മൂന്നാമത്തെ ദിവസവും വേദാന്തയുടെ ഓഹരി വിലയില്‍ ഇടിവ്. രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 224.20 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 83,525 കോടിയായി കുറയുകയും ചെയ്തു. 

To advertise here,

2,500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാന്‍ കമ്പനി ബോര്‍ഡ് യോഗം അനുമതി നല്‍കിയതിന് പിന്നാലെയാണ് ഓഹരി ഇടിവ് നേരിട്ടത്. ഉച്ചക്കുശേഷമുള്ള വ്യാപാരത്തിനിടെ 224.65 രൂപ നിലവാരത്തിലാണ് ഇടപാട് നടന്നത്. ഈ വര്‍ഷം മാത്രം ഓഹരി വിലയില്‍ 28.69 ശതമാനമാണ് നഷ്ടം. ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ നഷ്ടം 19.70 ശതമാനവുമാണ്. 

236.50 രൂപ നിലവാരത്തിലായിരുന്നു സെപ്റ്റംബര്‍ 18ന് ഓഹരി വില ക്ലോസ് ചെയ്തത്. അതിനുശേഷം 13 രൂപയോളം വീണ്ടും കുറയുകയും ചെയ്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനിയുടെ അറ്റാദായം 40 ശതമാനം കുറഞ്ഞ് 3308 കോടിയായിരുന്നു. ഓഹരിയൊന്നിന് 18.5 രൂപ നിരക്കില്‍ ലാഭവീതവും പ്രഖ്യാപിച്ചിരുന്നു. 

കമ്പനിയുടെ മാതൃ സ്ഥാപനമായ വേദാന്ത റിസോഴ്‌സസ് 100 കോടി ഡോളറിന്റെ വായ്പക്കായി ബെയിന്‍ ക്യാപിറ്റല്‍, ഡേവിഡ്‌സണ്‍ കെംപ്നര്‍, ആരെസ് എസ്എസ്ജി ക്യാപിറ്റല്‍, സെര്‍ബറസ് ക്യാപിറ്റല്‍ എന്നിവ ഉള്‍പ്പടെയുള്ള ആഗോള സ്വകാര്യ വായ്പ ഫണ്ടുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് വേദാന്ത ലിമിറ്റഡ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍ എണ്ണ, വാതകം, സിങ്ക്, ഈയം, വെള്ളി, ചെമ്പ്, ഉരുക്ക്, അലുമിനിയം എന്നിവയുടെ ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിക്ക് ഊര്‍ജമേഖലിയിലും സാന്നിധ്യമുണ്ട്.