മ്യൂച്വൽ ഫണ്ട് വിപണിയിൽ കൂടുതൽ സുതാര്യതയും വ്യക്തതയും കൊണ്ടുവരാൻ സെബിയുടെ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എവിടെയാണ് പണം നിക്ഷേപിക്കുന്നതെന്ന് നിക്ഷേപകർക്ക് ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാന് കഴിയും.

മ്യൂച്വൽ ഫണ്ടുകളുടെ പേരുകൾ നിശ്ചയിക്കുന്നതിലും കാറ്റഗറികൾ നിർണയിക്കുന്നതിലും സെബി മാറ്റംവരുത്തി. നിക്ഷേപകർക്ക് എളുപ്പത്തിൽ ഫണ്ടുകൾ തിരിച്ചറിയുന്നതിനും യഥാർഥ നിക്ഷേപ സ്വഭാവം സ്‌കീമുകൾ നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് നടപടി.
പ്രധാന പരിഷ്‌കാരങ്ങൾ:
- ഫണ്ടുകളുടെ പേര് അവ ഉൾപ്പെടുന്ന കാറ്റഗറികൾക്ക് അനുസരിച്ചായിരിക്കണം.
- ഒരേ മ്യൂച്വൽ ഫണ്ട് ഹൗസിന് കീഴിലുള്ള വിവിധ തീമാറ്റിക് ഫണ്ടുകളുടെ പോർട്ട്‌ഫോളിയോ സാമ്യം(ഓവർലാപ്) 50 ശതമാനമായി പരിമിതപ്പെടുത്തി.
- നിക്ഷേപകർക്ക് കാര്യമായ പ്രയോജനമില്ലെന്ന് കണ്ട് 'സൊലൂഷൻ ഓറിയന്റഡ്' സ്‌കീമുകൾ നിർത്തി.
- ആർബിട്രേജ് ഫണ്ടുകളുടെ നിക്ഷേപരീതിയിൽ മാറ്റംവരുത്തി.
പേരുകളിലെ വ്യവസ്ഥ
- നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ സ്‌കീമുകളുടെ പേരുകൾ ലളിതവും വ്യക്തവുമാക്കണമെന്ന് സെബി നിർദ്ദേശിക്കുന്നു.
- ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ഫണ്ടിന്റെ പേര് ആ വിഭാഗത്തിന്റെ പേര് തന്നെയായിരിക്കണം. ഇത് എല്ലാ മ്യൂച്വൽ ഫണ്ട് ഹൗസുകളിലും ഏകീകൃതമായിരിക്കും. അതായത് ലാർജ് ക്യാപ് ഫണ്ട് ആണെങ്കിൽ എഎംസിയുടെ പേരിനൊപ്പം ലാർജ് ക്യാപ് ഫണ്ട് എന്ന് ഉപയോഗിച്ചിരിക്കണം. നേരത്തെ ബ്ലൂചിപ്-എന്നിങ്ങനെ വ്യത്യസ്ത പേരുകൾ നൽകാറുണ്ടായിരുന്നു.
- നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തെയോ വരുമാനത്തെയോ ഊന്നൽ നൽകുന്ന വാക്കുകളോ ശൈലികളോ ഫണ്ടുകളുടെ പേരിനൊപ്പം ഉപയോഗിക്കാൻ പാടില്ല.
- ഓഫർ ഡോക്യുമെന്റുകളിലും പരസ്യങ്ങളിലും 'ടൈപ്പ് ഓഫ് സ്‌കീം' വിവരിക്കുന്നത് സെബി നിശ്ചയിച്ചിട്ടുള്ള ഫോർമാറ്റിൽ മാത്രമായിരിക്കണം.
ഫണ്ട് കാറ്റഗറികൾ
- മ്യൂച്വൽ ഫണ്ട് സ്‌കീമുകളെ സെബി പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്:
- ഇക്വിറ്റി
- ഡെറ്റ്
- ഹൈബ്രിഡ്
- ലൈഫ് സൈക്കിൾ (പുതിയതായി ഉൾപ്പെടുത്തിയത്)
മറ്റുള്ളവ: ഇൻഡക്‌സ് ഫണ്ട്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF), ഫണ്ട് ഓഫ് ഫണ്ട് (FoF) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശ്രദ്ധേയമായ മാറ്റം: സൊല്യൂഷൻ ഓറിയന്റഡ് ഫണ്ട് വിഭാഗം സെബി നിർത്തലാക്കി. ഈ വിഭാഗത്തിലേക്കുള്ള എല്ലാ പുതിയ സബ്‌സ്‌ക്രിപ്ഷനുകളും ഉടനടി പ്രാബല്യത്തോടെ നിരോധിച്ചു. ഇതോടെ മറ്റ് ഈ വിഭാഗം ഫണ്ടുകൾ മറ്റ് ഫണ്ടുകളിലേയ്ക്ക് ലയിപ്പിക്കേണ്ടിവരും.
പോർട്ട്‌ഫോളിയോ ഓവർലാപ്പ്
ഒരേ സ്വഭാവമുള്ള ഒന്നിലധികം ഫണ്ടുകൾ എഎംസികൾക്ക് പാടില്ല. അതിനായി കടുത്ത നിയന്ത്രണങ്ങളാണ് സെബി കൊണ്ടുവന്നിട്ടുള്ളത്.
50% പരിധി: ഒരു തീമാറ്റിക് ഇക്വിറ്റി സ്‌കീമിലെ പോർട്ട്‌ഫോളിയോ മറ്റ് തീമാറ്റിക് സ്‌കീമുകളുമായോ ഇക്വിറ്റി വിഭാഗങ്ങളുമായോ (ലാർജ് ക്യാപ് സ്‌കീമുകൾ ഒഴികെ) 50 ശതമാനത്തിൽ കൂടുതൽ സാമ്യമുള്ളതാകാൻ പാടില്ല.
വാല്യൂ & കോൺട്രാ ഫണ്ടുകൾ: മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വാല്യൂ (Value), കോൺട്രാ (Contra) ഫണ്ടുകൾ ഒരേസമയം വാഗ്ദാനം ചെയ്യാം. എന്നാൽ ഇവ തമ്മിലുള്ള പോർട്ട്‌ഫോളിയോ ഓവർലാപ്പ് 50 ശതമാനത്തിൽ കൂടരുത്.
സമയപരിധി: തീമാറ്റിക് ഫണ്ടുകൾക്ക് ഈ നിയമം പാലിക്കാൻ മൂന്ന് വർഷത്തെ സമയപരിധി നൽകിയിട്ടുണ്ട്. മറ്റ് ഫണ്ടുകൾക്ക് അനുവദിച്ചത് ആറ് മാസമാണ്. നിശ്ചിത സമയത്തിനുള്ളിൽ മാനദണ്ഡം പാലിക്കാൻ കഴിയാത്ത സ്‌കീമുകൾ നിർബന്ധമായും മറ്റ് സ്‌കീമുകളുമായി ലയിപ്പിക്കേണ്ടി വരും.
ആർബിട്രേജ് ഫണ്ടുകളിലെ മാറ്റങ്ങൾ
ആർബിട്രേജ് ഫണ്ടുകളുടെ നിക്ഷേപ രീതിയിലും വരുമാനത്തിലും പുതിയ വ്യവസ്ഥകൾ കാര്യമായ സ്വാധീനം ചെലുത്തും.
നിക്ഷേപ വിഹതം: ആർബിട്രേജ് ഫണ്ടുകളിലെ കടപ്പത്ര നിക്ഷേപം ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളിൽ (G-Secs) മാത്രമായി പരിമിതപ്പെടുത്തണം. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് വർധനവും പുതിയ നിക്ഷേപ നിയന്ത്രണങ്ങളും കാരണം ഈ വിഭാഗത്തിലെ ഫണ്ടുകളുടെ വരുമാനത്തിൽ 30 മുതൽ 40 ബേസിസ് പോയിന്റ് വരെ കുറവുണ്ടാക്കിയേക്കാം.
മ്യൂച്വൽ ഫണ്ട് വിപണിയിൽ കൂടുതൽ സുതാര്യതയും വ്യക്തതയും കൊണ്ടുവരാൻ സെബിയുടെ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എവിടെയാണ് പണം നിക്ഷേപിക്കുന്നതെന്ന് നിക്ഷേപകർക്ക് ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാന് കഴിയും.
Published: 27 Feb 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented