
കല്‍പ്പറ്റ: വയനാടിന്റെയും കോഴിക്കോട്-മലപ്പുറം ജില്ലകളിലെ മലയോര, കുടിയേറ്റ നിവാസികളുടെയും സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ഗ്രൗണ്ടിലാണ് ചടങ്ങ്.
കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. കൊച്ചി - ബെംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് - വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയും.
ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, എ. കെ ശശീന്ദ്രന്‍, ഒ. ആര്‍ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎല്‍എമാരായ ലിന്റോ ജോസഫ്, ടി. സിദ്ധിക് മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഭിമാന തുടക്കം
കഴിഞ്ഞ മൂന്നുദിവസമായി ഒറ്റപ്പെട്ടൊരു തുരുത്താണ് വയനാട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതോടെ വഴിയടഞ്ഞുപോയി പലവഴികള്‍തേടി ഒടുക്കം മണിക്കൂറുകള്‍ റോഡില്‍ കുരുങ്ങിക്കിടക്കുന്ന വയനാട്ടുകാര്‍ക്ക് തുരങ്കപാത കേവലം ഒരു വികസനപദ്ധതിയല്ല. വൈകാരികമായി നോക്കിക്കാണുന്ന പ്രതീക്ഷയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജും അത്യാധുനിക സ്വകാര്യാശുപത്രികളുംതന്നെയാണ് ഇന്നും വിദഗ്ധചികിത്സയ്ക്ക് വയനാട്ടുകാര്‍ക്ക് ആശ്രയം. റെയില്‍വേ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും ഉന്നതപഠനത്തിനും ജോലിയാവശ്യങ്ങള്‍ക്കും നിരന്തരം ചുരമിറങ്ങുന്നവരാണ് വയനാട്ടുകാര്‍. ബദല്‍പ്പാതയെന്ന ഈ നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലകുറി തട്ടിത്തടഞ്ഞുവീണ പല പദ്ധതികള്‍ക്കുമുന്‍പില്‍ മേപ്പാടി തുരങ്കപാത ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ തുറക്കുന്നത് വികസനസ്വപ്നങ്ങളുടെ കവാടംകൂടിയാണ്.
യാത്രാവശ്യങ്ങള്‍ക്കുതന്നെയാണ് മുന്‍തൂക്കം. തുരങ്കപാത വരുന്നതോടെ ഇരു ജില്ലകള്‍ക്കുമിടയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ യാത്രചെയ്യാനാകുമെന്നാണ് പ്രതീക്ഷ. താമരശ്ശേരി ചുരത്തിനപ്പുറം മറ്റൊരു യാത്രാപാത ഒരുങ്ങുന്നതോടെ വയനാട് ഇന്ന് നേരിടുന്ന ഗതാഗത അസൗകര്യങ്ങള്‍ക്ക് വലിയ പരിഹാരമാകും. ഗതാഗതസൗകര്യങ്ങളിലെ ഈ കുതിപ്പ് കേവലം വയനാടിനും കോഴിക്കോടിനുമിടയില്‍ ഒതുങ്ങുന്നില്ലെന്നതാണ് പ്രധാനം. ചരക്കുഗതാഗതത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കാന്‍ തുരങ്കപാതയ്ക്കാകും. വിഴിഞ്ഞം, വല്ലാര്‍പാടം തുറമുഖങ്ങളെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനപാതയായി ഇതുമാറും. അനുബന്ധപാതകള്‍കൂടി വികസിച്ചാല്‍ ഉത്തരേന്ത്യയിലേക്കുള്ള ചരക്കുഗതാഗതത്തില്‍ ദൈര്‍ഘ്യക്കുറവുള്ള നിര്‍ണായകപാതയായി മാറാനാവും. വയനാട്ടിലെയും കോഴിക്കോടിന്റെ മലയോരമേഖലകളിലെയും കാര്‍ഷികവിളകള്‍ പ്രധാനമായും കാപ്പി, തേയില, വാഴ, കുരുമുളക്, ഏലം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ചരക്കുനീക്കത്തിലും വാണിജ്യതാത്പര്യങ്ങള്‍ക്കും പാത മുതല്‍ക്കൂട്ടാകും. ബെംഗളൂരു-മൈസൂരു-കൊച്ചി വ്യവസായ ഇടനാഴിയിലെ സുപ്രധാനമായ വഴിത്തിരിവാകും തുരങ്കപാത.
കാത്തിരിക്കുന്നു, ടൂറിസംരംഗത്തെ കുതിപ്പിന്
കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം വികസനത്തിനും തുരങ്കപാത നിര്‍ണായകമാവും. ഇപ്പോള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ നാലുവര്‍ഷത്തിനുള്ളില്‍ തുരങ്കപാത പൂര്‍ത്തിയായാല്‍ ടൂറിസം രംഗത്ത് കുതിച്ചുചാട്ടംതന്നെയുണ്ടാകും. തുരങ്കപാതയുടെ ഇരുവശങ്ങളും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയാല്‍ ആകര്‍ഷകമാണ്. ചെറുനീര്‍ച്ചാലുകളും പച്ചവിരിഞ്ഞ മലനിരകളും ഏക്കറുകണക്കിന് തേയിലത്തോട്ടങ്ങളുമുള്ള പ്രദേശം. വയനാട്ടിലെയും കോഴിക്കോടിന്റെ മലയോരത്തെയും പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യം. ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷണമേറിയ തുരങ്കപാത എന്ന രീതിയില്‍ത്തന്നെ സന്ദര്‍ശകരെത്തും.
തുരങ്കപാത പ്രഖ്യാപനത്തിനുപിന്നാലെ വയനാട്ടില്‍ ടൂറിസം രംഗത്തെ മൂന്ന് രാജ്യാന്തര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ഗ്രൂപ്പുകള്‍ നിക്ഷേപകസാധ്യതകള്‍ ആരായുന്നുണ്ട്. 3000-ത്തിലധികം റിസോര്‍ട്ട്, ഹോട്ടലുകള്‍ സംരംഭങ്ങള്‍ വയനാട്ടിലുണ്ട്. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിനുപിന്നാലെ നിര്‍ജീവമായ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്.
തുരങ്കപാതയുടെ നിര്‍മാണത്തിനുതന്നെ നാലുവര്‍ഷമെടുക്കും. പിന്നീട് ഒരുക്കേണ്ട അനുബന്ധ റോഡ് വികസനവുംകൂടി പരിഗണിച്ചാല്‍ നിര്‍മാണമേഖലയില്‍ വലിയതോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മലയോര ഹൈവേ യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് കൂടരഞ്ഞിയില്‍ 50 ഏക്കറില്‍ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് യാഥാര്‍ഥ്യമായിട്ടുണ്ട്.
കോഴിക്കോട്ടെ ആദ്യ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണിത്. സമാനസംരംഭങ്ങള്‍ക്കും സാധ്യതകളുണ്ട്. വയനാട്ടിലെ തേയിലവ്യവസായത്തില്‍ നിര്‍ണായകസ്ഥാനമുള്ള പ്രദേശത്തിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. തേയിലയുടെ വിപണനത്തിന് പാത സൗകര്യമാകും.
Content Highlights: Wayanad tunnel project KIIFB Kerala PWD meppadi corridor project
Published: 30 Aug 2025, 08:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented