ശാസ്താംകോട്ട: തകർച്ചക്കൊപ്പം ഇരുവശവും കാടുവളർന്ന് വഴിനടക്കാൻ കഴിയാതെ കിടക്കുന്ന കുറ്റിക്കൽ-കടമ്പനാട് പാതയിൽ ബി.ജെ.പി. പ്രവർത്തകർ ശുചീകരണം നടത്തി. പാതയിലെ ചെറുതും വലുതുമായ കുഴികൾ മണ്ണിട്ട് നികത്തുകയും ചെയ്തു. പ്രവർത്തകർക്കൊപ്പം വലിയ കാട് നീക്കം ചെയ്യാൻ മണ്ണുമാന്തിയും ശുചീകരണത്തിനെത്തിച്ചു.

To advertise here,

പോരുവഴി പഞ്ചായത്തിലെ രണ്ട്, അഞ്ച്, ആറ് വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാനപതയാണിത്. വർഷങ്ങളായി തകർന്നുകിടക്കുന്ന പാതയിൽ കടമ്പനാട് പഞ്ചായത്തിന്റെ അതിർത്തിയായ ഒറ്റതെങ്ങുവരെ ഇരുവശവും കാടുവളർന്ന് കിടക്കുകയാണ്. കാട്ടുപന്നിയും ഇഴജന്തുക്കളും ഈ കാടുകൾ താവളമാക്കി.

പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതോടെ തെരുവുനായകളും പെരുകി. അവയുടെ ശല്യംകാരണം കുട്ടികൾക്കും മുതിർന്നവർക്കും പകൽ സമയത്ത് പോലും നടന്നു പോകുവാൻ കഴിയാത്ത സ്ഥിതിയായി.

രാത്രികാലങ്ങളിൽ പന്നിയും, പാമ്പും സമീപവാസികൾക്കും ഭീഷണിയായി. പന്നികളും തെരുവുനായകളും കുറുകെച്ചാടി ഇരുചക്രവാഹനയാത്രികർക്ക് അപകടമുണ്ടാക്കി. കുട്ടികൾക്ക് സമീപത്തെ അങ്കണവാടയിലേക്കും ഇടയ്ക്കാട്, കടമ്പനാട് സ്‌കൂളിലേക്കും പോകാൻ ബുദ്ധിമുട്ടായി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. പോരുവഴി കിഴക്കൻ ഏരിയ കമ്മിറ്റി പാതശുചീകരണത്തിനിറങ്ങിയത്.

കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബാലചന്ദ്രൻ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അനിൽ കരിമ്പിൻപുഴ, തുളസീധരൻ നമ്പൂരേത്ത്, രമാ കാർത്തികേയൻ, മോഹനൻ, ശീനാഥ് എന്നിവർ പ്രസംഗിച്ചു. ബിജോയ്, അജിത്, അജി സജീവൻ, രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.