തുടര്‍ച്ചയായി പത്താം തവണയും റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റംവരുത്തിയില്ല. അതേസമയം, അടുത്ത തവണ നിരക്ക് കുറച്ചേക്കുമെന്ന വ്യക്തമായ സൂചനയും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കി. പണനയ നിലപാട് 'ഉള്‍ക്കൊള്ളാവുന്നത്' ല്‍നിന്ന് 'നിഷ്പക്ഷം' (ന്യൂട്രല്‍) ആക്കിയെന്നതാണ് ശ്രദ്ധേയം. വിലക്കയറ്റം നിലവിലെ രീതിയിലാണെങ്കില്‍ പോലും അടുത്ത തവണ നിരക്ക് കുറയ്ക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. 

To advertise here,

ബുദ്ധിമുട്ടിയാണ് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനായത്, എന്നാല്‍ അതിനെ നിയന്ത്രണത്തിലാക്കാന്‍ ജാഗ്രത ആവശ്യമാണെന്ന ആര്‍ബിഐ ഗവര്‍ണറുടെ വാക്കുകള്‍ നല്‍കുന്നതും അതേ സൂചനയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടത്തിയ പോരാട്ടത്തിന്റെ വലിയൊരു ഭാഗം അവസാനിച്ചുവെന്ന ധാരണ ആര്‍ബിഐയ്ക്കുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നിരക്ക് കുറയ്ക്കലിന്റെ പാതയിലേക്ക് പ്രവേശിക്കാറായി എന്ന് ചുരുക്കം. 

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുടെയും കരുത്തിന്റെയും ചിത്രം പ്രകടിപ്പിക്കുന്നുവെന്ന ആര്‍.ബി.ഐ ഗവര്‍ണറുടെ പരമാര്‍ശം ശുഭാപ്തി വിശ്വാസത്തിന്റെ തെളിവായി കാണാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡോ.വി.കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഡിസംബറില്‍ നടക്കാനിരിക്കുന്ന അടുത്ത പണനയ യോഗത്തില്‍ കാല്‍ ശതമാനം നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഓഹരി വിപണിക്ക്, പ്രത്യേകിച്ച് ബാങ്ക് ഓഹരികള്‍ക്ക് ഇത് അനുകൂലമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. 

പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് താഴെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഭക്ഷ്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായിട്ടില്ലെന്നത് വെല്ലുവിളിയാണ്. ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിന് പരിഗണിക്കുന്ന വസ്തുക്കളില്‍ ഭക്ഷ്യവിഭാഗത്തിന്റെ വിഹിതം 46 ശതമാനമാണ്. പച്ചക്കറി വില ഉയരുന്നത് മൊത്തത്തിലുള്ള ഭക്ഷ്യ സൂചികയെ കാര്യമായി സ്വാധീനിക്കും. വിതരണ ശൃംഖല, വിളവ്, മഴ എന്നിവ ഉള്‍പ്പടെയുള്ളവയാണ് ഭക്ഷ്യവിലക്ക് ആധാരം. 

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഉയര്‍ത്തിയേക്കാവുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധിയാണ് മറ്റൊന്ന്. യുദ്ധം വ്യാപിച്ചാല്‍ അസംസ്‌കൃത എണ്ണവില ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ഇന്ത്യക്ക് ഈ പ്രതിസന്ധിയില്‍നിന്ന് വിമുക്തമാകാനാവില്ല. ക്രൂഡ് വിലക്കൊപ്പം പണപ്പെരുപ്പവും ഉയരും. 

അതേസമയം വളര്‍ച്ചാ സാധ്യത വേണ്ടെന്നുവെക്കാന്‍ ദീര്‍ഘകാലം ആര്‍.ബി.ഐക്ക് കഴിയുകയുമില്ല. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച അതിന്റെ കഴിവിനേക്കാള്‍ താഴെയാണെന്നതും യഥാര്‍ഥ പലിശ നിരക്കിനേക്കാള്‍ നിലവിലേത് കൂടുതലാണെന്നതും നേരത്തെ പലതവണ പണനയ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. തൊഴില്‍ സാഹചര്യവും അത്രതന്നെ മികച്ചതല്ല. 

അതോടൊപ്പം യുഎസ് കേന്ദ്ര ബാങ്കിന്റെ നിരക്ക് കുറയക്കലും പരിഗണിക്കാതിരിക്കാനാവില്ല. അര ശതാനമാണ് യുഎസ് ഫെഡ് കുറച്ചത്. ഫെഡിനെ പരോക്ഷമായെങ്കിലും പിന്തുടരുന്ന ആര്‍.ബി.ഐക്ക് ഏറെക്കാലം അത് അവഗണിക്കാനുമാവില്ല. 

ഡിസംബറിലെ യോഗത്തിന് മുമ്പായി സെപ്റ്റംബറിലെയും ഒക്ടോബറിലെയും പണപ്പെരുപ്പ നിരക്കുകള്‍ പരിഗണനയ്ക്കുവരും. രണ്ട് മാസത്തെയും പണപ്പെരുപ്പം ആര്‍.ബി.ഐയുടെ പ്രതീക്ഷക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ ഡിസംബറില്‍ 0.25 ശതമാനമെങ്കിലും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിക്കാം.