ബാങ്കിങ്, ധനകാര്യ മേഖലകളിൽനിന്ന് വൻതോതിൽ ഓഹരി നിക്ഷേപം പിൻവലിച്ച് വിദേശ നിക്ഷേപകർ. 2026ൽ ഇതുവരെ 1,26,089 കോടി രൂപയുടെ ബാങ്കിങ് ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. പ്രതിദിനം ശരാശരി 1,146 കോടിയുടെ വില്പന. ആഗോള സാമ്പത്തിക വെല്ലുവിളികൾ, കടപ്പത്ര ആദായ വർധന, ക്രൂഡ് ഓയിൽ വിലയിലെ മുന്നേറ്റം എന്നിവയാണ് വിറ്റൊഴിയലിന് പിന്നിൽ. ആഭ്യന്തര നിക്ഷേപകരാകട്ടെ ബാങ്കിങ് ഓഹരികളിൽ കാര്യമായി നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. സ്വകാര്യ ബാങ്കുകളുടെ മികച്ച പ്രവർത്തനക്ഷമതയും കുറഞ്ഞ മൂല്യവും ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്.

To advertise here,

വിറ്റൊഴിയൽ ഇങ്ങനെ

ആകെ വിറ്റഴിക്കൽ (ധനകാര്യ മേഖല)

₹1,26,089 കോടി

പ്രതിദിന ശരാശരി വിറ്റഴിക്കൽ

₹1,146 കോടി (110 ട്രേഡിംഗ് ദിവസങ്ങളിൽ)

FII വിറ്റഴിക്കലിലെ വിഹിതം

44% (ആകെ ₹2,88,386 കോടിയിൽ)

മറ്റ് മേഖലകളുമായുള്ള താരതമ്യം

ഐടി മേഖലയിലെ

വിറ്റഴിക്കലിനേക്കാൾ

(₹33,514 കോടി) നാല് മടങ്ങ് കൂടുതൽ

പ്രതിമാസ കണക്ക് (2026):

  • മാർച്ച്: ₹60,655 കോടി (ഏറ്റവും ഉയർന്ന വിറ്റഴിക്കൽ)
  • ഏപ്രിൽ: ₹30,856 കോടി
  • മേയ്: ₹23,141 കോടി
  • ഫെബ്രുവരി: ഈ മാസം മാത്രമാണ് നിക്ഷേപകർ ₹8,418 കോടിയുടെ ഓഹരികൾ വാങ്ങി ചെറിയൊരു ആശ്വാസം നൽകിയത്.

പ്രധാന കാരണങ്ങൾ

സാമ്പത്തിക വെല്ലുവിളി: യുഎസിലെ കടപ്പത്ര ആദായം കൂടുന്നതും ഡോളർ കരുത്താർജിക്കുന്നതും വികസ്വര വിപണികളിൽ നിന്ന് സുരക്ഷിതമായ വികസിത വിപണികളിലേക്ക് മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

ഭൗമരാഷ്ട്രീയ സംഘർഷം: പശ്ചിമേഷ്യയിലെ (പ്രത്യേകിച്ച് യുഎസ്-ഇറാൻ) സംഘർഷം ക്രൂഡ് ഓയിൽ വില ഉയരാനിടയാക്കി. ഇത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടി. രൂപയുടെ മൂല്യത്തെ സമ്മർദത്തിലാക്കുകയും ചെയ്തു.

പോർട്ട്ഫോളിയോ പുനർക്രമീകരണം:

യുഎസ്, ദക്ഷിണ കൊറിയ, തായ്വാൻ എന്നിവിടങ്ങളിലെ എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യകളിലേക്കും ചിപ്പുനിർമാണ മേഖലയിലേക്കും ആഗോള നിക്ഷേപകർ മൂലധനം മാറ്റുകയാണ്. ചൈനീസ് വിപണിയിലെ ഉണർവും കാരണമായി.

ഇൻഡക്‌സ് വെയിറ്റേജ്: രാജ്യത്തെ ഓഹരി സൂചികകളിൽ കൂടുതൽ സ്വാധീനമുള്ളതിനാൽ പണം വേഗത്തിൽ പിൻവലിക്കാൻ നിക്ഷേപകർ ആദ്യം തിരഞ്ഞെടുക്കുന്നത് ധനകാര്യ മേഖലയെയാണ്.

ആശങ്ക: ബാങ്കിങ് മേഖലയിലെ ലാഭവിഹിതത്തിലുണ്ടാകുന്ന സമ്മർദവും വായ്പാ വളർച്ചയിലുണ്ടായ കുറവും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.

നിക്ഷേപ അവസരം

മൂല്യനിർണയത്തിലെ അന്തരം (Valuation Gap): എൻഎസ്ഇ 500 സൂചികയിലെ നേട്ടത്തിന്റെ 22 ശതമാനവും ബാങ്കുകളുടെ സംഭാവനയാണ്. അതേസമയം, വിപണി മൂല്യത്തിന്റെ 13 ശതമാനം മാത്രമാണുള്ളത്. ബാങ്കിങ് ഓഹരികൾ ആകർഷകമായ മൂല്യത്തിലാണ് ഇപ്പോഴുള്ളത് എന്നതിന്റെ സൂചനയായി ഇതിനെ കാണാം.

ആഭ്യന്തര ഇടപെടൽ: വിദേശ നിക്ഷേപകർ വിറ്റഴിക്കുമ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഓഹരികൾ വാങ്ങുന്നത് കൂട്ടുകയാണ്. 2025 ഓഗസ്റ്റിൽ സ്വകാര്യ ബാങ്കുകളിൽ 0.72% അണ്ടർവെയ്റ്റ് ആയിരുന്ന മ്യൂച്വൽ ഫണ്ടുകൾ 2026 മേയ് ആയപ്പോഴേക്കും 0.78% ഓവർവെയ്റ്റ് ആയി.

പലിശനിരക്ക് വർധന: പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും കാരണം ആർബിഐ പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എൻബിഎഫ്സികളേക്കാൾ കൂടുതൽ ലാഭം നേടാൻ ബാങ്കുകൾക്ക് സാധിക്കും, പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകൾക്ക്.

വിദഗ്ധർ ശുപാർശ ചെയ്യുന്ന ഓഹരികൾ:

  • സ്വകാര്യ മേഖല: ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്.
  • പൊതുമേഖല: എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ.

ധനകാര്യ ഓഹരികൾ കനത്ത വില്പന സമ്മർദം നേരിടുന്നുണ്ടെങ്കിലും ബാങ്കുകളുടെ അടിസ്ഥാന സാമ്പത്തിക ഭദ്രത ശക്തമായി തുടരുന്നു. ആസ്തി ഗുണനിലവാരവും ലാഭക്ഷമതയും മെച്ചപ്പെട്ട നിലയിലായതിനാൽ വിദേശ വിപണിയിലെ ഒഴുക്ക് ശമിക്കുമ്പോൾ ബാങ്കിങ് ഓഹരികൾ കുതിക്കുമെന്നാണ് വിലയിരുത്തൽ.