പരസ്യരംഗത്തെ ഇതിഹാസമായ പീയൂഷ് പാണ്ഡെയുടെ വിയോഗ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ പരസ്യചിത്രങ്ങളാണ് ഇന്ത്യക്കാരുടെ മനസില്‍ തെളിഞ്ഞത്. ഒന്നിനൊന്ന് മികച്ച, ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ പരസ്യങ്ങള്‍. കേവലം ഒരു ബ്രാന്‍ഡിന്റെ കച്ചവടം വര്‍ധിപ്പിക്കാനുള്ള ഉപാധി മാത്രമായിരുന്നില്ല പീയൂഷ് പാണ്ഡെയുടെ പരസ്യങ്ങള്‍.

To advertise here,

അത്തരത്തില്‍ 'വൈറലായ' ഒരു പരസ്യമാണ് പീയൂഷ് പാണ്ഡെ കാഡ്ബറിക്ക് വേണ്ടി ചെയ്തത്. വൈറല്‍ എന്ന വാക്ക് ഇന്നത്തെ അര്‍ഥത്തില്‍ ജനിക്കുന്നതിന് എത്രയോ മുമ്പ്, സോഷ്യല്‍ മീഡിയ എന്നത് സങ്കല്‍പ്പത്തില്‍ പോലുമില്ലാത്ത കാലത്ത് 1994-ലാണ് കാഡ്ബറിയുടെ സൂപ്പര്‍ഹിറ്റായ ക്രിക്കറ്റ് പരസ്യം പുറത്തിറങ്ങുന്നത്. സോഷ്യല്‍ മീഡിയാ കാലത്തിനും മുമ്പ് 'വൈറലായ' ആ പരസ്യവും അതിലെ പെണ്‍കുട്ടിയും അതേ യുവത്വത്തോടെ ഇന്നും ഇന്ത്യക്കാരുടെ മനസിലുണ്ട്. എന്നാല്‍ 44 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ആ പരസ്യത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്.

കാഡ്ബറി പരസ്യത്തിന് പിന്നിലെ കഥ

1994 കാഡ്ബറിയെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു. കുട്ടികള്‍ക്ക് മാത്രമുള്ള ചോക്കലേറ്റ് എന്ന ലേബലാണ് അന്ന് കാഡ്ബറിക്കുള്ളത്. ഇതൊരു പ്രതിസന്ധിയായാണ് കമ്പനി കണ്ടത്. ഇത് മറികടക്കാനായി കാഡ്ബറി സമീപിച്ചത് പീയൂഷ് പാണ്ഡെ ജോലി ചെയ്തിരുന്ന ഒഗില്‍വി പരസ്യ ഏജന്‍സിയെയാണ്. കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവര്‍ക്ക് കൂടിയുള്ളതാണ് തങ്ങളുടെ ചോക്കലേറ്റ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നതായിരുന്നു കാഡ്ബറിയുടെ ആവശ്യം.

ഇക്കാര്യം പറയാനായി ബോസ് വിളിച്ചപ്പോള്‍ ദീപാവലി അവധി ആഘോഷിക്കാനായി പീയൂഷ് പാണ്ഡെ യുഎസ്സിലായിരുന്നു. അടിയന്തരസാഹചര്യത്തെ കുറിച്ച് അദ്ദേഹം പീയൂഷിനെ ബോധ്യപ്പെടുത്തി. കാഡ്ബറിക്ക് എന്തെങ്കിലും അസാധാരണമായത് വേണം എന്ന് ബോസ് പറഞ്ഞു. തനിക്ക് മുന്നിലെ വെല്ലുവിളി സ്വീകരിച്ച പീയൂഷ് പാണ്ഡെ അടുത്ത വിമാനത്തില്‍ ബോംബെയിലേക്ക് പറന്നെത്തി.

ഈ വിമാനയാത്രയ്ക്കിടെ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് മുകളില്‍ എവിടെയോ വെച്ചാണ് പരസ്യത്തില്‍ നമ്മള്‍ കേള്‍ക്കുന്ന ആ വരികളുടെ ആദ്യരൂപം പിറന്നത്. തന്റെ ബോര്‍ഡിങ് പാസിന്റെ പിന്നിലാണ് ആ വരികള്‍ പാണ്ഡെ കുറിച്ചത്.

'There's something so real... in everyone. There's something so real... ask anyone.' ഇതായിരുന്നു ആ വരികള്‍.

ബോംബെയിലിറങ്ങിയ ഉടന്‍ അടുത്ത വിമാനം കയറുന്നതിന് മുമ്പ് തന്നെ അദ്ദേഹം സുഹൃത്തായ ജാസ് മ്യൂസീഷ്യന്‍ ലൂയിസ് ബാങ്ക്‌സിനെ വിളിച്ച് ഈണം കമ്പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഗാനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ആലപിച്ചത് ഗാരി ലോയറാണ്. ഒറ്റദിവസം കൊണ്ടായിരുന്നു ഇതിന്റെ റെക്കോഡിങ്.

എന്നാല്‍ പാട്ട് 'ഇന്ത്യന്‍' ആയാല്‍ മാത്രമേ അത് ജനഹൃദയങ്ങളിലേക്കെത്തൂ, അല്ലെങ്കില്‍ അത് ചെവിയില്‍ മാത്രമേ എത്തൂ എന്ന് പാണ്ഡെയ്ക്ക് തോന്നി. ഉടന്‍ അദ്ദേഹം വരികള്‍ ഹിന്ദിയിലേക്ക് മാറ്റിയെഴുതി. ലൂയിസ് ബാങ്ക്‌സിന്റെ ഈണത്തിനൊപ്പിച്ച വരികളാണ് അദ്ദേഹം എഴുതിയത്. പുതിയ വരികള്‍ പാടാനായി ശങ്കര്‍ മഹാദേവനെയാണ് അദ്ദേഹം സമീപിച്ചത്.

ഷിമോണാ റാഷിയുടെ വരവ്

പരസ്യത്തിനായുള്ള ഗാനം റെഡി. ആശയവും തയ്യാറായി. ഇനി പീയൂഷ് പാണ്ഡെയ്ക്ക് വേണ്ടിയിരുന്നത് ഒരു മുഖമായിരുന്നു - സന്തോഷം തുളുമ്പുന്ന ഒരു മുഖം. ഗ്ലാമറസ് മോഡലിനെയോ പരിശീലനം ലഭിച്ച നര്‍ത്തകിയെയോ ഒന്നുമായിരുന്നില്ല പീയൂഷും സംഘവും തേടിയിരുന്നത്. അങ്ങനെ അവരുടെ അന്വേഷണം ചെന്നെത്തിയത് ഷിമോണാ റാഷിയിലായിരുന്നു.

ഷിമോണ പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ലായിരുന്നു. അത് തന്നെയാണ് പീയൂഷ് അവരെ പരസ്യത്തിലേക്ക് തിരഞ്ഞെടുക്കാനുള്ള കാരണവും എന്ന് പറയാം. കാരണം കൊറിയോഗ്രാഫ് ചെയ്യപ്പെടാത്ത, തികച്ചും യാഥാര്‍ഥ്യം നിറഞ്ഞ നൃത്തച്ചുവടുകളായിരുന്നു പാണ്ഡെയുടെ മനസിലുണ്ടായിരുന്നത്. അത് കൃത്യമായി ചെയ്യാന്‍ ഷിമോണാ റാഷിക്ക് കഴിഞ്ഞു.

മഹേഷ് മഥായ് ആണ് പരസ്യം സംവിധാനം ചെയ്തത്. മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടിങ്. ഷിമോണയുടെ സീക്വന്‍സ് ഒറ്റ ടേക്കിലാണ് എടുത്തത്. റീടേക്ക് ഒന്ന് പോലും ഇല്ലായിരുന്നു. റിഹേഴ്‌സല്‍ പോലും ഇല്ലായിരുന്നുവെന്ന് പറഞ്ഞാല്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയില്ല. കൈയില്‍ ചോക്കലേറ്റും നല്‍കി പാട്ടും പ്ലേ ചെയ്ത് അക്ഷരാര്‍ഥത്തില്‍ ഷിമോണയെ അഴിച്ചുവിടുകയായിരുന്നു ചെയ്തത്. പരസ്യത്തിന്റെ ഹൃദയത്തുടിപ്പായി മാറിയതും ഷിമോണയുടെ ഈ ചുവടുകളാണ്.

പരസ്യം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് സംഭവിച്ചത് ചരിത്രമാണ്. ന്യൂസ് ബുള്ളറ്റിനുകള്‍ക്കും ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനുമെല്ലാം ഇടയില്‍ ഇന്ത്യക്കാര്‍ ഈ പരസ്യം കണ്ടു. അവരുടെ മനസിലേക്ക് സന്തോഷം പൊഴിച്ചുകൊണ്ട് 'കാഡ്ബറീസ്‌ ഗേള്‍' ഷിമോണാ റാഷി ചുവടുവെച്ചു.

അതുവരെ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഒന്നായിരുന്ന കാഡ്ബറീസ് ചോക്കലേറ്റ് മുതിര്‍ന്നവരുടേയും പ്രിയപ്പെട്ട വിഭവമായി. കാഡ്ബറിയുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് പിന്നീടുണ്ടായത്. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരുടെ ഉള്ളിലെ കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ് കാഡ്ബറീസ് ചോക്കലേറ്റ് എന്ന ക്യാമ്പെയിന്‍ ജനങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞു. രാജ്യത്തിന്റെ ക്യാമ്പെയിന്‍ എന്ന് വിശേഷിക്കപ്പെട്ട ഈ പരസ്യത്തിന് ബോംബെ അഡ്വര്‍ടൈസിങ് ക്ലബ്ബിന്റെ ആബി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

കഥ ഇവിടെ തീരുന്നില്ല

പതിറ്റാണ്ടുകള്‍ക്കിപ്പുറം 2020-ല്‍ കാഡ്ബറിയുടെ ആ ക്രിക്കറ്റ് പരസ്യം പുനര്‍ജനിച്ചു. എന്നാല്‍ ചെറിയ, അല്ല വലിയൊരു മാറ്റത്തോടെയാണ് ഒഗില്‍വി പുതിയ പരസ്യം ഇറക്കിയത്. പഴയ പരസ്യത്തില്‍ തന്റെ പ്രിയപ്പെട്ടവന്റെ ബാറ്റിങ് കണ്ടുകൊണ്ട് ഗ്യാലറിയിലിരിക്കുന്ന പെണ്‍കുട്ടിയാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ പരസ്യത്തില്‍ ആ റോളുകള്‍ പരസ്പരം വെച്ചുമാറ്റി.

പീയൂഷ് പാണ്ഡെയുടെ ആശീര്‍വാദത്തോടെ സ്വാഗതാ ബാനര്‍ജിയും സംയു മുരളിയുമാണ് പരസ്യത്തിന്റെ പുതിയ പതിപ്പ് ഒരുക്കിയത്. പുതിയ പരസ്യം ഒരുക്കുമ്പോള്‍ ഒരേയൊരു നിബന്ധന മാത്രമാണ് പീയൂഷ് പാണ്ഡെ മുന്നോട്ട് വെച്ചത്: 'നിങ്ങളുടെ പ്ലാനിങ് പ്രകാരം എല്ലാം ചെയ്‌തോളൂ, പക്ഷേ സംഗീതം മാത്രം മാറ്റരുത്' എന്നായിരുന്നു അത്.