ്ട് ഒരു സമ്മാനം കയ്യിൽ വെച്ച് തന്നു: വിലപിടിപ്പുള്ള ഒരു വാച്ച്....അത്ര വിലപിടിപ്പുള്ള വാച്ച് അതിനു മുൻപ് കയ്യിൽ കെട്ടിയിട്ടില്ല.''
സുദീർഘമായ ഒരു സൗഹൃദത്തിന്റെ തുടക്കം. രഘു ആദ്യമായി തബല വായിച്ചതു ജയചന്ദ്രന്റെ ഗാനമേളയിലാണ്- 1970 കളുടെ തുടക്കത്തിൽ. ചെന്നൈയിൽ ചെന്ന് സിനിമയുടെ പിന്നണിയിൽ തബല വായിക്കാൻ രഘുവിനെ പ്രേരിപ്പിച്ചതും ജയചന്ദ്രൻ തന്നെ. സംഗീത സംവിധായകനായ ശേഷം രഘു സൃഷ്ടിച്ച ഏറ്റവും മികച്ച, ഏറ്റവും വ്യക്തിത്വമാർന്ന ഗാനങ്ങളിൽ ഒന്നിന് ശബ്ദം നൽകാനുള്ള നിയോഗവും ജയചന്ദ്രനായിരുന്നു: 'ധീര'യിലെ 'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..'' പൂവച്ചൽ ഖാദർ എഴുതിയ ഭാവഗീതം.
മാസങ്ങൾ മാത്രം മുൻപ് വിടപറഞ്ഞ സഹോദരതുല്യനായ സുഹൃത്തിന്റെ ഓർമയിൽ കാറിന്റെ പിൻസീറ്റിൽ ചാരിയിരുന്ന് മൃദുലേ എന്ന ഗാനം മൂളുന്നു ജയചന്ദ്രൻ. ഗസലിന്റെ രൂപഭാവങ്ങളുള്ള ആ ഗാനത്തിൽ ഗായകന്റെ മനോധർമ്മ പ്രകടനം കൂടി ചേർന്നപ്പോൾ അപൂർവസുന്ദരമായ ഒരു ഗാനശിൽപമായി മാറുന്നു അത്. 'ഗസലിനോടും ഹിന്ദി പാട്ടുകളോടുമൊക്കെ വല്ലാത്ത അഭിനിവേശമായിരുന്നു രഘുവിന്. തലത്ത് മഹ്‌മൂദ്, മെഹ്ദി ഹസൻ, ഗുലാം അലി.. ഇവരുടെയൊക്കെ ആരാധകൻ. പല ഗസലുകളും ഞാൻ ആദ്യം കേട്ടത് രഘു പാടിയാണ്..'
ധീരയിലെ പാട്ട് പഠിപ്പിക്കും മുൻപ് രഘു പറഞ്ഞു: 'ജയേട്ടാ, ഒരു ഗസൽ ടൈപ്പ് പാട്ടാണ് എന്റെ സങ്കൽപ്പത്തിൽ. ബാക്കിയെല്ലാം ജയേട്ടന്റെ മനോധർമം പോലെ. സ്പെഷൽ ടച്ചസ് ഒക്കെ വന്നോട്ടെ....' ഗായകന് പൂർണ സ്വാതന്ത്ര്യം നൽകുന്നതാണ് രഘുവിന്റെ രീതി. തനിക്ക് വേണ്ടതെന്തെന്ന് കൃത്യമായി അറിയുന്ന സംഗീത സംവിധായകൻ. ബാബുരാജിന്റെ വലിയ ആരാധകനാണ്; ഹിന്ദുസ്ഥാനി രാഗങ്ങളുടെയും. 'മൃദുലേ പാടിക്കഴിഞ്ഞപ്പോൾ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു രഘു. വിചാരിച്ചതിനേക്കാൾ ഗംഭീരമായി പാടി എന്നൊരു സർട്ടിഫിക്കറ്റും.' -- ജയചന്ദ്രന്റെ വാക്കുകൾ.
ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ 'മൃദുലേ' പിറന്നുവീണ നിമിഷങ്ങൾ നാല് പതിറ്റാണ്ടിനിപ്പുറവും ഓർമയിൽ സൂക്ഷിക്കുന്നു ഗായകൻ സതീഷ് ബാബു. അതേ സിനിമയിൽ എസ്. ജാനകിയോടൊപ്പം 'മെല്ലെ നീ മെല്ലെ വരൂ' എന്ന ഗാനം പാടി റെക്കോർഡ് ചെയ്യാൻ കോഴിക്കോട്ട് നിന്നെത്തിയതായിരുന്നു സതീഷ്. 'രഘുവേട്ടനിൽനിന്ന് പാട്ട് പഠിച്ച ശേഷം മൈക്കിന് മുന്നിൽ ചെന്ന് നിന്നത് മറ്റൊരു ജയേട്ടനായിരുന്നു. പാട്ടിന്റെ വരികളിലൂടെ, വാക്കുകളിലൂടെ, അക്ഷരങ്ങളിലൂടെ സ്വയം മറന്ന് ഒഴുകുകയായിരുന്നു അദ്ദേഹം. ആ നിമിഷങ്ങൾ ഓർക്കുമ്പോഴേ രോമാഞ്ചം വരും. കൺസോളിൽ രഘുവേട്ടനും റെക്കോർഡിസ്റ്റ് അമീറും ഞാനും ഒക്കെ ആ ആലാപനം കേട്ട് തരിച്ചിരുന്നത് ഓർമയുണ്ട്. അന്ന് ജയേട്ടൻ പാടിക്കേട്ടതിന്റെ ഭംഗി വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല എനിക്ക്. '
സിനിമാഗാനങ്ങളെക്കാൾ രഘുകുമാർ- ജയചന്ദ്രൻ ടീം ഒന്നിച്ചത് ചലച്ചിത്രേത്രര ആൽബങ്ങൾക്ക് വേണ്ടിയാണ്; പ്രത്യേകിച്ച് പ്രണയഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും വേണ്ടി. 'എനിക്ക് വേണ്ടി രഘു കമ്പോസ് ചെയ്ത ഒരു പാട്ട് ഓർമ വരുന്നു. ചിത്രവസന്തം എന്ന ആൽബത്തിന് വേണ്ടി രാജീവ് ആലുങ്കൽ എഴുതിയ 'പതിരുള്ള നാഴൂരി നെല്ലുമായ് എന്നമ്മ പടികേറി എത്തുന്ന സായന്തനം, കണ്ണീരു പെയ്യുന്ന കോലായിലെന്നുടെ ശോക രാമായണ പാരായണം.. ആ പാട്ട് രഘു ചെയ്തത് ബിലാസ്ഖാനി തോഡി എന്ന അപൂർവ ഹിന്ദുസ്ഥാനി രാഗത്തിലാണ്. അസാവരിയുടെയും തോഡിയുടെയും മിശ്രിതം. ആ രാഗത്തിൽ ആരെങ്കിലും മലയാളം പാട്ട് ചെയ്തതായി അറിയില്ല. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണത്.''
കണ്ണുകൾ ചിമ്മി വീണ്ടും 'മൃദുലേ'യുടെ ആത്മാവിലേക്ക് തിരിച്ചുപോകുന്നു ജയേട്ടൻ: 'നൂറു പൂക്കൾ താലമേന്തും രാഗമേഖലയിൽ നൂപുരങ്ങൾ നീയണിഞ്ഞൂ......'ഒരുമിച്ചുള്ള അവസാന യാത്രകളിലൊന്നായിരുന്നു അത്. കഴിഞ്ഞ വർഷം ജനുവരി ഒൻപതിന് ജയേട്ടൻ ഓർമയായി. ഈണമിട്ട രഘുവും പാട്ടെഴുതിയ പൂവച്ചലും മുൻപേ യാത്രയായിരുന്നു.
അടുത്തൊരു നാൾ കോഴിക്കോട്ട് വന്നിറങ്ങിയപ്പോൾ ഇംപീരിയൽ ഹോട്ടൽ സന്ദർശിക്കാൻ മറന്നില്ല. ഒരു പാട് ഓർമകൾ മയങ്ങിക്കിടക്കുന്നുണ്ടല്ലോ അവിടെ. ഹോട്ടലിന്റെ നടുമുറ്റത്ത് വെറുതെ ചെന്നു നിന്നപ്പോൾ അന്തരീക്ഷത്തിൽ അതേ ഗസലിന്റെ ഈരടികൾ: 'നിന്റെ മിഴിതൻ നീലിമയിൽ നിന്നു ഞാൻ പകർത്തീ, മൃദുലേ ഇതാ ഒരു ഭാവഗീതമിതാ....' ഇല്ല. ജയേട്ടൻ പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട് അദ്ദേഹം; നമുക്കിടയിൽ.
Content Highlights: Singer Jayachandran revisits Kozhikode, sharing cherished memories of his friendship with composer Raghu Kumar and their musical journey. Relive their bond and iconic songs.
Published: 09 Jan 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented