
വയലറ്റ് കളര്‍ പാക്കറ്റില്‍ ആരേയും ആകര്‍ഷിക്കുന്ന ഡയറി മില്‍ക് ചോക്ലേറ്റ്, പലനിറങ്ങളാല്‍ കൊതിയുണര്‍ത്തുന്ന ജെംസ്, ക്രീമും ബിസ്‌ക്കറ്റും ചേര്‍ന്ന ഓറിയോ, ചോക്ലേറ്റ് പ്രിയര്‍ക്ക് ഇഷ്ടപ്പെട്ട ഫൈവ് സ്റ്റാര്‍, പെര്‍ക്, സില്‍ക്.. കാഡ്ബറി എന്നാല്‍ നമുക്ക് പ്രണയവും കരുതലും സന്തോഷവുമെല്ലാം പങ്കുവെയ്ക്കാനായി കൂട്ടുപിടിക്കുന്ന മധുരമാണ്. മാര്‍ക്കറ്റിലെത്തി 200 വര്‍ഷം പിന്നിടുമ്പോള്‍ കാഡ്ബറി എന്നാല്‍ ലോകം മുഴുവന്‍ വ്യാപിച്ച ബ്രാന്‍ഡ് ആയി മാറിയിരിക്കുന്നു. കാഡ്ബറിയുടെ ഐക്കോണിക് ഉത്പന്നമായ ഡയറി മില്‍ക് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റുകളിലൊന്നാണ്. ബേക്കറി കട മാത്രമായിരുന്ന കാഡ്ബറി എങ്ങനെയാണ് ലോകത്തിന്റെ മിഠായിക്കടയായത്? ബര്‍മിങ്ഹാംമില്‍ പിറന്ന് ലോകം മുഴുവന്‍ വ്യാപിച്ച കാഡ്ബറിയുടെ ജൈത്രയാത്ര എങ്ങനെയായിരുന്നു? മധുരമൂറുന്ന ആ കഥയിതാ..
ബേക്കറി കടയില്‍ നിന്ന് വളര്‍ന്ന കാഡ്ബറി സാമ്രാജ്യം
നൂറ്റാണ്ടുകൾക്ക് മുന്‍പുതന്നെ ഇംഗ്ലണ്ടില്‍ ചോക്ലേറ്റ് ഉണ്ടായിരുന്നു. എന്നാൽ സമ്പന്നര്‍ക്ക് മാത്രമായിരുന്നു ആ വിശേഷപ്പെട്ട രുചി പണം കൊടുത്ത് വാങ്ങാനോ അനുഭവിക്കാനോ കഴിഞ്ഞിരുന്നത്. ഇതിനിടയിലേക്കാണ് കാഡ്ബറി അവരുടെ സ്വന്തം ചോക്ലേറ്റുമായി രംഗപ്രവേശം ചെയ്യുന്നത്. ജോണ്‍ കാഡ്ബറി എന്നയാളുടെ ഉടമസ്ഥതയില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലുള്ള ഒരു സാധാരണ ബേക്കറി കടയായിരുന്നു കാഡ്ബറിയുടേത്. 1824-ല്‍ തന്റെ 22ആം വയസ്സിലാണ് ജോണ്‍ കാഡ്ബറി ഈ കട ആരംഭിച്ചത്. ചായയും കാപ്പിയും ഉണ്ടാക്കി വില്‍ക്കുന്നതായിരുന്നു ബിസിനസ്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പാലും ചോക്ലേറ്റും ചേര്‍ത്തുള്ള പാനീയങ്ങളും ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. ജനങ്ങള്‍ക്ക് തീര്‍ത്തും പുതിയ രുചിയായിരുന്നു കാഡ്ബറിയുടെ കട അന്ന് പുറത്തിറക്കിയത്. അതുകൊണ്ടുതന്നെ മികച്ച ബിസിനസ്സായിരുന്നു കാഡ്ബറിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബിസിനസ് ആരംഭിച്ച് 20 വര്‍ഷം കൊണ്ട് കാഡ്ബറി ഉത്പന്നങ്ങള്‍ക്കായി വലിയൊരു ഫാക്ടറി തുറക്കാന്‍ ജോണ്‍ കാഡ്ബറിക്ക് സാധിച്ചു. സഹോദരനായ ബെഞ്ചമിന്‍ കാഡ്ബറിയും ജോണിനൊപ്പം ചേര്‍ന്നതോടെ കാഡ്ബറി ബ്രദേര്‍സ് എന്ന പേരിലായിരുന്നു പുതിയ ഫാക്ടറി. 1841 മുതല്‍ 11 തരം കൊക്കൊ പൊടികളും 16 തരം ഹോട്ട് ചോക്ലേറ്റ് പാനീയങ്ങളും കാഡ്ബറി പുറത്തിറക്കാന്‍ തുടങ്ങി. 1861കളില്‍ ജോണ്‍ കാഡ്ബറിയില്‍ നിന്നും കമ്പനി മക്കളിലേക്കെത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ജോണ്‍ കമ്പനി മക്കളായ ജോര്‍ജിനും റിച്ചാര്‍ഡിനും കമ്പനി കൈമാറുകയായിരുന്നു. അന്ന് 21ഉം 25ഉം വയസ്സായിരുന്നു ഇരുവരുടേയും പ്രായം. തുടക്കത്തില്‍ കമ്പനി മുന്നോട്ടുകൊണ്ടുപോവാന്‍ ഇരുവരും ഏറെ ബുദ്ധിമുട്ടി. പ്രതീക്ഷിച്ച ലാഭം കമ്പനിയില്‍ നിന്ന് ലഭിച്ചില്ല. അതോടെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നു. നഷ്ടം നേരിടാന്‍ ആരംഭിച്ചതോടെ ചായയും കാപ്പിയും കൊക്കോ പൊടിയും വില്‍പന നടത്തുന്നത് അവസാനിപ്പിക്കാനും ചോക്ലേറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇരുവരും തീരുമാനിച്ചു.

1897കളിലാണ് കാഡ്ബറി അവരുടെ ആദ്യ ചോക്ലേറ്റ് ബാര്‍ പുറത്തിറക്കിയത്. അന്ന് മില്‍ക് ചോക്ലേറ്റ് വ്യവസായത്തില്‍ സ്വിസ് ചോക്ലേറ്റുകള്‍ വാഴുന്ന കാലമായിരുന്നു അത്. കൊക്കോ പൊടി സംസ്‌കരിക്കുന്നതിനിടെ ബാക്കിയാവുന്ന കൊക്കോ ബട്ടര്‍ ഉപയോഗിച്ചായിരുന്നു ആദ്യ ചോക്ലേറ്റിന്റെ നിര്‍മാണം. ഈ ഡാര്‍ക് ചോക്ലേറ്റ് കൂട്ടില്‍ പാല്‍പ്പൊടി പേസ്റ്റ് ചേര്‍ത്ത് ഉണ്ടാക്കി പുറത്തിറക്കിയ ഈ ചോക്ലേറ്റിന് നല്ല അഭിപ്രായമല്ല ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. പുതിയതായി എന്തുചെയ്യണമെന്ന ആലോചനയിലായി പിന്നീട് ഇവര്‍. അങ്ങനെയാണ് പാല്‍പ്പൊടിക്ക് പകരം പാല്‍തന്നെ ചേര്‍ത്ത് ചോക്ലേറ്റ് പുറത്തിറക്കുന്ന ആശയം ജോര്‍ജിന്‍റേയും റിച്ചാര്‍ഡിന്‍റേയും തലയിലുദിച്ചത്. അതായിരുന്നു കാഡ്ബറിയുടെ യാത്രയിലെ നാഴികക്കല്ല്, അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'മനസ്സില്‍ ലഡുപൊട്ടിയ നിമിഷം' അങ്ങനെയാണ് പാല്‍പ്പൊടിക്ക് പകരം പാല്‍ തന്നെ ചേര്‍ത്തുകൊണ്ടുള്ള പുതിയ ചോക്ലേറ്റ് കാഡ്ബറി പുറത്തിറക്കുന്നത്. പുതിയ ചോക്ലേറ്റ് മാര്‍ക്കറ്റില്‍ ഹിറ്റായി, കമ്പനി പതിയെ ലാഭത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. 1879ലാണ് കാഡ്ബറി കമ്പനി അവരുടെ വളര്‍ച്ചയിലെ നാഴികക്കല്ല് പിന്നിട്ടത്. ബോണ്‍വില്ലിയില്‍ 15 ഏക്കര്‍ സ്ഥലത്ത് കാഡ്ബറി ബ്രദേര്‍സ് പുതിയ ഫാക്ടറി നിര്‍മിച്ചത് ഈ വര്‍ഷമായിരുന്നു. 1893ല്‍ 120 ഏക്കര്‍ സ്ഥലം കൂടി കാഡ്ബറി സ്വന്തമാക്കി. കാഡ്ബറിയിലെ ജീവനക്കാര്‍ക്ക് വേണ്ടി സ്‌കൂളും ആശുപത്രികളും കായികകേന്ദ്രങ്ങളും തുടങ്ങി എല്ലാത്തരം സൗകര്യങ്ങളുമടങ്ങുന്ന കാഡ്ബറി മോഡല്‍ വില്ലേജ് അവര്‍ നിര്‍മിച്ചെടുത്തു. അതിനോടകം തന്നെ കാഡ്ബറി ചോക്ലേറ്റുകള്‍ക്ക് ഇംഗ്ലണ്ടിലെ മാര്‍ക്കറ്റില്‍ പ്രിയമേറിതുടങ്ങിയിരുന്നു. ബിസിനസ്സിലെ ജൈത്രയാത്ര നൂറ് വര്‍ഷം പിന്നിടുമ്പോള്‍ അമ്പതോളം ബ്രാന്‍ഡുകളാണ് ഇന്ന് കാഡ്ബറിക്ക് കീഴിലുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതാവട്ടെ കാഡ്ബറി ഡയറി മില്‍ക്കും.

കാഡ്ബറിയുടെ സ്വന്തം ഡയറി മില്‍ക്
കാഡ്ബറിയുടെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ഉത്പന്നമാണ് ഡയറി മില്‍ക്. കാഡ്ബറി എന്ന പേര് ലോകം മുഴുവന്‍ വ്യാപിക്കാന്‍ കാരണമായും ഡയറി മില്‍ക് തന്നെ. 1906 ജൂണിലാണ് കാഡ്ബറി അവരുടെ ഏറ്റവും ആദ്യത്തെ ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാര്‍ പുറത്തിറക്കുന്നത്. ഡയറി മില്‍ക്കിന് മുന്‍പ് കാഡ്ബറി കമ്പനി ചോക്ലേറ്റുകള്‍ നിര്‍മിച്ചിരുന്നെങ്കിലും ഇതിനേക്കാള്‍ കൂടിയ അളവില്‍ പാല്‍ ചേര്‍ത്തായിരുന്നു ഡയറി മില്‍കിന്റെ നിര്‍മാണം. സാധാരണ ചോക്ലേറ്റിനേക്കാള്‍ രുചികരമായ ഈ മില്‍ക് ചോക്ലേറ്റിന് മാര്‍ക്കറ്റില്‍ വലിയ പ്രചാരവും ജനപ്രീതിയും ലഭിച്ചു. ഇക്കാലത്ത് ഹൈലാന്‍ഡ് മില്‍ക്, ജേഴ്‌സി ചോക്ലേറ്റ്, ഡയറി മെയ്ഡ് തുടങ്ങിയ വിവിധ പേരുകളിലായിരുന്നു സവിശേഷമായ ഈ ചോക്ലേറ്റ് അറിയപ്പെട്ടിരുന്നത്. ചോക്ലേറ്റിന്റെ പേര് ഡയറി മില്‍ക് എന്ന പേരിലേക്കെത്തിയതിന് പിന്നിലും ഒരു കഥയുണ്ട്. കടയില്‍ ചോക്ലേറ്റ് വാങ്ങാനെത്തിയ ഒരാളുടെ മകള്‍ നിര്‍ദേശിച്ചതുപ്രകാരമാണ് കമ്പനി തങ്ങളുടെ പുതിയ ചോക്ലേറ്റിന് ഡയറി മില്‍ക് എന്ന പേര് തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് കാഡ്ബറി തന്നെ പറയുന്നത്. പാലിനാല്‍ സമ്പുഷ്ടമായ ചോക്ലേറ്റിന്റെ പരസ്യവാചകം പോലും 'ഗ്ലാസ് ആന്റ് എ ഹാഫ്' എന്നായിരുന്നു. ചോക്ലേറ്റിലുള്ള കൂടിയ അളവ് പാലിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ വാചകം. 1928കളിലാണ് ഈ പരസ്യവാചകം കാഡ്ബറി പുറത്തിറക്കിയത്.
കാഡ്ബറി കൊണ്ടുവന്ന ചോക്ലേറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു ഡയറി മില്‍ക്. പാലിനാല്‍ സമ്പുഷ്ടമായ, അതുവരെ മാര്‍ക്കറ്റില്‍ ലഭിച്ചതില്‍ ഏറ്റവും മികച്ചതെന്ന് ഉപഭോക്താക്കള്‍ ഒന്നടങ്കം പറഞ്ഞ ഡയറി മില്‍ക് ചോക്ലേറ്റ് റോക്കറ്റ് വേഗത്തിലാണ് വിപണി പിടിച്ചത്. അത് കാഡ്ബറിക്ക് ലാഭക്കുതിപ്പുമുണ്ടാക്കി. അതോടെ ഇംഗ്ലണ്ടിന് പുറത്തേക്ക് കാഡ്ബറി അവരുടെ ചോക്ലേറ്റ് വിപണി വ്യാപിപ്പിക്കാനും ആരംഭിച്ചു. പിന്നീട് ഡയറി മില്‍കില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരാനാണ് കാഡ്ബറി ശ്രമിച്ചത്. ഡയറി മില്‍ക് ചോക്ലേറ്റിനൊപ്പം ഉണങ്ങിയ പഴങ്ങളും ചേര്‍ക്കാമെന്ന ആശയം നടപ്പിലാക്കിയത് 1928ലാണ്. 1933ലാണ് ഹോള്‍നട്ട് ഡയറി മില്‍ക് പുറത്തിറക്കിയത്. അതിനോടകം തന്നെ കാഡ്ബറി എന്ന മദര്‍ ബ്രാന്‍ഡ് ഇംഗ്ലണ്ടിലെ തന്നെ വമ്പന്‍ ബ്രാന്‍ഡ് ലീഡറായി വളര്‍ന്നിരുന്നു. പുറത്തിറക്കി പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ കാഡ്ബറിയുടെ ബെസ്റ്റ് സെല്ലിങ് ഉത്പന്നമായി ഡയറി മില്‍ക് മാറി. 2003ലാണ് ഡയറി മില്‍കില്‍ രുചിയില്‍ വ്യത്യസ്തത കൊണ്ടുവരാനുള്ള തീരുമാനം കാഡ്ബറി സ്വീകരിച്ചത്. പലകാലങ്ങളിലായി ചോക്ലേറ്റില്‍ നിരവധി വ്യത്യസ്തതകള്‍ കാഡ്ബറി നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വകഭേദങ്ങളുള്ള കാഡ്ബറി ഉത്പന്നം ഡയറി മില്‍ക്കാണ്. ഡയറി മില്‍കില്‍ മാത്രം നൂറോളം വേരിയന്റുകളാണ് കാഡ്ബറി പുറത്തിറക്കിയിട്ടുള്ളത്.

രൂപം മാറ്റി ലാഭംകൊയ്ത ഡയറിമില്‍ക്
2012 വരെ ചതുരാകൃതിയില്‍ ചെറു കഷ്ണങ്ങളടങ്ങിയ ചോക്ലേറ്റ് ബാറായിരുന്നു കാഡ്ബറി ഡയറിമില്‍ക്. എന്നാല്‍ 2013ല്‍ പൊടുന്നനെ ചോക്ലേറ്റില്‍ ചെറിയ രൂപമാറ്റം സംഭവിച്ചു. ചതുരത്തിലുള്ള അരികുകള്‍ ഓവല്‍ ഷേപ്പിലേക്ക് മാറിയതായിരുന്നു പുതിയ രൂപം. ഈ രൂപമാറ്റം വിലയെ ഒട്ടും ബാധിച്ചില്ലെങ്കിലും ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു. പുതിയ ഡയറി മില്‍ക് ചോക്ലേറ്റിന് രുചിയില്‍ വ്യത്യാസമുണ്ടെന്നായിരുന്നു ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് വന്ന പരാതി. പുതിയ രൂപത്തിലുള്ള ചോക്ലേറ്റിന് മധുരം കൂടുതലാണെന്ന വിമര്‍ശനങ്ങള്‍ക്കൊപ്പം അതൃപ്തി അറിയിക്കാനായി ഓണ്‍ലൈന്‍ ക്യാംപയിന്‍ വരെ ഡയറി മില്‍ക് ആരാധകര്‍ സംഘടിപ്പിച്ചു. പഴയരൂപത്തിലേക്ക് ഡയറി മില്‍കിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്യാംപയിന്‍. പ്രതിഷേധങ്ങള്‍ കടുത്തതോടെ ചോക്ലേറ്റിന്റെ രൂപമാറ്റത്തില്‍ വിശദീകരണവുമായി കാഡ്ബറി പ്രതിനിധി ടോണി ബില്‍സ് ബോറോ രംഗത്തെത്തി. രൂപത്തില്‍ മാത്രമാണ് മാറ്റം വന്നതെന്നും രുചിയിലോ ഉണ്ടാക്കുന്ന രീതിയിലോ വിലയിലോ യാതൊരു വ്യത്യാസവുമില്ലെന്ന് ടോണി വിശദീകരിച്ചു. ചോക്ലേറ്റ് രുചി ഏറ്റവും നന്നായി അനുഭവിക്കാന്‍ പറ്റുന്ന തരത്തിലാണ് പുതിയ രൂപമെന്നും അദ്ദേഹം പറഞ്ഞെങ്കിലും രൂപമാറ്റത്തിലൂടെ കാഡ്ബറി യഥാര്‍ഥത്തില്‍ നടപ്പിലാക്കിയത് മറ്റൊരു മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു.
യഥാര്‍ഥത്തില്‍ രൂപത്തില്‍ മാറ്റം വരുത്തിക്കൊണ്ട് അളവില്‍ വ്യത്യാസം വരുത്തുകയാണ് കാഡ്ബറി ചെയ്തതെന്നാണ് മാര്‍ക്കറ്റിങ് വിദഗ്ധര്‍ ഇതിനെ കുറിച്ച് പറഞ്ഞത്. പഴയ വില നിലനിര്‍ത്തിക്കൊണ്ട് ചോക്ലേറ്റ് ബാറിന്റെ തൂക്കം കുറയ്ക്കുകയാണ് കമ്പനി ചെയ്തത്. ഒരു ചോക്ലേറ്റ് ബാറില്‍ വളരെ ചെറിയ ഗ്രാം ഭാരം മാത്രമേ കുറയുന്നുള്ളൂവെങ്കിലും വലിയ തോതില്‍ ഉത്പാദനം നടത്തുന്ന കാഡ്ബറി കമ്പനിയെ സംബന്ധിച്ച് ഇത് വലിയ ലാഭമാണ് സൃഷ്ടിച്ചെടുക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചോക്ലേറ്റിന്റെ രുചിയില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ലെന്ന് സെന്‍സറി വിദഗ്ധറും വിശദീകരിച്ചു. അരികുകള്‍ റൗണ്ട് ആക്കിയതിനാലാണ് ചോക്ലേറ്റിന് കൂടുതല്‍ മധുരം തോന്നുന്നത്. രൂപവും രുചിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നത്് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും ഇതാണ് കാഡ്ബറി രുചി മാറിയതായി തോന്നുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

കാഡ്ബറിയുടെ ലോകമാര്‍ക്കറ്റ്
ആഗോള ഭീമനായി വളര്‍ന്ന കാഡ്ബറി ഇന്ന് അമ്പതോളം ബ്രാന്‍ഡ് ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്. അതില്‍ ചോക്ലേറ്റ് മുതല്‍ ബേക്കറി ഉത്പന്നങ്ങള്‍ വരെയുണ്ട്. ലണ്ടനിലാണ് കമ്പനിയുടെ അന്താരാഷ്ട്ര ആസ്ഥാനമുള്ളത്. ലോകത്താകമാനമായി അമ്പതിലധികം രാജ്യങ്ങളില്‍ കാഡ്ബറിക്ക് വിപണിയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കണ്‍ഫെക്ഷനറി ബ്രാന്‍ഡ് ആണ് ഇന്ന് കാഡ്ബറി. ഇംഗ്ലണ്ടില്‍ ഏറ്റവും വിറ്റഴിയുന്ന ചോക്ലേറ്റ് ബ്രാന്‍ഡ്, ഇംഗ്ലണ്ടില്‍ നിന്ന് ഏറ്റവും വിജയകരമായി കയറ്റുമതി ചെയ്യുന്ന ബ്രാന്‍ഡ് തുടങ്ങിയ നേട്ടങ്ങളും 2013ല്‍ കാഡ്ബറി സ്വന്തമാക്കിയിട്ടുണ്ട്. 2022ലെ കണക്കുകള്‍ പ്രകാരം 32 ബില്ല്യണ്‍ ഡോളറാണ് കാഡ്ബറിയുടെ ലാഭം.
ഉത്പന്നങ്ങളില്‍ മാറ്റം വരുന്നത് പോലെ തന്നെ കാഡ്ബറിയുടെ ഉടമസ്ഥതയിലും മാറ്റം വന്നിട്ടുണ്ട്. 1969ല്‍ ഷ്വെപ്പെസ് എന്ന കമ്പനിയുമായി കാഡ്ബറി ലയിച്ചിരുന്നു. പാനീയങ്ങള്‍ നിര്‍മിച്ചിരുന്ന കമ്പനിയായിരുന്നു ഷ്വെപ്പെസ്. ഇരുവരും ചേര്‍ന്ന് ചോക്ലേറ്റ് കമ്പനിയായ പീറ്റര്‍ പോള്‍, ശീതളപാനീയ കമ്പനികളായ കാനഡ ഡ്രൈ, ഡോ. പെപ്പര്‍, റോയല്‍ ക്രൗണ്‍, ചോക്ലേറ്റ് കമ്പനിയായ ഗ്രീന്‍ ആന്‍ര് ബ്ലാക്ക്‌സ് എന്നിവയെ ഏറ്റെടുത്ത് ബിസിനസ് വര്‍ധിപ്പിച്ചു. എന്നാല്‍ 2008ല്‍ ഇരു കമ്പനികളും വേര്‍പിരിഞ്ഞു.
2009ല്‍ ആഗോള ബ്രാന്‍ഡായ ക്രാഫ്റ്റ് ഫുഡ്‌സ് കാഡ്ബറിക്ക് 16.2 ബില്ല്യണ്‍ ഡോളര്‍ വിലയിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ഇത് നിരസിക്കപ്പെട്ടു. എങ്കിലും 2010ല്‍ ഇരുവരും തമ്മില്‍ ധാരണയിലെത്തി. 18.9 ബില്ല്യണ്‍ ഡോളറിന് ക്രാഫ്റ്റ് ഫുഡ്‌സ് കാഡ്ബറിയെ വാങ്ങി. ഒരുമിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങളെല്ലാം. ആഗോളതലത്തില്‍ കാഡ്ബറി ശക്തിപ്രാപിച്ചു. അതിനിടെ 2011ല്‍ തങ്ങള്‍ ഭിന്നിക്കുകയാണെന്നും രണ്ട് കമ്പനികളായി പ്രവര്‍ത്തിക്കുമെന്നും ക്രാഫ്റ്റ് ഫുഡ്‌സ് പ്രഖ്യാപിച്ചു. ക്രാഫ്റ്റ് ഫുഡ്‌സിന്റെ കണ്‍ഫെക്ഷനറി ബിസിനസ്സിന് മോണ്ടേലെസ് ഇന്റര്‍നാഷണല്‍ എന്ന് പേര് നല്‍കി. ഇവര്‍ക്ക് കീഴിലാണ് ഇന്ന് കാഡ്ബറി പ്രവര്‍ത്തിക്കുന്നത്. 2017 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സ്‌നാക് പാര്‍ട്ട്ണര്‍ ആണ് കാഡ്ബറി. ലീഗിന്റെ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലോവ് എന്നീ പുരസ്‌കാരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും കാഡ്ബറിയാണ്.
1948ലാണ് കാഡ്ബറി ഇന്ത്യയിലേക്ക് വന്നത്. ചോക്ലേറ്റ് ഇറക്കുമതി ചെയ്തുകൊണ്ടായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പിന്നീട് താണെ, ഇന്ദുരി, ഗ്വാളിയോര്‍, ബെംഗളൂരു, ഹൈദരാബാദ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. മുംബൈയിലാണ് ആസ്ഥാനം. ചോക്ലേറ്റ് നിര്‍മാണത്തിന്റെ ഭാഗമായി ഇന്ത്യയിലെങ്ങും കൊക്കോ കൃഷിയും കാഡ്ബറിക്കുണ്ട്. കൊക്കോ കൃഷി ഗവേഷണത്തിനും പഠനങ്ങള്‍ക്കുമായി കേരള കാര്‍ഷിക സര്‍വകലാശാലയുമായും കാഡ്ബറി സഹകരിക്കുന്നുണ്ട്. ചോക്ലേറ്റ് പലഹാരങ്ങള്‍, ബിവറേജസ്, ബിസ്‌ക്കറ്റ്, ഗം, കാന്‍ഡി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് കാഡ്ബറി ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഡയറിമില്‍ക്, സില്‍ക്, ബോണ്‍വില്ലി, പെര്‍ക്, എക്ലയേര്‍സ്,ബോണ്‍വിറ്റ, ജെംസ്, ഷോട്‌സ്, ടാങ്ക്, ഓറിയോ, ഹാള്‍സ് തുടങ്ങിയവയാണ് ഇന്ത്യയില്‍ ലഭ്യമായ പ്രധാനപ്പെട്ട കാഡ്ബറി ഉത്പന്നങ്ങള്‍.
പര്‍പ്പിളും കാഡ്ബറിയും രാജകുടുംബവും
ഡയറി മില്‍ക് പര്‍പ്പിള്‍ (Pantone 2865c) എന്ന കളര്‍ പോലും നമ്മുടെ സംഭാഷണങ്ങളില്‍ ഇടം നേടിയിട്ടുണ്ടാവാം അല്ലേ? ഈ പര്‍പ്പിള്‍ നിറത്തെ ചൊല്ലി കോടതിയില്‍ വരെ കേസ് എത്തിയ ചരിത്രവും കാഡ്ബറിക്കുണ്ട്. എന്തുകൊണ്ടായിരിക്കും കാഡ്ബറി ഡയറി മില്‍ക്ക് ഉള്‍പ്പെടെയുള്ള ചോക്ലേറ്റുകള്‍ക്ക് വേണ്ടി പര്‍പ്പിള്‍ കളര്‍ തിരഞ്ഞെടുത്തത്? അതിനുപിന്നിലുമുണ്ടൊരു ചരിത്രം.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചോക്ലേറ്റ് നിര്‍മാതാക്കളാവാനുള്ള റോയല്‍ വാറന്റ് കാഡ്ബറിക്ക് ലഭിച്ചത് 1854ലാണ്. അതിനാലാണ് വിക്ടോറിയ രാജ്ഞിയോടുള്ള ആദരസൂചകമായി 1914 മുതലാണ് കാഡ്ബറി റോയല്‍ പര്‍പ്പിള്‍ നിറം ഔദ്യോഗിക നിറമായി സ്വീകരിച്ചുതുടങ്ങിയത്. ഈ പ്രത്യേക നിറം (Pantone 2865c) ട്രേഡ്മാര്‍ക് ചെയ്യാനായിരുന്നു കാഡ്ബറിയുടെ നീക്കം. എന്നാല്‍ ഇതിനെ എതിര്‍ത്ത് മാര്‍ക്കറ്റിലെ പ്രധാന എതിരാളിയായ നെസ്‌ലേ രംഗത്തെത്തി. നിറത്തില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ലെന്നായിരുന്നു നെസ്‌ലേയുടെ വാദം. വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2012ല്‍ കാഡ്ബറി വിജയിച്ചു. റോയല്‍ പര്‍പ്പിള്‍ നിറം കാഡ്ബറിക്ക് സ്വന്തമാണെന്നതിന് വ്യക്തമായ തെളിവുണ്ടായിരുന്നു എന്നായിരുന്നു കോളിന്‍ ബിര്‍സ് ജഡ്ജിയായിരുന്ന കോടതിവിധി.

പര്‍പ്പിള്‍ ഗോള്‍ഡന്‍ കാഡ്ബറി
കാഡ്ബറിയുടെ ലോഗോ ഡിസൈന്‍ ചെയ്തത് ജോര്‍ജസ് ഒറിയല്‍ എന്ന കലാകാരനാണ്. കാലാകാലങ്ങളായി പലതരം പരിഷ്‌കാരങ്ങളിലൂടെ കാഡ്ബറി ഡയറി മില്‍ക് കടന്നുപോയിട്ടുണ്ട്. 1905ല്‍ ഡയറി മില്‍ക് പുറത്തിറക്കിയ കാലത്ത് വളരെ ലൈറ്റ് ആയ പര്‍പ്പിള്‍ ഷേഡിലുള്ള പാക്കറ്റില്‍ ചുവന്ന അക്ഷരത്തിലായിരുന്നു ഡയറി മില്‍കിന്റെ പാക്കറ്റ്. റോയല്‍ പര്‍പ്പിളും ഗോള്‍ഡും ചേര്‍ന്ന പാക്കറ്റ് കാഡ്ബറി പുറത്തിറക്കിയത് 1920ലാണ്. അതോടെയാണ് ഈ നിറം കാഡ്ബറിയുടെ ഐഡന്റിറ്റി കളറായി മാറിയത്. കാഡ്ബറിയുടെ ഐക്കോണിക് ഫോണ്ടിലുള്ള പേര് ഉപയോഗിക്കാന്‍ തുടങ്ങിയത് 1921 മുതലാണ്. ജോണ്‍ കാഡ്ബറിയുടെ കൊച്ചുമകനും റിച്ചാര്‍ഡ് കാഡ്ബറിയുടെ മകനുമായ വില്ല്യം കാഡ്ബറിയുടെ ഒപ്പില്‍ നിന്നാണ് ഈ ഫോണ്ട് സ്‌റ്റൈല്‍ കാഡ്ബറി സ്വീകരിച്ചത്. പിന്നീട് അതില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി ലളിതമാക്കിയിട്ടുണ്ട്. ഒപ്പം എ ഗ്ലാസ് എന്റെ എ ഹാഫ് മില്‍ക് എന്ന വാക്യവും ഗ്ലാസ്സില്‍ നിന്ന് പാല്‍ ഒഴുകുന്ന ചിത്രവും കവറില്‍ അവതരിപ്പിച്ചു.
1999ലാണ് ഡയറി മില്‍ക് പാക്കേജിങ്ങിന് ഏറ്റവും വലിയ മാറ്റം സംഭവിച്ചത്. സ്റ്റാന്‍ഡേര്‍ഡ് പര്‍പ്പിള്‍ കളറിലേക്ക് കാഡ്ബറി മാറി. മുന്‍പുണ്ടായതിനേക്കാള്‍ തിളക്കം കൂടിയതായിരുന്നു ഈ കളര്‍. ഒപ്പം കവര്‍ ഡിസൈനിലും മാറ്റം കൊണ്ടുവന്നു. എ ഗ്ലാസ് എന്റെ എ ഹാഫ് മില്‍ക് ചിത്രവും പരിഷ്‌കരിച്ച് ചോക്ലേറ്റ് ബാറിലേക്ക് പാല്‍ ഒഴിക്കുന്ന തരത്തിലുള്ള ഡിസൈന്‍ നടപ്പിലായതും ഈ കാലത്താണ്. 2003ലും ലോഗോയുടെ ആകൃതിയില്‍ മാറ്റമുണ്ടായി. പര്‍പ്പിള്‍ നിറത്തിലുള്ള ഓവല്‍ ഷേപ്പിലേക്ക് കാഡ്ബറി ലോഗോയെ കൊണ്ടുവന്നതായിരുന്നു മാറ്റം. 2010ല്‍ ഇതിലും പരിഷ്‌കാരം വന്നു. കാഡ്ബറി ലോഗോ വെള്ള നിറത്തില്‍ നിന്ന് സ്വര്‍ണനിറത്തിലേക്ക് മാറി. 2013ന് ശേഷം കാഡ്ബറി ലോഗോയ്ക്ക് ചുറ്റുമുള്ള വൃത്തവും അപ്രത്യക്ഷമായി. പര്‍പ്പിള്‍ നിറത്തിലുള്ള കവറും സ്വര്‍ണനിറത്തിലുള്ള കാഡ്ബറി ലോഗോയും കുട്ടികള്‍ പോലും തിരിച്ചറിയുന്ന തരത്തിലേക്ക് മാറിയത് ഈ കാലത്താണ്.
പരസ്യങ്ങളിലേയും കാഡ്ബറി ടച്ച്
മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി ! മലയാളികളുടെ സൗഹൃദ സംഭാഷണങ്ങളില്‍ ഇടയ്‌ക്കെങ്കിലും കയറിവരുന്ന പ്രയോഗമാണിത്. വളരെ പോപ്പുലര്‍ ആയ ഈ വാചകം കാഡ്ബറിയുടെ ഡയറി മില്‍ക് പരസ്യത്തിന്റേതാണ്. കിസ് മി ക്ലോസ് യുവര്‍ ഐസ് ആന്റ് മിസ് മി ക്ലോസ് യുവര്‍ ഐസ്.. ഹൗ ഫാര്‍ വില്‍ യു ഗോ ഫോര്‍ ലവ്? മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരൂ, കാഡ്ബറിക്കൊപ്പം, അല്‍പം നല്ലത് ചെയ്യാം അല്‍പം മധുരം പകരാം.. നമ്മള്‍ ഇന്നും പറഞ്ഞുനടക്കുന്ന, കാഴ്ചക്കാരെ അത്രയേറെ ആഴത്തില്‍ സ്പര്‍ശിച്ച നിരവധി പരസ്യങ്ങള്‍ കാഡ്ബറി പുറത്തിറക്കിയിട്ടുണ്ട്. ഓറിയോ എങ്ങനെ കഴിക്കണമെന്ന് പഠിപ്പിക്കുന്ന ട്വിസ്റ്റ് ചെയ്യൂ, ലിക് ചെയ്യൂ, ഡങ്ക് ചെയ്യൂ പരസ്യവും ഫൈവ് സ്റ്റാര്‍ താരങ്ങളായ സുരേഷ് ആന്റ് രമേഷിന്റെ പരസ്യവുമൊന്നും ഒരിക്കലും മലയാളികള്‍ മറക്കാനിടയില്ല. ബ്രാന്‍ഡ് പ്രൊമോഷന് പരസ്യങ്ങളെ എങ്ങനെ ഏറ്റവും ക്രിയേറ്റീവ് ആയി, സിനിമാറ്റിക് ആയി ഉപയോഗിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് കാഡ്ബറിയുടെ പരസ്യങ്ങള്‍.
തുടക്കകാലത്ത് പത്രപ്രസിദ്ധീകരണങ്ങളെ മാത്രമായിരുന്നു കാഡ്ബറി പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. 1980കളില്‍ 'Sometimes, Cadbury’s can say it better than words' എന്ന വാചകങ്ങളോടെ പുറത്തിറങ്ങിയ പരസ്യമായിരുന്നു കാഡ്ബറിയുടെ ആദ്യത്തെ ടെലിവിഷന്‍ പരസ്യം. 1994ല്‍ പുറത്തിറങ്ങിയ Asli Swad Zindagi Ka.. എന്ന വാചകത്തോടെ പുറത്തിറങ്ങിയ പരസ്യമാണ്, കാഡ്ബറി ഡയറി മില്‍ക് കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തിയത്. ക്രിക്കറ്റ് കളിക്കിടെ ചോക്ലേറ്റ് കഴിക്കുന്ന യുവതി, സ്വന്തം ടീം മത്സരം ജയിച്ചതിന് പിന്നാലെ ഗ്രൗണ്ടിലിറങ്ങി ഡാന്‍സ് ചെയ്യുന്ന പരസ്യം ഇന്ത്യന്‍ പരസ്യരംഗത്ത് തന്നെ പുതുമയുള്ള ഒന്നായിരുന്നു. കാഡ്ബറി ഇന്ത്യയുടെ ഏറ്റവും ഹിറ്റ് ആയ പരസ്യക്യാംപയിനില്‍ ഒന്നായിരുന്നു അത്. കോവിഡ് കാലത്ത് കാഡ്ബറി പുറത്തിറക്കിയ 'Not Just A Cadbury Ad' ക്യാംപയിനും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus
Content Highlights: History of Cadbury brand, Mondelez international
Published: 08 Feb 2024, 10:28 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented