കൃത്രിമബുദ്ധി മേഖലയിലെ വൻ നിക്ഷേപവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളും യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൻ വിജയവും ആഗോളതലത്തിൽ വിപണികൾക്ക് തിരിച്ചടിയായി. യു.എസ്. ഓഹരി വിപണിയായ വാൾസ്ട്രീറ്റിൽനിന്ന് ഒറ്റദിവസം കൊണ്ട് 2.5 ലക്ഷം കോടി ഡോളർ അപ്രത്യക്ഷമായി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഏഷ്യൻ വിപണികളിലേക്കും ഭീതി വ്യാപിച്ചു.

To advertise here,

വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയതോതിൽ നഷ്ടം പ്രത്യക്ഷപ്പെട്ടെങ്കിലും സെൻസെക്സ് നേട്ടത്തിലെത്തി. എങ്കിലും ചാഞ്ചാട്ടം പ്രകടമാണ്.

എ.ഐ. ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വരാനിരിക്കുന്ന കർശന നിയന്ത്രണങ്ങളും വികസന മന്ദതയും മുന്നിൽക്കണ്ട് നിക്ഷേപകർ വ്യാപകമായി സാങ്കേതിക ഓഹരികൾ വിറ്റഴിച്ചതാണ് ആഗോളതലത്തിൽ തകർച്ചയ്ക്കുകാരണമായത്.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനാണ് അമേരിക്കൻ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. മുൻനിര ടെക്നോളജി ഓഹരികൾ നേരിട്ട കനത്ത തിരിച്ചടിയെത്തുടർന്ന് നിക്ഷേപകരുടെ കോടിക്കണക്കിന് ഡോളറാണ് മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമായത്. ഏതാനും മാസങ്ങളായി റെക്കോഡ് കുതിപ്പ് നടത്തിയിരുന്ന വിപണി, എ.ഐ. അധിഷ്ഠിത കമ്പനികളുടെ വൻതോതിലുള്ള ചെലവഴിക്കലിനെയും ഭാവി വളർച്ചയെയും കുറിച്ചുള്ള ആശങ്കകൾ ഉയർന്നതോടെ പെട്ടെന്ന് നിലംപതിക്കുകയായിരുന്നു.

ടെക്നോളജി ഓഹരികൾക്ക് മുൻതൂക്കമുള്ള നാസ്ദാക്ക് സൂചിക 5.5 ശതമാനമാണ് തകർന്നത്. 18 മാസത്തിനിടയിലെ ഏറ്റവും വലിയ പതനമാണിത്. ഡൗ ജോൺസാകട്ടെ 3.4 ശതമാനം താഴ്ന്നു. എസ് ആന്ഡ് പി 4.4 ശതമാനം ഇടിവ് നേരിട്ടു.

ഏഷ്യൻ വിപണികളെയും തകർത്തു

രാവിലെ വ്യാപാരം ആരംഭിച്ചയുടനെ ദക്ഷിണ കൊറിയയുടെ കോസ്പി എട്ടു ശതമാനത്തിലധികം തകർന്നു. ഇതേത്തുടർന്ന് ട്രേഡിങ് താത്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ജപ്പാന്റെ നിക്കിയാകട്ടെ ആറു ശതമാനം ഇടിവ് നേരിട്ടു.