വ്യാവസായിക ലോഹങ്ങളില്‍ സുപ്രധാന സ്ഥാനമുള്ള അലുമിനിയത്തിന്റെ വില 2025ല്‍ ഇന്ത്യയിലും ആഗോള വിപണികളിലും കാര്യമായി ഉയര്‍ന്നിട്ടുണ്ട്. ഭാരക്കുറവ്, തുരുമ്പു പിടിയ്ക്കാത്തത്, പുനരുപയോഗ സാധ്യത എന്നീ ഘടകങ്ങള്‍ ഗതാഗതം, പാക്കിംഗ്, നിര്‍മ്മാണ, ഊര്‍ജ്ജ പുനരുപയോഗ മേഖലകളില്‍ അലുമിനിയത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. എന്നാല്‍, ഈയിടെ ഉണ്ടായ വിലക്കയറ്റ പ്രവണത സൂചിപ്പിക്കുന്നത് പ്രാദേശിക തലത്തിലെ വ്യത്യാസവും ഉത്പാദന വിപണന മേഖല നേരിടുന്ന പ്രശ്നങ്ങളുമാണ്.

To advertise here,

വിലയില്‍ സര്‍വകാല റെക്കോഡ്

മുംബൈ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ കിലോയ്ക്ക് 275 രൂപയിലാണ് അലുമിനിയം വില്‍പന നടക്കുന്നത്. 2025 ജനുവരിയ്ക്കു ശേഷം വിലയില്‍ നാല് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചിലാകട്ടെ വില ടണ്ണിന് 2878 ഡോളറിനു മുകളിലാണ്. 2022നു ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്. ഇന്ത്യയില്‍ ഇത്ര വലിയ വില വര്‍ധനയക്ക് കാരണമെന്താണെന്നതാണ് ചോദ്യം.

എന്തുകൊണ്ട് കൂടുതല്‍ ?

ഇന്ത്യയില്‍ അലുമിനിയത്തിന്റെ വില വര്‍ധനവിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. ഇറക്കുമതി നിയന്ത്രണം, കര്‍ശനമായ ബിഐഎസ് നിബന്ധനകള്‍ എന്നിവ സ്‌ക്രാപ്പിന്റേയും അസംസ്‌കൃത അലുമിനിയത്തിന്റേയും വരവുകുറച്ചത് ആഭ്യന്തര വിപണിയില്‍ ലോഹത്തിന് ക്ഷാമം സൃഷ്ടിച്ചു. ഇതോടൊപ്പം വാഹന മേഖല, അടിസ്ഥാന വികസനത്തിന്റെ ഭാഗമായുള്ള ഊര്‍ജ, നിര്‍മ്മാണ രംഗങ്ങളില്‍ നിന്നുള്ള ഡിമാന്റ് എന്നിവ വിലയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കി.

ചരക്കു ഗതാഗത മേഖലയുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍, പ്രാദേശിക വര്‍ധനകള്‍, നികുതികള്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവുകളിലെ വര്‍ധന എന്നിവയെല്ലാം ആഗോള വിലകളെ മറികടന്ന് ആഭ്യന്തര വിലകളെ സ്വാധീനിച്ചു. ശുദ്ധി ചെയ്ത അലുമിനിയത്തിന്റെ ലഭ്യതക്കുറവുമൂലം കൂടിയ വിലയുള്ള ലോഹം ആശ്രയിക്കേണ്ടി വരുന്നതും അന്തരാഷ്ട്ര വിപണിയിലേയും ഇന്ത്യയിലേയും വിലകളിലെ വ്യത്യാസം വര്‍ധിയ്ക്കാന്‍ ഇടയാക്കുന്നു.

ആഗോള ഘടകങ്ങള്‍

ഘടനാപരവും ചാക്രികവുമായ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള അലുമിനിയം വില നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. അലുമിനിയം സംസ്‌കരണത്തിന് ധാരാളം ഊര്‍ജം ആവശ്യമുണ്ട്. വൈദ്യുതി നിരക്കിലെ ഏതു വര്‍ധനയും വില വര്‍ധനവിനിടയാക്കും. അസംസ്‌കൃത ഘടകങ്ങളായ ബോക്സൈറ്റിന്റേയും അലുമിനയുടേയും വിലയിലെ വര്‍ധനയും അലുമിനിയത്തിന്റെ നിര്‍മ്മാണ ചെലവ് കൂടാന്‍ ഇടയാക്കുന്നുണ്ട്. ഇതോടൊപ്പം ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും ചരക്കു ഗതാഗത റൂട്ടുകളിലെ തടസങ്ങളും ആഗോള വിതരണ ശൃംഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

ഘടനാപരമായ വെല്ലുവിളികള്‍ക്കപ്പുറം നയപരമായ കാര്യങ്ങളും വിപണിയിലെ പ്രശ്നങ്ങളും നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്. താരിഫുകളും ചുങ്കങ്ങളും ഉള്‍പ്പടെയുള്ള വ്യാപാര നയങ്ങളും ആഗോള വ്യാപാരത്തെ ബാധിക്കാറുണ്ട്. ഇത് പ്രാദേശിക തലത്തില്‍ വിലകള്‍ വര്‍ധിയ്ക്കാനിടയാക്കുന്നു. കാര്‍ബണ്‍ കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാരം നേരിടേണ്ടി വരിക ഉല്‍പാദകരാണ്. ഊഹക്കച്ചവടവും കറന്‍സിയുടെ മൂല്യ വ്യതിയാനങ്ങളും അനിശ്ചിതത്വം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, യുഎസ് ഡോളര്‍ ദുര്‍ബലമാവുമ്പോള്‍ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായിത്തീരുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് വിലയുടെ കാര്യത്തില്‍ സവിശേഷമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അലുമിനിയം വിപണി സാമ്പത്തിക പ്രവണതകളിലും വ്യവസായത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളിലും അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമാകാറുണ്ട്.

സപ്ളെയും ഡിമാന്റും

ആഗോളാടിസ്ഥാനത്തില്‍ 2025ലെ മൊത്തം അലുമിനിയം ഉത്പാദനം 73.2 മില്യണ്‍ ടണ്‍ ആണ്. 2024ലെ 72.3 ടണ്ണിനേക്കാള്‍ അല്പം കൂടുതല്‍. വൈദ്യത വാഹനങ്ങളുടെ ആധിക്യവും പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയിലേയും പാക്കേജിംഗ് മേഖലയിലേയും വര്‍ധിച്ച ഉപഭോഗവും കാരണം ഡിമാന്റും വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷ അലുമിനിയം ഉല്‍പാദനം 4.15 മില്യണ്‍ ടണ്ണും ആഭ്യന്തര ഉപഭോഗം 4.5 മില്യണ്‍ ടണ്ണുമാണ്. 2033 ഓടെ ഉപഭോഗം 9 മില്യണ്‍ ടണ്ണിലെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ അസന്തുലനം നിലനില്‍ക്കുമ്പോള്‍ ഇറക്കുമതി നിയന്ത്രണങ്ങളും വിലയിലെ ആഗോള ഏറ്റക്കുറച്ചിലുകളും രാജ്യത്ത് വില കൂടുതല്‍ അസ്ഥിരമാക്കിക്കൊണ്ടിരിക്കും.

റഷ്യ യുക്രെയിന്‍ പ്രത്യാഘാതം

റഷ്യ യുക്രെയിന്‍ സംഘര്‍ഷം ലോകമെങ്ങുമുള്ള അലുമിനിയം വിതരണ ശൃംഘലയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആഗോള അലുമിനിയം ഉത്പാദനത്തിന്റെ അഞ്ച് ശതമാനം റഷ്യയില്‍ നിന്നാണ്. ഉപരോധം കാരണം യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള അവരുടെ അലുമിനിയം കയറ്റുമതി തടയപ്പെട്ടിരിക്കുന്നു. ഇക്കാരണത്താല്‍ അലുമിനിയം ഉപഭോഗ മേഖലകളില്‍ വിടവ് സൃഷ്ടിക്കപ്പെട്ടു. യുദ്ധം യൂറോപ്പില്‍ ഊര്‍ജ പ്രതിസന്ധിയും സൃഷ്ടിച്ചിട്ടുണ്ട്. ഇത് വൈദ്യുതി നിരക്കു വര്‍ധനയ്ക്കിടയാക്കി. ഇക്കാരണത്താല്‍ ഉത്പാദനം കുറയ്ക്കാന്‍ അലുമിനിയം സംസ്‌കരണ സ്ഥാപനങ്ങള്‍ പ്രേരിതരായി. വിതരണം കൂടുതല്‍ തടസം നേരിട്ടു. പാശ്ചാത്യ ഉപയോക്താക്കള്‍ റഷ്യന്‍ അലുമിനിയത്തിനു പകരം ചൈനയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള അലുമിനിയം കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. വ്യാപാര രംഗത്തെ ഈ പുനസംവിധാനം ആഗോള അലുമിനിയം വിപണികളുടെ ഘടന മാറ്റുകയും വിലയും അനിശ്ചിതത്വവും വര്‍ധിപ്പിക്കുകയും ചെയ്തു.

യുഎസ് താരിഫും വിപണിയിലെ പിരിമുറുക്കങ്ങളും

അമേരിക്ക 2025ന്റെ മധ്യത്തില്‍ അലുമിനിയം ഇറക്കുമതിക്കുള്ള താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചു. ഇത് വിലയില്‍ വലിയ വര്‍ധനവ് സൃഷ്ടിച്ചു. ടണ്ണിന് 4792 ഡോളറായി. ഇത് വിപണിയില്‍ വലിയ അന്തരമുണ്ടാക്കി. അമേരിക്കയുടെ ആഭ്യന്തര അലുമിനിയം ഉത്പാദനം വര്‍ധിച്ചു വരികയാണെങ്കിലും വിതരണം അത്ര സുഗമമല്ല. ആഗോള വ്യാപാരം ഏഷ്യ, യൂറോപ്യന്‍ മേഖലകളിലേക്കു നീങ്ങുകയും ചെയ്തു.

ചൈനയുടെ ഡിമാന്റും വിലയും

ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉത്പാദകരും ഉപയോക്താക്കളുമാണ് ചൈന. അതായത് മൊത്തം ഉല്‍പാദനത്തിന്റെ 60 ശതമാനവും ഉപയോഗിക്കുന്നത് ചൈനയാണ്. വൈദ്യുത വാഹനങ്ങളും സോളാര്‍ പാനലുകളും അടിസ്ഥാന സൗകര്യ വികസന മേഖലയുമെല്ലാം അലുമിനിയത്തിന്റെ ആവശ്യക്കാരാണ്. 45.5 മില്യണ്‍ ടണ്ണായി ചൈന ഉത്പാദനം നിജപ്പെടുത്തിയിരിക്കുന്നു. ഇറക്കുമതി വര്‍ധിക്കാനും 2026ല്‍ ആഗോള ലഭ്യത കുറയാനും ഇതിടയാക്കും.

സീസണ്‍ ഡിമാന്റും വിതരണ തടസങ്ങളും കാരണം ഭാവിയിലും വില വലിയ മാറ്റമില്ലാതെ തുടരാനാണിട. വൈദ്യത വാഹന മേഖലയില്‍ നിന്നും പാക്കേജിംഗ് രംഗത്തുനിന്നുമുള്ള ഡിമാന്റു വര്‍ധിക്കുമെന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിലെ കുതിപ്പ് നില നില്‍ക്കും. നയപരമായ മാറ്റങ്ങള്‍ക്കും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അനിശ്ചിതത്വം തുടരുകയും ചെയ്യും. ആഗോള തലത്തില്‍, താരിഫുകളും ഉപരോധങ്ങളും അലുമിനിയ വ്യാപാരത്തിലും വില നിലവാരത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നേക്കാം.