കൊണ്ടോട്ടി: ആറുപതിറ്റാണ്ട് മുൻപ് മറഞ്ഞ ചന്ത തിരിച്ചെത്തിയത് നാടിന് ഉത്സവമായി. മേലങ്ങാടി പൗരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാ കുടുംബസംഗമത്തിന്റെ ഭാഗമായാണ് മേലങ്ങാടി ചന്ത സംഘടിപ്പിച്ചത്. നൂറോളം സ്റ്റാളുകൾ നിരന്ന ചന്തയിൽ രാവിലെ മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. ഇറച്ചിയും മീനും ഉണക്കമീനും തുടങ്ങി തുണിത്തരങ്ങളും ചെടികളും ഇലക്ട്രോണിക് സാധനങ്ങൾവരെ ചന്തയിൽ നിരന്നു.

To advertise here,

പഴങ്ങൾ, പച്ചക്കറി, അച്ചാറുകൾ, കിഴങ്ങുകൾ, കത്തികൾ, വീട്ടുപകരണങ്ങൾ തുടങ്ങി പലവിധം സാധനങ്ങൾ ചന്തയെ സമ്പന്നമാക്കി. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം ആളുകൾ ഒഴുകിയെത്തി. മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷൻ യു.കെ. മമ്മദിശ അധ്യക്ഷത വഹിച്ചു. പൗരസമിതി ജന. കൺവീനർ കല്ലിങ്ങൽ ബഷീർ, മുഖ്യ രക്ഷാധികാരി പി. അബ്ദുറഹ്‌മാൻ, ദാവൂദ് കുന്നംപള്ളി, നൗഷാദ് ചുള്ളിയൻ, മഠത്തിൽ മുഹമ്മദ് കുട്ടി, ഒ.പി. മുഹമ്മദ് മുസ്തഫ, ഹംസ കുന്നംപള്ളി, ശശിബാബു മൂത്തേടൻ, പുതിയറക്കൽ സക്കീർ, ഗിരീഷ് ചേനങ്ങാടൻ, സക്കീർ പുതിയറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.