ആഗോളതലത്തില്‍ ഈ വര്‍ഷം കൂടുതല്‍ ഇടിവു നേരിട്ട കറന്‍സി സിംബാബ്‌വെ ഡോളറാണ്. ഏകദേശം 90 ശതമാനത്തിനു മുകളില്‍. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ഇടിഞ്ഞ കറന്‍സി ഇന്ത്യന്‍ രൂപയാണ് എന്നത് പലരേയും അത്ഭുതപ്പെടുത്തിയേക്കാം. ഏതാനും വര്‍ഷങ്ങളായി കോവിഡും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധ സമാന സാഹചര്യങ്ങളും ഉല്‍പാദന-ഉപഭോഗ നിരക്ക് കുറയാന്‍ കാരണമായി. ആഗോള സാമ്പത്തിക വളര്‍ച്ചയെത്തന്നെ അനിശ്ചിതത്വത്തിലേക്കു നയിച്ചു. എന്നിരുന്നാലും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തി വരുന്നത്. കുറഞ്ഞ നിരക്കില്‍ ലഭ്യമാവുന്ന ക്രൂഡോയിലും, ആഭ്യന്തര വളര്‍ച്ച ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും താരതമ്യേന കുറഞ്ഞ തോതിലുള്ള പലിശ നിരക്കും ആഭ്യന്തര ഉല്‍പാദനവും ഉപഭോഗവും വര്‍ധിയ്ക്കാന്‍ കാരണമായിട്ടുണ്ട്.

To advertise here,

എന്നാല്‍ കഴിഞ്ഞ ആഴ്ച ഡോളറിനെതിരെ രൂപ 90 എന്ന നിലവാരത്തിയേക്ക് കൂപ്പുകുത്തിയത് ആഭ്യന്തര വളര്‍ച്ചയെ ചെറിയതോതിലെങ്കിലും ബാധിച്ചേക്കാമെന്ന വിലയിരുത്തല്‍ സജീവമാക്കി. വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരുടെ തുടര്‍ച്ചയായ വിറ്റഴിക്കല്‍, ആര്‍ബിഐയുടെ പരിമിതമായ ഇടപെടല്‍, ആഗോള തലത്തില്‍ യുഎസ് ഡോളറിനുണ്ടായ ഡിമാന്‍ഡ് എന്നിവയാണ് ഇപ്പോഴത്തെ ഇടിവിന്റെ പ്രധാന കാരണങ്ങളായി പറയുന്നത്.

രൂപയുടെ ചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തുടര്‍ച്ചയായി ഇടിഞ്ഞു വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 1947ല്‍ ഡോളറിനെതിരെ 3.30 രൂപ എന്ന നിലവാരത്തില്‍ നിന്നും 1966ല്‍ ഇരട്ടിയോളം ഇടിഞ്ഞ് 7.50 രൂപ എന്ന നിലയിലെത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 45 രൂപ എന്ന നിലയില്‍ നിന്നും 80-90 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഈ വര്‍ഷം മാത്രം ഇതുവരെ അഞ്ച് ശതമാനത്തിനു മുകളിലാണ് വീഴ്ച.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാര്‍ നടപ്പിലാവാത്തത് വിപണിയുടെ ആകെ മനോഭാവത്തെ ബാധിച്ചിട്ടുണ്ട്. ഇത് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പണം പിന്‍വലിപ്പിക്കാനും ഡോളറിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും കാരണമായി. അതുപോലെ ഉയര്‍ന്ന തോതിലുള്ള ഇറക്കുമതിയും, (പ്രത്യേകിച്ച് എണ്ണ, ഇലക്ട്രോണിക് വസ്തുക്കള്‍, സ്വര്‍ണം എന്നിവയില്‍ ഉണ്ടായത്) ഇന്ത്യയില്‍ ഡോളറിന്റെ കരുതല്‍ ശേഖരം കുറയാന്‍ ഇടയാക്കുകയും ഒക്ടോബറില്‍ വ്യാപാരക്കമ്മി റെക്കോര്‍ഡ് നിലയില്‍ എത്താനിടയാക്കുകയും ചെയ്തു. അതുപോലെ തന്നെ ആഗോള പലിശ നിരക്കുകളും അനിശ്ചിതത്വങ്ങളും ഡോളറിനെ കൂടുതല്‍ കരുത്തുറ്റതാക്കി.

എന്നാല്‍, ദുര്‍ബലമായ രൂപ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാകുമോയെന്നതാണ് പ്രധാന ചോദ്യം. ചെറിയ തോതിലുള്ള ഇടിവ് അവഗണിക്കാമെങ്കിലും വലിയ തോതിലുള്ള മൂല്യത്തകര്‍ച്ച ഇറക്കുമതി ചെലവ് കൂട്ടാനും തന്മൂലം പണപ്പെരുപ്പം വര്‍ധിയ്ക്കാനും കാരണമാകും. ക്രൂഡോയില്‍, സ്വര്‍ണ്ണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി കൂടുതലായി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ചെലവ് കൂടും. അതുപോലെ വിദേശ വിദ്യാഭ്യാസം, യാത്രകള്‍ എന്നിവയും കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. രൂപയില്‍ ഉണ്ടാവുന്ന അഞ്ച് ശതമാനത്തോളം ഇടിവ് ഏകദേശം 30-35 ബേസിസ് പോയിന്റുകള്‍ വരെ വിലക്കയറ്റമുണ്ടാക്കിയേക്കാമെന്നാണ് കണക്കുകള്‍ പറയുന്നത്.

അതേസമയം ദുര്‍ബലമായ രൂപ മറ്റൊരു വിഭാഗത്തിന് അനുഗ്രഹമാണ്. അതായത് കയറ്റുമതിക്കാര്‍ക്ക്. രൂപയുടെ മൂല്യശോഷണം കയറ്റുമതിക്കാര്‍ക്ക് ഡോളറിലുള്ള വരുമാനം വര്‍ധിക്കാനും വ്യാപാരം കൂടുതല്‍ മത്സരാടിസ്ഥാനത്തിലാക്കാനും കാരണമാകും. എന്നാല്‍ ഇന്ത്യന്‍ ജിഡിപി പരിശോധിക്കുമ്പോള്‍ കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയാണ് ചെയ്യുന്നതെന്നു കാണാം.

അമേരിക്കയുമായുള്ള വ്യാപാരക്കരാറാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വ്യക്തവും സുരക്ഷിതവുമായ വ്യാപാരക്കരാര്‍ അമേരിക്കയുമായി ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ വിപണിക്കു കരുത്താവാനും അതിലൂടെ രൂപ ശക്തിപ്പെടാനും ഇടയുണ്ട്. അതേസമയം റിസര്‍വ് ബാങ്ക് ശക്തമായ നടപടികളെടുക്കുന്നില്ലെങ്കില്‍ ഒരുപക്ഷേ രൂപയുടെ മൂല്യം ഇനിയും താഴോട്ടു വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതുപോലെ തന്നെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചുവരുന്നതും കയറ്റുമതി ശക്തിപ്പെടുന്നതും രൂപയ്ക്ക് സ്ഥിരത കൈവരിക്കാന്‍ സഹായകമാവും. രൂപയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് വിശകലനം ചെയ്യപ്പെടേണ്ടത് ആഭ്യന്തര വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല. ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അനുകൂലമാവുന്ന തലത്തില്‍ എടുക്കേണ്ട ഘടനാപരവും നയപരവുമായ തീരുമാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആഭ്യന്തര വിപണി ഇപ്പോള്‍ സുശക്തവും, പുറത്തുവരുന്ന സാമ്പത്തിക സൂചികകളെല്ലാം തന്നെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയക്കു അനുകൂലവുമാണ് എന്നതും ദീര്‍ഘകാല വളര്‍ച്ചാ തോത് കുറയാന്‍ ഇടയില്ല എന്ന അനുമാനത്തിലേക്കാണ് എത്തിക്കുന്നത്.