ഒപെകും സഖ്യ രാഷ്ട്രങ്ങളും നയം മാറ്റുകയോ അട്ടിമറികള് എന്തെങ്കിലും സംഭവിക്കുകയോ ചെയ്തില്ലെങ്കില് നിക്ഷേപകരുടെ മനോഭാവത്തിലോ ട്രേഡിംഗിലോ കാര്യമായ വ്യതിയാനം പ്രതീക്ഷിക്കേണ്ടതില്ല.

ക്രൂഡോയിലിന് 2020 നു ശേഷമുണ്ടായ ഏറ്റവും വലിയ വിലയിടിവാണ് 2025ൽ ഉണ്ടായത്. ബ്രെന്റ് ബാരലിന് 60.85 ഡോളർ എന്ന നിരക്കിലും ഡബ്ല്യുടി എണ്ണ ബാരലിന് 57.42 ഡോളർ എന്ന നിരക്കിലും യഥാക്രമം 19 ശതമാനം, 20 ശതമാനം ഇടിവോടെയാണ് ക്ലോസ് ചെയ്തത്. അധിക ഉത്പാദനമായിരുന്നു പ്രധാനമായും ഇതിനു കാരണം. ആഗോള ഉത്പാദന വളർച്ച ഉപഭോഗത്തേക്കാൾ വളരെ മുന്നോട്ടു പോയി.
ജൂണിലുണ്ടായ ഇസ്രയേൽ-ഇറാൻ സംഘർഷം, തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം എന്നിങ്ങനെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ എണ്ണ വിലയെ താൽക്കാലികമായി സഹായിച്ചിട്ടുണ്ടെങ്കിലും വിപണിയിലെ അധിക ഉത്പാദനം നില നിന്നു. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അധിക എണ്ണ സംഭരണം 2020നു ശേഷമുള്ളതിൽ ഏറ്റവും കൂടുതലായിരുന്നു.
ഉത്പാദനം ഡിമാന്റിനെ മറികടക്കുന്നു
2025ൽ എണ്ണ വില സമ്മർദത്തിലാക്കിയത് അധിക ഉത്പാദനവും മറ്റു ഘടകങ്ങളുമാണ്. ഒപെക് സഖ്യ രാഷ്ട്രങ്ങൾ നേരത്തേ നടപ്പാക്കിയ ഉത്പാദനം കുറയ്ക്കൽ നയം ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ തുടങ്ങിയതും അമേരിക്കയുടെ നേതൃത്വത്തിൽ ഒപെക് ഇതര രാഷ്ട്രങ്ങളുടെ ഉത്പാദനം റെക്കോഡുയരത്തിലെത്തിയതും ജിയോപൊളിറ്റിക്കൽ പ്രശ്‌നങ്ങളുടെ ഭാരംകുറച്ചു. റഷ്യയ്ക്കും ഇറാനും വെനിസ്വേലക്കുമെതിരായ അമേരിക്കയുടെ അധിക താരിഫും ഉപരോധവും വ്യാപാരം മറ്റുദിശകളിലേക്കു തിരിച്ചെങ്കിലും വലിയ ഫലമൊന്നും ഉണ്ടായില്ല.
ചൈനയുടെ ശക്തമായ ഇറക്കുമതി പെട്ടെന്നുള്ള ഉപയോഗത്തേക്കാൾ സംഭരണത്തിനുള്ളതായിരുന്നു. ഡിമാന്റ് കുറഞ്ഞേക്കുമെന്ന സൂചന വില കുത്തനെ ഇടിയാതെ താങ്ങി നിർത്തി. ഈ അസന്തുലനത്തിന് കൂട്ടായി സംസ്‌കരിച്ച എണ്ണയുടെ ഡിമാന്റ് പല മേഖലകളിലും ക്രൂഡിനേക്കാൾ അധികമായി. ലാഭം കുറയാനും വില വർധിയ്ക്കാതിരിക്കാനും ഈ ഘടകങ്ങളും സഹായിച്ചിട്ടുണ്ട്.
