"പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും"


കെ.എ. ജോണി

കടം വാങ്ങിയല്ല സബ്‌സിഡി നൽകേണ്ടത്‌

പഴനിവേൽ ത്യാഗരാജൻ

ല്ലാ കണ്ണുകളും ഇപ്പോൾ തമിഴ്‌നാട്‌ ധനമന്ത്രിയിലാണ്‌. പഴനിവേൽ ത്യാഗരാജൻ. വിദേശത്തുനിന്ന്‌ ഉന്നത ബിരുദങ്ങൾ നേടി‚ കോടികളുടെ കോർപ്പറേറ്റ്‌ ജോലി ഉപേക്ഷിച്ച്‌ തമിഴകത്തെ സേവിക്കാനെത്തിയ മധുരക്കാരൻ. ഇത്രയും കാലം ഉള്ളിൽക്കൊണ്ടുനടന്നിരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള അവസരം തന്നതിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദിപറഞ്ഞു കൊണ്ടാണ് അദ്ദേഹം ‘മാതൃഭൂമി’യോട് മനസ്സുതുറന്നത്. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്.

2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് പഴനിവേൽ ത്യാഗരാജനെ ആദ്യമായി കണ്ടത്. മധുരയിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അതിനും വർഷങ്ങൾക്കുമുമ്പ് ത്യാഗരാജന്റെ പിതാവ് പഴനിവേൽ രാജനെയും ഇതേവീട്ടിൽവെച്ച് കണ്ടിരുന്നു. പഴനിവേൽ രാജൻ തമിഴ്നാട് സ്പീക്കറും മന്ത്രിയുമായിരുന്നു. പഴനിവേൽ രാജന്റെ പിതാവ് പി.ടി. രാജൻ 1936-ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയും. നൂറുകൊല്ലംമുമ്പ് ഓക്സ്ഫഡിൽനിന്ന്‌ നിയമബിരുദമെടുത്തയാളായിരുന്നു ജസ്റ്റിസ് പാർട്ടിയുടെ അവസാനപ്രസിഡന്റുകൂടിയായിരുന്ന പി.ടി. രാജൻ. പേരക്കിടാവ് ത്യാഗരാജനും വിദ്യാഭ്യാസയോഗ്യതകൾ ഏറെയാണ്.

തിരുച്ചി എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം, ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്‌.ഡി.യും എം.ഐ.ടി. സ്ലൊവാൻ സ്കൂൾ ഒാഫ് മാനേജ്മെന്റിൽനിന്ന് എം.ബി.എ. ആഗോള സാമ്പത്തികസ്ഥാപനമായ ലെഹ്മാൻ ബ്രദേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ത്യാഗരാജൻ സിങ്കപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലേക്കെത്തിയത്. അവിടെ ഫിനാൻഷ്യൽ മാർക്കറ്റ് വിഭാഗം എം.ഡി.യായിരിക്കെയാണ് കോടികൾ ശമ്പളമായി കിട്ടിയിരുന്ന കോർപ്പറേറ്റ് ലോകം വിട്ട് തമിഴകരാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനം ത്യാഗരാജൻ എടുത്തത്.

കോവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ മാനസിക രോഗിയെപ്പോലെ പെരുമാറുന്നു- തമിഴ്നാട് ധനമന്ത്രി ഡോ. ത്യാഗരാജന്‍
2006-ൽ പിതാവ് പഴനിവേൽ രാജന്റെ അകാലമരണമാണ് ഇതിനുള്ള നിമിത്തമായത്. ഒമ്പതുകൊല്ലത്തിനുശേഷം ത്യാഗരാജൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ മധുര സെൻട്രലിൽനിന്ന്‌ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുകൊല്ലത്തിനിപ്പുറം എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭയിൽ ധനകാര്യം, ആസൂത്രണം, പേഴ്സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ്, പെൻഷൻസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. അമേരിക്കൻ വംശജയായ മാർഗരറ്റ് ആണ് ഭാര്യ. പഴനി ത്യാഗരാജനും വേൽ ത്യാഗരാജനും മക്കൾ.

? കോവിഡ്‌ പോരാട്ടത്തിൽ ആദ്യം വേണ്ടത് സുതാര്യതയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. എങ്ങനെയാണത്‌

= കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാമേഖലയിലും സുതാര്യത ഉറപ്പാക്കുകയാണ് ഡി.എം.കെ. സർക്കാരിന്റെ ലക്ഷ്യം. തമിഴ്നാടിന്റെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഞങ്ങൾ ഉടനെ പുറത്തിറക്കും. കോവിഡിന്റെ രണ്ടാംവ്യാപനമില്ലായിരുന്നെങ്കിൽ എന്റെ ആദ്യത്തെ നടപടി ഈ ധവളപത്രമാവുമായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് കോവിഡിനോടുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ ധവളപത്രം എപ്പോഴാണ് പുറത്തിറക്കുകയെന്ന്‌ ഇപ്പോൾ പറയാനാവില്ല. എന്തായാലും ഇടക്കാലബജറ്റിനുമുമ്പ് അത് ചെയ്തിരിക്കും.

കോവിഡിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതെങ്ങനെ എന്നതിലേക്കുവരാം. ഇതിന് റോക്കറ്റ് സയൻസിന്റെയൊന്നും ആവശ്യമില്ല. കൃത്യമായ വിവരം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. മരിക്കുന്നവരുടെയും രോഗികളുടെയും ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെയും കാര്യത്തിൽ കൃത്യമായ വിവരംവേണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ശ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം അതതിടങ്ങളിലെ ആശുപത്രികളിൽനിന്നുള്ള വിവരവുമായി ഒത്തുനോക്കിയാൽ കൃത്യമായ കണക്കുകിട്ടും. കണക്കിൽ കള്ളക്കളി നടക്കുമ്പോഴാണ് വിവരം വിവരമല്ലാതാവുന്നത്.

ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കരുത് എന്ന ആപ്തവാക്യമാണ് ഞങ്ങളെ നയിക്കുന്നത്. ജനങ്ങൾ കൂടെയില്ലെങ്കിൽ ഒരു പോരാട്ടവും ജയിക്കാനാവില്ല. ഓരോ ആശുപത്രിയിലും എത്ര കിടക്കകൾ, എത്ര വെന്റിലേറ്ററുകൾ, എത്ര ഐ.സി.യു.കൾ എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമാവുന്ന സമഗ്രവിവരവിജ്ഞാനകേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഡാഷ്ബോർഡിൽവരുന്ന വിവരങ്ങൾ ശരിയാണോ എന്ന്‌ ഉറപ്പുവരുത്താൻ കൃത്യമായ ഓഡിറ്റിങ്ങുണ്ടാവും. കോവിഡ് വല്ലാതെ വ്യാപകമായിട്ടുള്ള എല്ലാ ജില്ലയ്ക്കും ഒാരോ മന്ത്രിമാരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.

? കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണമില്ലെന്ന ആരോപണം നിലനിൽക്കെ കോവിഡിനോടുള്ള പോരാട്ടത്തിൽ ജയിക്കുകയെന്നത് സംസ്ഥാനങ്ങൾക്ക് എളുപ്പമാണോ?

= ലോകവും ജീവിതവും പലപ്പോഴും അങ്ങനെയാണ്. പക്ഷേ, പ്രതിബന്ധങ്ങളുണ്ടാവുന്നു എന്നതുകൊണ്ട് നമുക്ക് ലക്ഷ്യം കാണാതിരിക്കാനാവില്ല. കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പോരാട്ടം ജയിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം, സാമൂഹികനീതിയുടെ വലിയൊരു ചരിത്രം രണ്ടു സംസ്ഥാനങ്ങൾക്കുമുണ്ട്. മെഡിക്കൽമേഖലയിലെ സുശക്തമായ അടിസ്ഥാനസൗകര്യവും ഇരുസംസ്ഥാനങ്ങളുടെയും സവിശേഷതയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളും ഡോക്ടർമാരുമുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥയും താരതമ്യേന വലുതാണ്. എന്തുസഹായവും നൽകാൻ സന്നദ്ധരായ തമിഴ് പ്രവാസിസമൂഹം വലിയൊരു ബലമാണ്.
ഇന്നലെ ഞാൻ സിങ്കപ്പൂരിലും ദുബായിലും അമേരിക്കയിലുമുള്ള തമിഴ് പ്രവാസിസംഘടനകളുമായി സംസാരിച്ചിരുന്നു. എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നാണ് അവർ പറഞ്ഞത്.

? വലിയ വിഭവസമാഹരണമാണ് ഈ പോരാട്ടം ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിൽനിന്നുള്ള സംഭാവനകൾക്കപ്പുറത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് എങ്ങനെയാണ് പണം കണ്ടെത്തുക?

= മരുന്നുകൾ, വാക്സിൻ, ഓക്സിജൻ എന്നിവയാണ് അടിയന്തരമായി വേണ്ടത്. ഇതിനുള്ള പണം പ്രവാസിസമൂഹത്തിന്റെ സംഭാവനകളിലൂടെത്തന്നെ കണ്ടെത്താനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്കുകൾ ഞങ്ങൾ പരസ്യപ്പെടുത്തും. വാസ്തവത്തിൽ പണമല്ല ഇവിടെ മുഖ്യപ്രശ്നം. ഈ പറഞ്ഞ സംഗതികളുടെ ലഭ്യതയാണ് പ്രശ്നം.

ആളുകൾക്ക് നേരിട്ടുനൽകുന്ന സഹായധനം (ഓരോ റേഷൻ കാർഡ് ഉടമയ്ക്കും നാലായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുള്ളത് ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുള്ള സഹായം, പാൽ വില കുറച്ചത്, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര, ഇൻഷുറൻസ് പദ്ധതികൾ എന്നിവയൊക്കെച്ചേർന്ന് ഏകദേശം നാലായിരംകോടി രൂപയുടെ ചെലവ് പ്രതിവർഷമുണ്ടാവും. ഇതുകൊണ്ടൊന്നും തമിഴ്നാട് സാമ്പത്തികമായി തകരാൻ പോകുന്നില്ല. മൂന്നുലക്ഷംകോടി രൂപയോളമാണ് ഞങ്ങളുടെ ബജറ്റ്. 280 ബില്യൺ ഡോളർ ഇക്കോണമിയാണ് തമിഴ്നാടിന്റേത്.

? തമിഴ്നാടിന്റെ പൊതുകടം അഞ്ചുലക്ഷം കോടിയോളമാണെന്നത് ആശങ്കജനകമല്ലേ?

= ഇവിടെ നമ്മൾ നോക്കേണ്ടത് ഒരു സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയാണ്. കേരളത്തിന് മൂന്നുലക്ഷംകോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനെക്കാൾ ഗുരുതരമായിരിക്കും. കാരണം, ഞങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്. ഞാൻ നേരത്തേ പറഞ്ഞതുപോലെ കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം. കടം കുറയ്ക്കാൻ ഞാൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണ്.

? ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണിയുടെ വിജയത്തിന്‌ വഴിയൊരുക്കിയത് എന്തെല്ലാമാണ്

= ഞങ്ങളുടെ നേതാവിന്റെ പ്രവർത്തനം, മാറ്റംവേണമെന്ന ജനങ്ങളുടെ ആഗ്രഹം. എം.കെ. സ്റ്റാലിന് ഈ മാറ്റം കൊണ്ടുവരാനാവുമെന്ന് ജനം വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമായും ബി.ജെ.പി. വേണമോ വേണ്ടയോ എന്നതായിരുന്നു.

? പക്ഷേ, ഈ നിയമസഭാതിരഞ്ഞെടുപ്പിലും പോരാട്ടം ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലാണെന്നും ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിലല്ലെന്നുമുള്ള പ്രതീതി ഉണർത്തുന്നതിൽ ഡി.എം.കെ. വിജയിച്ചില്ലേ

= ഭാഗികമായി അത് ശരിയാണ്. പക്ഷേ, പ്രാദേശികമായി വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് കുറെയൊക്കെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ബി.ജെ.പി.യായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യഘടകമെങ്കിൽ ഇതുണ്ടാവുമായിരുന്നില്ല.

? ബി.ജെ.പി.ക്ക് നാലുസീറ്റ് നേടാനായതിനെ എങ്ങനെ കാണുന്നു

= അതൊരു വലിയ കാര്യമല്ല. എ.ഐ.എ.ഡി.എം.കെ.യുടെ തോളിലിരുന്ന് നാലുസീറ്റ് നേടിയതിനെ നേട്ടമായൊന്നും കാണേണ്ടാ. ഇതിനുമുമ്പും ഇതുപോലെ അവർ നിയമസഭയിലേക്ക് വന്നിട്ടുണ്ട്. പക്ഷേ, സ്വന്തംനിലയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ അവർക്കാവില്ല. തമിഴ്നാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സ്വാധീനം വളരെ കുറവാണ്.

? ശബരിമലയുമായി താങ്കളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നറിയാം. ശബരിമല ക്ഷേത്രത്തിലെ ഇപ്പോഴത്തെ വിഗ്രഹം നിർമിച്ചുനൽകിയത് താങ്കളുടെ മുത്തച്ഛനാണെന്ന് കേൾക്കുന്നത്?

= ശരിയാണ്. എന്റെ മുത്തച്ഛനും മുൻ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയുമായിരുന്ന പി.ടി. രാജനാണ് ഇപ്പോഴത്തെ വിഗ്രഹം ശബരിമലക്ഷേത്രത്തിന് നൽകിയത്. 1950-ലെ തീപ്പിടിത്തത്തിനുശേഷം ക്ഷേത്രം പുനരുദ്ധരിച്ചപ്പോഴാണ് മുത്തച്ഛൻ ഇത്‌ ചെയ്തതെന്നാണ് ഞങ്ങളുടെ കുടുംബരേഖകളിലുള്ളത്.

? ശബരിമല വിവാദത്തിൽ താങ്കളുടെ നിലപാടെന്താണ്

= ഒരു കാര്യംമാത്രം ചൂണ്ടിക്കാട്ടാം. തമിഴ്നാട്ടിലടക്കം ദക്ഷിണേന്ത്യയിൽ ഒരുപാട് വലിയ ക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിനുവർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ. ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുള്ള മധുര മീനാക്ഷി അമ്മൻ ക്ഷേത്രമുൾപ്പെടെയാണിത്. പക്ഷേ, ഇവിടങ്ങളിലൊന്നും കാണാത്തരീതിയിലുള്ള തീർഥാടകപ്രവാഹമാണ് ശബരിമലയിൽ നടക്കുന്നത്. അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. ആ വിശാസം നമ്മൾ കാണാതിരിക്കേണ്ട കാര്യമില്ല. വിശ്വാസവും മതവും സംബന്ധിച്ച് ഡി.എം.കെ.യ്ക്ക് വ്യക്തമായ നിലപാടുണ്ട്. തേങ്ങയല്ല, പിള്ളയാർ ശിലയാണ് ഉടയ്ക്കേണ്ടതെന്നാണ് പെരിയാർ പറഞ്ഞത്. എന്നാൽ, ഡി.എം.കെ.യ്ക്ക് രൂപംനൽകിയ അണ്ണാദുരൈ പറഞ്ഞത് ഞാൻ തേങ്ങയും ഉടയ്ക്കില്ല പിള്ളയാരെയും ഉടയ്ക്കില്ല എന്നാണ്. ഒരു കുലം, ഒരു ദൈവം എന്നായിരുന്നു അണ്ണായുടെ കാഴ്ചപ്പാട്. മാനവികതയിലും സാമൂഹികനീതിയിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും

തമിഴ്നാട്ടിൽ 2013-ൽ ജയലളിത ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. വിഷൻ 2023 എന്ന പേരിൽ പുറത്തിറക്കിയ നയരേഖയിൽ ജയലളിത പറഞ്ഞത് കേന്ദ്രസർക്കാർ അനുശാസിച്ചിട്ടുള്ള മൂന്നുശതമാനം ധനക്കമ്മിക്കുപുറമേ മൂന്നുശതമാനം ധനസമാഹരണംകൂടി നടത്തുമെന്നും അതിനായി സ്പെഷൽ പർപ്പസ് വെഹിക്കിളുകൾക്ക് രൂപംനൽകുമെന്നുമാണ്. പക്ഷേ, കിഫ്ബിപോലുള്ള ഏജൻസികൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജൻസികൾ മാറാം.

മസാലബോണ്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ല. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ ഈ ബോണ്ടുകളുടെ സങ്കീർണതകൾ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനപ്പട്ടികയിലില്ല. ധനസമാഹരണത്തിന് ഞങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താ നാവും. സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വിൽപ്പനകൾ. അല്ലാതെ കടംവാങ്ങി സബ്സിഡിനൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണം.

content highlights: tamilnadu finance minister Palanivel Thiagarajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented