
അനിശ്ചിതത്വം സൃഷ്ടിച്ച് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ വിപണിയില്‍നിന്ന് വീണ്ടും കൂടൊഴിയുന്നത് തുടരുന്നു. ജനുവരിയില്‍ മാത്രം ഇതുവരെ 60,859 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. ജനുവരി 22 വരെയുള്ള കണക്കുള്‍ പരിശോധിച്ചാല്‍ ഒരു ദിവസമൊഴികെ അറ്റ വില്പനക്കാരായിരുന്നു. ജനുവരി രണ്ട് മാത്രമായിരുന്നു ഇതിനൊരു അവപവാദം.
ജനുവരി 14നാണ് സമീപകാലയളവില്‍ ഏറ്റവും വലിയ തുകയുടെ അറ്റ വില്പന നടന്നത്. 8,132 കോടി രൂപ. 21നാകട്ടെ 5,920 കോടി രൂപ മൂല്യമുള്ള ഓഹരികളുടെയും വില്പനക്കാരായി. സമീപ കാലയളവില്‍ ശരാശരി 3,000-4000 കോടി രൂപയ്ക്കു മുകളിലാണ് വില്പന നടക്കുന്നത്. ചൈനയുടെ പിന്നാലെ പോയി 2024ന്റെ അവസാന മാസങ്ങളില്‍ 1.20 ലക്ഷം കോടി രൂപയുടെ വില്പന നടത്തിയതിന് പിന്നാലായാണ് 22 ദിവസംകൊണ്ട് 60,000 കോടിക്കുമുകളിലുള്ള വിറ്റൊഴിയല്‍.
യുഎസിലെ കടപ്പത്ര ആദായത്തിലെ വര്‍ധനവും രൂപയുടെ ദുര്‍ബല സാഹചര്യവുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. ധനകാര്യം, ഐടി, ഓട്ടോ, ഫാര്‍മ, എണ്ണയും വാതകവും തുടങ്ങിയ പ്രധാന മേഖലകളില്‍നിന്ന് കാര്യമായി നിക്ഷേപം പിന്‍വലിച്ചതായി ജനുവരിയിലെ ആദ്യ രണ്ടാഴ്ചക്കാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്നില്‍ ധനകാര്യം
ധനകാര്യ ഓഹരികളില്‍ നിന്നാണ് വ്യാപകമായി പിന്മാറ്റം പ്രകടമായത്. 12,200 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഈ മേഖലയില്‍ നിന്നുമാത്രം പിന്‍വലിച്ചത്. ഉപഭോക്തൃ മേഖലയില്‍നിന്ന് 3,500 കോടി രൂപയുടെയും ഊര്‍ജത്തില്‍നിന്ന് 3,115 കോടിയുടെയും ക്യാപിറ്റല്‍ ഗുഡ്‌സില്‍നിന്ന് 2,620 കോടി രൂപയുടെയും ലോഹം ഖനനം എന്നിവയില്‍നിന്ന് 1,997 കോടി രൂപയുടെയും നിക്ഷേപം പുറത്തേയ്ക്കുപോയി. ടെക്‌സ്റ്റൈല്‍സിലേയ്ക്ക് 205 കോടി രൂപയുടെ നിക്ഷേപമെത്തുകയും ചെയ്തു. മീഡിയ(177 കോടി), കെമിക്കല്‍സ് (42 കോടി), യൂട്ടിലിറ്റീസ്(1 കോടി) എന്നിങ്ങനെയാണ് നിക്ഷേപം നിലനിര്‍ത്തിയ മറ്റ് വിഭാഗങ്ങള്‍.
നിക്ഷേപകര്‍ക്ക് പ്രിയം
ട്രംപിന്റെ വിജയത്തിനു ശേഷം യുഎസ് ഡോളറിലുള്ള ആസ്തികളില്‍ നിക്ഷേപകര്‍ക്ക് പ്രിയം വര്‍ധിച്ചതായി കാണുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികളിലെ നിക്ഷേപങ്ങള്‍ അവര്‍ വിറ്റൊഴിയുന്നു. ഇന്ത്യന്‍ വിപണിയിലെ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപ വിഹിതം ഇതോടെ 16.2 ശതമാനമായി കുറഞ്ഞു. പത്ത് വര്‍ഷത്തെ താഴ്ന്ന നിലവാരമാണിത്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 10 ശതമാനം വര്‍ധിക്കുകയും ചെയ്തു. ജനുവരി മുതല്‍ ഇതുവരെ 60,829 കോടി രൂപയുടെ നിക്ഷേപമാണ് ആഭ്യന്തര നിക്ഷേപകര്‍ നടത്തിയത്. അതായത് വിദേശികള്‍ വിറ്റൊഴിഞ്ഞ അത്രയും.
ആഭ്യന്തര നിക്ഷേപത്തിലെ വര്‍ധനയിലൂടെ വിദേശ നിക്ഷേപകരെ ആശ്രയിക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും വലിയൊരു സ്വാധീന ശക്തിയായി അവര്‍ തുടരുന്നുണ്ട്. 800 ബില്യണ്‍ ഡോളര്‍(69.14 ലക്ഷം കോടി)മൂല്യമുള്ള നിക്ഷേപം രാജ്യത്തെ വിപണിയില്‍ വിദേശികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ വില്പന വിപണിക്ക് ഭീഷണിയായി നിലനില്‍ക്കുന്നു.
വിപണിയുടെ നീക്കം
പുതുവര്‍ഷത്തില്‍ വിപണി നേട്ടം തിരിച്ചുപിടിച്ചേക്കുമെന്ന ആത്മവിശ്വാസം നിക്ഷേപകര്‍ പ്രകടിപ്പിച്ചെങ്കിലും ട്രംപിന്റെ സത്യപ്രതിജ്ഞയും അതെതുടര്‍ന്നുള്ള നയ പ്രഖ്യാപനങ്ങളും അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായി സംഭവിച്ചതുമില്ല. രണ്ട് ദിവസം 80,000 നിലവാരത്തിന് മുകളിലെത്തിയെങ്കിലും അതേനിലവാരത്തില്‍ ക്ലോസിങ് നിലനിര്‍ത്താനായില്ല. ജനുവരി 21ന് സമീപ കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരമായ 75,838ലേയ്ക്ക് എത്തിയെങ്കിലും 76,404ലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. അപ്പോഴും ജനുവരി ഇതുവരെ മാത്രം സെന്‍സെക്‌സിന് നഷ്ടമായത് 2103 പോയന്റ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം, കോര്‍പറേറ്റ് വരുമാനത്തിലെ സമ്മര്‍ദം, ട്രംപിന്റെ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്ക എന്നിവയാണ് സമീപ കാലയളവിലെ വിദേശികളുടെ പിന്മാറ്റത്തിന്റെ പ്രധാന കാരണം. ഇടക്കാലയളവില്‍ ഇതൊരു ഭീഷണിയായി ഇന്ത്യന്‍ വിപണിക്ക് നേരിടേണ്ടിവരും. ഐടി, ഫാര്‍മ പോലുള്ള കയറ്റുമതി മേഖലകള്‍ക്കാണ് ട്രംപിന്റെ നയം വെല്ലുവിളിയാകുക. അതേസമയം, അടിസ്ഥാന സൗകര്യമേഖലയിലെ വികസന നയങ്ങള്‍ പരോക്ഷമായി ഇന്ത്യയ്ക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ജാഗ്രതയോടെ നീങ്ങാം
അസ്ഥിരമായ വിപണിയില്‍ വൈവിധ്യവത്കരണത്തിന്റെ വ്യത്യസ്ഥ നിക്ഷേപ പാതകളിലൂടെ ജാഗ്രതയോടെ നിങ്ങുന്നതാകും ഉചിതം. എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, അവശ്യവസ്തു തുടങ്ങിയ മേഖലകള്‍ സുരക്ഷിത താവളങ്ങളാണ്. കുറഞ്ഞ കടബാധ്യതയുള്ളതും മികച്ചതുമായ കമ്പനികളുടെ ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. വിപണിയുടെ ഓരോ തകര്‍ച്ചകളിലും പരിഭ്രാന്തിയോടെയുളള വില്പന ഒഴിവാക്കാം. ആകര്‍ഷകമായ മൂല്യത്തില്‍ മികച്ച അടിസ്ഥാനമുള്ള ഓഹരികള്‍ ശേഖരിക്കാനുള്ള അവസരമായി ഓരോ ഇടിവിനെയും കാണാം. എല്ലാ തുകയും ഒരുമിച്ചു നിക്ഷേപിക്കാതെ ഘട്ടംഘട്ടമായി വാങ്ങുന്ന രീതി സ്വീകരിക്കാം. നിക്ഷേപ കാലയളവിലുടനീളം പണലഭ്യത ഉറപ്പാക്കാന്‍ ശ്രദ്ധിക്കുകയും വേണം.
Content Highlights: Foreign Investors Withdraw ₹60,859 Crore from Indian Markets in January
Published: 23 Jan 2025, 01:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented