കൊച്ചി: ആറാമത് e4m ഇന്ത്യൻ മാർക്കറ്റിങ് അവാർഡ്സ് - സൗത്തിൽ (e4m Indian Marketing Awards – South) മാതൃഭൂമി സ്വന്തമാക്കിയത് ഒരു സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം മൂന്ന് പുരസ്കാരങ്ങൾ. മാതൃഭൂമിയുടെ 'കപ്പ കൾച്ചർ 2026' (Kappa CULTR 2026), ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പെയിനായ 'ഗോട്ട് സ്റ്റഫ്' (Got Stuff) എന്നിവയാണ് പുരസ്കാരങ്ങൾ നേടിയത്.

To advertise here,

വെള്ളിയും വെങ്കലവും: ഒക്കേഷൻ/ഫെസ്റ്റിവൽ അധിഷ്ഠിത അല്ലെങ്കിൽ സീസണൽ മാർക്കറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ്/സോഷ്യൽ മീഡിയ എന്നിവയുടെ മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് 'കപ്പ കൾച്ചർ 2026' സിൽവറും ബ്രോൺസും കരസ്ഥമാക്കിയത്.

സ്വർണ്ണനേട്ടം: ബ്രാൻഡഡ് കണ്ടന്റ് - സോഷ്യൽ ഇംപാക്ട് വിഭാഗത്തിലാണ് മാതൃഭൂമിയുടെ ലഹരിവിരുദ്ധ ക്യാമ്പെയിനായ 'ഗോട്ട് സ്റ്റഫ്' അഭിമാനകരമായ ഗോൾഡ് മെഡൽ നേടിയത്.

മലയാളികളുടെ സാംസ്കാരിക തനിമയോട് ചേർന്നുനിൽക്കുന്ന നവീന പദ്ധതികളും സാമൂഹിക മാറ്റങ്ങൾ ലക്ഷ്യമിടുന്ന ക്യാമ്പെയിനുകളും നൽകുന്നതിൽ മാതൃഭൂമിക്കുള്ള മുൻതൂക്കമാണ് ഈ അംഗീകാരങ്ങൾ വ്യക്തമാക്കുന്നത്. പ്രമുഖ പരസ്യ ഏജൻസിയായ മൈത്രി അഡ്വർടൈസിങ് വർക്സിന്റെ (Maitri Advertising Works) സഹകരണത്തോടെയാണ് ഈ ക്യാമ്പെയിനുകൾ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയത്.

മാട്രിമോണി ഡോട്ട് കോം ഫൗണ്ടറും സി.ഇ.ഒയുമായ മുരുകവേൽ ജാനകിരാമൻ ജൂറി ചെയർമാനും, ബി.ഡബ്ല്യു ബിസിനസ്‌ വേൾഡ് & ഇ4എം ചെയർമാനും എഡിറ്റർ-ഇൻ-ചീഫുമായ ഡോ. അനുരാഗ് ബത്ര കോ-ജൂറി ചെയർമാനുമായുള്ള വിദഗ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

സംസ്കാരവുമായി ഇഴുകിചേർന്നതും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതുമായ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന മുഴുവൻ ടീം അംഗങ്ങളുടെയും ആത്മാർത്ഥതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്ന് മാതൃഭൂമി ഗ്രൂപ്പ് ഡിജിറ്റൽ ഓപ്പറേഷൻസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ വ്യക്തമാക്കി. മാധ്യമങ്ങൾ വെറുമൊരു ആശയവിനിമയ ഉപാധി മാത്രമല്ല, സാമൂഹിക മാറ്റങ്ങൾക്കുള്ള ശക്തമായ മാധ്യമം കൂടിയാണെന്ന് തെളിയിക്കുന്നതാണ് 'ഗോട്ട് സ്റ്റഫ്' ക്യാമ്പെയിനിന്റെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയിലെ മികവുറ്റ ബ്രാൻഡുകൾക്കും നൂതന ആശയങ്ങൾക്കും സർഗാത്മക ക്യാമ്പെയിനുകൾക്കും ആദരവായി ഇ4എം ഏർപ്പെടുത്തിയിട്ടുള്ളതാണ് ഐ.എം.എ സൗത്ത് അവാർഡുകൾ.