
ഡെറിവേറ്റീവ് ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം സെബി ഏര്‍പ്പെടുത്തിയതോടെ എക്സ്ചേഞ്ചുകളുടെയും സ്റ്റോക്ക് ബ്രോക്കര്‍മാരുടെയും വരുമാനത്തില്‍ ഇടിവുണ്ടായേക്കും. എക്സ്ചേഞ്ചുകളുടെ വരുമാനത്തില്‍ 15 മുതല്‍ 20 ശതമാനംവരെയും ബ്രോക്കര്മാരുടേത് 25 ശതമാനവും കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടി ചെറുകിട നിക്ഷേപകരില്‍ ഏറെപ്പേരും ഓഹരി വിപണിയില്‍ എഫ്ആന്ഡ്ഒ ഇടപാടുകള്‍ നടത്തി പണം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ് സെബി നിയന്ത്രണം കൊണ്ടുവന്നത്. വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാകുന്നതോടെ ഇടപാടുകളില്‍ 30 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്‍ഡക്സ് ഡെറിവേറ്റീവ് കരാറുകള്‍ക്കുള്ള മിനിമം തുക 5-10 ലക്ഷത്തില്‍നിന്ന് 15-20 ലക്ഷമാക്കിയതോടെ ചെറുകിട നിക്ഷേപകരില്‍ ഏറെപ്പേരും അതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സെബിയുടെ കണക്കുകൂട്ടല്‍. ഇതോടെ നിഫ്റ്റിയുടെ ലോട്ട് സൈസ് 25ല്‍നിന്ന് 75 ആയും ബാങ്ക് നിഫ്റ്റിയുടെ 15ല്‍നിന്ന് 30 ആയും ഫിന്നിഫ്റ്റിയുടെ 25ല്‍ നിന്ന് 75 ആയും വര്‍ധിക്കും.
പുതുക്കി വ്യവസ്ഥ പ്രകാരം ഓപ്ഷന് സെഗ്മെന്റിലെ ഓഫറുകള്‍ എക്സ്ചേഞ്ചുകള്‍ക്ക് കുറയ്ക്കേണ്ടിവരും. ഒരു എക്സ്ചേഞ്ചിന് ഒരു സൂചിക അടിസ്ഥാനമാക്കി പ്രതിവാര ഓപ്ഷന് കരാറുകളുടെ എണ്ണം ഒന്നായി കുറയ്ക്കേണ്ടിവരും. അതോടെ മാസം ആറ് പ്രതിവാര കരാറുകളായി കുറയും. നിലവില്‍ 18 എണ്ണമാണുള്ളത്. ഇതോടെ ഓപ്ഷന് ഇടപാട് പരിമിതമാകും. ഇതുള്‍പ്പടെ ഓപ്ഷന് പ്രീമിയം മുന്‍കൂര്‍ അടക്കണമെന്ന വ്യവസ്ഥയും 2025 ഫെബ്രുവരി മുതല്‍ പ്രാബല്യത്തിലാകും.
ആദ്യത്തെ മൂന്ന് വ്യവസ്ഥകള്‍ ചെറുകിട നിക്ഷേപകരെ ഉന്നംവെച്ചുള്ളതാണ്. പ്രതിവാര കരാറുകളുടെ കുറവ്, അധിക മാര്‍ജിന്‍, ഉയര്‍ന്ന ലോട്ട് സൈസ് എന്നിവ ചെറുകിട നിക്ഷേപകരുടെ പങ്കാളത്തം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീടുള്ളവ വന്കിടക്കാരെയും വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളവയാണ്. ഹൈ-ഫ്രീക്വന്‍സി, ആല്‍ഗോ ട്രേഡിങ് എന്നിവവയാണതില് പ്രധാനം. 2025 ഏപ്രില്‍ മുതലാകും പൊസിഷന്‍ പരിധികളുടെ ഇന്‍ട്രാഡേ മോണിറ്ററിങ് നടപ്പാക്കുക. ഘട്ടംഘട്ടമായി നടപ്പാക്കുന്നതോടെ വിപണിയിലെ പെട്ടെന്നുള്ള ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
2024 സാമ്പത്തിക വര്‍ഷം എന്‍എസ്ഇയില്‍ 1080 കോടി ഡെറിവേറ്റീവ് കരാറുകളാണ് പ്രതിമാസം ഉണ്ടായിരുന്നത്. ഗിഫ്റ്റ് സിറ്റിയിലാകട്ടെ എന്എസ്ഇയുടേതിന്റെ ഒരുശതമാനത്തില്‍ താഴെയായ 20 ലക്ഷം മാത്രമാണുണ്ടായിരുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്ന വ്യാഴാഴ്ച ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 1,600 പോയന്റാണ് കൂപ്പുകുത്തിയത്.
Content Highlights: SEBI Tightens Derivative Trading Rules: Impact on Exchanges & Brokers
Published: 03 Oct 2024, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented