ഴയൊരു പാട്ട് പാടിക്കേൾപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 1960കളുടെ തുടക്കത്തിൽ പുറത്തുവന്ന ക്രിസ്മസ് രാത്രി എന്ന പടത്തിൽ പി.ലീല പാടിയ പാട്ട്: "കണ്മണീ കരയല്ലേ കയ്യിൽ വന്ന നിധിയല്ലേ കണ്ടിരിക്കും പൊൻകിനാവിൻ ചെണ്ടിലുള്ള പൂന്തേനല്ലേ ............" ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന ഫോൺ കോളിന്റെ ഓർമകളിൽ ആ പാട്ടുമുണ്ട്.

To advertise here,

പാടുന്നയാളുടെ ശൈലി ഒപ്പിയെടുത്താണ് ഗിരീഷ് പാടുക. മനോധർമത്തിന്റെ ഒരു ഉത്സവമേളം തന്നെയുണ്ടാകും അകമ്പടിക്ക്. കേട്ടാൽ അറിയാതെ ഏറ്റുപാടിപ്പോകും നമ്മൾ. പാടിനിർത്തിയ ശേഷം ഗിരീഷ് പറഞ്ഞു: "ങ്ങടെ ഹലോ ട്യൂൺ മലയാളത്തിലാക്കിയതാണ്. കേട്ടിട്ടുണ്ടാകുമല്ലോ അല്ലേ? കുട്ടിക്കാലത്ത് ഈ പാട്ട് ധാരാളം പാടി നടന്നിട്ടുണ്ട്. കൊറേക്കാലം കഴിഞ്ഞാണ് ഇതിന്റെ ഒറിജിനൽ കേട്ടത്...."

https://www.youtube.com/watch?v=LP4AzUt1iWc&list=RDLP4AzUt1iWc&start_radio=1

"സുജാത"യിലെ "ജൽത്തേ ഹേ ജിസ്‌കേലിയെ" ആണല്ലോ ഹലോ ട്യൂൺ എന്നോർത്തത് അപ്പോഴാണ്. പ്രിയ ഗായകനായ തലത്ത് മഹ്‌മൂദിന്റെ ക്ലാസിക് ഗാനം. ആദ്യകാലങ്ങളിലെ പതിവനുസരിച്ച് ആ ഗാനത്തിന്റെ ഈണം വലിയ മാറ്റങ്ങളൊന്നുമില്ലാതെ "ക്രിസ്മസ് രാത്രി"യിലെ പാട്ടിലേക്ക് പകർത്തുകയായിരുന്നു സംഗീത സംവിധായകൻ ബ്രദർ ലക്ഷ്മണൻ. വരികളെഴുതിയത് ഭാസ്കരൻ മാഷ്.

തലത്ത് മഹ്‌മൂദായി പിന്നെ ഞങ്ങളുടെ സംസാരവിഷയം. "ങ്ങള് തലത്തിനെ പറ്റി എഴുതീത് വായിച്ചു. പാതിരാക്കാറ്റിൽ പട്ടുറുമാൽ ഇളകുംപോലുള്ള ശബ്ദം എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു...." തലത്തിന്റെ "ജൽത്തേ ഹേ ജിസ്‌കേലിയെ"യിലൂടെ ഒഴുകിത്തുടങ്ങുന്നു ഗിരീഷ്; തെല്ലുറക്കെ തന്നെ.

‘ദിൽ മേ രഖ് ലേനാ ഇസേ ഹാതോം സേ യേ
ചൂട്ടേനാ കഹീ
ഗുൻഗുനാവൂംഗാ യഹീ
ഗീത് മേ തേരെലിയേ...’

ഒരു ഹിന്ദി പാട്ട് ഗിരീഷ് പാടിക്കേൾക്കുന്നത് നടാടെയായിരുന്നു. ‘ഇതെവിടെയിരുന്നാണ് ഞാൻ പാടുന്നത് എന്ന് ഊഹിക്കാമോ?" അടുത്ത ചോദ്യം. "എങ്ങനെ അറിയാൻ? എവിടെനിന്നും ആകാം; റെയിൽവേ സ്റ്റേഷനിൽ നിന്ന് വരെ’. എന്റെ മറുപടി. ‘ബഹളം കേട്ടിട്ട് അങ്ങനെ തോന്നുന്നു’.

സ്വതഃസിദ്ധമായ ശൈലിയിൽ പൊട്ടിച്ചിരിച്ചു ഗിരീഷ്. ‘ന്നാൽ കേട്ടോളീ, അളകാപുരിയിലെ റസ്റ്റോറന്റിൽ നിന്നാണ്. പാട്ട് കേട്ട് സപ്ലൈയർ ഗംഗാധരൻ ഇവിടെ അന്തംവിട്ട് നിൽക്കുന്നുണ്ട്. കൊടുക്കണോ?’ ടെലിവിഷനിൽ വന്നിരുന്ന ‘പാട്ടിന്റെ പൂവരങ്ങ്’ എന്ന പരിപാടിയുടെ മാതൃകയിൽ മറ്റൊരു സംഗീതാസ്വാദന പരിപാടിയെക്കുറിച്ചു സംസാരിക്കാനായിരുന്നു ഗിരീഷിന്റെ വിളി. പൂവരങ്ങിൽ ഏതാണ്ട് എല്ലാവരേയും പരാമർശിച്ചു. ഇനി മറ്റൊരു ചാനലിൽ മറ്റൊരു സ്റ്റൈലിൽ ഒരു പരിപാടി ചെയ്യണം. "ഗായകരെപ്പറ്റിയെങ്കിൽ നന്നായിരിക്കും. നമുക്ക് ഒരുമിച്ച് ഇരുന്നാലോ? വെറുതെ കാഷ്വൽ ആയി സംസാരിക്കാം. എന്റെ മനസ്സിലുള്ളത് ഞാനും നിങ്ങടെ മനസ്സിലുള്ളത് നിങ്ങളും പറയും. വേണമെങ്കിൽ ഇടയ്ക്ക് കലഹിക്കാം. ആളുകൾ ഇഷ്ടപ്പെടും എന്നാണെന്റെ ഒരു തോന്നൽ. ഒറ്റക്കിരുന്ന് സംസാരിച്ചു ബോറടിച്ചു’.

ടെലിവിഷനിൽ രണ്ടുമൂന്നു പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൊതുവെ ക്യാമറ കണ്ടാൽ ചൂളിപ്പോകുന്ന സ്വഭാവമാണ് എന്റേതെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചപ്പോൾ ഗിരീഷ് വീണ്ടും ചിരിച്ചു. ‘അതിനെന്താ. ഞാനല്ലേ കൂടെ ഇരിക്കുന്നത്. നിങ്ങളെക്കൊണ്ട് സംസാരിപ്പിക്കാനുള്ള വിദ്യയൊക്കെ എന്റെ കയ്യിലുണ്ട്....’

ഗൗരവപൂർവം ആലോചിക്കാം എന്ന വാഗ്ദാനത്തോടെ ഫോൺ വെച്ചതാണ്. അധികം വൈകാതെ ഗിരീഷ് ശയ്യാവലംബിയായി എന്നറിഞ്ഞു. തിരിച്ചുവരവുണ്ടായില്ല ആ "വീഴ്ച്ച"യിൽ നിന്ന്. 2010 ഫെബ്രുവരി പത്തിന്, നാല്പത്തിയെട്ടാം വയസ്സിൽ, ഗിരീഷ് കടന്നുപോയി; ഒരുപാട് പാട്ടുകളും സ്വപ്നങ്ങളും ഭൂമിയിൽ ഉപേക്ഷിച്ച്...