മഡുറോയുടെ അറസ്റ്റ്
മയക്കുമരുന്നു കേസിൽ കുറ്റം ചുമത്തി അമേരിക്കൻ സേന വെനിസ്വേലൻ പ്രസിഡന്റ് നിക്കളാസ് മഡുറോയേയും ഭാര്യയേയും പിടികൂടി ന്യൂയോർക്കിലെത്തിച്ചിരുന്നു. ഈ നടപടി ആഗോള തലത്തിൽ എണ്ണ രാഷ്ട്രീയം കലുഷമാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യമായ വെനിസ്വേല ഒപെക് സ്ഥാപക അംഗമാണ്. യുഎസ് ഏർപ്പെടുത്തിയ ഉപരോധം കാരണം നിക്ഷേപ മേഖലയിലും മറ്റും അവർ ക്ലേശിച്ചു നട്ടം തിരിയുന്നതിനിടയിലായിരുന്നു ഈ നടപടി.
അറസ്റ്റുകാരണം രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടേക്കാമെങ്കിലും ലോക എണ്ണ ഉൽപാദനത്തെ ഉടനെയൊന്നും അത് ബാധിച്ചേക്കില്ല. വെനിസ്വേല പ്രതിദിനം ഒരു മില്യൺ ബാരലിനടുത്ത് എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. ആഗോള ഉൽപാദനത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണിത്. അമേരിക്കൻ ഉപരോധവും ടാങ്കർ തടയലുമെല്ലാം അവരുടെ എണ്ണ ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഹ്രസ്വകാലയളവിൽ, ചെറിയ തോതിൽ ഉത്പാദന തടസം നേരിട്ടേക്കാം. എന്നാൽ ലോകമെങ്ങും യഥേഷ്ടം എണ്ണ സംഭരിക്കപ്പെട്ടിട്ടുള്ളതിനാൽ 2026ൽ പ്രതിദിനം 3.8 മില്യൺ ബാരൽ എണ്ണ അധികമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 60-61 ഡോളർ എന്നത് ഏതാണ്ട് ഉറച്ചിട്ടുണ്ട്. മഡുറോയുടെ അറസ്റ്റ് വെനിവേലയിൽ യുഎസ്, യൂറോപ്യൻ നിക്ഷേപം കൊണ്ടുവരാനുള്ള സാധ്യതയും നില നിൽക്കുന്നു.
മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയ യുഎസ് നടപടി സൃഷ്ടിക്കുന്ന അനിശ്ചിതത്വം അല്പകാലം മാത്രമേ നില നിൽക്കാനിടയുള്ളു. വെനിസ്വേലയുടെ ഉത്പാദന ശേഷി കാരണം വില ഉയരാൻ സാധ്യതയില്ല. രാഷ്ട്രീയ സ്ഥിരതയും നിക്ഷേപങ്ങളുടെ ഒഴുക്കും ഉണ്ടായാൽ അവരുടെ ഉത്പാദനം ക്രമേണ വർധിയ്ക്കും. ഇടക്കാലയളവിൽ ഇത് എണ്ണ വിലയിൽ സമ്മർദം സൃഷ്ടിച്ചേക്കാമെങ്കിലും ഇതിനു സമയമെടുക്കും.
സപ്‌ളെ-ഡിമാന്റ് ഡൈനാമിക്‌സ്
പ്രവചനങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും 2026ൽ എണ്ണ അധികമായിരിക്കുമെന്ന കാര്യത്തിൽ അഭിപ്രായൈക്യമുണ്ട്. ഉത്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായിരിക്കുമെന്നാണ് ഐഇഎയുടെ നിഗമനം. ലോകത്ത് പ്രതിദിനം രണ്ടു മില്യൺ ബാരലിൽ അധികം എണ്ണ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഒപെകും സഖ്യ രാഷ്ട്രങ്ങളും ചേർന്ന് 2026 ആദ്യ പാദത്തിൽ ഉത്പാദനം സന്തുലിതമാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അസ്ഥിരത ഒഴിവാക്കാൻ ഇതു പര്യാപ്തമാണെങ്കിലും അധിക എണ്ണ അവശേഷിക്കുക തന്നെ ചെയ്യും. എന്നാൽ, ഒപെകും എതിരാളികളും ചേർന്ന് ഉത്പാദനം അനിയന്ത്രിതമായി തുടർന്നാൽ, അതായത് പ്രതിദിനം 3-4 മില്യൺ ബാരൽ അധികമായി ഉൽപാദിപ്പിക്കപ്പെട്ടാൽ വൻ സർപ്ലസ് സൃഷ്ടിക്കപ്പെടുമെന്ന് ഐഇഎ മുന്നറിയിപ്പു നൽകുന്നു.
എന്തായാലും ഒപെകും സഖ്യ രാഷ്ട്രങ്ങളും യുഎസ്, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളും ചേർന്ന് ഉത്പാദനം ശക്തമാക്കിയാൽ വിപണിയിൽ ആവശ്യത്തിലധികം എണ്ണ എത്തും. ഈ വർഷം ഒപെക് രാജ്യങ്ങൾ ഉത്പാദനം നിയന്ത്രിച്ചാൽ പോലും അധിക എണ്ണ കൈകാര്യം ചെയ്യാൻ വിപണി ബുദ്ധിമുട്ടുമെന്നാണ് നിഗമനം. ഉത്പാദനം കാര്യമായ തോതിൽ വെട്ടിക്കുറയ്ക്കാത്ത പക്ഷം വില ഉയരാൻ സാധ്യതയില്ല.
ഡിമാന്റ് സാമാന്യമായി തുടരുമെന്നാണ് കണക്കാക്കുന്നതെങ്കിലും ഏഷ്യയിൽ പ്രതിദിനം 1.2 മില്യൺ ബാരലിന്റെ അധിക ഡിമാന്റ് പ്രതീക്ഷിക്കുന്നുണ്ട്. ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരതകൾ, ചൈനയിലെ സാമ്പത്തിക വീണ്ടെടുപ്പിൽ വരുന്ന കാല താമസം, പ്രധാന സമ്പദ് വ്യവസ്ഥകളിലെ ജാഗ്രതാ സമീപനം എന്നിവയെല്ലാം വിലയിൽ പ്രതിഫലിക്കും.
ഭാവി വില നിലവാരം
ഈ വർഷം എണ്ണ വില സമ്മർദത്തിൽ തുടരാനാണ് സാധ്യത. ബ്രെന്റ് ബാരലിന് 54-62 ഡോളർ റേഞ്ചിലും ഡബ്ല്യുടിഐ ബാരലിന് 48-62 റേഞ്ചിലും ആയിരിക്കുമെന്നാണ് നിഗമനം. മിഡിലീസ്റ്റ് സംഘർഷങ്ങൾ, റഷ്യ-യുക്രെയിൻ യുദ്ധം, വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി എന്നിവയെല്ലാം എണ്ണ വിലയിൽ ഹ്രസ്വ കാലത്തേക്ക് അസ്ഥിരത സൃഷ്ടിച്ചേക്കാം. എന്നാൽ അത്യുത്പാദനം വില വർധന തടയും. ഒപെകും സഖ്യ രാഷ്ട്രങ്ങളും നയം മാറ്റുകയോ അട്ടിമറികൾ എന്തെങ്കിലും സംഭവിക്കുകയോ ചെയ്തില്ലെങ്കിൽ നിക്ഷേപകരുടെ മനോഭാവത്തിലോ ട്രേഡിംഗിലോ കാര്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. ചുരുക്കത്തിൽ, 2026 അധിക ഉത്പാദനത്തിന്റെ വർഷമായിരിക്കും. ഒപെക് രാഷ്ട്രങ്ങൾ നയത്തിൽ മാറ്റം വരുത്തുകയോ അപ്രതീക്ഷിത പ്രശ്‌നങ്ങൾ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ വില നിലവാരത്തിൽ നേരിയ വ്യതിയാനമേ ഉണ്ടാകൂ.
Content Highlights: Discover why crude oil prices are expected to remain under pressure in 2025 and beyond. Analyze factors like overproduction, geopolitical events, and demand dynamics.
Published: 17 Jan 2026, 12:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented