വിപണിയുടെ ദീര്‍ഘകാല മുന്നേറ്റം വരുമാന വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷങ്ങളില്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നിലവിലെ മുന്നേറ്റം മറ്റൊരു റാലിയുടെ തുടക്കമായി മാറാനിടയുണ്ട്.

ഏറെക്കാലത്തിന് ശേഷം വിപണി മുന്നേറ്റത്തിന്റെ പാതയിലേയ്ക്ക് തിരിച്ചെത്തുന്നതിന്റെ സൂചന പ്രകടമായി. തുടര്‍ച്ചയായി മൂന്ന് മാസം നീണ്ട വിറ്റൊഴിലിന് ശേഷം വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ തിരികെയെത്താനും തുടങ്ങി. ഒക്ടോബറില്‍ മാത്രം 7,300 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ നടത്തിയത്. മുന്‍നിര ഓഹരികളോടൊപ്പം മിഡ് ക്യാപ് സൂചികയുടെ പ്രകടനവും അടുത്ത റാലിക്കുള്ള ചുവടുവെയ്പ്പായി കാരുതാനാകുമോ?
തിരിച്ചുവരവ്
സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് പതിയെ നീങ്ങുകയാണ്. സെന്‍സെക്‌സില്‍ മാത്രം ഒക്ടോബറില്‍ 4,159 പോയന്റിലേറെ കുതിപ്പാണ് സമീപകാലത്തുണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 85,978ല്‍നിന്ന് 1,552 പോയന്റ് മാത്രം പിന്നിലാണ് ഇപ്പോഴുള്ളത്. നിഫ്റ്റിയാകട്ടെ 410 പോയന്റ് മാത്രം അകലെയും. ആഗോള സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതും ആഭ്യന്തര ഉപഭോഗം വര്‍ധിക്കുന്നതും വിപണിക്ക് അനുകൂല സാഹചര്യമൊരുക്കും.
വരുമാന വളര്‍ച്ച
നടപ്പ് സാമ്പത്തിക വര്‍ഷം കമ്പനികളുടെ ശരാശരി വരുമാന വളര്‍ച്ച 10 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ല്‍ 15 ശതമാനം വളര്‍ച്ചയുണ്ടായേക്കാമെന്നും വിലയിരുത്തുന്നു. വരുമാന വളര്‍ച്ചയെ ആശ്രയിച്ചാകും വിപണിയുടെ ദീര്‍ഘകാല പ്രകടനം.
മിഡ് ക്യാപ് മുന്നേറ്റം
നിഫ്റ്റി 50 സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍, സമീപകാല തിരുത്തലിനുശേഷം മിഡ് ക്യാപ് 150 സൂചിക മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്ത റാലിക്ക് മിഡ് ക്യാപ് ഓഹരികള്‍ നേതൃത്വം നല്‍കിയേക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മൂല്യ വര്‍ധന
നിഫ്റ്റി മിഡ് ക്യാപ് 150 സൂചികയുടെ പി.ഇ അനുപാതം ദീര്‍ഘകാല ശരാശരിക്ക് അടുത്താണ്. ഉയര്‍ന്ന മൂല്യനിര്‍ണയത്തിന്റെ അപകടസാധ്യത കുറയ്ക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
പ്രധാന മേഖലകള്‍:
സാമ്പത്തിക സേവനം, മൂലധന സാമഗ്രികള്‍(Capital Goods) ആരോഗ്യ സംരക്ഷണം, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖകളിലെ ഓഹരികളാകും മുന്നേറ്റത്തിന് നേതൃത്വം നല്‍കുക.
മുന്‍നിര കമ്പനികളിലും വന്‍കിട നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളിലും കേന്ദ്രീകൃതമായ റാലിയായിരിക്കും രൂപപ്പെടുക. നിഫ്റ്റി ബാങ്ക് സൂചിക ഈ മാസം ആറ് ശതമാനത്തലധികം നേട്ടമുണ്ടാക്കിയപ്പോള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 3-4 ശതമാനംവരെ മിതമായ നേട്ടമാണ് രേഖപ്പെടുത്തിയത്.
വരുംദിവസങ്ങളില്‍:
ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുന്നതും പലിശ നിരക്ക് കുറയുന്നതും വ്യാപാര സംഘര്‍ഷങ്ങളില്‍ ഒത്തുതീര്‍പ്പുകളുണ്ടാകുന്നതും വിപണിക്ക് അനുകൂലമാകും. ഘട്ടംഘട്ടമായുള്ള വരുമാന വളര്‍ച്ചയാണ് മറ്റൊരു പ്രധാനഘടകം. ദീര്‍ഘകാലയളവില്‍ വിപണിയുടെ മുന്നേറ്റത്തിന്റെ ഗതിനിര്‍ണയിക്കാന്‍ വരുമാന വളര്‍ച്ചയ്ക്കാകും.
മിഡ് ക്യാപിലെ സാധ്യതകള്‍:
നിലവിലെ സാഹചര്യം മിഡ് ക്യാപുകള്‍ക്ക് അനുകൂലമാണെന്നാണ് സമീപകാല പ്രവണതകള്‍ നല്‍കുന്ന സൂചന. നിഫ്റ്റി മിഡ് ക്യാപ് സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 3.4 ശതമാനംമാത്രം താഴെയാണിപ്പോഴുള്ളത്. നിഫ്റ്റി 50 ആകട്ടെ 3.9 ശതമാനവും.
| സൂചിക (Index) | ഉയർന്ന നിലയിൽ നിന്നുള്ള ഇടിവ് (%) |
| Nifty Smallcap 250 | -8.1% |
| Nifty 50 | -3.9% |
| Nifty Midcap 150 | -3.4% |
വിപണി തിരുത്തല്‍ നേരിടുമ്പോള്‍ മിഡ് ക്യാപ് ഓഹരികള്‍ ലാര്‍ജ് ക്യാപുകളേക്കാള്‍ കൂടുതല്‍ ഇടിവ് നേരിടുമെന്നാണ് പൊതുവരെ കരുതുന്നത്. എന്നാല്‍ നിഫ്റ്റി മിഡ് ക്യാപ് സൂചിക നിഫ്റ്റി 50യേക്കാള്‍ പ്രതിരോധം കാഴ്ചവെച്ചതായി നിലവില്‍ കാണാന്‍ കഴിയും.
നിഫ്റ്റി മിഡ് ക്യാപില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള മേഖലകള്‍:
- സാമ്പത്തിക സേവനം: 25 ശതമാനം
- മൂലധന സാമഗ്രി: 14 ശതമാനം
- ആരോഗ്യ സംരക്ഷണം: 9 ശതമാനം
- ഓട്ടോ& ഓട്ടോ അനുബന്ധ ഘടകങ്ങള്‍: 8 ശതമാനം
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: 6 ശതമാനം
കൂടുതല്‍ പ്രാതിനിധ്യമുള്ള 10 ഓഹരികള്‍:
- സാമ്പത്തിക സേവനം: പിബി ഫിന്‍ടെക്, എച്ച്ഡിഎഫ്‌സി എഎംസി, ബിഎസ്ഇ.
- ഓട്ടോ: ഹീറോ മോട്ടോര്‍കോര്‍പ്
- ഉപഭോക്തൃ ഉത്പന്നം: ഡിക്‌സണ്‍ ടെക്‌നോളജീസ്
- മൂലധന സാമഗ്രി: സുസ്‌ലോണ്‍ എനര്‍ജി, കമ്മിന്‍സ് ഇന്ത്യ.
- ഐടി: കോഫോര്‍ജ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്
- ആരോഗ്യ സംരക്ഷണം: ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍
ഈ ഓഹരികളില്‍, ക്യാപിറ്റല്‍ മാര്‍ക്കറ്റ് രംഗത്തുള്ളവ (ബിഎസ്ഇ, പിബി ഫിന്‍ടെക്) നിലവില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഐടി മേഖലയിലെ ഓഹരികള്‍ (കോഫോര്‍ജ്, പെര്‍സിസ്റ്റന്റ്) ആകട്ടെ കോണ്‍ട്രാ ബെറ്റ് ആയി പരിഗണിക്കാവുന്നതാണ്. കാരണം ലാര്‍ജ്-ക്യാപ് ഐടി ദുര്‍ബലമായിരിക്കുമ്പോഴും മിഡ്-ക്യാപ് ഐടി താരതമ്യേന മികച്ച പ്രകടനം നടത്തുന്നുണ്ട്.
മികച്ച മുന്നേറ്റത്തിന്റെ ദീര്‍ഘകാല സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വന്‍കിട-ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ടുകളിലും ഇടത്തരം ഓഹരികളില്‍ നിക്ഷേപം നടത്തുന്ന മിഡ് ക്യാപ് ഫണ്ടുകളിലും റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാം.
വിപണിയുടെ ദീര്‍ഘകാല മുന്നേറ്റം വരുമാന വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. 2026, 2027 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ച യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നിലവിലെ മുന്നേറ്റം മറ്റൊരു റാലിയുടെ തുടക്കമായി മാറാനിടയുണ്ട്.
Content Highlights: India`s market shows signs of a strong comeback. Discover which stock sectors, especially mid-caps, are poised for growth amid renewed investor confidence and improving economic outlook.
Published: 22 Oct 2025, 12:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented