നിലവിലുള്ള ആദായനികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റം വരുത്തിയിട്ടില്ലെങ്കിലും 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി നിയമമാണ് സാധാരണക്കാരായ നികുതിദായകരെ സംബന്ധിച്ചെടുത്തോലം ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പ്രധാനം.

To advertise here,

ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി വ്യത്യസ്ത വിഭാഗങ്ങൾക്കനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. വിദേശ ആസ്തികൾ വെളിപ്പെടുത്തുന്നതിനായി പുതിയ സ്‌കീമും, വിദേശ യാത്രകൾക്കും വിദ്യാഭ്യാസത്തിനുമുള്ള ടിസിഎസ് (TCS) നിരക്കുകളിൽ കുറവും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. ചെറുകിട നികുതിദായകർക്ക് ടിഡിഎസ് (TDS) നടപടിക്രമങ്ങളിൽ ഇളവുകളും വിദേശ വിദഗ്ധർക്ക് നികുതി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിശദമായി അറിയാം

1. പുതിയ ആദായനികുതി നിയമം

നിലവിലുള്ള നിയമത്തിന് പകരമായി 'പുതിയ ആദായനികുതി നിയമം-2025' നിലവിൽ വരും.

  • 2026 ഏപ്രിൽ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
  • നികുതി വ്യവസ്ഥയിലെ വ്യക്തത വർധിപ്പിക്കുക, നികുതി പാലിക്കൽ നടപടികൾ (Compliance) എളുപ്പമാക്കുക എന്നിവയാണ് ലക്ഷ്യം.
  • ഇതിന് അനുസരിച്ച് പരിഷ്‌കരിച്ച ഐടിആർ ഫോമുകളും അനുബന്ധ നിയമങ്ങളും വരും ദിവസങ്ങളിൽ വിജ്ഞാപനം ചെയ്യും.

2. നികുതി സ്ലാബുകളിൽ മാറ്റമില്ല

വ്യക്തിഗത നികുതിദായകരുടെ നികുതി നിരക്കുകളിൽ തൽസ്ഥിതി തുടരും.

  • പഴയ നികുതി വ്യവസ്ഥയിലും പുതിയതിലുമുള്ള സ്ലാബുകൾ മാറ്റമില്ലാതെ തുടരും.
  • വിദ്യാഭ്യാസ സെസ്സിലോ സർചാർജിലോ മാറ്റമില്ല.

3. ഐടിആർ (ITR) ഫയലിംഗ് സമയപരിധി

ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള തീയതികൾ നികുതിദായകരുടെ വരുമാന സ്രോതസ്സ് അനുസരിച്ച് തരംതിരിച്ചിട്ടുണ്ട്.

  • ജൂലൈ 31: ITR-1, ITR-2 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള അവസാന തീയതിയായി തുടരും.
  • ഓഗസ്റ്റ് 31: ഓഡിറ്റിംഗിന് വിധേയമല്ലാത്ത ബിസിനസ് വരുമാനമുള്ള വ്യക്തികൾക്കും ട്രസ്റ്റുകൾക്കും റിട്ടേൺ ഫയൽ ചെയ്യാൻ ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും.

​4. വിദേശ ആസ്തി വെളിപ്പെടുത്തൽ

​വിദേശത്തുള്ള ആസ്തികളോ വരുമാനമോ വെളിപ്പെടുത്താത്ത ചെറുകിട നികുതിദായകർക്കായി (വിദ്യാർത്ഥികൾ, ടെക് ജീവനക്കാർ, പ്രൊഫഷണലുകൾ തുടങ്ങിയവർ) ആറ് മാസത്തെ ഒരു ഒറ്റത്തവണ പദ്ധതി അവതരിപ്പിച്ചു.

വിഭാഗം

നിബന്ധനകൾ

പരിഹാര മാർഗം

കാറ്റഗറി A

1 കോടി രൂപ വരെ മൂല്യമുള്ള വെളിപ്പെടുത്താത്ത ആസ്തികൾ/വരുമാനം

ആസ്തിയുടെ വിപണി മൂല്യത്തിന്റെ 30% നികുതിയും 30% പിഴയും നൽകി നിയമവിധേയമാക്കാം. നിയമ നടപടികളിൽനിന്ന്‌ ഇളവ് ലഭിക്കും.

കാറ്റഗറി B

നികുതി അടച്ചതും എന്നാൽ 5 കോടി വരെ മൂല്യമുള്ള വിദേശ ആസ്തികൾ റിപ്പോർട്ട് ചെയ്യാത്തതുമായ കേസുകൾ

1 ലക്ഷം രൂപ ഫീസ് അടച്ച് ഇവ ക്രമപ്പെടുത്താം. പിഴയിൽ നിന്നും നിയമ നടപടികളിൽ നിന്നും ഇളവ് ലഭിക്കും.

  • അധിക ഇളവ്: 20 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള വിദേശത്തെ സ്ഥാവരമല്ലാത്ത ആസ്തികൾ (Foreign non-immovable assets) വെളിപ്പെടുത്താത്തവർക്ക് നിയമനടപടികളിൽനിന്ന് ഇളവ് ലഭിക്കും. 2024 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാകും.

​5. ടിസിഎസ് (TCS) നിരക്കുകളിലെ കുറവ്

​വിദേശയാത്രകൾക്കും മറ്റും ഈടാക്കുന്ന ടിസിഎസ് നിരക്കുകളിൽ കാര്യമായ കുറവ് വരുത്തി.

​വിദേശ ടൂർ പാക്കേജുകൾ: മുൻപുണ്ടായിരുന്ന 5%, 20% എന്നീ നിരക്കുകൾക്ക് പകരം തുക എത്രയായാലും ഏകീകൃതമായ 2% ടിസിഎസ് മാത്രമേ ഈടാക്കൂ. വിദ്യാഭ്യാസവും ചികിത്സയും: സ്വന്തം നിലയിൽ പണം കണ്ടെത്തുന്ന വിദേശ വിദ്യാഭ്യാസം ചികിത്സ എന്നിവയ്ക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ടിസിഎസ് അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചു.

6. ടിഡിഎസ് (TDS) ലളിതമാക്കൽ

ചെറുകിട നികുതിദായകർക്ക് ആശ്വാസം നൽകുന്ന രീതിയിൽ ടിഡിഎസ് നടപടികൾ പരിഷ്‌കരിച്ചു.

ഓട്ടോമേറ്റഡ് സർട്ടിഫിക്കറ്റുകൾ: കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള ടിഡിഎസ് സർട്ടിഫിക്കറ്റുകൾക്കായി പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ സംവിധാനം വരും. നികുതി ഉദ്യോഗസ്ഥരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഇതിലൂടെ ഒഴിവാക്കാം.

വസ്തു ക്രയവിക്രയം: ഇന്ത്യയിൽ താമസമില്ലാത്ത വ്യക്തികളിൽ (Non-residents) നിന്ന് ഭൂമി/കെട്ടിടം വാങ്ങുന്നവർക്ക് ടിഡിഎസ് അടയ്ക്കാൻ ഇനി മുതൽ പാൻ (PAN) അധിഷ്ഠിത ചലാൻ മതിയാകും. ടാൻ (TAN) എടുക്കേണ്ടി വരുന്നത് ഒഴിവാക്കിയതിലൂടെ നടപടിക്രമങ്ങൾ ലളിതമാക്കി.

​7. നിക്ഷേപവും വിദേശ വിദഗ്ധർക്കുള്ള ഇളവുകളും

​PROI നിക്ഷേപങ്ങൾ: ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (PROIs) ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളിൽ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം (PIS) വഴി നിക്ഷേപിക്കാനുള്ള പരിധി കൂട്ടി. വ്യക്തിഗത പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായും മൊത്തത്തിലുള്ള പരിധി 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായും ഉയർത്തി.

​ഗ്ലോബൽ ടാലന്റ്: ഇന്ത്യയിലേക്ക് സേവനത്തിനായി വരുന്ന വിദേശ വിദഗ്ധർക്ക് അഞ്ച് വർഷം വരെ വിദേശ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് നൽകും. കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയിൽ താമസിക്കാത്തവരും സർക്കാർ അംഗീകരിച്ച സ്‌കീമുകൾക്ക് കീഴിൽ സേവനം നൽകുന്നവരുമായിരിക്കണം ഇവർ.