അഞ്ചാമത്തെ വ്യാപാര ദിനത്തിലും നഷ്ടം നേരിട്ട് വിപണി. താരിഫ് ഭീഷണിയും വളര്‍ച്ചാ ആശങ്കകളും ആഗോളതലത്തില്‍ സൂചികകള്‍ക്ക് തിരിച്ചടിയായി. എല്ലാ സെക്ടറുകളിലേയ്ക്കും തകര്‍ച്ച വ്യാപിച്ചു.
സെന്‍സെക്‌സ് 800 പോയന്റിലേറെ നഷ്ടത്തില്‍ 74,509ലെത്തി. നിഫ്റ്റിയാകട്ടെ 226 പോയന്റ് ഇടിഞ്ഞ് 22,570ലുമെത്തി. കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.07 ലക്ഷം കോടി കുറഞ്ഞ് 397.13 ലക്ഷം കോടിയിലെത്തി.
ട്രംപിന്റെ താരിഫ് ഭീഷണികളുടെ നശീകരണ ശക്തി സംബന്ധിച്ച ആശങ്കകള്‍ ആഗോളതലത്തിലേയ്ക്ക് വ്യാപിച്ചു. യുഎസില്‍ പണപ്പെരുപ്പം വീണ്ടും കൂടിയേക്കുമെന്ന ആശങ്കകള്‍ അതോടൊപ്പം പരന്നു. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം വിലയിരുത്തുന്ന സൂചികയായ യുഎസ് കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇന്‍ഡക്‌സ് 15 മാസത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
വളര്‍ച്ചാ ആശങ്കള്‍ക്കിടെ വെള്ളിയാഴ്ച വാള്‍സ്ട്രീറ്റിലുണ്ടായ നഷ്ടം ഏഷ്യന്‍ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്തു.
നിഫ്റ്റി ഐടി സൂചിക 1.8 ശതമാനം ഇടിഞ്ഞു. എല്‍ആന്‍ഡ്ടി ടെക്‌നോളജി, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, കോഫോര്‍ജ് എന്നീ ഓഹരികളിലെ ഇടിവാണ് സൂചികയെ ബാധിച്ചത്. നിഫ്റ്റി ധനകാര്യ സേവനം, മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് തുടങ്ങിയ സുചികളും ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി.
യുഎസിലെ ഉത്പന്ന വിലനിലവാര സൂചികാ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതും വിപണിക്ക് തിരിച്ചടിയായി. സൂചിക 2.8 ശതമാനത്തില്‍നിന്ന് 2.6 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും താരിഫ് ഭീതിയും അതിന്റെ പ്രതിഫലനങ്ങളും സൃഷ്ടിച്ചേക്കാവുന്ന ആഘാതമാണ് നിക്ഷേപകരുടെ ജാഗ്രതയ്ക്ക് പിന്നില്‍.
വിദേശ നിക്ഷേപകരുടെ കൂടുമാറ്റം അതിനേക്കാള്‍ വലിയ യാഥാര്‍ഥ്യമായി തുടരുകയാണ്. 2025ല്‍ ഇതുവരെ രാജ്യത്തെ വിപണിയില്‍നിന്ന് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 1.01 ലക്ഷംകോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ദിനംപ്രതിയെന്നോണം അത് തുടരുകയും ചെയ്യുന്നു.
Content Highlights: Sensex Falls 800+ Points, Nifty Drops 226 on Tariff & Growth Concerns
Published: 24 Feb 2025, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented