പ്രതീക്ഷിച്ചതുപോലെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്കില്‍ കാല്‍ ശതമാനംകൂടി കുറവ് വരുത്തി. നിരക്കിളവില്‍ കുതിച്ച നാസ്ദാക്ക് 1.5 ശതമാനംവരെ ഉയര്‍ന്നു. അതേസമയം, രാജ്യത്തെ വിപണിക്ക് നേട്ടമാക്കാനുമായില്ല. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇപ്പോഴും തുടരുന്നതാണ് കാരണം. 

To advertise here,

നിരക്ക് കുറച്ചിട്ടും യുഎസിലെ കടപ്പത്ര ആദായം സ്ഥിരതയോടെ തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം സമീപകാലയളവില്‍ നയത്തെ സ്വാധീനിക്കില്ലെന്ന് ഫെഡ് മേധാവി ജെറോം പവല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. 

ഉയര്‍ന്ന പണപ്പെരുപ്പ സൂചനകളാണ് കടപ്പത്ര വിപണിയില്‍നിന്ന് ലഭിക്കുന്നത്. ട്രംപിന്റെ നയങ്ങള്‍ പണപ്പെരുപ്പം കൂട്ടാനിടയുണ്ടെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ആദായത്തെ ബാധിക്കുമെന്നുമാത്രമല്ല, നിരക്ക് കുറയ്ക്കലിന്റെ പാതയില്‍നിന്ന് ഫെഡ് വ്യതിചലിക്കാനും ഇടയാക്കിയേക്കാം. 

ഡിസംബറില്‍ കാല്‍ ശതമാനംകൂടി നിരക്കില്‍ ഇളവ് വരുത്തിയേക്കാമെന്നാണ് ബാര്‍ക്ലെയ്‌സിന്റെ അനുമാനം. അതേസമയം, 2025ല്‍ കാല്‍ ശതമാനം വീതമുള്ള രണ്ട് നിരക്ക് കുറയ്ക്കലിന് മാത്രമെ സാധ്യതയുള്ളൂവെന്നും വിലയിരുത്തുന്നു.

ഉപഭോഗം, കമ്പനികളുടെ വരുമാനം, വിദേശ നിക്ഷേപകരുടെ നീക്കം എന്നിവയുടെ ചിത്രം വ്യക്തമാകുന്നതോടെ മാത്രമെ രാജ്യത്തെ ഓഹരി വിപണിയില്‍ നിലവിലെ സാഹചര്യത്തില്‍നിന്ന് മാറ്റമുണ്ടാകൂ. 

സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ ആവശ്യമുള്ള സമയമാണെങ്കില്‍ പോലും രാജ്യത്തെ വിലക്കയറ്റ സൂചിക വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഉടനെയൊരു നിരക്ക് കുറയ്ക്കലിന് റിസര്‍വ് ബാങ്ക് തയ്യാറയേക്കില്ല. അതേസമയം, 2025 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പാദത്തിനിടെ കാല്‍ ശതമാനമെങ്കിലും നിരക്ക് കുറയക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.