തിരുവനന്തപുരം: തായ്‌വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്‌സിറ്റിക്കുവേണ്ടി 'കോയോ' എന്ന സാറ്റലൈറ്റ് നിർമ്മിച്ച് ടെക്‌നോപാർക്ക് ആസ്ഥാനമായ സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പ് ഹെക്‌സ്20. കഴിഞ്ഞ വർഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹമായ 'നിള' വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണ് ഹെക്‌സ്20-യുടെ ഈ നേട്ടം.

To advertise here,

സ്‌പേസ്എക്‌സിന്റെ ട്രാൻസ്‌പോർട്ടർ -17 ൽ കോയോ (കൈനറ്റിക്കൽ ഒപ്റ്റിക് യോ ഒബ്‌സർവർ) എന്ന സാറ്റലൈറ്റ് ആണ് ഹെക്‌സ്20 നിർമ്മിച്ചത്. ബഹിരാകാശത്ത് എത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തിൽനിന്ന് അത് വിജയകരമായി വേർപെട്ടു. 40 മിനിറ്റിനുശേഷം ഹെക്‌സ്20-യുടെ സാറ്റലൈറ്റ് കൺട്രോൾ സെന്ററിൽ ആദ്യത്തെ ബീക്കൺ സിഗ്‌നലുകൾ ലഭിക്കുകയും ചെയ്തു.

യുഎസ് സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷന്റെ (സ്‌പേസ്എക്‌സ്) പങ്കാളിത്തത്തോടെയാണ് ഹെക്‌സ്20-യുടെ ആദ്യ ഉപഗ്രഹമായ 'നിള' കഴിഞ്ഞ വർഷം വിക്ഷേപിച്ചത്. സ്വകാര്യ മേഖലയിൽനിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് 'നിള'.

സ്റ്റാർട്ടപ്പിനെ വിശ്വസനീയ ആഗോള ഉപഗ്രഹ ദൗത്യപങ്കാളിയായി മാറ്റുന്നതിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് ഹെക്‌സ്20 സിഇഒ അമൽ ചന്ദ്രൻ പറഞ്ഞു. ഓരോ വിജയകരമായ ദൗത്യവും നമ്മുടെ ബഹിരാകാശ പാരമ്പര്യം വികസിപ്പിക്കുന്നു. അതോടൊപ്പം നമ്മുടെ പ്ലാറ്റ്ഫോമുകളുടെ ഗുണമേന്മ വർധിപ്പിക്കുകയും, വേഗത, വിശ്വാസ്യത, എഞ്ചിനീയറിങ് മികവ് എന്നിവ ഉപയോഗിച്ച് ആദ്യന്ത ഉപഗ്രഹ ദൗത്യ സേവനങ്ങൾ നൽകാനുള്ള കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1500-ലധികം ബീക്കൺ സിഗ്‌നലുകൾ ഡീകോഡ് ചെയ്തും 75 ലധികം കമാൻഡുകൾ ഭൂമിയിൽനിന്ന് അയച്ചും ഭമണപഥത്തിൽ രൂപകൽപ്പന ചെയ്തതുപോലെ 'കോയോ' പ്രവർത്തിച്ചു തുടങ്ങിയെന്ന് ഹെക്‌സ്20 സഹസ്ഥാപകനും സിടിഒയുമായ അനുരാഗ് രഘു പറഞ്ഞു. രണ്ടാമത്തെ ആഴ്ചയിൽ പേലോഡിന്റെ പ്രവർത്തനങ്ങൾ തുടർച്ചയായി ആരംഭിക്കും.

തായ്‌വാൻ ആസ്ഥാനമായ എയ്ജിവേഴ്‌സിന്റെ ഫൈബർ ഒപ്റ്റിക് ഗൈറോസ്‌കോപ്പ് (എഫ്ഒജി), യുഎസ്എ ആസ്ഥാനമായുള്ള ആംപ്ലിഫൈഡ് സ്‌പെയ്‌സിന്റെ ക്രമീകരിക്കാവുന്ന പവർ സിസ്റ്റം, തായ്‌വാനിൽ നിന്നുള്ള ഡിജിപീറ്റർ, ഹെക്‌സ്20 നിർമ്മിച്ച സോളാർ പാനലിലുള്ള തായ് വാൻ ഇ.ടി സ്‌പേസ് പവർ സോളാർ സെല്ലുകൾ എന്നിവ 'കോയോ' വഹിക്കുന്നു. 

'കോയോ'യിൽ ബഹിരാകാശ പ്രവർത്തനത്തിന് അനുയോജ്യമായ ഹെക്‌സ്20യുടെ സോളാർ പാനൽ വിന്യാസ സംവിധാനങ്ങളാണുള്ളത്. അതിൽ ഒരു നൂതന ഫീഡ്ബാക്ക് സംവിധാനം, ഹിഞ്ച് ഡിസൈൻ, ഡിപ്ലോയബിൾ മോണോപോൾ റോഡ് ആന്റിന എന്നിവ ഉൾപ്പെടുന്നു. കൂടാതെ എഎക്‌സ് ക്യൂബ്‌സാറ്റ് പ്ലാറ്റ്ഫോമിനും കൂടുതൽ ഫലപ്രദമാകുന്നു.

കമ്പനിയുടെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്ന് ഹെക്‌സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം.ബി അരവിന്ദ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചു.

അടുത്ത ഒരു വർഷത്തിനുള്ളിൽ ഹെക്‌സ്20യ്ക്ക് ആറ് ബഹിരാകാശ ദൗത്യങ്ങളാണുള്ളത്. നിള-3 (യുകെ ആസ്ഥാനമായുള്ള ഓംസ്‌പേസിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിന് യോഗ്യത നേടുന്നതിനായി നിർമ്മിച്ച ക്യൂബ്‌സാറ്റ്), എസ്എഐഎസ്‌ഐ (തായ് വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയുള്ള കപ്പൽ തിരിച്ചറിയൽ ഉപഗ്രഹം), കോസ്പർ1 (കോസ്പറിന്റെ പങ്കാളിത്തത്തോടെ വിവിധ ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ബഹിരാകാശ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം), എമിറേറ്റ്‌സ് ആസ്റ്ററോയ്ഡ് മിഷൻ ആസ്റ്ററോയ്ഡ് ഇമ്പാക്റ്റർ പ്രോബ് എന്നിവ ഈ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.

യുഎഇയുടെ ഛിന്നഗ്രഹ ദൗത്യത്തിനൊപ്പം പറക്കുന്ന ആസ്റ്ററോയിഡ് ജസ്റ്റിഷ്യയെ ചിത്രീകരിക്കുന്ന വിധത്തിലാണ് എമിറേറ്റ്‌സ് ആസ്റ്ററോയിഡ് മിഷൻ ആസ്റ്ററോയിഡ് ഇംപാക്റ്റർ പ്രോബ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏത് മൈക്രോസാറ്റ്/ക്യൂബ്‌സാറ്റിനേക്കാളും കൂടുതൽ ദൂരം ഈ ദൗത്യം സഞ്ചരിക്കും.

ഹെക്‌സ്20യുടെ മായവി1, ഡിങ്ക്എൻ1 ദൗത്യങ്ങൾ ഹെക്‌സ് 20-യുടെ സ്വന്തം തെർമൽ, ദൃശ്യ ഭൗമ നിരീക്ഷണ പേലോഡുകൾക്ക് പുറമെ ഒന്നിലധികം ഉപഭോക്തൃ പേലോഡുകൾ വഹിക്കുന്ന പേലോഡ് അഗ്രഗേറ്റർ ദൗത്യങ്ങളായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇവ വിവിധ ആപ്ലിക്കേഷനുകളിലൂടെ പ്രയോജനപ്രദമായ ഭൗമ നിരീക്ഷണ ഡാറ്റ നൽകും.

നേരത്തെ 'നിള'യുടെ വിക്ഷേപണത്തിലൂടെ സ്‌പേസ് എക്‌സുമായി പങ്കാളിത്തം പുലർത്തുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പായി ഹെക്‌സ്20 മാറിയിരുന്നു. യുഎസ്, യുഎഇ, തായ്‌വാൻ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഹെക്‌സ്20 ഐഎസ്ആർഒ ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിർമ്മാണ ശൃംഖലയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ നിർമ്മാണത്തിനൊപ്പം അനുബന്ധ സേവനങ്ങളും ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളും ഹെക്‌സ് 20-യിലൂടെ ലഭ്യമാകും.