വികസനോൻമുഖതയ്ക്കും സാമ്പത്തിക അച്ചടക്കത്തിനും ഊന്നൽ നൽകുന്ന മികച്ചൊരു ബജറ്റ് പ്രഖ്യാപിച്ചിട്ടും ഓഹരി വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. അതിന്റെ കാരണം ധനമന്ത്രി ഓഹരി വിപണിക്ക്, പ്രത്യേകിച്ച് ഓഹരി നിക്ഷേപത്തിന് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ്. ദീർഘകാല മൂലധന നേട്ടത്തിന് ആനുകൂല്യങ്ങൾ വേണമെന്ന് ചില മേഖലകളിലെ നിക്ഷേപകർ ആശ്യപ്പെടുകയും പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അത് യാഥാർഥ്യബോധത്തോടെയുള്ള പ്രതീക്ഷയായിരുന്നില്ല.

To advertise here,

ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻസ് കഴിഞ്ഞ വർഷമാണ് യുക്തിസഹമാക്കിയത്. ഒറ്റ വർഷം കൊണ്ട് അതിൽ മാറ്റം വരുമെന്നത് അസ്ഥാനത്തുള്ള പ്രതീക്ഷയായിരുന്നു. അതിനേക്കാളുപരി വിപണിയെ പ്രതികൂലമായി ബാധിച്ചത് ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസിന്റെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻസ് ടാക്സ് വർധിപ്പിച്ചതാണ്. അതൊരു നല്ല നടപടിയാണെന്നതാണ് അഭിപ്രായം. കാരണം റീട്ടെയിൽ ട്രേഡർമാർ ചെയ്യേണ്ടത് ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും ദീർഘകാലത്തേക്ക് നിക്ഷേപിക്കുകയാണ്. അല്ലാതെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് മാർക്കറ്റിൽ ഊഹക്കച്ചവടം നടത്തി പണം കളയുകയല്ല. കഴിഞ്ഞ നാലഞ്ച് വർഷമായി വിപണിയിൽ ഈ തെറ്റായ പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 2024ലെ സെബി റിപ്പോർട്ടിൽ തന്നെ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യം 92 ശതമാനം റിട്ടെയിൽ ട്രേഡർമാർക്കും എഫ് ആന്റ് ഒ ട്രേഡിൽ പണം നഷ്ടപ്പെടുന്നു എന്നതാണ്. മൂന്നു വർഷത്തിൽ 1,80,000 കോടി രൂപയിലധികമാണ് റിട്ടെയിൽ ട്രേഡർമാർക്ക് എഫ് ആന്റ് ഒ ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടത്. അതിൽ പണമുണ്ടാക്കുന്നത് അൽഗോരിതമിക് ട്രേഡിംഗ് ഒക്കെ നടത്തുന്ന ചില വിദേശ നിക്ഷേപകർ മാത്രമാണ്.

റിട്ടെയിൽ ഇൻവെസ്റ്റർമാർ പോകേണ്ട ഒരു മേഖലയല്ല അത്. അതുകൊണ്ടു തന്നെ എഫ് ആന്റ് ഒ ട്രേഡ്സിന്റെ മുകളിലുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിച്ചത് നല്ലൊരു നടപടിയായേ കാണാനാകൂ. നികുതി വരുമാനം വർധിപ്പിക്കാനല്ല, ഊഹക്കച്ചവടത്തിലേക്ക് പോകുന്നതിൽ നിന്ന് ട്രേഡർമാരെ നിരുത്സാഹപ്പെടുത്താനുള്ള നടപടിയാണിതെന്നത് പ്രത്യേകം കാണേണ്ടതുണ്ട്.

ബജറ്റിലെ മറ്റൊരു നല്ല തീരുമാനം ഷെയർ ബൈബാക്ക് കമ്പനികൾ നടത്തുമ്പോൾ അതിന്റെ ടാക്സേഷനെ ക്യാപിറ്റൽ ഗെയിൻ ടാക്സ് ആയി കണക്കാക്കി എല്ലാ നിക്ഷേപകരെയും ഒരുപോലെ പരിഗണിക്കുന്നതാണ്. മാത്രമല്ല പ്രമോട്ടർമാർ ഷെയർ ബൈബാക്കിനെ ദുരുപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രമോട്ടർമാർക്കു മേലുള്ള നികുതി വർധിപ്പിക്കുക എന്ന നിർദേശവുമുണ്ട്. ഭാവിയിൽ പ്രമോട്ടർമാർ ഷെയർ ബൈബാക്കിന് മുതിരാതെ നിക്ഷേപകർക്ക് കൂടുതൽ ലാഭവിഹിതം നൽകി മുന്നോട്ടു പോകാൻ ഇത് പ്രേരണയാകും.

വിപണിയുടെ താൽക്കാലികമായുള്ള വിപരീത പ്രതികരണം ഒന്നു രണ്ട് ദിവസങ്ങൾ മാത്രമേ നീണ്ടു നിൽക്കാൻ സാധ്യതയുള്ളൂ. അതു കഴിഞ്ഞാൽ എഫ്ഐഐ മാർക്കറ്റിൽ വിൽക്കുകയാണെങ്കിൽ ലാർജ് ക്യാപ് സ്റ്റോക്കുകൾ ഉയർന്ന മൂല്യത്തിലെത്തും. ആഭന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങും.

2027 സാമ്പത്തിക വർഷം 7 ശതമാനം ജിഡിപി ഗ്രോത്ത് എന്നത് 10 ശതമാനം നോമിനൽ ജിഡിപി ഗ്രോത്തായി മാറും. 10 ശതമാനം നോമിനൽ ജിഡിപി ഗ്രോത്ത് ഉണ്ടാകുമ്പോൾ 15 ശതമാനത്തോളം കമ്പനികളുടെ ലാഭം വർധിക്കും, കോർപറേറ്റ് ഏണിംഗ്സ് വർധിക്കും. ഇതായിരിക്കും വിപണിയെ യഥാർഥത്തിൽ മുന്നോട്ടു നയിക്കുന്ന ഘടകം. വാറൻ ബഫറ്റിന്റെ ഗുരുവായ ബെഞ്ചമിൻ ഗ്രഹാം പറഞ്ഞതു പോലെ ദീർഘകാലയളവിൽ ഓഹരി വിപണി കമ്പനികളുടെ ലാഭത്തിന്റെ അടിമയാണ്. ലാഭം വർധിക്കുന്ന ഈ സാഹചര്യമാണ് ഈ വർഷത്തെ ബജറ്റ് മൂലമുണ്ടാവുക. വിപണിയിൽ താൽക്കാലികമായനുഭവപ്പെടുന്ന ഇടിവ് റീട്ടെയിൽ നിക്ഷേപകർ ഓഹരി വാങ്ങുന്നതിനുള്ള അവസരമായാണ് കാണേണ്ടത്.

വികസനോത്മുഖതയും ധനകാര്യ അച്ചടക്കവും

കോവിഡിന് ശേഷം ശക്തമായി തിരിച്ചുവന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ അഞ്ച് വർഷമായി വളരെ ഉയർന്ന നിലയിലാണ്. 2022 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ശരാശരി ഒരു വർഷം 8.1 ശതമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കാണ്. വലിയ സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്നതിൽ തർക്കമില്ല. ഈ ഉയർന്ന വളർച്ചാ നിരക്ക് നിലനിർത്തുക എന്നതായിരുന്നു ധനമന്ത്രിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിച്ച് സർക്കാരിന് കൂടുതൽ നികുതി വരുമാനം ഉറപ്പാക്കാനും കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾക്ക് പണം ചെലവിടാനുമൊക്കെ ഉയർന്ന സാമ്പത്തിക വളർച്ച കൂടിയേ തീരൂ. അതുകൊണ്ടാണ് ബജറ്റിൽ വികസനോന്മുഖവും വളർച്ചയിലധിഷ്ഠിതവുമായിട്ടുള്ള കാഴ്ചപ്പാടിന് പ്രാധാന്യം നൽകിയിരിക്കുന്നത്.

മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം 7.4 ശതമാനമാണ് പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചാ നിരക്ക്. ഇത് കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാളൊക്കെ കൂടുതലാണ്. പ്രത്യേകിച്ച് ഇന്ത്യക്ക് മേൽ ചുമത്തിയിരിക്കുന്ന 50 ശതമാനം ട്രംപ് താരിഫിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചെങ്കിൽ പോലും വളർച്ചാ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. ഇത് തുടർന്നും ഉയർന്നു നിൽക്കണമെന്നതാണ് ബജറ്റിന്റെ ലക്ഷ്യം. ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുമ്പോൾ സാമ്പത്തിക അച്ചടക്കം കൈവിടാനും പറ്റില്ല. ധനകാര്യ കമ്മി കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യം കൈവരിക്കേണ്ടതായിട്ടുണ്ട്. ധനക്കമ്മി കോവിഡ് വർഷത്തിൽ 9.2 ശതമാനമായി വർധിച്ചതാണ്. അതിനെ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവന്ന് 2026 സാമ്പത്തിക വർഷം 4.4 ശതമാനമായി കുറയ്ക്കുന്നതിൽ ധനകാര്യമന്ത്രി വിജയിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വർഷം ധനക്കമ്മി 4.3 ശതമാനമാക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ധനകാര്യ അച്ചടക്കത്തിന് ഡെറ്റ് ടു ജിഡിപി റേഷ്യോ എന്ന പുതിയൊരു മാനദണ്ഡം കൊണ്ടുവന്നത് ശ്രദ്ധേയമാണ്. ജിഡിപി അനുപാതത്തിൽ രാജ്യത്തിന്റെ കടം എത്രയാണെന്ന് കണക്കാക്കുന്ന പ്രധാനമായ ഒരു മാനദണ്ഡമാണിത്. ആ മാനദണ്ഡമനുസരിച്ച് 55.6 ശതമാനം എന്ന ലക്ഷ്യമാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഈയൊരു കട-ജിഡിപി അനുപാതം 50 ശതമാനമാക്കി കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ധനകാര്യ അച്ചടക്കത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഈ ബജറ്റിന്റെ മുഖമുദ്ര അതിലെ വികസനോത്മുഖതയും ധനകാര്യ അച്ചടക്കവുമാണ്.