എടപ്പാൾ: ശബരിമല ദർശനത്തിനൊരുങ്ങുന്ന അയ്യപ്പഭക്തർക്ക് എന്തിനും ഏതിനും ആശ്രയിക്കാനാകുന്ന ശബരി പോർട്ടൽ സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നു. ദർശന സമയം, ബസ്, തീവണ്ടി സമയങ്ങൾ, കാലാവസ്ഥ, വഴികൾ, ആശുപത്രികൾ, യാത്രാ സൗകര്യങ്ങൾ, ശബരി മാപ്പ്, ശബരി ചാറ്റ് ബോട്ട്, പരാതി പരിഹാരം, കാണാതായവരെ കണ്ടെത്തൽ, വാഹനാപകട സഹായം തുടങ്ങിയവയെല്ലാം വിരൽത്തുമ്പിലെത്തിക്കാനാരംഭിച്ച പോർട്ടലാണ് മികച്ച സേവനം നൽകി മാതൃകയാകുന്നത്.

To advertise here,

ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റവന്യൂ ഇൻസ്‌പെക്ടറായ ബി. യാഗേഷ് തയ്യാറാക്കി പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ് ഏകോപിപിച്ചതാണ് ശബരി പോർട്ടൽ. മണ്ഡല-മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർക്കും അവരെ സഹായിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കും ഏറെ ഉപകാരപ്രദമായ പോർട്ടൽ ഭരണ കേന്ദ്രങ്ങളിൽ സ്ഥിരം സംവിധാനമായി ഉപയോഗിക്കാനാവുന്നവിധം മികച്ചതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഗതാഗത വകുപ്പ്, വാട്‌സ് ആപ്പ് ഹെൽപ് ഡെസ്‌ക്, പരാതി പരിഹാരം, ആരോഗ്യ സേവനങ്ങൾ, തൽസമയ വിവരങ്ങൾ, വനം, വന്യജീവി വിവരങ്ങൾ, ജലസംഭരണ കേന്ദ്ര വിവരണം, ഉദ്യോഗസ്ഥ വിന്യാസവും ഏകോപനവും ഹാജർ വിവരങ്ങൾ, ശുചീകരണം, മേൽനോട്ടം തുടങ്ങി വിവിധ സേവനങ്ങൾ ഒരുമിച്ച് നൽകുന്ന പോർട്ടലാണിത്. ഏകദേശം 60 ലക്ഷം തീർത്ഥാടകരെ പ്രതീക്ഷിച്ച് തയ്യാറാക്കിയ പോർട്ടലിൽ പത്ത് ദിവസം കൊണ്ട് 20 ലക്ഷം തീർത്ഥാടകർ എത്തിക്കഴിഞ്ഞു. എല്ലാവരുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ചതോടൊപ്പം ഓരോ തീർത്ഥാടകനും വേണ്ട സേവനങ്ങളെല്ലാം കൃത്യമായി ഇതിലൂടെ നൽകിക്കഴിഞ്ഞു.

ഫോണിൽ വേഗത്തിൽ തുറക്കാനുള്ള ഹോം പേജ് ക്രമീകരണം മുതൽ എല്ലാ സേവനങ്ങളും അതിവേഗം ലഭ്യമാകുന്നു. ഭക്തരുടെ അപേക്ഷകൾ അപ്ലോഡ് ചെയ്താൽ അവ ഏത് വിഭാഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് അതാത് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മുന്നിലേക്കെത്തിക്കാനും നിശ്ചിത സമയത്തിനകം പരിഹരിച്ച് പരാതിക്കാരനെ വിവരമറിയിക്കാനുമെല്ലാം പോർട്ടൽ സജ്ജമാണ്.

ഇതേ സംവിധാനം റവന്യൂ വകുപ്പിലടക്കമുപയോഗിച്ചാൽ പൊതുജനത്തിനും ഉദ്യോഗസ്ഥർക്കും ഏറെ ഗുണപ്രദമാകുമെന്ന അഭിപ്രായമാണുയരുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സർക്കാർ വിവിധ വകുപ്പുകൾക്കായി ഇത്തരം പോർട്ടലുകൾ നിർമിക്കുന്നത്. ശബരി പോർട്ടൽ റവന്യൂ വകുപ്പിലെ സാധാരണക്കാരായ രണ്ടുദ്യോഗസ്ഥർ ഒരു രൂപ ചെലവില്ലാതെ നിർമിച്ചു നൽകിയതാണ്.

ഇതേ സംവിധാനം വകുപ്പിലെ സാധാരണക്കാരുടെ സേവനത്തിനായി പുനക്രമീകരിച്ചാൽ വലിയൊരു കുതിച്ചു ചാട്ടമാണ് വകുപ്പിനു തന്നെയുണ്ടാകുക. അതോടൊപ്പം സർക്കാർ കാര്യങ്ങൾ കൃത്യമായറിയാവുന്ന ഇത്തരം മിടുക്കരായ ഉദ്യോഗസ്ഥരുടെ സേവനം വകുപ്പ് വിനിയോഗിച്ചാൽ സേവനങ്ങൾ സുതാര്യമാകുന്നതോടൊപ്പം സർക്കാരിന് സാമ്പത്തിക നേട്ടവും ലഭിക്കും.