സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമായ എലോണ്‍ മസ്‌ക് ബ്ലുംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 400 ബില്യണ്‍ ഡോളര്‍ ആസ്തി നേടുന്ന ആദ്യ വ്യക്തിയായി. 

To advertise here,

സ്‌പേസ് എക്‌സില്‍ ഈയിടെ നടന്ന ഓഹരി വില്പനയാണ് മസ്‌കിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ ഇടയാക്കിയത്. ഇതിലൂടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. സ്‌പേസ് എക്‌സിന്റെ മൊത്തം മൂല്യമാകട്ടെ 350 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. ഇതോടെ ലോകത്തിലെതന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയായി സ്‌പേസ് എക്‌സ് മാറുകയും ചെയ്തു. 

സ്‌പേസ് എക്‌സിന്റെ ഓഹരി വില്പനയും ടെസ്‌ലയുടെ ഓഹരി വിലയിലെ കുതിപ്പും മസ്‌കിന്റെ ആസ്തി 447 ബില്യണ്‍ ഡോളറാകാന്‍ സഹായിച്ചു. ടെസ്‌ലയുടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 415 ഡോളറിലേക്കാണ് ഈയിടെ ഉയര്‍ന്നത്.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ടെസ്‌ലയുടെ ഓഹരി വിലയില്‍ 65 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയത്. മസ്‌കിന്റെ ആസ്തിയിലേയ്ക്ക് ശതകോടികളാണ് ഇത് കൂട്ടിച്ചേര്‍ത്തത്. 

മസ്‌കിന്റെതന്നെ നിര്‍മിത ബുദ്ധി കമ്പനിയായ എക്‌സ്എഐയുടെ മൂല്യവും കുത്തനെ ഉയര്‍ന്നു. അത്യാധുനിക എഐ സങ്കേതങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിനിടെ കമ്പനി ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. 

ഡിസംബര്‍ 10ലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചികയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി ജെഫ് ബെസോസ് ആണ്. ബെസോസിനേക്കാള്‍ 140 ബില്യണ്‍ ഡോളറിന്റെ ആസ്തി മസ്‌കിന് കൂടുതലുണ്ട്.