എടപ്പാൾ: നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നതും മികച്ച നടീനടൻമാർക്കുള്ള പുരസ്‌കാരം നേടുന്നതും അത്ര വലിയ കാര്യമല്ല, എന്നാൽ, മത്സരിച്ച നാലു നാടകങ്ങൾക്കും ഒന്നാം സ്ഥാനം നേടുകയും മികച്ച നടീനടൻമാർക്കുള്ള ഒൻപത് പുരസ്‌കാരങ്ങൾ നേടുകയും ചെയ്യുകയെന്നത് അത്ര സാധാരണ സംഭവമല്ല. എടപ്പാൾ ഉപജില്ലയിലെ പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്‌കൂളാണ് ഉപജില്ലാ കലോത്സവത്തിൽ ഇത്തരമൊരപൂർവ നേട്ടവുമായി ജില്ലാ കലോത്സവത്തിലേക്ക് യാത്രയാവുന്നത്.

To advertise here,

ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാള നാടകം, അറബിക് നാടകം, ശാസ്ത്ര നാടകം എന്നിവയിലും ഹയർ സെക്കൻഡറി മലയാള നാടകത്തിലുമാണ് സ്‌കൂൾ ഒന്നാം സ്ഥാനം നേടിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് മികച്ച നടൻമാർക്കും നടിക്കുമുള്ള പുരസ്‌കാരങ്ങൾ സ്‌കൂൾ കരസ്ഥമാക്കിയപ്പോൾ ഹൈസ്‌കൂൾ മലയാളം നാടകത്തിലും അറബിക് നാടകത്തിലും ഓരോ മികച്ച നടനും നടിയും സ്‌കൂളിന്റെ അഭിമാനങ്ങളായി. ഹൈസ്‌കൂൾ ശാസ്ത്ര നാടകത്തിലെയും മികച്ച നടീനടൻമാർക്കുള്ള പുരസ്‌കാരം കൂടി ലഭിച്ചതോടെ ഒൻപതു പുരസ്‌കാരങ്ങളാണ് ഈയിനത്തിൽ ഈ വിദ്യാലയം നേടിയത്.

ഹൈസ്‌കൂൾ വിഭാഗത്തിൽ സ്‌കൂൾ അവതരിപ്പിച്ച തുടരും എന്ന നാടകത്തിലെ കോമ്രേഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എട്ടാം ക്ലാസ് വിദ്യാർഥി പി.കെ. മുഹമ്മദ് അമൻ മികച്ച നടനായി. ഇതേ നാടകത്തിലെ പാത്തുവിനെ അവതരിപ്പിച്ച കെ.എ. ആർദ്രയാണ് മികച്ച നടി. ഹൈസ്‌കൂൾ അറബിക് നാടകത്തിൽ സയസ് തമിറു ഹാദാ എന്ന നാടകത്തിൽ ഔസേപ്പ് മാപ്പിളയായി വേഷപ്പകർച്ച നടത്തിയാണ് ഇഷാൻ ബിൻ കമറുദ്ദീൻ മികച്ച നടനായത്. ഇതേ നാടകത്തിലെ ഹോപ്പ് എന്ന കഥാപാത്രമായ എം. ഫാത്തിമ സന നടക്കുള്ള പുരസ്‌കാരവും നേടി.

ഹയർ സെക്കൻഡറി മലയാള നാടകമായ ഒറ്റയിൽ ഇവാനായി മാറിയ ടി.വി. അതുൽരാജും ഡാരോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വി.വി. മുഹമ്മദ് നോഷിനും മികച്ച നടൻമാർക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഇതേ നാടകത്തിലെ സിയോണിനെ അനശ്വരയാക്കി ഫൈസ റിഹാന മികച്ച നടിയുമായി. ഹൈസ്‌കൂൾ ശാസ്ത്ര നാടകത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ബെംഗ്ലൂരുവിലും നാടകമവതരിപ്പിച്ചിരുന്നു.