
പ്രതീക്ഷിച്ചതുപോലെ യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തി. ഇതോടെ ഫെഡ് നിരക്ക് 4.25-4.50 ശതമാനം ആയി. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ 2021 മുതല്‍ നടപ്പാക്കിയ കര്‍ശന പണനയത്തിന് കാര്യമായ ഇളവ് ഇതിനകം നല്‍കിക്കഴിഞ്ഞു. മൂന്ന് തവണയായി ഒരു ശതമാനത്തോളം നിരക്ക് കുറച്ചു. ഫെഡ് നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്കും പരിഷ്കരിച്ചു. 4.55 ശതമാനത്തില്‍നിന്ന് 30 ബേസിസ് പോയന്റ് കുറവാണ് വരുത്തിയത്. ഇതോടെ റിവേഴ്സ് റിപ്പോ 4.25 ശതമാനമായി.
നവംബറിലെ റീട്ടെയില്‍ ഉപഭോഗം ഉള്‍പ്പടെയുള്ള സാമ്പത്തിക സൂചകങ്ങള്‍, ശക്തമായ വളര്‍ച്ച, തൊഴിലില്ലായ് നിരക്കിലെ കുറവ് തുടങ്ങിയവ പരിഗണിച്ചാണ് ഫെഡിന്റെ തീരുമാനം. അതേസമയം, പണപ്പെരുപ്പം കൂടുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് വിലക്കയറ്റത്തിന്റെ വേഗം കുറയ്ക്കുമെന്ന് ഫെഡ് മേധാവി ജെറോം പവല്‍ പ്രതികരിച്ചു. മാന്ദ്യം ഒഴിവാക്കാനായത് വലിയ നേട്ടമായി കരുതുന്നു. ഈ വര്‍ഷത്തെ വളര്‍ച്ച ശുഭസൂചനയാണെന്നും പവല്‍ വിലയിരുത്തുന്നു.
ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുക. തുടര്‍ന്നുള്ള യോഗം ജനുവരി 28-29 തിയതികളില്‍ നടക്കും. ഈ യോഗത്തില്‍ നിലവിലുള്ള നിരക്ക് നിലനിര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
കുത്തനെ ഇടിഞ്ഞ് വാള്‍സ്ട്രീറ്റ്
ഫെഡ് നിരക്ക് കാല് ശതമാനം കുറച്ചതിനെ തുടര്‍ന്ന് യുഎസിലെ ഓഹരി സൂചികകള്‍ കുത്തനെ ഇടിവ് നേരിട്ടു. എസ്ആന്‍ഡ്പി 500 മൂന്ന് ശതമാനവും നാസ്ദാക്ക് 3.6 ശതമാനവും ഇടിവ് നേരിട്ടു. വരുംവര്ഷത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നു.
കിതച്ച് സെന്‍സെക്സ്
വാള്‍സ്ട്രീറ്റിലെ തിരിച്ചടി പതിവുപോലെ ആഗോള തലത്തില്‍ വിപണികളെ ബാധിച്ചു. രാജ്യത്തെ സൂചികകളും തിരിച്ചടി നേരിട്ടു. വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്സ് ആയിരത്തോളം പോയന്റ് നഷ്ടത്തിലായി. നിഫ്റ്റിയാകട്ടെ 24,000ന് താഴെയെത്തുകയും ചെയ്തു. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും കനത്ത തകര്‍ച്ച പ്രകടമാണ്. നിഫ്റ്റി ബാങ്ക്, ഐടി, മെറ്റല്‍, ഓട്ടോ, എനര്‍ജി സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടം നേരിട്ടു.
Content Highlights: US Federal Reserve cuts interest rate to 4.25-4.50%, impacting global markets.
Published: 19 Dec 2024, 09:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented