ചെന്നൈ: കോവിഡ് 19-നെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാനസികരോഗിയെപ്പോലെയാണ് പെരുമാറുന്നതെന്ന് തമിഴ്നാട് ധനമന്ത്രി ഡോ. പഴനിവേല്‍ ത്യാഗരാജന്‍. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റ ശേഷം മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഡോ. ത്യാഗരാജന്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.

''സ്‌കിറ്റ്സൊഫ്രെനിക് പേഴ്സണാലിറ്റിയെ (ഇരട്ട വ്യക്തിത്വം) പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. ഒരിടത്ത് കുത്തക കൈയ്യാളുകയും മറ്റൊരിടത്ത് വില നിര്‍ണ്ണയാവകാശവും വില്‍പനയും വിപണിക്ക് വിട്ടുകൊടുക്കുകയും വഴി കേന്ദ്ര സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആന്റി വൈറല്‍ മരുന്നുകളായ റെംഡിസ്വിര്‍ ഉള്‍പ്പെടെയുള്ളവയുടെ മൊത്തം സംഭരണവും വിതരണവും തങ്ങള്‍ക്കാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഞങ്ങളുടെ മുന്‍കാല ഓര്‍ഡറുകള്‍ വരെ ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കപ്പെട്ടു. അതേസമയം വാക്സിനുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. തീര്‍ത്തും അയുക്തിപരവും ദയാരഹിതവുമായ നടപടിയാണിത്. ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒരു തരത്തിലും യോജിക്കാത്ത പ്രവൃത്തി.''

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് വാക്സിന്‍ നയത്തിന് രൂപം നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറാവണമെന്നും ഡോക്ടര്‍ ത്യാഗരാജന്‍ പറഞ്ഞു. ''കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സൊളിസിറ്റര്‍ ജനറല്‍ നല്‍കുന്ന സത്യവാങ്മൂലങ്ങള്‍ എത്രമാത്രം വിശ്വസനീയമാണെന്ന് സുപ്രീംകോടതി ഓര്‍ക്കണം. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തെരവുകളിലൂടെ അലയുമ്പോള്‍ ഇതേ സൊളിസിറ്റര്‍ ജനറല്‍ പറഞ്ഞത് ആരും തെരുവില്‍ ഇല്ലെന്നാണ്.''

"പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും"
 

സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങള്‍ക്കാവുമെന്ന ആത്മവിശ്വാസം ഡോക്ടര്‍ ത്യാഗരാജന്‍ പ്രകടിപ്പിച്ചു. '' ആരോഗ്യ പരിപാലന മേഖലയില്‍ കേരളത്തിനും തമിഴ്നാടിനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്നേഹ സമ്പന്നരായ പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഇരു സംസ്ഥാനങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകള്‍  നേരിട്ടാലും ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ നമുക്കാവും. പക്ഷേ, ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും പോലെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം ശരിക്കും കഷ്ടമായിരിക്കും. ഈ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരണത്തിലെന്നതും ശ്രദ്ധേയമാണ്. ''

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയില്‍ നടത്തുന്ന പ്രസംഗങ്ങള്‍ പൊതുവെ താന്‍ കേള്‍ക്കാറില്ലെന്നും ഡോ. ത്യാഗരാജന്‍ പറഞ്ഞു. '' പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കില്ലെന്ന നയമൊന്നും എനിക്കില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ഇംഗ്ലീഷ് മൊഴിമാറ്റമുണ്ടെങ്കില്‍ ഞാന്‍ കേള്‍ക്കുമായിരുന്നു. എനിക്ക് വലിയ ഹിന്ദി പരിജ്ഞാനമില്ല. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ട് പ്രസംഗം കേള്‍ക്കുന്ന സമയത്ത് എനിക്ക് ഒരു പാട് മറ്റ് ജോലികള്‍ നിര്‍വ്വഹിക്കാനാവും. പ്രധാനമന്ത്രി പറഞ്ഞതിന്റെ രത്നച്ചുരുക്കം പിന്നീട് മനസ്സിലാക്കാവുന്നതേയുള്ളു. പലപ്പോഴും നീണ്ട പ്രസംഗങ്ങള്‍ക്കൊടുവില്‍ അദ്ദേഹം പറയുന്നത് പാത്രം കൊട്ടണമെന്നാവും അല്ലെങ്കില്‍ മെഴുകുതിരി കത്തിക്കണമെന്നാവും.''

കേന്ദ്ര സര്‍ക്കാരിന്റെ മിക്കവാറും പരിപാടികളുടെ ആശയവിനിമയം ഹിന്ദിയിലാണെന്നത് വിഷമകരമാണെന്ന് ഡോക്ടര്‍ ത്യാഗരാജന്‍ പറഞ്ഞു. ''ഇന്ത്യ പോലെ വൈവിദ്ധ്യമാര്‍ന്നൊരു രാഷ്ട്രത്തില്‍ ഒരു ദേശം ഒരു ഭാഷ, ഒരു നികുതി എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ അംഗീകരിക്കാനാവില്ല. ഡെല്‍ഹിയിലിരുന്നുകൊണ്ട് തമിഴ്നാട്ടിലെയോ കേരളത്തിലെയോ ഒരു ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ് തുറക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്. സംസ്ഥാനങ്ങള്‍ ചെയ്യേണ്ടത്  ചെയ്യാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. ''

Dr. Thiagarajan
ഡോ. ത്യാഗരാജൻ അമ്മ രുക്മണി രാജൻ, ഭാര്യ മാർഗരറ്റ്,
മക്കളായ പളനി, വേൽ എന്നിവർക്കൊപ്പം.

ബി.ജെ.പിയുടെ പ്രഭാവം മങ്ങുന്നു

നോട്ട് നിരോധനത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ യു.പിയില്‍ മാത്രമാണ് ബി.ജെ.പിക്ക് അനിഷേദ്ധ്യമായ വിജയം നേടാനായതെന്ന് ഡോക്ടര്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടി. '' 2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പ് ഫലം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് ഇന്ത്യക്കാരാണ് ദുരിതമനുഭവിച്ചത്. സാധാരണ മനുഷ്യരായിരുന്നു നോട്ട് നിരോധനത്തിന്റെ ഇരകള്‍. എന്നിട്ടും യു.പിയില്‍ ബി.ജെ.പി. വന്‍വിജയം നേടി. ഒരു പക്ഷേ, കള്ളപ്പണം അവസാനിപ്പിക്കുന്നതിനുള്ള ഒറ്റമൂലിയാണ് നോട്ട് നിരോധനം എന്ന ബി.ജെ.പിയുടെ പ്രചാരണത്തില്‍ ജനം വീണുപോയതാവാം. പക്ഷേ, അതിനു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള വിജയം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്കായിട്ടില്ല. മദ്ധ്യപ്രദേശിലും ഗോവയിലും കര്‍ണ്ണാടകത്തിലുമൊക്കെ ബിജെപി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയല്ല മറ്റു പാര്‍ട്ടികളെ പിളര്‍ത്തിയും എം.എല്‍.എമാരെ വാങ്ങിയുമാണ് സര്‍ക്കാരുണ്ടാക്കിയത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും അതിന് ശ്രമിച്ചെങ്കിലും നടന്നില്ല.''

ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലവും ബി.ജെ.പിയുടെ തിളക്കം മായുകയാണെന്നുതന്നെയാണ് പറയുന്നത്.  ''ടി.എം.സിയുടെ നേട്ടം  വളരെ ശ്രദ്ധേയമാണെന്നാണ് മമത ബാനര്‍ജിയുടെ ഉപദേശകനായിരുന്ന പ്രശാന്ത് കിഷോര്‍ എന്നോട് പറഞ്ഞത്. ടി.എം.സിയുടെ ഓരോ എം.എല്‍.എയുടെയും ഭൂരിപക്ഷം ഇതിനു മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ വലുതാണെന്നാണ് കിഷോര്‍ പറഞ്ഞത്. അതായത് ബി.ജെ.പിക്കെതിരായി വലിയ തോതിലാണ് ജനം ബംഗാളില്‍ വിധി എഴുതിയിരിക്കുന്നത്.  കാര്യങ്ങള്‍ മാറുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.''

ശബരിമലയുമായുള്ള ബന്ധം 

'' ശബരമിലയുമായി എന്റെ കുടുംബത്തിന് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്.  1950-ലെ തീപിടിത്തത്തെ തുടര്‍ന്ന് ശബരിമല ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പന്തളം രാജ കുടുംബവും ക്ഷേത്രം തന്ത്രിയും ജ്യോതിഷിയെ കണ്ടിരുന്നു. അദ്ദേഹമാണ് വിഗ്രഹത്തിനായി എന്റെ മുത്തച്ഛനും മദ്രാസ് പ്രസിഡന്‍സി മുന്‍ മുഖ്യമന്ത്രിയുമായ പി.ടി. രാജനെ സമിപിക്കാന്‍ നിര്‍ദ്ദേശിച്ചത്. മുത്തച്ഛന്‍ ഈ ദൗത്യം സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുത്തച്ഛന്റെ നേതൃത്വത്തിലാണ് നടന്നത്. രണ്ട് വിഗ്രഹങ്ങളാണ് നിര്‍മ്മിച്ചത്. ഒരു വിഗ്രഹം ശബരിമല ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. രണ്ടാമത്തേത് മധുരയില്‍ ഞങ്ങളുടെ തറവാട്ട് വീടിനടുത്ത് അയ്യപ്പസ്വാമിക്കായി ഒരു കോവില്‍ പണിത് അവിടെ പ്രതിഷ്ഠിച്ചു. കുറെക്കൊല്ലങ്ങള്‍ മുമ്പുവരെ വിഗ്രഹത്തിന്റെ ചരിത്രം പതിനെട്ടുപടികളിലൊന്നില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് നവീകരണം നടന്നപ്പോള്‍ ഈ വിവരങ്ങള്‍ വീണ്ടും രേഖപ്പെടുത്തുന്നതിന് എന്തുകൊണ്ടോ നടപടിയുണ്ടായില്ല.''

ഡി.എം.കെ. ഹിന്ദുമതത്തിനെതിരാണെന്നത് തല്‍പര കക്ഷികളുടെ പ്രചാരണമാണ്.  ഞങ്ങള്‍ വിശ്വാസത്തിനെതിരല്ല. പെരിയാര്‍ പറഞ്ഞത് മനുഷ്യരോട് വിവേചനം കാണിക്കാത്ത ഒരു ദൈവമുണ്ടെങ്കില്‍ ഞാന്‍ ആ ദൈവത്തെ പിന്തുടരാമെന്നാണ്. തേങ്ങയല്ല പിള്ളയാരുടെ ശിലയാണ് ഉടയ്ക്കേണ്ടതെന്നും പെരിയാര്‍ പറഞ്ഞു. എന്നാല്‍ ഡി.എം.കെ. സ്ഥാപകനും പെരിയാറിന്റെ ശിഷ്യനുമായ അണ്ണാദുരൈ പറഞ്ഞത് ഞങ്ങള്‍ തേങ്ങയും ഉടയ്ക്കില്ല പിള്ളയാരെയും ഉടയ്ക്കില്ല എന്നാണ്. ഒരു ദൈവവിശ്വാസി ഇതര മനുഷ്യരെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആ ദൈവ വിശ്വാസം നല്ലതാണെന്നും അണ്ണാ പറഞ്ഞു.

എന്റെ കുടുംബക്കാര്‍ പരമ്പരാഗതമായി കടുത്ത വിശ്വാസികളാണ്. മധുര മീനാക്ഷിയുടെ മക്കള്‍ എന്നാണ് ഞങ്ങളെ നാട്ടുകാര്‍ വിളിക്കുന്നത്. എന്നാല്‍ ഇന്ത്യ മതേതര രാജ്യമാണെന്ന കാര്യത്തില്‍ ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാനാവില്ല. കോവിഡ് കാലമല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്തവണയും ഇഫ്താര്‍ നടത്തുമായിരുന്നു. മുസ്ലിം സഹോദരങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മാത്രമല്ല ഞാന്‍ ഇഫ്താര്‍ നടത്തുന്നത്. എന്റെ വിശ്വാസം എത്രമാത്രം ശക്തിയോടെയാണോ ഞാന്‍ സംരക്ഷിക്കുന്നത് അത്രമാത്രം ശക്തിയോടെ അവര്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് ഞാന്‍ കൂടെയുണ്ടാവും എന്ന് പ്രഖ്യാപിക്കാനാണ് ഞാന്‍ ഇഫ്താര്‍ നടത്തുന്നത്.

മേല്‍നാട്ട് മരുമകള്‍ 

ന്യൂയോര്‍ക്ക് സര്‍വ്വകലാശാല്‍യില്‍ പഠിക്കുമ്പോഴാണ് ത്യാഗരാജന്‍  മാര്‍ഗരറ്റുമായി പ്രണയത്തിലായത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം. മധുരയില്‍ ത്യാഗരാജന്റെ നാടായ ചൊക്കിക്കുളത്തെ ജനങ്ങള്‍ മാര്‍ഗരറ്റിനെ സ്നേഹപൂര്‍വ്വം മേല്‍നാട്ട് മരുമകള്‍ ( വിദേശത്തു നിന്നുള്ള മരുമകള്‍ ) എന്നാണ് വിളിക്കുന്നത്. മധുര മിനാക്ഷി ക്ഷേത്രവുമായി ത്യാഗരാജന്റെ കുടുംബത്തിനുള്ള അടുത്ത ബന്ധം കാരണം മാര്‍ഗരറ്റ് തന്റെ തമിഴ് പേരായി മീനാക്ഷി എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്. 

2006-ല്‍ പിതാവിന്റെ മരണത്തെതുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരാന്‍ ത്യാഗരാജന്‍ തീരുമാനിച്ചപ്പോള്‍ മാര്‍ഗരറ്റ് ഉറച്ച പിന്തുണയുമായി കൂടെ നിന്നു. രണ്ട് ആണ്‍മക്കളാണ് ത്യാഗരാജനും മാര്‍ഗരറ്റിനും. പളനി ത്യാഗരാജനും വേല്‍ ത്യാഗരാജനും. രണ്ടു പേരും ചെന്നൈയില്‍ അമേരിക്കന്‍ സ്‌കൂളില്‍ പഠിക്കുന്നു.  മക്കള്‍ക്കൊപ്പം താനും തമിഴ് പഠിക്കുന്നുണ്ടെന്ന് മാര്‍ഗരറ്റ് പറയുന്നു. നിലവില്‍ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മധുര ജില്ലയുടെ ചുമതല ത്യാഗരാജനാണ്. അടുത്ത രണ്ടാഴ്ചയെങ്കിലും താന്‍ മധുരയിലുണ്ടാവുമെന്ന് ത്യാഗരാജന്‍ പറഞ്ഞു. '' മഹാമാരിയെ പിടിച്ചുകെട്ടുകയാണ് ഇപ്പോള്‍ സുപ്രധാനം. സാമ്പത്തിക മേഖല ശരിയാക്കിയെടുക്കാനുള്ള പണികള്‍ അത് കഴിഞ്ഞ് തുടങ്ങും. '' ആത്മവിശ്വാസം അതിരിടുന്ന സ്വരത്തില്‍ ത്യാഗരാജന്‍ പറയുന്നു.

Content Highlights: Tamil Nadu Finance Minister Dr.Thiagarajan criticises Central Govt