
വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍. വില വന്‍തോതില്‍ ഉയര്‍ന്നതോടെ ഈ വര്‍ഷം മാത്രം ഇവര്‍ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍. 2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വര്‍ധന. 2022ലും 2021ലും ഇത് യാഥാക്രമം 25,400 കോടിയും 54,500 കോടിയുമായിരുന്നു.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, അംബുജ സിമെന്റ്‌സ്, പതിഞ്ജലി ഫുഡ്‌സ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കെപിആര്‍ മില്‍സ്, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, വെല്‍സ്പണ്‍ ലിവിങ്, സിയന്റ് ഡിഎല്‍എം, സിഗ്നിറ്റി ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഈയിടെ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതായി ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലായ് ഒന്നിന് ശേഷം 300 കോടി മുതല്‍ 10,500 കോടി രൂപവരെ മൂല്യമുള്ള ഓഹരികളാണ് പ്രൊമോട്ടര്‍മാര്‍ വിറ്റത്.
മുമ്പത്തെ അപേക്ഷിച്ച് ഓഹരികളിലെ മുന്നേറ്റം അവസരോചിതമായി ഉപയോഗിക്കുകയാണ് പ്രൊമോട്ടര്‍മാര്‍. വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിയുമ്പോള്‍ ഈ കമ്പനികളിലെ നിക്ഷേപകര്‍ കരുതലെടുക്കണമെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നു.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ പ്രൊമോട്ടര്‍ രാകേഷ് ഗാങ്‌വാളും അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റും കഴിഞ്ഞ മാസം 5.83 ശതമാനം ഓഹരികള്‍ 10,500 കോടി രൂപയ്ക്കാണ് കയ്യൊഴിഞ്ഞത്. അംബുജ സിമെന്റ്‌സിന്റെ 2.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് 4,200 കോടി രൂപയ്ക്ക് ഓഗ്സ്റ്റ് മാസത്തില്‍ വിറ്റൊഴിഞ്ഞു.
ഈ മാസം പതഞ്ജലി ഫുഡ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ 18 ലക്ഷം ഓഹരികളാണ് 2,016 കോടിക്ക് വിറ്റത്. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രമോട്ടര്‍ സ്ഥാപനം കടം തിരിച്ചടക്കുന്നതിനായി 3.19 ശതമാനം ഓഹരികള്‍ വിറ്റ് 1,218 കോടി രൂപ സമാഹരിച്ചു. വെല്‍സ്പണ്‍ ലിവിങിന്റെ പ്രൊമോട്ടര്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 4.98 കോടി ഓഹരികള്‍ 1,035 കോടി രൂപയ്ക്കാണ് കൈമാറിയത്.
കെപിആര്‍ മില്ലിന്റെ പ്രൊമോട്ടര്‍മാരില്‍ ഒരാളായ കെ.പി രാമസ്വാമി 971.4 കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍ ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ നിശാന്ത് പിട്ടി 24.65 കോടി ഓഹരികള്‍ ബ്ലോക്ക് ഡീലുകളിലൂടെ 920 കോടി രൂപയ്ക്കാണ് ബുധനാഴ്ച കൈമാറിയത്.
ലിസ്റ്റിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ കടം കുറയ്ക്കുന്നതിനോ കമ്പനിയില്‍ തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ സ്വീകരിച്ചതോ മറ്റുകാരണങ്ങളോ ആകാം വന്‍തോതില്‍ ഓഹരി കൈമാറ്റത്തിന് പ്രൊമോട്ടര്‍മാരെ പ്രേരിപ്പിച്ചത്. ബിസിനസുകളുടെ വൈവിധ്യവത്കരണം, ഫാമിലി ഓഫീസുകള്‍ സ്ഥാപിക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ കാരണങ്ങളും ഓഹരി വിറ്റഴിക്കലിന് പിന്നിലുണ്ട്.
Content Highlights: Promoter Selling Spree: Over ₹1 Lakh Crore Worth of Shares Sold in 2024
Published: 26 Sept 2024, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented