ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പരസ്യത്തിനും പ്രമോഷനും കൂടുതൽ തുക നീക്കിവെച്ച് പ്രമുഖ പാദരക്ഷാ ബ്രാൻഡായ ബാറ്റ. ബ്രാൻഡിന്റെ പ്രസക്തി വിപണിയിൽ നിലനിർത്താനും പുതിയ കാലഘട്ടത്തിനനുയോജ്യമായി അവതരിപ്പിക്കാനുമാണ് ബാറ്റയുടെ നീക്കം.

To advertise here,

മുൻവർഷത്തെ അപേക്ഷിച്ച് പരസ്യത്തിനും വിൽപ്പന പ്രമോഷനുകൾക്കുമായി നീക്കിവെക്കുന്ന തുകയിൽ വർധന വരുത്തി.

  • ഉപഭോക്താക്കളുടെ പങ്കാളിത്തം തുടർച്ചയായി ഉറപ്പാക്കുന്നതിനും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും ജൂൺ പാദത്തിലെ പരസ്യച്ചെലവിൽ മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധന വരുത്തി.
  • 2026 സാമ്പത്തിക വർഷത്തിൽ മൊത്തം മാർക്കറ്റിങ് ബജറ്റിന്റെ 45 ശതമാനവും ഡിജിറ്റൽ പരസ്യങ്ങൾക്കാണ് വിനിയോഗിച്ചത്.
  • പരസ്യനിർമാണത്തിന് എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി.
  • ഇതിലൂടെ പരസ്യരൂപകൽപ്പനയ്ക്കായി ആവശ്യം വന്നിരുന്ന സമയം ലാഭിച്ചു.
  • എ.ഐ. അധിഷ്ഠിത പരസ്യസംവിധാനത്തിലൂടെ പ്രതിവർഷം ഒരു കോടി രൂപയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പുതിയ രൂപകൽപ്പന, ഉപയോഗിക്കാനുള്ള സൗകര്യം, തനിമ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ തലമുറക്കാരുടെ വാങ്ങൽ ശീലം മാറിയത്. ഈ മാറ്റം ഉൾക്കൊണ്ടാണ് ബാറ്റയുടെ നീക്കം. എ.ഐ. വഴി ലഭിക്കുന്ന ലാഭം മറ്റ് മാർക്കറ്റിങ് സംവിധാനങ്ങൾക്കായി ഉപയോഗിക്കാനാണ് കമ്പനിയുടെ ശ്രമം. ചെറുപ്പക്കാരിലേക്ക് എത്തുന്നതിനായി ഗൂഗിൾ, മെറ്റ, സ്പോട്ടിഫൈ, യൂട്യൂബ്, ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ തുടങ്ങി.

അമിതമായ വിൽപ്പന പരസ്യങ്ങളേക്കാൾ വിശ്വസനീയവും യാഥാർഥ്യവുമായ ഉള്ളടക്കങ്ങളോടാണ് ചെറുപ്പക്കാർക്ക് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് അത്തരം കാമ്പെയ്നുകൾക്ക് പ്രാധാന്യം നൽകുന്നു. മെട്രോ നഗരങ്ങളിലെ വിപണികളിൽ ഡിജിറ്റൽ പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ചെറുകിട നഗരങ്ങളിൽ പരമ്പരാഗത മാധ്യമങ്ങൾക്കും കമ്പനി പ്രാധാന്യം നൽകുന്നു. നിലവിൽ രാജ്യത്തുടനീളം രണ്ടായിരത്തിലേറെ സ്റ്റോറുകൾ ബാറ്റയ്ക്കുണ്ട്.