ട്രേഡിംഗ് മിതമായ നിരക്കിനു മുകളിലാണെന്നു കരുതുന്ന ചില മേഖലകളില്‍ വില്‍പന സമ്മര്‍ദം ഉണ്ടായതൊഴിച്ചാല്‍ ആഴ്ചയിലുടനീളം ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനം ഊഷ്മളമായിരുന്നു. ഇടത്തരം, ചെറുകിട ഓഹരികള്‍ മുന്നേറാന്‍ തുടങ്ങുമ്പോള്‍ വിപണിയില്‍ ആവേശം അതിരുവിട്ടുയരാറുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ ഗുണപരമായ കുതിപ്പില്‍നിന്ന് മോശം ഘട്ടത്തിലേക്കും തിരിച്ചും എപ്പോഴാണ് നീങ്ങുകയെന്നു തീര്‍ത്തുപറയുക ദുഷ്‌കരം. കമ്പനിയുടെ വളര്‍ച്ച, വ്യവസായത്തിലെ പ്രവണതകള്‍ എന്നിവ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും ദീര്‍ഘകാല ധന വിവരങ്ങള്‍ മനസിലാക്കുകയും, ഓഹരികള്‍ വാങ്ങണോ, നിലനിര്‍ത്തണോ, വില്‍ക്കണോ എന്നു തീരുമാനിക്കുന്നതിലെ റിസ്‌കുകള്‍ നന്നായി വിലയിരുത്തുകയും ചെയ്യുക എന്നതാണ് സാധ്യമായ ഏക സമീപനരീതി.
കുതിപ്പ് മുകളിലോട്ടായാലും താഴേക്കായാലും ഇടത്തരം, ചെറുകിട ഓഹരികളില്‍ സമൃദ്ധി ദൃശ്യമാകാറുണ്ട്. ഇക്കാരണത്താല്‍ ഹ്രസ്വകാലയളവില്‍ ഇവ കൂടിയതോതിലുള്ള അസ്ഥിരത കൊണ്ടുവരും. എന്തൊക്കെയായലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അവയ്ക്കെപ്പോഴും നേട്ടമുണ്ടാകാറുണ്ട്. ഒന്നാംനിര വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളുടെ 10 വര്‍ഷ ആദായം 13 ശതമാനം, 19 ശതമാനം, 16 ശതമാനം എന്ന ക്രമത്തിലാണെന്നത് ശ്രദ്ധേയമാണ്.
ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രാഥമിക ചാലകം ഓരോ ഓഹരിയുടേയും സ്വഭാവവും പശ്ചാത്തലവും തന്നെയായിരിക്കും. വൈവിധ്യമാര്‍ന്ന ഓഹരികളുടെ സമുച്ചയത്തില്‍ ഒഴിവാക്കാനാവാത്തവിധം നല്ലതും ചീത്തയുമായ ഓഹരികളുടെ മിശ്രിതമാണുണ്ടാവുക. ഇടത്തരം ഓഹരികള്‍ ഇനിയും കുതിക്കാന്‍ സാധ്യത വര്‍ധിച്ചിരിക്കയാണ്. ആഗോള ഉത്പാദന ശൃംഖലയിലെ ശക്തമായ സാന്നിധ്യം എന്ന നിലയില്‍ ഇന്ത്യയുടെ വര്‍ധിക്കുന്ന പ്രാധാന്യവും രാജ്യത്തിന്റെ സ്ഥിരതയാര്‍ന്ന ആഭ്യന്തര സമ്പദ് വ്യവസ്ഥയുമാണ് അതിനുകാരണം. സമീപ ഭാവിയില്‍ യഥാര്‍ഥ ജിഡിപി വളര്‍ച്ച ഏഴ് ശതമാനമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
സാങ്കേതിക വിദ്യ, ഫിന്‍ടെക്, ഇ കോമേഴ്സ്, സാസ്, ബയോടെക്, വിദ്യാഭ്യാസം, സെമി കണ്ടക്ടേഴ്സ്, ഐടി ഹാഡ് വെയര്‍, കെമിക്കല്‍സ്, പുനര്‍ നിര്‍മ്മിക്കാവുന്നവ, എഥ്നോള്‍ തുടങ്ങി നിരവധി മേഖലകളിലെ ഓഹരികള്‍ ഗുണകരമാണ്. ഓരോ ഇടത്തരം, ചെറുകിട ഓഹരികളുടെ സഞ്ചാര പാതയും അവയുടെ തനതായ ശക്തിയും സാഹചര്യങ്ങളുമനുസരിച്ച് വ്യത്യസ്തമായിരിക്കും. ശരിയായ ഓഹരി തെരഞ്ഞെടുക്കുക എന്നതാണ് പരമപ്രധാനം. ശരിയായ ബിസിനസ് കാഴ്ചപ്പാടുള്ള ഓഹരിയാണ് കൈവശമുള്ളതെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല.
മൂലധന ഒഴുക്കിനെ ക്ഷയിപ്പിക്കുംവിധം ഹ്രസ്വകാലയളവില്‍ കൂടുതല്‍ ഓഹരികളുടെ വാങ്ങലും വില്‍പനയും ഉണ്ടാകാം എന്ന വസ്തുത മനസിലാക്കേണ്ടതും പ്രധാനമാണ്. 2024 സാമ്പത്തിക വര്‍ഷം നേരിട്ടുള്ള സ്ഥാപന നിക്ഷേപകരും ചെറുകിട നിക്ഷേപകരുമായി ആഭ്യന്തര നിക്ഷേപകരുടെ തള്ളിക്കയറ്റം ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എസ്‌ഐപി പോലൊരു മുഖ്യവിഭാഗത്തില്‍ 21 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പ്രതിമാസ എസ്.ഐ.പി നിക്ഷേപം ഓഗസ്റ്റ് മാസം എക്കാലത്തേയും ഏറ്റവും കൂടിയ തുകയായ 15,814 കോടി രൂപയിലെത്തി. നിഫ്റ്റി ഇടത്തരം 100 സൂചികയും നിഫ്റ്റി ചെറുകിട ഓഹരി 100 സൂചികയും 23 വര്‍ഷം നാളിതുവരെ 28 ശതമാനം, 29 ശതമാനം എന്ന ക്രമത്തിലാണ് ലാഭം നല്‍കിയത്. നിഫ്റ്റി 50 ന്റെ ലാഭം 11 ശതമാനം മാത്രമായിരുന്നു.
ഈയിനം ഓഹരികളുടെ പരമാവധി പ്രകടനമായിരിക്കും ഇതെന്നു പറയാന്‍ കഴിയില്ല. കഴിഞ്ഞ എട്ടര മാസത്തെ പ്രകടനത്തെ തുടര്‍ന്ന് ഈ ഓഹരികള്‍ നിക്ഷേപത്തിനു പറ്റിയതല്ലെന്ന ധാരണ പരന്നിരുന്നു. ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനം +4 ശതമാനം , -14 എന്ന രീതിയില്‍ 2022ല്‍ പ്രായേണ നിശ്ചലമായിരുന്നു. ഡിമാന്റ് കുറവും ചെലവു വര്‍ധനയും കാരണം ഓഹരികള്‍ വില്‍ക്കപ്പെടുകയായിരുന്നു. 2023 മാര്‍ച്ചോടെ വില്‍പനയുടെ കുത്തൊഴുക്ക് നിലച്ചു. അനുകൂലമായ സാമ്പത്തിക കാഴ്ചപ്പാട് കാരണം നിലവിലുള്ള കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിര്‍മ്മാണ ചെലവിലുണ്ടായ കുറവും,ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നിന്നുള്ള ഉറച്ച ഡിമാന്റും കാരണം 2024 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ കോര്‍പറേറ്റ് ലാഭത്തില്‍ വലിയ തോതില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഉത്പന്ന വിലകള്‍ ഭദ്രമാവുകയും ഡിമാന്റില്‍ സ്ഥിരതയുണ്ടാവുകയും ചെയ്തതിനാല്‍ ലാഭ വളര്‍ച്ച രണ്ടാം പാദത്തിലും വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒന്നാം പാദത്തില്‍ നിഫ്റ്റി 50 സൂചികയിലെ ഓഹരികളുടെ നികുതി കഴിച്ചുള്ള ലാഭ വളര്‍ച്ച 30 ശതമാനമായിരുന്നു. ഇടത്തരം, ചെറുകിട ഓഹരികളുടെ ലാഭ വളര്‍ച്ച 25 ശതമാനവും. വരും പാദങ്ങളില്‍ പതുക്കെയാണെങ്കിലും ഈ വിഭാഗം പൂര്‍ണ ആനുകൂല്യം നേടുമെന്നാണ് പ്രതീക്ഷ. വിപണി പ്രതീക്ഷിക്കുന്നത് നിഫ്റ്റി 50 ലെ ലാഭ വളര്‍ച്ച 2024 സാമ്പത്തിക വര്‍ഷം 15 മുതല്‍ 20 ശതമാനം വരെ ആയിരിക്കുമെന്നാണ്. ഇടത്തരം. ചെറുകിട ഓഹരികളുടെ വരുമാന വളര്‍ച്ച ഇരട്ടിപ്പിക്കുന്ന രീതിയിലായിരിക്കും മുന്നേറ്റം.
അനുകൂലമായ സമയം വരുമ്പോള്‍ ഇടത്തരം ഓഹരികള്‍ കാര്യമായ ലാഭം പിടിച്ചടക്കും. ഈ വിഭാഗം ഓഹരികളുടെ വാല്യുവേഷന്‍ കൂടുതലോ, വില കൂടുതലോ എന്നത് പ്രധാനമല്ല. ലാഭ വളര്‍ച്ചയ്ക്ക് അനുസരിച്ചായിരിക്കും ഓഹരി വിലകളില്‍ മാറ്റമുണ്ടാവുക. ആരോഗ്യകരമായ ലാഭ പ്രതീക്ഷയില്‍, നിരക്ക് മൂര്‍ധന്യത്തിനടുത്തെങ്ങും എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. മൂന്നു വിഭാഗവും നോക്കിയാല്‍, ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഇടത്തരം ഓഹരികള്‍ക്കാണ്. വന്‍കിട, ചെറുകിട ഓഹരികള്‍ ഇപ്പോഴും ദീര്‍ഘകാല ശരാശരിയില്‍ സാധ്യമായ നിരക്കില്‍ തന്നെയാണ് ട്രേഡിംഗ് നടത്തുന്നത്.

Content Highlights: Mid and smallcaps still have room for growth
Published: 22 Sept 2023, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented